Wednesday, February 10, 2010

ശ്രീവിനായക സലൂണ്‍ - 3



രാ
ത്രി ഷിഫ്റ്റിലെ ജോലി ശ്രാവണന്‌ പുതിയൊരു അനുഭവമായിരുന്നു. വല്ലപ്പോഴും സപിന്നിംഗ്‌ മിഷെന്‍ കേടുവരുമ്പോള്‍ റിപ്പയര്‍മാരുടെ ഇരുന്നിട്ടുണ്ടെന്നെല്ലാതെ രാത്രിയില്‍ മുഴുവന്‍ സമയം ജോലിചെയ്യുന്നത്‌ ആദ്യമായിട്ടായിരുന്നു. ആദ്യത്തെ ദിവസങ്ങളില്‍ ശ്രാവണന്‍ തീര്‍ത്തും ക്ഷീണിതനായെങ്കിലും പതിയെ അത്‌ യാന്ത്രികമായ ഒരു ശീലമായി മാറി. പുതിയ വലിയ സാമ്രാജ്യം അവനെ കൂടുതല്‍ ആഹ്ളാദവാനാക്കി.

ദിനങ്ങള്‍ ഒരൊന്നായി പൊഴിഞ്ഞു വീണു. രണ്ടു മാസങ്ങള്‍ ശരവേഗത്തില്‍ കടന്നു പോയി. നെറ്റ്ഷിഫറ്റ്‌ ശ്രീവിനായകയിലെ ഒരു പതിവായി മാറി. ശ്രാവണ്‍ അതിന്റെ അമരക്കാരനായി സസന്തോഷം വാണു. പഴയ താവളങ്ങളായ ഡി വണ്‍ ബ്ലോക്കും , ഗസ്‌റ്റ്‌ഹൌസും ശ്രാവണന്‌ ഇപ്പൊള്‍ ഒരു ഒര്‍മ്മമാത്രമാണ്‌.

രണ്ട്‌ തവണ പി.ജെ വന്നിരുന്നെങ്കിലും അവന്‌ അദ്ദേഹത്തെ കാണാന്‍ പറ്റിയില്ല. അവനെക്കാള്‍ തിരിക്കിലായിരുന്നു പി.ജെ. വളരെ ദുര്‍ ലഭമായെ മുതലാളിയെയും , കന്തസ്വാമിയെയും അവനിപ്പോള്‍ കാണാന്‍ കിട്ടാറുള്ളു. എല്ലാവര്‍ക്കും തിരക്കോട്‌ തിരക്ക്‌ തന്നെ.

എങ്കിലും വീട്ടിലേക്കുള്ള വാരാന്ത്യ സന്ദര്‍ശനം അവന്‍ മുടക്കിയില്ല. ചെറിയൊരു മാറ്റത്തൊടെ അതു തുടര്‍ന്നു. ഞാറായഴ്ച്ച രാവിലെ വീട്ടിലെത്തി, തിങ്കാളാഴ്ച്ച വൈകീട്ട്‌ കമ്പനിയിലേക്ക്‌ തിരിക്കും .

ഒരു വ്യാഴാച്ച പുതിയ ശീലമായി തീര്‍ന്ന പകലുറക്കത്തിനിടയില്‍ ശ്രാവണനെ തേടി ഒരു ഫോണ്‍കൊള്‍ വന്നു. ഉറക്ക ചടവൊടെ അവന്‍ ഫോണെടുത്തു. അച്ഛനായിരുന്നു. ആ വ്യദ്ധന്‍ പറയാന്‍ ഒരു സന്തോഷ വാര്‍ത്തയുണ്ടായിരുന്നു. " അയാള്‍ മുത്തച്ഛനാവാന്‍ പോകുന്നു "

അവന്റെ ഉറക്കം ഉണര്‍വിന്‌ വഴിമാറി. ഒത്തിരി ആഗ്രഹങ്ങള്‍ ഒരേ സമയം ശ്രാവണന്റെ മനസ്സിലൂടെ പൊങ്ങി വന്നു.ഇന്നു ഞായറാഴ്ച്ചയായിരുന്നെങ്കിലെന്ന്‌ അവന്‍ വെറുതെ കൊതിച്ചു പൊയി. കമ്പനിയിലെല്ലാവര്‍ക്കും ലഡു വിതരണം ചെയ്ത്‌ ശ്രാവണ്‍ തന്റെ സന്തോഷം പങ്കു വെച്ചു.

വെള്ളിയും , ശനിയും അരണയെ പോലെ ഇഴഞ്ഞു നീങ്ങി.

ഞായറാഴ്ച്ച സൂര്യന്റെ കിരണങ്ങള്‍ ഭൂമിയില്‍ പതിഞ്ഞ ഉടനെ പരമാവധി വേഗത്തില്‍ ബൈക്കോടിച്ച്‌ ശ്രാവണ്‍ വീട്ടിലെത്തി. ആഹളാദത്തിന്റെ മാറ്റു കൂട്ടാനായി വാങ്ങിയ പലഹാര പൊതി അമ്മയെ എല്‍പ്പിച്ച്‌ അവന്‍ കര്‍പ്പകത്തിന്റെ അടുത്തെത്തി. ആരും വരുന്നില്ല എന്ന്‌ ഉറപ്പു വരുത്തിയ ശേഷം അവളെ തന്നിലേക്കൊതുക്കി ചുംബന വര്‍ഷം നടത്തി. അമ്മയുടെ കാലൊച്ച കേട്ടപ്പോള്‍ അവന്‍ അവളെ സ്വതന്ത്രയാക്കി. ആ വാരാന്ത്യം മുഴുവന്‍ അവന്‍ കര്‍പ്പകത്തിനായി മാറ്റി വച്ചു. വെള്ളിത്തിരയിലെ നായകന്‍മാരെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു അവന്റെ രണ്ടു ദിവസത്തെ ചേഷ്ടക്കളും , പ്രവര്‍ത്തികളും .

