ആനമലയുടെ മടിത്തട്ടിലേക്കിറങ്ങി എന്നെന്നും ഓര്‍ക്കാന്‍ ഉതക്കുന്ന നൂറുകണക്കിനു ദ്യശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി താഴ്വാരങ്ങളും കാട്ടരുവികളും താണ്ടി ഞങ്ങള്‍
നാല്‍വര്‍ സംഘം ആധുനികലോകത്തിന്റെ പ്രാന്തപ്രദേശത്ത് തിരിച്ചെത്തി. ക്ഷീണമകറ്റാനായി ഒരു പടുകൂറ്റന്‍ അരയാലിന്റെ ചുവട്ടില്‍ ഇരുന്നതും മണിക്കുറുകള്‍ക്ക് ശേഷം എന്റെ സഹയാത്രികരുടെ മൊഫൈല്‍ ഫോണുകള്‍ ശബ്ദിച്ചു. സംസാരിച്ചുകൊണ്ട് മൂന്നുപേരും മൂന്ന് ദിശകളിലേക്ക് നടന്നു.
നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ അല്പം ദൂരെയുള്ള പേരറിയാത്ത മരങ്ങളുടെ തണലിലിരുന്ന് മധുരഭാക്ഷണം തുടര്‍ന്നു.
അവിചാരിതമായി ഉണ്ടായ ആ ഒറ്റപ്പെട്ടല്‍ എന്നെ വല്ലാതെ തളര്‍ത്തി. അതില്‍ നിന്ന് ഒളിച്ചോട്ടാന്‍ കഴിയാതെ ഞാന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ തെക്കുഭാഗത്തേക്ക് നോക്കി
അവശനായിരുന്നു. നോക്കുകുത്തിയെ പോലെയുള്ള ആ ഇരിപ്പ് കുറച്ച് നേരം തുടര്‍ന്നപ്പോള്‍ ഒരു തിരുമാനത്തിലെത്തി.
അരയാല്‍ മുത്തശ്ശിയുടെ അനാകൊണ്ടാ വേരുകള്ളില്‍ ബാഗ് ഒതുക്കിവെച്ച് അതില്‍ തലചായ്ച്ച് ചുരുണ്ടുകൂടി.
ബസ്സിന്റെ ഹോണും കൂട്ടുകാരുടെ ഉണര്‍ത്തു വിളിയും ഓരേ സമയം കാതിലലച്ചപ്പോള്‍ ഞാന്‍ ഉണര്‍ന്നു. അപ്പോഴേക്കും അരുണന്റെ പ്രതാപം അല്പം കുറഞ്ഞിരുന്നു.
എന്റെ മിത്രങ്ങള്‍ അവരുടെ ബാഗും തൂക്കി ബസ്സിനെ ലക്ഷ്യമാക്കി ഓടി. ഞൊടിയിടയില്‍ ആലസ്യം മറന്ന് ഞാനും ബാഗ് തോളിലിട്ട് അവരുടെ കൂടെ ഓടി. ആസകലം ചേറില്‍ കുളിച്ച് സ്വന്തം നിറം പോലും മറന്ന് അലറി വിളിച്ചു വരുന്ന ആ ജാംബവാന്‍ ബസ്സ് ഒരു അപൂര്‍വ്വകാഴ്ച്ചയായിരുന്നു.
ഡ്രൈവര്‍ ബസ്സ് തിരിച്ച് നിര്‍ത്തിയപ്പോള്‍ പഴഞ്ചന്‍ എന്‍ഞ്ചിന്‍ പല വിക്രത ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ശാന്തനായി നിലകൊണ്ടു. അപ്പോഴേക്കും ഒരു പൂരത്തിനുള്ള അത്ര ആളുകള്‍ ബസ്സിന്റെ ഇരുഡോറിനും ചുറ്റും നിന്ന് കയറി പറ്റാനായി തിക്കും തിരിക്കും കൂടാന്‍ തുടങ്ങിയിരുന്നു. ഞങ്ങളും ആ സാഹസത്തില്‍ പങ്കുചേര്‍ന്നു. നിമിഷങ്ങള്‍ക്കകം ആള്‍ക്കുട്ടം മുഴുവന്‍ ബസ്സിനകത്ത് തിരികി കയറി. സീറ്റിനായുള്ള എന്റെ പരിശ്രമം പരാജയപ്പെട്ടെങ്കിലും സാഹസികന്മാരായ എന്റെ ചങ്ങാതിമാര്‍ എങ്ങനെയോ ആ ഉദ്യമത്തില്‍ വിജയിച്ചിരുന്നു. മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന ഒരു സീറ്റില്‍ അവര്‍ ഒരുമിച്ചിരുന്നു. എന്റെ ബാഗ് അവരുടെ സീറ്റിനടിയില്‍ വെച്ച് തൊട്ടടുത്തുള്ള കമ്പിയില്‍ ഞാന്‍ ചാരി നിന്നു. സീറ്റു കിട്ടാത്ത ഹതഭാഗ്യര്‍ ഒരു സീറ്റിനായി ചുറ്റിലും പരതുനുണ്ടായിരുന്നു.
