Friday, May 21, 2010

അന്ന - 2

1992 മെയ് 24



നെല്‍വിന്‍

അലക്‌സ് പന്തയത്തിനു സമ്മതിച്ചു. പന്തയത്തെ പറ്റി മൂന്നാമതൊരാള്‍ അറിയാതെ,ആരുടെയും സഹായമില്ലാതെ രണ്ട് മാസത്തിനുള്ളില്‍ അന്നയെ പ്രണയിച്ച് സ്വന്തമാക്കിയാല്‍ പതിനായിരത്തിയൊന്ന് രൂപ അലക്‌സ് എനിക്ക് തരും. ഒരു രൂപ മുന്‍കൂറായി ഇന്നു തന്നെ തന്നു. തോറ്റാല്‍ ഞാന്‍ പതിനായിരത്തിരണ്ട് രൂപ അവന്‌ കൊടുക്കണം. കോളേജ് തുറക്കുന്ന ജുണ്‍ 15 മുതലാണ്‌ പന്തയം തുടങ്ങുന്നത്.



1992 ജുലൈ



അന്ന

ക്ലാസു തുടങ്ങി, മഴക്കാലവും. അവധിക്കാലം അല്‍പം വിരസമായിരുന്നു. ഒരു പക്ഷെ ബറ്റിയുടെ അഭാവമാവാം കാരണം. പ്രധാനപ്പെട്ട വിശേഷം അലക്‌സിന്റെ ഭാവമാറ്റമാണ്‌. അലക്‌സിപ്പോള്‍ ഒരു നല്ല സുഹൃത്തിനെപോലെയാണ്‌ പെരുമാറുന്നത്‌. കോഴ്സ് കഴിഞ്ഞെങ്കിലും മിക്കവാറും ദിവസം എന്നെ കാണാനായി വരും. ഇത് അവന്റെ പുതിയൊരു അടവായിരിക്കുമോ ? ഒരു ശല്യം ഒഴിഞ്ഞപ്പോള്‍ മറ്റൊരു ശല്യം പുറകെ കൂട്ടിയിട്ടുണ്ട്. നെല്‍വിന്‍ എന്ന ഒരു വലിയ പണക്കാരന്‍. അയാള്‍ അലക്‌സിന്റെ അടുത്ത കൂട്ടുകാരനാണ്‌. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട് എന്ന് പറഞ്ഞാണ്‌ പുറകെ നടപ്പ്. ഒഴുവാക്കാന്‍ പല തവണ ശ്രമിച്ചു. എന്നിട്ടും പുറകെ നടക്കുകയാണ്‌ ആ നാണമില്ലാതവന്‍. അലക്‌സിനോട് നെല്‍വിന്റെ കാര്യം ചോദിച്ചപ്പോള്‍ ഒട്ടും താത്പര്യമില്ലാതുപോലെ എന്റെ ഇഷ്ടപോലെ ഒരു തിരുമാനമെടുത്തോളാന്‍ പറഞ്ഞു.