അവിസ്മരണീമായ രണ്ടു ദിവസങ്ങള്‍ ഓര്‍മ്മയെന്ന ഡയറികുറുപ്പില്‍ എഴുതി ചേര്‍ത്ത്‌ തിങ്കളാഴ്ച്ച വൈകുന്നേരം ശ്രാവണ്‍ കോവിപ്പെട്ടിയിലേക്ക്‌ തിരിച്ചു.

ശ്രീവിനായകയിലെ ഓരോ നിമിഷവും സ്പിന്നിംഗ്‌ മിഷന്റെ താളം ആസ്വദിച്ച്‌ സന്തോഷചിത്തനായി, പ്രസന്നവദനനായി അവന്‍ ചിലവഴിച്ചു.

..............................................................................................


പ്രതീഷിച്ചത്തിനെക്കാളും രണ്ടു ദിവസം മുന്‍പേ ആഗസ്റ്റ്‌ 27ന്‌ പി.ജയുടെ ഓഡറിന്റെ അവസാനത്തെ ലോഡും കയറ്റി അയച്ചു. അന്ന്‌ കമ്പനിയിലെ എല്ലാവര്‍ക്കും ഗംഭീരമായ ഭക്ഷണമൊരുക്കിയിരുന്നു. ശ്രാവണനും അവന്റെ കീഴിലുള്ളവരും പ്രത്യേക സമ്മാനര്‍ഹരായി. എല്ലാവരും അവനെ അഭിനന്ദിച്ചു. നമ്രശിരസ്കനായി അവന്‍ അനുമോദനങ്ങള്‍ എറ്റുവാങ്ങി. പി.ജെയുടെ അടുത്ത ഓര്‍ഡര്‍ വരുന്നതുവരെ ശ്രീവിനായകയിലെ നെറ്റ്ഷിഫ്റ്റിന്‌ താല്‍ ക്കാലിക വിരാമമായി.

രണ്ടു ദിവസത്തെ ലീവെടുത്ത്‌ അവന്‍ നാട്ടിലേക്ക്‌ തിരിച്ചു. രണ്ടു ദിവസം രണ്ടു മണിക്കുറുകള്‍ പോലെ കടന്നുപോയി. കര്‍പ്പകം അല്‍പം തടിച്ചിട്ടുണ്ട്‌, അവളുടെ വയര്‍ കുറച്ച്‌ വലുതായിട്ടുണ്ട്‌.

കമ്പനിയിലെത്തിയ ഉടനെ തന്റെ പുതിയ ഉത്തരവാദിതത്തെ പറ്റി അറിയാന്‍ ശ്രാവണ്‍ മുതലാളിയുടെ മുറിയിലേക്ക്‌ ചെന്നു. മേശയില്‍ തല താഴ്ത്തിയിരിക്കുന്ന മുതലാളിയെ അവന്‍ വിളിച്ചുണര്‍ത്തി. അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു.

" എന്താ സുഖമില്ലേ? "

" ഒരു തലവേദന. നീ പോയി കന്തസ്വാമിയെ കാണ്‌. "

വിനീതവിധേയനായി അവന്‍ കന്തസ്വാമിയുടെ അടുത്തെത്തി.

എന്തോ ഒരു വിഷമം ആ മുഖത്തും നിഴലിചിരുന്നു. അവനെ കണ്ടാല്‍ വാചലാനാകുന്ന കന്തസ്വാമിയും അധികം ഒന്നു സംസാരിച്ചില്ല. പി.ജെയുടെ അടുത്ത ഓര്‍ഡര്‍ വരുന്നതുവരെ ഗോഡൊണിന്റെയും , ഡി വണ്‍ ബ്ലോക്കിന്റെയും കാര്യങ്ങളില്‍ സഹായിക്കാന്‍ പറഞ്ഞു.

പി.ജെയുടെ ഓര്‍ഡറിന്റെ വരവിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ശ്രാവണ്‍ ഡി വണ്‍ ബ്ലോക്കിലേക്ക്‌ നടന്നു. വരാന്‍ പോകുന്ന തിരിച്ചടിക്കളറിയാതെ....

..............................................................................................


പി.ജെ വഴി അയച്ച ലോഡുകള്‍ ഓരൊന്നായി തിരിച്ചു വന്നു. പി.ജെയെയും , ശര്‍മ്മയെയും എവിടെയാണെന്ന്‌ ആര്‍ക്കും അറിയില്ല. രണ്ടു പേരും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്‌. ശ്രീവിനായകയും . കമ്പനിയുടെ ഓരോ കോണിലും ദു:ഖവും വിരസതയും തളം കെട്ടി നിന്നു.

വിരസത നിറഞ്ഞ പുതിയ ഉത്തരവാദിത്തം ശ്രാവണ്‍ ഒരു എതിരഭിപ്രായവും പറയാതെ പഴയപോലെ പ്രസന്നവദനായി നിര്‍വഹിച്ചു പോന്നു. അല്‍പം ആശ്വാസം ആഴ്ച്ചയില്‍ മുന്നോ നാലോ തവണ വീട്ടില്‍ പോവുന്നതാണ്‌.

കന്തസ്വാമിയും , മുതലാളിയും മിക്കപ്പോഴും ഗൌരവമേറിയ ചര്‍ ച്ചക്കളിലോ നിഗൂഢമായ മൌനത്തിലോ ആയിരിക്കും . രണ്ടുപേരുടെയും മുഖത്തെ പുഞ്ചിരി ഒരു ഓര്‍മ്മ മാത്രമായി. എല്ലാ തൊഴിലാളിക്കളും പി.ജെയുടെ മടങ്ങി വരവിനായി പ്രതീഷയോടെ കാത്തിരുന്നു. പ്രര്‍ത്ഥനകളും വഴിപാടുകളും ശ്രീവിനായകയില്‍ കുന്നുകൂടി.