അധികം വൈകാതെ ബസ്സ് വികിടസ്വരങ്ങള്‍ പുറപ്പെട്ടുവിച്ച് ചലിക്കാന്‍ തുടങ്ങി. എന്റെ കൂട്ടുകാര്‍ ഉറങ്ങാനും.
ബസ്സിലെ കുലുങ്ങി കുലുങ്ങിയുള്ള യാത്ര അരമണിക്കുര്‍ കഴിയും മുന്‍പേ തിരക്കിനിടയിലുള്ള ആ നില്‍പ് എനിക്ക് അരോചകമായി തുടങ്ങി. എന്റെ കാല്‍മുട്ടുകളില്‍ വേദന ആരംഭിച്ചു. തിരിഞ്ഞും മറിഞ്ഞും മാറി മാറി നിന്ന് ഞാന്‍ വേദന കടിച്ചമര്‍ത്തി. രണ്ടുമണിക്കുര്‍ പെട്ടന്ന് കടന്നുപോയിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആശിച്ചുപോയി.
പലപ്പോഴും ഒളികണ്ണിട്ട് ഞാന്‍ എന്റെ മിത്രങ്ങളെ നോക്കി അവര്‍ ഗാഢനിദ്രയിലായിരുന്നു. അവര്‍ എന്റെ ആരോഗ്യസ്ഥിതി മറന്നത് എന്നെ വല്ലാതെ വിഷ്മിപ്പിച്ചു.
ആ തിരക്കിനിടയില്‍ ഒരു കൊറ്റിയെപോലെ നില്‍ക്കവേ രണ്ടു ദിവസത്തിനു ശേഷം എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.
കുഞ്ഞികണ്ണേട്ടനായിരുന്നു. അമ്മയുടെയും,അച്ഛ്ന്റെയും താത്പര്യ
പ്രകാരം കറുകറുത്തവനും വിക്കനും സന്ധിവേദനകാരനുമായ എനിക്ക് വേണ്ടി ഒരു പെണ്ണിനെ തിരയുന്ന ഉല്‍സാഹിയായ കുടുംബ സുഹൃത്ത്. വിശേഷം പതിവ് പോലെ തന്നെ കുറിപ്പും ജാതകവും പറ്റി, പക്ഷെ പെണ്ണിന്റെ വീട്ടുകാര്‍ക്ക് എന്നെ ഇഷ്ടപ്പെട്ടില്ല. പാവം കുഞ്ഞികണ്ണേട്ടന്‍
ഇനിയും കുറെ നടക്കേണ്ടിവരും. എന്തായാലും രാഘവപണ്ണിക്കരുടെ നല്ലകാലം.
ജാംബവാന്‍ ബസ്സ് കുണ്ടും കുഴിയും നിറഞ്ഞ റോഡിലുടെ പൊടിപറത്തി അലറി വിളിച്ചുകൊണ്ടുള്ള പ്രയാണം തുടരവേ എന്റെ അസ്വസ്ഥതകളും കൂടി കൂടി വന്നു. അപ്പോഴും എന്റെ സുഹൃത്തുകള്‍ ഗാഢനിദ്രയിലായിരുന്നു.
പലവട്ടം എനിക്ക് തലകറങ്ങുനതായി തോന്നി. സഹന പരിശ്രമങ്ങള്‍ക്കിടയില്‍ പെട്ടന്ന് പുറകില്‍ നിന്ന് ആരോ എന്നെ തോണ്ടി.
ആകാംഷയോടെ ഞാന്‍ തിരിഞ്ഞു നോക്കി.