ബെറ്റി

രസകരമായ അവധിക്കാലം പെട്ടന്ന് കഴിഞ്ഞു പോയി. അടുത്ത ഒഴിവുക്കാലത്ത് കാണാമെന്ന ഉറപ്പില്‍ കുടുംബക്കാരെല്ലാം പലവഴിക്കു പിരിഞ്ഞു. എങ്കിലും പലപ്പോഴും അന്നയുടെ അസാന്നിധ്യം എന്നെ അലോരസപ്പെടുത്തി. ഇപ്പോഴതെ പ്രധാന നേരമ്പോക്ക് അന്നയുമായി സംസാരിച്ചുകൊണ്ട് മഴ പെയ്യുന്നതും നോക്കി ജനലിരികില്‍ നില്‍ക്കാലാണ്. സമയം പോവുന്നത് അറിയുകയെയില്ല. ആ അലക്‌സ് കോഴ്സ് കഴിഞ്ഞിട്ടും മിക്കവാറും ദിവസം അന്നയെ കാണാന്‍ വരുന്നുണ്ട്. ഇപ്പോള്‍ ഞങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കാണ്‌ അവന്റെ ശ്രമം. എന്തിനാണാവോ, അവനെ എങ്ങനെ വിശ്വസിക്കും? അന്നയെ ശല്യം ചെയ്യാന്‍ ഇപ്പോള്‍ നെല്‍വിന്‍ എന്ന പുതിയൊരു മാരണം കൂടി വന്നിട്ടുണ്ട്. അവന്‍ അലക്‌സിന്റെ അടുത്ത ചങ്ങാതിയാണ്. കര്‍ത്താവിന്‌ മാത്രമറിയാം ഇവന്മാരുടെ ഉദ്ദേശ്യം. എന്റെ അന്നയെ സംരക്ഷിക്കാന്‍ ഞാന്‍ മാത്രമെ ഉള്ളു.

അലക്‌സ്

പാവം അന്ന ഞാന്‍ അവളെ വെറുതെ ശല്യപ്പെടുത്തി. അവളുടെ സാമീപ്യം എത്ര ആശ്വാസകരമാണ്‌. ഈയീടയായി മനസ്സുപറയുന്നത് അവളെ ഒരു സഹോദരിയായി കാണാനാണ്‌. നെല്‍വിനുമായി പന്തയം വെക്കണ്ടായിരുന്നു. എന്റെ സമാധനം നഷ്ട്പ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തിലെ അബദ്ധങ്ങളുടെ ഘോഷയാത്ര തുടരുകയാണോ ?

നെല്‍വിന്‍

ഇങ്ങനെ പോയാല്‍ മിക്കവാറും ഞാന്‍ പന്തയത്തില്‍ തോല്‍ക്കും. പഠിച്ച പണി പതിനെട്ടും നോക്കി എന്നിട്ടും എന്നോട് അടുക്കുന്ന ഒരു ലക്ഷണവും അവള്‍ കാണിക്കുന്നില്ല. ഇതൊരു പ്രത്യേക ഐറ്റം തന്നെ. എങ്കിലും അന്നയെ മറക്കാന്‍ എനിക്ക് പറ്റില്ല. എങ്ങനെയെങ്കിലും അവളെ സ്വന്തമാക്കിയെ പറ്റൂ.



1992 ആഗസ്‌റ്റ് 9


നെല്‍വിന്‍

ഞാന്‍ പന്തയത്തില്‍ നിന്നും പിന്‍മാറി. അലക്‌സ് എന്റെ തിരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. എന്നെ അത്‌ഭുതപ്പെടുത്തിയത് അലക്സിന്റെ മാറ്റമാണ്‌. എന്നെ അവന്‍
ഒന്നു കളിയാക്കുക പോലും ചെയ്തില്ല. ഞാന്‍ എത്ര നിര്‍ബന്‌ധിച്ചിട്ടും പന്തയ പണവും വാങ്ങിച്ചില്ല. പന്തയങ്ങളുടെ കാര്യത്തില്‍ എന്നും വാശി പിടിക്കുന്ന എന്റെ അലക്‌സിന്‌ എന്താണാവോ ഇങ്ങനെ ഒരു മാറ്റം ? ഞാന്‍ ഇതുവരെ കണ്ടതില്‍ വെച്ച് എറ്റവും നല്ല പെണ്‍കുട്ടിയാണ്‌ അന്ന. എത്രയെത്ര അടവുകള്‍ ഞാന്‍ പയറ്റി നോക്കി, നിന്നെ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്നു വരെ പറഞ്ഞു എന്നിട്ടും അവള്‍ക്ക് ഒരു ഭാവഭേദവും വന്നില്ല. പാറ പോലെ ഉറച്ച മനസ്സാണ്‌ അവളുടേത്. ഒരു പക്ഷെ അനാഥയായതുകൊണ്ടാണോ അന്ന ഇങ്ങനെ പെരുമാറുന്നത് ? ഈശോ എങ്ങനെ അവളെ സ്വന്തമാക്കും?