അതിജീവനത്തിനുള്ള രണ്ടരമാസത്തെ ശ്രമത്തിനുശേഷം ശ്രീവിനായകിലെ സിപിന്നിംഗ്‌ മിഷന്റെ ചലനം നിലച്ചു. അന്ന്‌ എല്ലാ ജോലികാര്‍ക്കും ഔദ്യോഗികമായി അറിയിപ്പ്‌ കിട്ടി. " ഇനി ഒരു അറിയിപ്പ്‌ കിട്ടുന്നതുവരെ കമ്പനി പ്രവര്‍ത്തിക്കുന്നില്ല ".

ഒട്ടുമിക്ക തൊഴിലാളിക്കളും കണ്ണീരടക്കി വീട്ടിലേക്ക്‌ മടങ്ങി.

ശ്രാവണന്‌ പുറത്തേക്ക്‌ ഇറങ്ങാനെ തോന്നിയില്ല. ആരോ പുറകോട്ട്‌ പിടിച്ചു വലിക്കുന്നതു പോലെ തോന്നി അവന്‌. താളം നിലച്ച സ്പിന്നംഗ്‌ മില്ലിന്റെ അരുകില്‍ അവന്‍ തളര്‍ന്നിരുന്നു. കുറെ നേരത്തിന്‌ ശേഷം അവന്‍ കന്തസ്വമിയുടെ മുറിയിലേക്ക്‌ നടന്നു. പക്ഷെ അയാള്‍ അപ്പോഴേക്കും വീട്ടിലേക്ക്‌ പോയിരുന്നു. അല്പനേരത്തെ മൂകമായ ചിന്തക്കുശേഷം അവന്‍ മുതലാളിയുടെ വീട്ടിലെത്തി. അവിടെയും ആരുമില്ലായിരുന്നു.

സര്‍വവും തകര്‍ന്നവനെ പോലെ ശ്രാവണ്‍ വീട്ടിലേക്ക് തിരിച്ചു. വീടിന്റെ പടി കയറിയതൂം സങ്കടം സഹിക്കാനാവതെ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്‍ പൊട്ടി കരഞ്ഞു. അച്ഛനുമ്മയും , കര്‍പ്പകവും അവനെ ആശ്വസിപ്പിക്കാന്‍ പാടുപ്പെട്ടു.

വീട്ടിനു പുറത്തിറങ്ങാന്‍ അവന്‍ മടിച്ചു. മിക്കപ്പോഴും ശ്രാവണന്റെ സാന്നിധ്യം കിടപ്പുമുറിയുടെ നാലു ചുവരിനുള്ളില്‍ ഒതുങ്ങി. അപ്പോഴെല്ലാം കര്‍പ്പകം അവനരികിലെത്തി. ആ സാമീപ്യം ഒരു അനുഗ്രഹമായിരുന്നു. ഗര്‍ഭിണിയായ അവളെ സന്തോഷിപ്പിക്കാന്‍ അവന്‍ പരമാവധി ശ്രമിച്ചു. പലപ്പോഴും അത് യാന്ത്രികമായിരുന്നെങ്കിലും .മാസങ്ങള്‍ക്ക് മുന്‍പ് ക്വാര്‍ട്ടേസിലെ മുറിയില്‍ രാത്രി ഒറ്റക്ക് കിടക്കുമ്പോള്‍ അവന്‍ ആഗ്രഹിചിരുന്നത് ഈ സാമീപ്യമായിരുന്നു. പക്ഷെ അന്ന് നെയ്തു കൂട്ടിയ സ്വപ്നങ്ങളിലെ ഹീറോ ആവാന്‍ അവന്‌ പറ്റുന്നില്ല. നാലഞ്ച് മാസം കഴിഞ്ഞല്‍ താന്‍ അച്ഛനാവും അപ്പോള്‍ എങ്ങനെ കുടുംബം പുലര്‍ത്തുമെന്ന ചിന്ത അവനെ വല്ലാതെ അലോരസപ്പെടുത്തി.

മൂന്നു മാസം ഓരോ നിമിഷങ്ങളെണ്ണി അവന്‍ തള്ളി നീക്കി. ഇടക്ക് അവന്‍ കന്തസ്വാമിയെ വിളിക്കും ഒരു സമാധനത്തിനായി. അയാളും എകദേശം അവന്റെ അവസ്ഥയിലായിരുന്നു. സഹപ്രവര്‍ ത്തകരില്‍ പലരും പുതിയ ജോലി തേടിതുടങ്ങിയത്രെ . ഒടുവില്‍ അവന്‌ ഒരു തിരുമാനത്തിലെത്തി.

കമ്പനി തുറക്കും വരെ തന്റെ കുലതൊഴില്‍ ചെയ്യുക. അന്ന് രാത്രി അച്ഛനോട് അവന്‍ കാര്യം അവതരിപ്പിച്ചു. പക്ഷെ അയാള്‍ സമ്മതിച്ചില്ല. തത്കാലം ശ്രാവണ്‍ പിന്‍മാറിയെങ്കിലും അവന്റെ തിരുമാനം അതു തന്നെയായിരുന്നു.

പിറ്റേന്നാള്‍ കമ്പനിയില്‍ നിന്ന് ഒരു കത്തു കിട്ടി. " ശ്രീവിനായക സ്പിന്നിംഗ് മില്‍ പൂട്ടുന്നു. എല്ലാ ജോലികാരെയും പിരിച്ചുവിട്ടിരിക്കുന്നു. ഓരാഴ്ച്ച കഴിഞ്ഞ് ചെന്നാല്‍ ആനുകൂല്യം വേടിക്കാം ".

ഒരാഴ്ച്ച കഴിഞ്ഞ്‌ ആരവങ്ങളൊഴിഞ്ഞ ശ്രീവിനായകയില്‍ ശ്രാവണ്‍ അവസാനമായി കാലെടുത്തു വെച്ചു.

