Wednesday, December 22, 2010

മാറ്റങ്ങള്‍

വേനല്‍ക്കാലത്ത് വിയര്‍പ്പില്‍ മുങ്ങുമ്പോള്‍ അവന്‍ മഴയുടെ വരവിനായി പ്രാര്‍ത്ഥിക്കുമായിരുന്നു. പക്ഷെ വര്‍ഷക്കാലത്ത് മഴയെ ശപിച്ചുകൊണ്ട് ഒരു കുടയും കൈയിലേന്തിയായിരുന്നു അവന്റെ നടപ്പ്.

കാറ്റേറ്റിരിക്കാന്‍ അവന്‌ ഒരുപാട് ഇഷ്ടമായിരുന്നു. കടല്‍തീരത്തേക്കും, കുന്നിന്‍മുകളിലേക്കും, പുല്‍മേടുക്കളിലേക്കും അവന്‍ ഞങ്ങളെ നിര്‍ബന്‌ധിച്ച് കൂട്ടികൊണ്ടുപോവുമായിരുന്നു. മകന്റെ ഇഷ്ടം കണക്കിലെടുത്ത് അവന്റെ അച്‌ഛന്‍ കടല്‍ തീരത്തു വീടും വെച്ചു. പക്ഷെ ആ വീട്ടിലേക്ക് താമസം മാറി അധികം കഴിയും മുന്‍പേ അവന്‍ കാറ്റിനെ പിരാകികൊണ്ട് മുറിയുടെ ജനവാതിലുകള്‍ അടച്ചിടാന്‍ തുടങ്ങി.

ക്യാംപസിലെ യുവതുര്‍ക്കിയായിരിക്കുമ്പോള്‍ അവന്‍ കാടുകളെകുറിച്ചും, പുഴകളെകുറിച്ചും, സമസ്ത ജീവജാലങ്ങളുടെ സ്വാതന്ത്രത്തെ പറ്റിയും വാതോരാതെ സംസാരിക്കുമായിരുന്നു. പക്ഷെ ഇപ്പോള്‍ അവന്‍ ലാളിക്കാന്‍ എന്ന പേരില്‍ ജീവികളെ കൂട്ടിലടച്ചും വന്‍ വൃക്ഷങ്ങളെ കുഞ്ഞന്‍മാരാക്കി ചട്ടിയിലും വളര്‍ത്തുന്നു.

കൌമാരത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ വിവാഹത്തിന്റെ ആദ്യ നാളുകള്‍ വരെ മായയെപറ്റി സംസാരിക്കാന്‍ അവന്‌ ആയിരം നാവായിരുന്നു. പക്ഷെ ഇപ്പോള്‍ അവന്റെ നാവില്‍ നിന്ന് അവളെ കുറിച്ച് കേള്‍ക്കുന്നതെല്ലാം കുറ്റങ്ങളും കുറവുകളുമാണ്. ഇന്നലെ ബസ്‌സ്റ്റോപ്പില്‍ വെച്ച് കണ്ടപ്പോള്‍ മായ പറഞ്ഞു "ഇപ്പോ ഞാനും കൂട്ടിലിട്ട ഒരു കിളിയാ................."