അലക്‌സ്

കര്‍ത്താവിനു സ്‌തുതി. നെല്‍വിന്‍ പന്തയത്തില്‍ നിന്നും പിന്‍മാറി. ആ പാവം രക്ഷപ്പെട്ടല്ലോ, സമാധാനമായി. നെല്‍വിന്‍ കുറെ നിര്‍ബന്‌ധിച്ചെങ്കിലും ഞാന്‍ പന്തയപണം വാങ്ങിയില്ല. എന്റെ അന്ന ഒരു പന്തയവസ്തുവല്ല.



1992 ആഗസ്‌റ്റ് 16


നെല്‍വിന്‍

അന്നയെ കല്ല്യാണം കഴിക്കാനുള്ള ആഗ്രഹം അലക്‌സിനോട് തുറന്നു പറഞ്ഞു. എന്നെ മറ്റാരെക്കാളും നന്നായി അറിയുന്നതുകൊണ്ട് അവന്‍ ഒരുപാട് എതിര്‍ത്തു. അലക്‌സിനെ പറഞ്ഞു സമ്മതിപ്പിക്കാന്‍ അല്‍പം ബുദ്ധിമുട്ടേണ്ടിവന്നു. ആരെതിര്‍ത്താലും അന്നയെ പൊന്നുപോലെ നോക്കും എന്ന് വാക്കുകൊടുത്തപ്പോള്‍ അവന്‍ സമ്മതിച്ചു. പക്ഷെ അന്നയെ എങ്ങനെ പറഞ്ഞു സമ്മതിപ്പിക്കും.അവളുടെ കണ്ണില്‍ ഞാന്‍ ഇപ്പോഴും ഒരു പെണ്ണുപിടിയന്‍ മാത്രമല്ലെ.

അലക്‌സ്

ഞാന്‍ ഒരുപാട് ആഗ്രഹിച്ച പെണ്ണാണ്‌ അന്ന. പക്ഷെ അവള്‍ എന്നെ ഒരു സുഹൃത്തായിട്ടോ സഹോദരനായിട്ടോ ആണ്‌ കാണുന്നത്. നെല്‍വിന്‌ അന്ന വിവാഹം കഴിക്കാന്‍ സമ്മതമാണ്. ആരെതിര്‍ത്താലും അവന്‌ ഒരു പ്രശ്നവുമില്ല എന്നാണ്‌ പറയുന്നത്. പക്ഷെ അന്ന അവനെ ഇഷ്ട്പ്പെട്ടാനുള്ള സാധ്യത വളരെ കുറവാണ്‌. അത്ര പ്രസിദ്ധമാണല്ലോ ഞങ്ങളുടെ
രണ്ടു പേരുടെയും സ്വഭാവം.പിന്നെ ആരെന്തു പറഞ്ഞാലും നെല്‍വിന്‍ ഒരു കാര്യം ഉറപ്പിച്ചാല്‍ അവന്‍ അത് നടത്തിയിരിക്കും. അന്നക്ക് കൂടി സമ്മതമാണെങ്കില്‍ ആ ബന്‌ധത്തിന്‌ എന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും.