ആനുകൂല്യം വേടിച്ച് അവന്‍ കന്തസ്വാമിയുടെ അരികിലെത്തി. അടുത്താഴ്ച്ച മുതല്‍ അയാള്‍ തിരുപ്പുരിലെ ഒരു മില്ലില്‍ ഫിനാന്സ് മാനേജറണ്‌. ശ്രാവണനെ അയാള്‍ അവിടേക്ക് ക്ഷണിച്ചെങ്കിലും അവന്‍ ആ ക്ഷണം സ്നേഹപൂര്‍ വ്വം നിരസിച്ച് യാത്ര പറഞ്ഞിറങ്ങി.

ശ്രീവിനായകയില്‍ ഒന്നു റോന്ത് ചുറ്റിയ ശേഷം യാത്ര പറയാനായി അവന്‍ മുതലാളിയുടെ അടുത്തെത്തി.

ഒരു വ്യാഴവട്ടത്തിന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന അവന്റെ മുതലാളിക്ക് പറയാന്‍ ഒരു ദു:ഖ വാര്‍ത്ത കൂടിയുണ്ടായിരുന്നു. " പി.ജെയും , ശര്‍മ്മയും ഇപ്പോള്‍ വഞ്ചനാ കുറ്റത്തിന്‌ ജയിലിലാണത്രെ "

നാട്ടിലേക്ക് കൂടെ വരട്ടെ എന്ന് ചോദിച്ച അവനെ അയാള്‍ സ്നേഹപൂര്‍വ്വം വിലക്കി. അയാളുടെ ഒരു സുഹ്യത്തിന്റെ മില്ലില്‍ ജോലി നോക്കാം എന്ന ക്ഷണവും ശ്രാവണ്‍ നിരസിച്ചു.

ശ്രീവിനായകയോടും , മുതലാളിയോടും വിടവാങ്ങി ശ്രാവണ്‍ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിമ്പോഴേക്കും അവന്‍ തളര്‍ന്നിരുന്നു.

അന്ന് രാത്രി ആ കൊച്ചു വീട്ടില്‍ ആദ്യമായി ഒരു വാക്കേറ്റം നടന്നു. വാക്കേറ്റത്തിനൊടുവില്‍ തന്റെ മകനെ ബാര്‍ബറായി കാണാന്‍ ഇഷ്ടപ്പെടാത്ത ആ വ്യദ്ധന്‌ മകന്റെ മുന്നില്‍ കീഴടങേണ്ടി വന്നു.

ദിവസങ്ങള്‍ക്ക് ശേഷം ധനുപുരത്തെ സ്വീറ്റ് സ്ട്രീറ്റില്‍ വലതു നിന്ന് ആറാമത്തെ കെട്ടിടത്തില്‍ ഒരു പുതിയ സലൂണ്‍ തുറന്നു " ശ്രീവിനായക സലൂണ്‍ "

Thursday, February 4, 2010

ശ്രീവിനായക സലൂണ്‍ - 2



പേ
രറിയാവുന്ന സകലദൈവങ്ങളെയും മനസ്സില്‍ സ്‌തുതിച്ച്‌ രാവിലെ എട്ടുമണിക്ക്‌ ശ്രാവണ്‍ ശ്രീവിനായക സ്പിന്നിംഗ്‌ മില്ലിലെ ഡി വണ്‍ ബ്ളോക്കിന്റെ സൂപ്പര്‍വൈസറായി ചാര്‍ജ്ജെടുത്ത്‌ തന്റെ കീഴിലുള്ള തൊഴിലാളികളില്‍ ഒരുവനായി നിന്ന്‌ ജോലി ആരംഭിച്ചു. വെറും പത്താം ക്ളാസുകാരനായ തന്റെ ഈ ഉയര്‍ച്ചക്ക്‌ കാരണം വിനയവും ലാളിത്യവും കഠിനാദ്ധ്വാനവുമാണെന്ന്‌ അവന്‌ നല്ല ബോദ്ധ്യമുണ്ട്‌.

കോവിപ്പെട്ടി എന്ന ഒരു ഓണം കേറാമൂലയില്‍ ഏക്കറുകളോള്ളം പരന്നു കിടക്കുന്ന ഊഷര ഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മൂന്ന്‌ നിലകളുള്ള നാല്‌ കെടിട്ടങ്ങളുടെ ഒരു സമുച്ചയം , ഇരുനൂറോളം ജോലിക്കാര്‍ ,പുത്തന്‍ മെഷിനറികള്‍ തരക്കേടില്ലാത്ത ബാചിലര്‍ കോര്‍ ട്ടേഴ്സും ഗസ്‌റ്റ്‌ഹൌസും പിന്നെ കോടികളുടെ വിറ്റുവരവും ഇത്രയുമായാല്‍ ശ്രീവിനായക സ്പിന്നിംഗ്‌ മില്ലായി.

ആദ്യത്തെ രണ്ട്‌ ദിവങ്ങള്‍ പ്രത്യേകിച്ച്‌ സവിശേഷതകള്‍ ഒന്നുമില്ലാതെ കടന്നു പോയി. മൂന്നാമത്തെ ദിവസം രാവിലെ തന്നെ മുതലാളി ശ്രാവണനെ വിളിപ്പിച്ചു.

ആകാംക്ഷയോടെ അവന്‍ മുതലാളിയുടെ മുറിയിലേക്ക്‌ കയറി. മുതലാളി നല്ല മൂഡിലാണ്‌. വെളുത്തു തുടുത്ത ആ മുഖം പതിവിലധികം പ്രസന്നമായിരിക്കുന്നു.

ഭവ്യതയോടെ നിന്ന അവനെ നോക്കി ചിരിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു "നാളെ പി.ജെ വരുന്നുണ്ട്‌ ഗസ്‌റ്റ്‌ഹൌസ്‌ വൃത്തിയാക്കണം . പി.ജെയുടെ കൂടെ ഒരു വലിയ ബിസിനസ്സുകാരനവുമുണ്ടാവും . അതുകൊണ്ട്‌ നീ നാളെ അവിടെ തന്നെയുണ്ടാവണം ."