തൊട്ടു പുറകിലത്തെ സീറ്റിലിരിക്കുന്ന താടിവെച്ച ഒരു മദ്ധ്യവയസ്കന്‍ എന്നെ കാരുണ്യത്തോടെ നോക്കി ഇവിടെ ഇരിക്കാം എന്നു ആംഗ്യം കാട്ടി.
ദയലുവായ ആ മനുഷ്യനു ഒരായിരം നന്ദി മനസ്സില്‍ ഉരുവിട്ട് ഞാന്‍ അയാളുടെ അരികിലേക് നീങ്ങി. എന്റെ മുഖത്തെ ദയനീയത കണ്ടിട്ടാവണം അയാളുടെ അടുത്തിരുന്ന രണ്ട് കൌമാരകാര്‍ അല്‍പം നീങ്ങിയിരുന്നു. നല്ലവരായ ആ അപരിചിതരോട് ഞാന്‍ എന്റെ അകമഴിഞ്ഞ നന്ദി അറിയിച്ചു. അങ്ങനെ മൂന്ന്പേര്‍ക്ക് ഇരിക്കാവുന്ന ആ സീറ്റില്‍
അപരിചിതരായ ഞങ്ങള്‍ നാലുപേര്‍ ഇത്തിരി ഞരുങ്ങിയിരുന്നു.
പത്തുപതിനഞ്ചുനിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ അസ്വസ്ഥതക്കള്‍ മാറി. ഞാന്‍ താടികാരനുമായി കുശലമാരംഭിച്ചു.
സംഗീത ഉപകരണങ്ങളുണ്ടാകുന്ന പാലക്കാട് ചിറ്റുരിനടുത്തുള്ള അമ്പാട്ടുകര സ്വദേശി അയ്യപ്പന്‍ അദ്ദേഹത്തെ ഒറ്റവക്കില്‍ അങ്ങനെ വിശേഷിപ്പിക്കാം. അമ്പാട്ടുകരയിലെ ഒരു പ്രമാണിയും കാലരസികനുമായ വേലുവണ്ണനുമായുള്ള എന്റെ സൌഹൃദം ഞങ്ങളെ വളരെ പെട്ടന്ന് പരിച്ചയകാരാക്കി. ഓടക്കുഴലുണ്ടാക്കാന്‍ ആദിവസികളുടെ കൈയില്‍ നിന്ന്
ലക്ഷണമൊത്ത ഈറ്റ കഷ്ണങ്ങള്‍ വേടിക്കാന്‍ വന്നതായിരുന്നു അദ്ദേഹം. കോയമ്പത്തൂര്‍ എത്തുന്നതുവരെ ഉപകരണ സംഗീതത്തെ കുറിച്ച് ഞങ്ങള്‍ വാതോരതെ സംസാരിച്ചു. വിക്ക് നിറഞ്ഞ എന്റെ സംഭാക്ഷണം അയ്യപ്പണ്ണനില്‍ ഒരു ഭാവഭേദവും വരുത്തിയില്ല.
ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഞാന്‍ എന്റെ സുഹൃത്തുകളെ വിളിച്ചുണര്‍ത്തി. ജാംബവാന്‍ ബസ്സിനോട് വിട പറഞ്ഞ് ഞങ്ങള്‍ പാലക്കാട്ടിലേക്കുള്ള ബസ്സില്‍ കയറി. ഞാന്‍ അയ്യപ്പണ്ണനെ എന്റെ ചങ്ങാതിമാര്‍ക്ക് പരിച്ചയപ്പെടുത്തി. അവര്‍ ഒരുമിച്ചിരുന്നപ്പോള്‍ ഞാന്‍ അയ്യപ്പണ്ണന്റെ കൂടെയിരുന്നു സരസഭാക്ഷണം തുടര്‍ന്നു.
സന്ധ്യക്ക് ഞങ്ങള്‍ പാലക്കാട് എത്തി. ഒരു ചായ കഴിച്ച ശേഷം വീണ്ടും കാണാമെന്നു ഉറപ്പു നല്‍കി ഞാന്‍ എന്റെ പുതിയ ആത്മമിത്രത്തോട് യാത്ര പറഞ്ഞു.
അധികം താമസിയാതെ ഞാനും എന്റെ സുഹൃത്തുകളും എറണാകുളത്തേക്കു യാത്ര തിരിച്ചു. ആ നാല്‍വര്‍സംഘത്തില്‍ ഒരു ഒറ്റയാനയായി ഞാന്‍ എന്റെ യാത്ര തുടര്‍ന്നു.
[തുടരും]