1992 ആഗസ്‌റ്റ് 17


അന്ന

ഇന്ന് ആദ്യമായി എന്നെ കാണാന്‍ അലക്‌സും നെല്‍വിനും ഒരുമിച്ച് വന്നു. രണ്ടുപേരും സംസാരിച്ചതു മുഴുവന്‍ എന്നെ കല്ല്യാണം കഴിക്കാനുള്ള നെല്‍വിന്റെ ആഗ്രഹത്തെ കുറിച്ചായിരുന്നു. നെല്‍വിന്റെ ഈ ആഗ്രഹം ദുരാഗ്രഹമെല്ലന്ന് എന്നെയും,ബെറ്റിയെയും പറഞ്ഞു മനസ്സിലാക്കാന്‍ അവര്‍ ഒരുപാട് ശ്രമിച്ചു. പിന്നെ ഒരു കാര്യം കൂടെ അലക്‌സ് പറഞ്ഞു എന്നെ സ്വന്തമാക്കാന്‍ അവര്‍ തമ്മില്‍ പന്തയം വരെ വെച്ചിരുനെന്ന്. പക്ഷെ എന്ത് തന്നെ ആയാലും എനിക്ക് രണ്ടുപേരും പറയുന്നത് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ സാധിക്കില്ല. മാത്രമല്ല നെല്‍വിനെ പോല ഒരാളെ ഇഷ്ട്പ്പെടാന്‍ എനിക്കാവില്ല.

ബെറ്റി

നെല്‍വിനും അലക്‌സും ഇന്ന് ഞങ്ങളെ കാണാന്‍ വന്നിരുന്നു. അവര്‍ സംസാരിച്ചതു മുഴുവന്‍ അന്നയെ വിവാഹം കഴിക്കാനുള്ള നെല്‍വിന്റെ ആഗ്രഹത്തെ കുറിച്ചായിരുന്നു. നെല്‍വിനെ പറ്റി കേട്ടറിഞ്ഞതുവെച്ച് ഞങ്ങള്‍ ഈ ബന്ധം വേണ്ടാ എന്ന തിരുമാനത്തിലെത്തി.

അലക്‌സ്

ഇന്ന് ഞാനും നെല്‍വിനും അന്നയെയും ബെറ്റിയെയും പറഞ്ഞു മനസ്സിലാക്കാന്‍ ഒരുപാട് ശ്രമിച്ച് പരാജയപ്പെട്ടു. അവര്‍ ഇപ്പോഴും ഞങ്ങളെ അവിശ്വസിക്കുന്നു. പഴയ സ്വഭാവങ്ങളൊന്നും വേണ്ടായിരുന്ന് ഇപ്പോള്‍ തോന്നുന്നു. നെല്‍വിന്‌ അന്നയെ സ്വന്തമാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

നെല്‍വിന്‍

അന്നയെയും,അവളുടെ കൂട്ടുകാരി ബെറ്റിയെയും പറഞ്ഞ് വിശ്വസിപ്പിക്കാന്‍ പറ്റില്ല. ആ ബെറ്റിക്കെങ്കിലും എന്നില്‍ വിശ്വാസം തോന്നിയിരുന്നെങ്കില്‍ ഒരു പ്രതീക്ഷക്കെങ്കിലും വകയുണ്ടായിരുന്നു. വീട്ടുകാരുമായി ചെന്ന് അവളെ കണ്ടാലോ ? പക്ഷെ ഡാഡിയും, മമ്മിയും, ഇളയപ്പനും എതിര്‍ക്കും അതുറപ്പാണ്‌. വല്ല്യമ്മച്ചിയാണ്‌ ഒരേയൊരു പ്രതീക്ഷ.
വല്ല്യമ്മച്ചി പറഞ്ഞാല്‍ അവരെല്ലാം അനുസരിക്കും.