തലകുലുക്കി അവന്‍ മുതലാളിയുടെ മുറിയില്‍ നിന്നിറങ്ങി നേരെ ചീഫ്‌ മാനേജര്‍ കന്തസ്വാമിയുടെ കാബിനിലേക്ക്‌ ചെന്നു. കണ്ടാല്‍ ഒരു അശുപോലിരിക്കുന്ന കന്തസ്വാമിയാണ്‌ ശ്രീവിനായകയുടെ നെടുന്തൂണ്‍ . മൂപ്പരുടെ കര്‍ണ്ണകടോരമായ ശബ്ദം ഏത്‌ കല്ലിനെയും പിളര്‍ക്കും .

കുറച്ച്‌ നേരം കന്തസ്വാമിയുമായി ലാത്തിയടിച്ച ശ്രാവണ്‍ മാരിയപ്പനെ വിളിക്കാന്‍ ഓര്‍ മ്മിപ്പിച്ച ശേഷം താക്കോലു വാങ്ങി ഗസ്‌റ്റ്‌ഹൌസിലേക്ക്‌ നടന്നു. കമ്പിനിയില്‍ നിന്ന്‌ കുറച്ച്‌ ദൂരെ താമസിക്കുന്ന മാരിയപ്പനും ഭാര്യയുമാണ്‌ ഗസ്‌റ്റ്‌ഹൌസ്‌ വൃത്തിയാക്കുന്നതും , അതിഥികള്‍ക്ക്‌ വേണ്ടി ഭക്ഷണം പാചകം ചെയുന്നതും .

കമ്പനി ആരം ഭിച്ച അന്നു മുതല്‍ ശ്രാവണനാണ്‌ ഗസ്‌റ്റ്‌ഹൌസിന്റെ ചുമതല. പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ പതിനഞ്ചു ജോലിക്കാരും ,സെക്കന്റ്‌ മെഷിനറികളുമായി തുടങ്ങിയ ശ്രീവിനായകയെ ഇന്നത്തെ ശ്രീവിനായകയായി മാറാനുള്ള പ്രധാന കാരണക്കാരന്‍ മുതലാളിയുടെ അടുത്ത കൂട്ടുകാരനും ,ബന്ധുവുമായ പി.ജെ.നായരാണ്‌. അദ്ദേഹത്തിന്റെ ഓരോ വരവും കമ്പനിക്ക്‌
സമ്മാനിച്ചത് പുതിയ പുതിയ ഒര്‍ഡറുകളാണ്‌. മാസത്തില്‍ ഇരുപത്തുഞ്ചുദിവസവും ബിസിനിസ്‌ ടൂറുമായി പല രാജ്യങ്ങളിലും കറങ്ങുന്ന പി.ജെ.യുടെ ശ്രീവിനായകയിലേക്കുള്ള ഓരോ വരവും
മുതലാളിക്കും ,ശ്രാവണനും ,കന്തസ്വാമിക്കും ,മാരിയപ്പന്‍ കുടുംബത്തിനും ഓരോ ആഘോഷങ്ങളായിരിക്കും .

ഉച്ചകഴിഞ്ഞപ്പോഴേക്കും ശ്രാവണ്‍ പി.ജെയെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി തന്റെ സാമ്രാജ്യമായ ഡി വണ്‍ ബ്ളോക്കില്‍ തിരിച്ചെത്തി.

പിറ്റേ ദിവസം അതിരാവിലെ തന്നെ പി.ജെ എത്തി. കൂടെ വെളുത്ത് തടിച്ച്‌ ആറടിയോളം പൊക്കമുള്ള ഒരു ഹിന്ദിക്കാരനും .

പി.ജെ തന്റെ സുഹ്യത്തിനെ എല്ലാവര്‍ക്കും പരിച്ചയപ്പെടുത്തി. ' കെ .ആര്‍ .ശര്‍മ്മ, ഡല്‍ഹിയിലെ ഒരു വലിയ എകസ്പോട്ടര്‍ '.

കാര്‍പോര്‍ച്ചിലെ തൂണിനടുത്ത് ഒതുങ്ങി നിന്നിരുന്ന ശ്രാവണെനെയും , മാരിയപ്പനെയും അടുത്തേക്ക് വിളിച്ച് പി.ജെ. സൌഖ്യമന്വേഷിച്ചു.

പ്രഭാത ഭക്ഷണം കഴിഞ്ഞതും മുതലാളിയും ,കന്തസ്വാമിയും ,പി.ജെയും ,സുഹ്യത്തും ചര്‍ച്ച തുടങ്ങി. അവരുടെ വിളിയും പ്രതീക്ഷിച്ച് ശ്രാവണ്‍ പൂമുഖത്തിരുന്നു. മൂന്ന് മണി വരെ അവര്‍ പുറത്തിറങിയില്ല. ഉച്ചയൂണിനു ശേഷം അവര്‍ വീണ്ടും ചര്‍ച്ചകള്‍ തുടങ്ങി.

നീണ്ട ചര്‍ച്ച പലതവണ ശ്രാവണന്റെയും മാരിയപ്പന്റെയും സംസാര വിഷയമായി.

അഞ്ചു മണിയോടെ ചര്‍ച്ച കഴിഞ്ഞ് നാലവര്‍ സംഘം പുറത്തിറങ്ങി. ചായ കഴിച്ച ഉടനെ പി.ജെയും , സുഹ്യത്തും തിരിച്ചുപോവാനിറങ്ങി.

