Wednesday, April 20, 2011

ദൃശ്യം 2011

കവലയുടെ മര്‍മ്മഭാഗത്തെ പൊളിഞ്ഞു തുടങ്ങിയ പുരാതന കെട്ടിടത്തിന്റെ വരാന്തയിലേക്ക് ഭാര്‍ഗവന്‍ വാശിയോടെ ഓടികയറി. അയാളുടെ കൈയില്‍ ഒരു ഇഞ്ചോളം വണ്ണമുള്ള പ്ലാസ്റ്റിക് കയറുമുണ്ടായിരുന്നു.

അയാള്‍ ആയാസപ്പെട്ട് കെട്ടിടത്തിന്റെ മുന്നില്‍ കിടന്ന നാലുവെട്ടുകല്ലുകള്‍ ഒന്നിനു മീതെ ഒന്നായി അഴുക്കുനിറഞ്ഞ വരാന്തയിലേക്ക് എടുത്തുവെച്ചു. പിന്നെ സാവധാനം പ്ലാസ്റ്റിക് കയര്‍ ഉത്തരത്തില്‍ കെട്ടി കുരുകിട്ടാന്‍ തുടങ്ങി. അതോടെ കവലയിലെ പുരുഷാരം ഉച്ചയൂണ്ണിന്റെ ആലസ്യമകന്ന് ആകാംഷയോടെ ഭാര്‍ഗവന്റെ ലീലാവിലാസങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

കുരുകിട്ട ഉടനെ ഭാര്‍ഗവന്‍ ആക്രോശിച്ചു. "പട്ടികളെ ഞാന്‍ ചാവാന്‍ പോവുകയാ "

കടകളുടെ വരാന്തയില്‍ നിന്ന് പലരും പിറു പിറുത്തു.

" ഇന്നു രാവിലെ അട്ടബിജു ഇടുത്തിട്ട് പൂശിയതിന്റെയാ. "

" ഇയാളുടെ ഗീര്‍വാണങ്ങള്‍ നമ്മളെത്ര കേട്ടിരിക്കുന്നു. "

അടുക്കിവെച്ച വെട്ടുകല്ലുകളില്‍ കയറി കുരുക്കിന്‍ തൊട്ടു താഴെ നിന്ന് ഭാര്‍ഗവന്‍ ഒരിക്കല്‍ കൂടി തന്റെ നാട്ടുകാരെ നോക്കി. ആരും അനങ്ങുനില്ല. എല്ലാവരും തന്നെ നോക്കിയിരിപ്പാണ്.

നാലുപാടും ഒന്നു കൂടി വീക്ഷിച്ച ശേഷം അയാള്‍ കഴുത്തില്‍ കുരുകിട്ട് വെട്ടുകലിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി. കരിവീട്ടി പോലെ കറുത്ത ആ കഴുത്തില്‍ മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് കയര്‍ മുറുക്കി. ഭാര്‍ഗവന്‍ പ്രാണവേദനയെടുത്ത് പിടയാന്‍ തുടങ്ങി.

കവലയിലെ ആണുങ്ങള്‍ സ്തംഭിച്ചു നിന്നു.

കല്യാണ സീസണ്‍ അല്ലാതതുകൊണ്ട് പണിയില്ലാതിരുന്ന വീഡീയോഗ്രഫര്‍ ഒരു ഹോളിവുഡ് സ്റ്റണ്ട് ചിത്രീകരിക്കുന്ന ആവേശത്തോടെ ഭാര്‍ഗവന്‍ പ്രാണനുവേണ്ടി പിടയുന്ന രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി.

ഏതോ ഒരു സത്ബുദ്ധി വിളിച്ച് പറഞ്ഞ് പോലീസ് എത്തുമ്പോഴേക്കും ഭാര്‍ഗവന്റെ പിടച്ചില്‍ അവസാനിച്ചിരുന്നു. നാളെ താന്‍ പത്രങ്ങളിലെയും ചാനല്‍ ചര്‍ച്ചകളിലെയും യൂട്യൂബിലെയും താരമാവുമെന്ന് അറിയാതെ ഭാര്‍ഗവന്റെ ദേഹി ദേഹത്തെ വിട്ട് യാത്രയായി