[ തുടരും ]

Saturday, May 15, 2010

അന്ന - 1



1991 ആഗസ്റ്റ്



അന്ന

ഞാന്‍ അന്ന ഒരു പാവം അനാഥ. ഓര്‍മ്മവെച്ച നാള്‍ മുതല്‍ നഗരത്തില്‍ നിന്നും ഏറെ അകലെയുള്ള സെന്റ് ജോണ്‍ അനാഥാലയത്തിലെ അന്തേവാസിയായിരുന്നു. ഇപ്പോള്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബി.എസ്.സി.ഫിസിക്സ് വിദ്യാര്‍ത്ഥിനി. താമസം കോളേജിനടുത്തുള്ള സി.എസ്.ഐ ഹോസ്റ്റലില്‍. സ്‌കോളര്‍ഷിപ്പുകള്‍ ഉള്ളതുകൊണ്ട് പഠനം തുടരുന്നു. ആദ്യമായിട്ടാണ്‌ ഞാന്‍ എന്റെ വളര്‍ത്തമ്മമാരെയും കളികുട്ടുകാരെയും പരിഞ്ഞിരിക്കുന്നത്. ആ വേര്‍പാട് ആദ്യ ദിവസങ്ങളില്‍ അസഹീനയായിമായിരുന്നെങ്കിലും ഇപ്പോള്‍ അത് ശീലമായി. എല്ലാ ആഴ്ച്ചയും അവരുടെ കത്തുകള്‍ എന്നെ തേടി വരാറുണ്ട്. കര്‍ത്താവിന്റെ കൃപകൊണ്ട് എനിക്ക് ഇവിടെ നല്ലൊരു കൂട്ടുകാരിയുണ്ട്, എന്റെ റൂംമേറ്റും ക്ലാസ്സ്‌മേറ്റുമായ ബെറ്റി.

ബെറ്റി

എന്റെ പേര്‌ ബെറ്റി. പിലാച്ചോട്ടില്‍ പ്ലാന്റേഷന്‍ ഉടമ പി.കെ.ആന്റണിയുടെയും മറിയാആന്റണിയുടെയും രണ്ടു പെണ്‍മക്കളില്‍ മൂത്തയാള്‍. അനിയത്തി ജസ്‌ന ഒന്‍പതാം ക്ലസില്‍ പഠിക്കുന്നു. അന്നയാണ്‌ എന്റെ റൂംമേറ്റ്. ഞങ്ങള്‍ എപ്പോഴും ഒരുമ്മിച്ചാണ്.

അലക്സ്

വീട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു മുടിയാനായ പുത്രന്‍, രണ്ട് പെണ്‍മക്കള്‍ക്ക് ശേഷം ഉണ്ടായ ആണ്‍കുട്ടിയായതുകൊണ്ടും കൂട്ടത്തില്‍ ഇളയവനായതുകൊണ്ടും ലാളിച്ചു വഷളാക്കി. അപ്പന്‍ പ്രമുഖ വ്യവസായിയായ മാത്യൂസ് അമ്മ മേരി. ചേച്ചിമാര്‍ ഭര്‍ത്ത് വീടുകളില്‍ സുഖമായി കഴിയുന്നു. പഠനത്തില്‍ ഉഴപ്പനാണെങ്കിലും പാട്ട് എന്റെ ജീവനാണ്‌. പഞ്ചാര അടിച്ച് നടക്കലാണ്‌ പ്രധാന ഹോബി. ഈ കാര്യത്തില്‍ ഏത് പെണ്ണിനെയും പ്രേമിച്ച് വീഴ്ത്തും എന്ന ചങ്കുറ്റവുമാണ്‌ എന്റെ എറ്റവും വലിയ കൈമുതല്‍, പിന്നെ നെല്‍വിന്റെ പിന്തുണയും.

നെല്‍വിന്‍

ഞാന്‍ നെല്‍വിന്‍. അമേരിക്കന്‍ മലയാളികളായ ഫെര്‍ണ്ടാസിന്റെയും ക്ലാരയുടെയും രണ്ടാമത്തെ മകന്‍. ചേട്ടന്‍ എല്‍വിനും കുടുംബവും കാനഡയിലാണ്. പപ്പയുടെ അനിയന്‍ ജോസിളയപ്പന്റെയും,വല്ല്യമ്മച്ചിയുടെയും കൂടെയാണ്‌ താമസം. പിന്നെ പേരിന്ന് കുടുംബ ബിസനസ്സുകളില്‍ ഇളയപ്പനെ സഹായിക്കുന്നു. പ്രധാന ജോലി പ്രണയങ്ങളും ചുവന്ന വില്ലീസ് ജീപ്പില്‍ കറങ്ങി നടക്കലുമാണ്. ഒരു പ്രണയബന്‌ധവും മൂന്നുനാലു മാസത്തില്‍ കൂടുതല്‍ ഞാന്‍ നീട്ടാറില്ല.