ആദ്യമായിട്ടാണ്‌ പി.ജെ വന്ന അന്നു തന്നെ തിരിച്ച് പോവുന്നത്. അതും ആഘോഷങ്ങളില്ലാതെ, സായാഹ്നത്തിലെ നടത്തമില്ലാതെ , പുതിയ യാത്രനുഭവങ്ങള്‍ പങ്കു വെയ്ക്കാതെ.

എന്തോ പ്രശ്നമുണ്ടെന്നാണ്‌ ശ്രാവണനും , മാരിയപ്പനും ആദ്യം കരുതിയത്. പക്ഷെ പി.ജെയുടെ മുഖത്തെ ചിരിയും പതിവു സമ്മാനങളും ആ ആശങ്ക അകറ്റി.

എല്ലാം വ്യത്തിയാക്കി ഗസ്‌റ്റ്‌ഹൌസ് പൂട്ടി ഇറങ്ങുമ്പോള്‍ മുതലാളി കാര്‍പോര്‍ച്ചിലുണ്ടായിരുന്നു. ശ്രാവണനെ കണ്ടതും അയാള്‍ ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു " നമ്മള്‌ രക്ഷപ്പെട്ടടാ "

" പുതിയ ഓര്‍ ഡര്‍ വന്നോ? "

" വന്നു. നമ്മുടെ കമ്പനിയുടെ എറ്റവും വലിയ ബിസിനസ്സ് നടക്കാന്‍ പോവുന്നടാ. "

സന്തോഷം പങ്കുവെച്ചു കൊണ്ട് ആ മുതലാളിയും , തൊഴിലാളിയും കമ്പിനിയിലേക്ക് നടന്നു.

..............................................................


ലോകം കീഴടക്കിയ ഒരു ജേതാവിനെ പോലെ ശ്രാവണ്‍ കമ്പനി സമ്മാനിച്ച പുത്തന്‍ ബൈക്കില്‍ വീട്ടിലേക്ക് യാത്ര തിരിച്ചു. കമ്പനിയിലെ വിശിഷ്ട സേവനത്തിനുള്ള ഒരു അംഗീകാരം. ശ്രാവണനടക്കം പത്തുപേര്‍ സമ്മാനത്തിനര്‍ഹരായി. രാവിലെ നടന്ന ആഘോഷപൂര്‍ണമായ ചടങ്ങില്‍ സ്ഥലം എം.എല്‍ .എയായിരുന്നു സമ്മാനം വിതരണം ചെയ്തത്.

കിലോമീറ്ററുകള്‍ താണ്ടി തന്റെ ഗ്രാമവീഥിയിലേക്ക് പ്രവേശിച്ചപ്പോള്‍ ശ്രാവണ്‍ ഒന്നു കൂടി ഞളിഞിരുന്നു ബൈക്കോടിച്ചു. പക്ഷെ ഉച്ച സമയമായതു കൊണ്ടാവണം വീട്ടില്ലെത്തുന്നതുവരെ ഒരു പരിചയകാരനെയും കണ്ടില്ല. അത് അവനെ ഒന്നു നിരാശപ്പെടുത്തി.

വീടിന്റെ മുറ്റത്തേക്ക് കയറ്റിയ ഉടനെ ശ്രാവണ്‍ നിര്‍ ത്താതെ ഹോണടിച്ചു. അതുകേട്ട് അവന്റെ വീട്ടുകാരും ,അയല്ക്കാരും ഉച്ചമയക്കത്തില്‍ നിന്ന് ഉണര്‍ന്ന് പുറത്തേക്കിറങ്ങി. പുത്തന്‍ ബൈക്കില്‍ തലയുര്‍ത്തിയിരിക്കുന്ന ശ്രാവണനെ കണ്ട് അവരെല്ലാം ആശ്ചര്യപ്പെട്ടു. പിന്നെയുള്ള മണിക്കുറുകള്‍ അവര്‍ക്ക് ആഘോഷത്തിന്റെത്തായിരുന്നു. എല്ലാവരെയും ശ്രാവണ്‍ വേണ്ട വിധം സല്ക്കരിച്ചു.

ഞായറാഴ്ച്ചയുടെ മുക്കാല്‍ ഭാഗവും അവനും ,കര്‍പ്പകവും ബൈക്കില്‍ പാറി നടന്നു. എന്നെന്നും ഓര്‍ ക്കാന്‍ സുഖമുള്ള കൂറെ നിമിഷങ്ങള്‍ സ്യഷ്ടിച്ച് ശ്രാവണ്‍ തിങ്കാളാഴ്ച്ച രാവിലെ കമ്പനിയിലേക്ക് മടങ്ങി.

ജോലിയില്‍ മുഴുകിയിരിക്കുമ്പോള്‍ ശ്രാവണന്റെ അടുത്ത് പ്യൂണ്‍ വന്ന് പറഞ്ഞു " മുതലാളി കോണ്‍ ഫറണ്‍സ് റൂമിലേക്ക് വരാന്‍ പറഞ്ഞിട്ടുണ്ട് ".

അവന്‍ തിരക്കിട്ട് കോണ്‍ഫറണ്‍സ് റൂമിലേക്ക് നടന്നു. അവിടെ മുതലാളിയും , കന്തസ്വാമിയും , നാല്‌ മാനേജര്‍മാരും , ഒന്‍പത് സൂപ്പര്‍വൈസര്‍മാരും ശ്രാവണ്‍ വരാന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ശ്രാവണ്‍ വന്നപ്പോള്‍ കന്തസ്വാമി അവനോട് കയറി ഇരിക്കാന്‍ പറഞ്ഞു.

മുതലാളിയുടെയും , കന്തസ്വാമിയുടെയും ഒഴികെ ബാക്കി എല്ലാവരുടെയും മുഖത്ത് ആകാംക്ഷ നിറഞ്ഞ് നിന്നിരുന്നു. എല്ലാവരും പരസ്പരം നോക്കി. സാധാരണ ഇങ്ങനെ ഒരു കൂടിച്ചേരല്‍ വെള്ളിയാഴ്ചയാണ്‌ ഉണ്ടാവാറ്.

നിശബ്ദതയെ കീറിമുറിച്ച് കന്തസ്വാമി മീറ്റിംഗിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തി.

"പി.ജെയുടെ പുതിയ ഓര്‍ ഡര്‍ നാല്‍ പ്പതു കോടിയുടെതാണ്‌. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ അത് പൂര്‍ ത്തിയാക്കണം . അതിനായി കമ്പനി അന്‍ പത് കരാര്‍ തൊഴിലാളികളെ എടുക്കുന്നു. മൂന്ന് മാസത്തേക്ക് നെറ്റ്ഷിഫ്റ്റും ഉണ്ടാവും . ശ്രാവണനായിരിക്കും നെറ്റ്ഷിഫ്റ്റിന്റെ ചുമതല. ശ്രാവണനെ സഹയിക്കാന്‍ നാല്‌ സബ് സൂപ്പര്‍ വൈസര്‍ മാരെയും , ഡി വണ്‍ ബ്ലോക്കില്‍ ശ്രാവണന്‌ പകരം പുതിയ
സൂപ്പര്‍ വൈസറെയും പുതുതായി നിയമിക്കും ."

എല്ലാവരും മീറ്റിംഗിന്റെ അജണ്ട അംഗീകരിച്ചു.

പിന്നെയുള്ള ദിവസങ്ങള്‍ക്ക് വേഗത വളരെ കൂടുതലായിരുന്നു.

[ തുടരും ]

Monday, February 1, 2010

ശ്രീവിനായക സലൂണ്‍ - 1



പൊ
ടിക്കാറ്റ്‌ വീശുന്ന, ഇരുവശത്തും കരിമ്പനകളും കള്ളിമുള്‍ ചെടികളും നിറഞ്ഞ ഇടവഴിയിലൂടെ ശ്രാവണ്‍ ധ്രിതിയില്‍ വീട്ടിലേക്ക്‌ നടന്നു. അവന്റെ നടത്തത്തിനുസരിച്ച്‌ കൈയിലെ തുണി സഞ്ചിയും ആടി ഉലയുന്നുണ്ട്‌. അടുത്ത ആഴ്ച്ച മുതല്‍ താന്‍ ശ്രീവിനായകയിലെ ഒരു സുപ്പര്‍വൈസരാണല്ലോ എന്ന ചിന്ത ഓരോ നിമിഷവും ശ്രാവണനെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു. വഴിയില്‍ വെച്ചു കുശലം ചോദിച്ച പരിചയക്കാരോടല്ലാം പുതിയ സൌഭാഗ്യത്തെ പറ്റി അറിയിക്കാന്‍ അവന്‍ പ്രത്യേകം ഉത്സാഹിച്ചു.

തിരക്കിട്ട്‌ നടന്നതുകൊണ്ടാവണം വീടിനടുത്ത്‌ എത്തിയപ്പോഴേക്കും ശ്രാവണ്‍ വിയര്‍പ്പില്‍ മുങ്ങിയിരുന്നു. വീടിന്റെ മുറ്റത്തേക്ക്‌ കയറിയ ഉടനെ അവന്‍ ഉച്ചത്തില്‍ അമ്മയെ വിളിച്ചു. അമ്മയും ,ഭാര്യയും ടി.വി നിര്‍ത്തി കോലായിലേക്ക്‌ വന്നു. ആത്മനിര്‍വ്യതിയോടെ ശ്രാവണ്‍ ആ തുണി സഞ്ചി അമ്മക്ക്‌ നല്‍ക്കി.

ആകാംക്ഷയോടെ അമ്മ അതു വാങ്ങി. അമ്മയും ഭാര്യയും കൂടി അതിന്‌ അകത്തെ രണ്ട്‌ സാരിയും , ഒരു ഷര്‍ട്ട്‌ പീസും മുണ്ടും പുറത്തെടുത്തു. അവര്‍ ആശ്ചര്യത്തോടെ ശ്രാവണെ നോക്കി. ആഘോഷ വേളക്കളില്‍ മാത്രം ലഭിക്കാറുള്ള പുതുവസ്ത്രം പതിവ്‌ തെറ്റി കിട്ടിയതിലുള്ള സന്തോഷത്തിലായിരുന്നു ഇരുവരും .

സന്‌തോഷം അലയടിച്ച ആ അന്തരീക്ഷത്തില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി ' പുതുവസ്ത്രം ' വന്ന വഴി ശ്രാവണ്‍ വെളിപ്പെടുത്തി. സൌഭാഗ്യ വാര്‍ത്ത കേട്ട ഉടനെ അമ്മയും , ഭാര്യയും സകല ദൈവങ്ങളെയും വിളിച്ച്‌ നന്ദി പറയാന്‍ തുടങ്ങി. തന്റെ നലവനായ മുതലാളിക്ക്‌ സര്‍വ ഐശ്യര്യങ്ങളും ഉണ്ടാവാന്‍ പ്രര്‍ഥിക്കാന്‍ ശ്രാവണ്‍ അവരെ ഒര്‍മ്മപ്പെടുത്തി. അക്ഷമനായി അവന്‍ അച്ഛ്ന്റെ വരവിനായി കാത്തിരുന്നു.

ഗ്രഹനാഥനായ മുത്തു പതിഞ്ചുകിലോമീറ്ററോളം അകലെയുള്ള ധനുപുരം എന്ന ചെറുപട്ടണത്തിലെ ഒരു ബാര്‍ബര്‍ ഷോപ്പിലെ ബാര്‍ബറാണ്‌. ശ്രാവണനാണ്‌ ആദ്യമായി അവരുടെ കുലതൊഴില്‍ നിന്ന്‌ വിട്ടുപ്പോയ ഒരാള്‍ . അതുകൊണ്ട്‌ ഗ്രാമത്തിലെ പലര്‍ക്കും ഇപ്പോഴും അവനോട്‌ വെറുപ്പും അസൂയയും ബാക്കിയുണ്ട്‌. മുത്തുവിന്റെ പഴയൊരു പരിച്ചയകാരനിട്ട 'ശ്രാവണ്' എന്ന പേരും അതിനൊരു കാരണമാണ്‌.