1991 നവംബര്‍


അന്ന

ഞാനിപ്പോള്‍ സഹപാഠികളുടെയും അദ്ധ്യാപകരുടെയുടെയും കോളേജിലെ വായ്‌നോക്കികളുടെയും പ്രിയപ്പെട്ട വിദ്യര്‍ത്ഥിനിയാണ്. പ്രണയഭ്യര്‍ത്ഥനങ്ങളുടെ പ്രവാഹങ്ങളെ നിഷ്കരുണം അവഗണിച്ചു. വളര്‍ത്തമ്മമാരുടെയും കളികൂട്ടുകാരുടെയും കത്തുകള്‍ മുടുങ്ങാതെ വരാറുണ്ട്. എങ്കിലും ഉള്ളിന്റെ ഉള്ളില്‍ അനാഥയെന്ന ബോധം വേട്ടയാടുന്നു. ഇഷ്ടം പോലെ പണമുള്ളതിന്റെ ഒരു അഹങ്കാരവും ആര്‍ഭാടവുമില്ലാത ബെറ്റിയെ പോല ഒരു സ്‌നേഹിതയെ കിട്ടിയത് എന്റെ വലിയ ഭാഗ്യമാണ്‌. ചില വാരാന്ത്യങ്ങളില്‍ ബെറ്റിയുടെ വീട്ടില്‍ പോയി നില്‍ക്കാറുണ്ട്. നല്ല സ്നേഹമുള്ളവരാണ്‌ അവളുടെ വീട്ടുകാര്‍, പ്രത്യേകിച്ച് മമ്മിയും അനിയത്തിയും. എത്ര സുന്ദരമാണ്‌ ബെറ്റിയുടെ നാടും എസ്റ്റേറ്റും.

ബെറ്റി

ക്യാമ്പസ് ജീവിതം എത്ര മനോഹരമാണ്. അതിലുപരിയാണ്‌ അന്നയുടെ സ്നേഹം തുളുമ്പുന്ന സാമീപ്യം. ഇടക്കിടെ ഞാന്‍ സ്വയം പറയും ലോകത്തിലെ എറ്റവും വലിയ ഭാഗ്യവതികളില്‍ ഒരാളാണ്‌ ഞാനെന്ന്.

അലക്സ്

കോളേജില്‍ വരുന്നത് വല്ലപ്പോഴും ആയതുകൊണ്ട് അന്നയെ കാണാനും പരിച്ചയപ്പെടാന്നും വൈകി. ഒരു ആര്‍ഭാടവുമ്മില്ലാതെ തന്നെ എന്തു ഭംഗിയാണ്‌ അവളെ കാണാന്‍. പല വമ്പന്മാരും അവളെ വീഴ്ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടു എന്നു കേട്ടപ്പോള്‍ തന്നെ എന്റെ പുതിയ ഇരയെ ഞാന്‍ ഉറപ്പിച്ചു. ദിവസവും കോളേജില്‍ പോവാന്‍ ഒരു കാരണമായി. അന്നയെ സ്വന്തമാക്കാന്‍ പുതിയ പുതിയ പദ്ധതികള്‍ തന്നെ വേണ്ടി വരും. എന്തായാലും ഒരു നല്ല അവസരം ഒത്തുവരാതിരിക്കില്ല.

നെല്‍വിന്‍

വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ട് ഇപ്പോള്‍ ബിസിനസ്സില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാലും ദിവസവും അലക്‌സിനെ കാണും. മിക്കപ്പോഴും കള്ളു കുടിച്ച് പാട്ടു പാടി നേരം വെളുപ്പിക്കും. ഈയീടയായി അലക്‌സിന്റെ പ്രധാന സംസാരവിഷയം അന്നയാണ്‌.



1992 ജനുവരി



അന്ന

അഞ്ചുമാസത്തെ നീണ്ട ഇടവേളക്ക് ശേഷം ക്രിസ്തുമസ് ലീവിന്‌ ഞാന്‍ എന്റെ വീട്ടിലേക്ക് പോയി. അവിടെ എന്നെ വളര്‍ത്തമ്മമാരും കളികൂട്ടുകാരും കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ കൂടെ ക്രിസ്തുമസ് ആഘോഷിച്ചു. ഒരാഴ്ച്ച ബെറ്റിയെ പിരിഞ്ഞിരിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി. കോളേജിലെയും ഹോസ്റ്റലിലെയും പുതുവര്‍ഷാഘോഷം ​ഗംഭീരമായിരുന്നു. എന്റെ ആദ്യത്തെ പുതുവത്‌സരാഘോഷം. അലക്‌സ് എന്ന പുതിയൊരു ശല്യം പുറകെ കൂടിയിട്ടുണ്ട്.

ബെറ്റി

ജീവിതം സുഖകരമായി മുന്നോട്ട് പോകുന്നു. അന്നയുടെ പുറകെ നടക്കുന്ന പൂവാലന്മാരെ ഓടിക്കലാണ്‌ ഇപ്പോഴന്റെ പ്രധാന ജോലി.

അലക്സ്

അപ്പന്റെ ഒരുപാട് കാശ് പൊടിച്ച് തീര്‍ത്ത് ക്രിസ്തുമസും ന്യൂഇയറും കടന്നു പോയി. കൂറെ പുറകേ നടന്നെങ്കിലും അന്ന ഒരു ബാലികേറാമലയായി നില്‍ക്കുന്നു. ഇരുവരെ കണ്ട പെണ്ണുങ്ങളില്‍ നിന്ന് എത്രയോ വ്യത്യസ്‌തയാണവള്‍.

നെല്‍വിന്‍

ക്രിസ്തുമസും ന്യൂഇയറും കഴിഞ്ഞതോടെ ബിസിനസ്സിലെ തിരക്ക് കൂടി. ഒന്നിനും സമയമില്ലാതായിരിക്കുന്നു. ഈ മാസം അലക്‌സുമായി ഒന്നു ശരിക്കും കൂടാന്‍ പോലും പറ്റിയില്ല.



1992 മാര്‍ച്ച്


അന്ന

ആദ്യവര്‍ഷത്തെ ക്ലാസുകള്‍ കഴിഞ്ഞു. സ്റ്റഡി ലീവ് തുടങ്ങി. ബെറ്റിയെ പിരിയണ്ടതുകൊണ്ട് സ്റ്റഡി ലീവിന്‌ ഹോസ്റ്റലില്‍ തന്നെ നില്‍ക്കാന്‍ തിരുമാനിച്ചു. ആ അലക്‌സ് പുറകില്‍ നിന്നു മാറുന്നില്ല. എന്തൊരു തൊലികട്ടിയായ അവന്.


ബെറ്റി

ക്ലാസു കഴിഞ്ഞു. പഠിക്കാന്‍ തുടങ്ങണം. അന്നയുടെ സഹായമാണ്‌ എറ്റവും വലിയ പ്രതീഷ.