ആ കാത്തിരുപ്പ്‌ ഒന്‍പതു മണി വരെ നീണ്ടു. ഇതിനിടെ ശ്രാവണ്‍ സംസാരിച്ചതു മഴുവന്‍ ദയാലുവായ തന്റെ മുതലാളിയെയും സഹപ്രവര്‍ത്തകരെ പറ്റിയായിരുന്നു. എപ്പോഴും അവരെ പറ്റി സംസാരിക്കുമ്പോള്‍ ആയിരം നാക്കാണ്‌ അവന്‌.

മുത്തുവിന്റെ വരവോടെ ആ കൊച്ചു വീട്ടിലേ പതിവു സന്തോഷം ഒന്നു കൂടി ഇരട്ടിച്ചു. മകന്റെ ജോലികയറ്റം അയാളെ അഭിമാനം കൊള്ളിച്ചു . ഒരാഴ്ചക്ക്‌ ശേഷം അവര്‍ ഒരുമ്മിച്ച്‌ അത്താഴം കഴിച്ചു.

അത്താഴം കഴിഞ്ഞതും ശ്രാവണ്‍ തന്റെ പഴഞ്ചന്‍ ടേപ്പ്‌ റിക്കാഡറില്‍ പ്രണയാതുരമായ തമിഴ്‌ തിരെഗാനങ്ങളും കേട്ട്‌ പ്രിയതമക്കായി കിടപ്പു മുറിയില്‍ കാത്തിരുന്നു. എതൊരു ശരാശരി തമിഴനെപ്പോലെ ശ്രാവണന്റെയും ജീവന്റെ താളമാണ്‌ സിനിമ. ഒരുദിവസമെങ്കിലും വെള്ളിത്തിരയിലെ നായകന്മാരെ പോലെ വര്‍ ണശബളമായി ജീവിക്കണമെന്നതാണ്‌ അവന്റെ എറ്റവും വലിയ ആഗ്രഹം .

പണികളെല്ലാം തീര്‍ത്ത്‌ കര്‍പ്പകം അവനരികത്തിയപ്പോള്‍ താന്‍ ഒരുപാട്‌ നേരം കാത്തിരുന്നതായി ശ്രാവണെന്നു തോന്നി. ആവേശത്തോടെ അവന്‍ അവളെ കിടക്കയിലേക്ക്‌ വലിച്ചിട്ടു. നൊടിയിടയില്‍ അവരൊന്നായി ഭൌതിക സ്വര്‍ഗത്തിലേക്കുള്ള പ്രയാണം തുടങ്ങി. പ്രണയലോലമായ ദിവ്യസമാഗമത്തിനുശേഷം അവന്‍ പതിവുപോലെ മോഹങ്ങള്‍ പറയാന്‍ തുടങ്ങി. അവള്‍ കാതരയായി അതിനു കാത്തോര്‍ത്തു. ദീര്‍ഘനേരത്തെ പ്രണയസല്ലാപങ്ങള്‍ക്കൊടുവില്‍ അര്‍ധരാത്രിയുടെ എതോ യാമത്തില്‍ അവര്‍ നിദ്രക്ക്‌ കീഴടങ്ങി.

രാവിലെ എഴുന്നേറ്റ്‌ വിസ്‌തരിച്ച്‌ ഒന്ന്‌ കുളിച്ച ശേഷം ശ്രാവണ്‍ കുടുംബസമേതം കുന്നിന്‍ മുകളിലെ കുമരന്‍ കോവിലേക്ക്‌ യാത്രയായി. ഇരുവശവും കാറ്റില്‍ ആടികൊണ്ട് നോക്കത്താദുരം പരന്നുകിടക്കുന്ന നെല്‍പാടങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര അവനെ കൂടുല്‍ ഉന്‍മേഷവാനാക്കി. വേല്‍ മുരകനോട്‌ മതിവരുവോളം നന്ദി പറഞ്ഞു തിരിച്ച്‌ വീട്ടിലെത്തുമ്പോഴേക്കും പല ചെവി മറിഞ് ആ ഗ്രാമത്തിലെ ഭൂരിഭാഗം പേരും അവന്റെ ജോലികയറ്റത്തേ പറ്റി അറിഞിരുന്നു.

കോഴികറി കൂട്ടിയുള്ള ഊണ്‍ സന്തോഷത്തിന്റെ മാറ്റുയര്‍ത്തി. വൈകുന്നേരം ശ്രാവണനെ കാണാനും ആഹ്ളാദം പങ്കിടാനും പല ബന്‌ധുക്കളും , സുഹ്രത്തുക്കളുമെത്തി. അവരെല്ലാം പരിയുമ്പോഴേക്കും നേരം രാത്രിയായി. അത്താഴത്തിനുശേഷം പ്രണയാതുരമായ ഒരു രാത്രി കൂടി പൊഴിഞ്ഞു വീണു.

പിറ്റേന്ന് അതിരാവിലെ തന്നെ വിരഹം ഉള്ളിലൊതുക്കി ശ്രാവണ്‍ നാല്പത്തിരണ്ട് കിലോമീറ്റര്‍ അകലെയുള്ള തന്റെ ജോലി സ്ഥലത്തേക്ക് പോയി.

തന്റെ വീട്ടുകാരെയും ബന്ധുകളെയും ഒരിക്കല്‍ കൂടി അതിശയിപ്പിക്കാനുള്ള ഒരു സന്തോഷവാര്‍ ത്ത ഉള്ളിലൊതുക്കി കൊണ്ടായിരുന്നു ശ്രാവണന്റെ മടക്കുയാത്ര.

[ തുടരും ]