അലക്സ്

എന്റെ ക്യാമ്പസ് ജീവിതം അവസാനിക്കാറാവുന്നു. അതില്‍ ഒരു സങ്കടവും തോന്നുന്നില്ല. പക്ഷെ അന്ന ഒരു കുഴക്കുന്ന പ്രശ്നമായി നില്‍ക്കുന്നു. തോറ്റു പിന്മാറാന്‍ മനസ്സു സമ്മതിക്കുന്നില്ല. എങ്ങനെ അവളെ സ്വന്തമാക്കും?

നെല്‍വിന്‍

ജീവിതത്തിന്റെ രസചരട് പൊട്ടിയിരിക്കുന്നു. നശിച്ച ബിസിനസ്സ് യാത്രകള്‍. അലക്‌സെ നീ എത്ര ഭാഗ്യവാന്‍.



1992 മെയ്


അന്ന

പരീക്ഷ കഴിഞ്ഞു, നല്ല മാര്‍ക്ക് കിട്ടുമെന്ന് തോന്നുന്നു. ഇനി ഒന്നരമാസത്തെ അവധിക്കാലം. ഒഴിവുക്കാലം ​ചെലവഴിക്കാന്‍ ഞാന്‍ വീട്ടിലേക്ക് തിരിച്ചു. ബെറ്റി വീട്ടിലേക്ക് വരാന്‍ നിര്‍ബന്‌ധിചെങ്കിലും അനാഥാലയത്തിലെ നിയമം അനുവദിക്കാതുകൊണ്ട് പോയില്ല. ഒന്നര മാസം അലക്‌സിനെ കാണണ്ടതില്ല എന്നത് ഒരു ആശ്വാസമാണ്. പക്ഷെ ബെറ്റിയെ എങ്ങനെ പിരിഞ്ഞിരിക്കും?

ബെറ്റി

പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കിയില്ല. അന്ന ഒരുപാട് സഹായിച്ചു. കുടുംബത്തിലുള്ള എല്ലാവരും ഒത്തു കൂടുന്ന അവധിക്കാലം നല്ല രസമാണ്‌. പക്ഷെ അന്നയെ പിരിഞ്ഞിരിക്കുന്നത് വളരെ വിഷമമുണ്ടാക്കുന്നു.

അലക്സ്

എന്റെ ക്യാമ്പസ് ജീവിതം അവസാനിച്ചു. പരീക്ഷക്ക് എന്തൊക്കയോ എഴുതി വെച്ചു. ജയിക്കുന്ന കാര്യം സംശയമാണ്‌. അന്ന എന്നെ തോല്‍പ്പിച്ചു കളഞ്ഞു, എന്റെ ആദ്യ പരാജയം. ഒരു സുഹൃത്തായി മാത്രമെ കാണാന്‍ പറ്റുവെന്ന് അവള്‍ തീര്‍ത്ത് പറഞ്ഞു. നെല്‍വിന്‍ ഇതും പറഞ്ഞ് എന്നെ കാണുമ്പോഴെല്ലാം കളിയാക്കും. രണ്ടു മാസം കൊണ്ട് അന്നയെ പ്രണയിച്ച് വീഴ്ത്താം എന്നാണ്‌ അവന്റെ വെല്ലുവിളി. അതിനായി ഒരു പന്തയം വെയ്ക്കാനും അവന്‍ തയ്യാറാണ്‌.

നെല്‍വിന്‍

ബിസിനസ്സിലെ തിരക്ക് ഒരു ശീലമായി തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ഒഴിവുസമയം കണ്ടെത്താന്‍ പറ്റുന്നുണ്ട്. കോളേജടച്ച ദിവസം ഞാന്‍ അന്നയെ കണ്ടു. ആ നിഷ്‌കളങ്ക സൌന്ദര്യം എന്നെ കീഴ്‌പ്പെടുത്തികളഞ്ഞു. ഇതുവരെ ആരോടും തോന്നാതൊരു ആകര്‍ഷണം. ഈ കാര്യം അലക്‌സിനോട് തുറന്ന് പറയാന്‍ ഒരു മടി.

[ തുടരും ]