Wednesday, December 22, 2010

മാറ്റങ്ങള്‍

വേനല്‍ക്കാലത്ത് വിയര്‍പ്പില്‍ മുങ്ങുമ്പോള്‍ അവന്‍ മഴയുടെ വരവിനായി പ്രാര്‍ത്ഥിക്കുമായിരുന്നു. പക്ഷെ വര്‍ഷക്കാലത്ത് മഴയെ ശപിച്ചുകൊണ്ട് ഒരു കുടയും കൈയിലേന്തിയായിരുന്നു അവന്റെ നടപ്പ്.

കാറ്റേറ്റിരിക്കാന്‍ അവന്‌ ഒരുപാട് ഇഷ്ടമായിരുന്നു. കടല്‍തീരത്തേക്കും, കുന്നിന്‍മുകളിലേക്കും, പുല്‍മേടുക്കളിലേക്കും അവന്‍ ഞങ്ങളെ നിര്‍ബന്‌ധിച്ച് കൂട്ടികൊണ്ടുപോവുമായിരുന്നു. മകന്റെ ഇഷ്ടം കണക്കിലെടുത്ത് അവന്റെ അച്‌ഛന്‍ കടല്‍ തീരത്തു വീടും വെച്ചു. പക്ഷെ ആ വീട്ടിലേക്ക് താമസം മാറി അധികം കഴിയും മുന്‍പേ അവന്‍ കാറ്റിനെ പിരാകികൊണ്ട് മുറിയുടെ ജനവാതിലുകള്‍ അടച്ചിടാന്‍ തുടങ്ങി.

ക്യാംപസിലെ യുവതുര്‍ക്കിയായിരിക്കുമ്പോള്‍ അവന്‍ കാടുകളെകുറിച്ചും, പുഴകളെകുറിച്ചും, സമസ്ത ജീവജാലങ്ങളുടെ സ്വാതന്ത്രത്തെ പറ്റിയും വാതോരാതെ സംസാരിക്കുമായിരുന്നു. പക്ഷെ ഇപ്പോള്‍ അവന്‍ ലാളിക്കാന്‍ എന്ന പേരില്‍ ജീവികളെ കൂട്ടിലടച്ചും വന്‍ വൃക്ഷങ്ങളെ കുഞ്ഞന്‍മാരാക്കി ചട്ടിയിലും വളര്‍ത്തുന്നു.

കൌമാരത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ വിവാഹത്തിന്റെ ആദ്യ നാളുകള്‍ വരെ മായയെപറ്റി സംസാരിക്കാന്‍ അവന്‌ ആയിരം നാവായിരുന്നു. പക്ഷെ ഇപ്പോള്‍ അവന്റെ നാവില്‍ നിന്ന് അവളെ കുറിച്ച് കേള്‍ക്കുന്നതെല്ലാം കുറ്റങ്ങളും കുറവുകളുമാണ്. ഇന്നലെ ബസ്‌സ്റ്റോപ്പില്‍ വെച്ച് കണ്ടപ്പോള്‍ മായ പറഞ്ഞു "ഇപ്പോ ഞാനും കൂട്ടിലിട്ട ഒരു കിളിയാ................."

Thursday, November 11, 2010

നവരത്ന മോതിരം

കോളേജിലെ കോമേഴ്സ് ബ്ലോക്കിലെ വരാന്തയില്‍ വിനുവിനെ കാത്തു നില്ക്കുകയാണ്‌ സോജ. കഴിഞ്ഞ ഒന്നുരണ്ടു മാസമായി ഈ കാത്തു നില്‍പ്പ് അവള്‍ക്ക് ഒരു ദിനചര്യയാണ്‌.

വിനുവിനെ കണ്ടയുടനെ അവള്‍ ആവേശത്തോടെ അവന്റെ കൈ പിടിച്ച് ഗ്രൌണ്ടിനടുത്തുള്ള കാറ്റാടി മരങ്ങളെ ലക്ഷ്യമാക്കി നടന്നു. സഹപാഠികള്‍ അവരെ നോക്കി അര്‍ത്ഥഗര്‍ഭത്തോടെ പുഞ്ചിരിച്ചു.

അവളുടെ ആ നീക്കം അവനെ ഒന്ന് അമ്പരപ്പിച്ചു.

അതിന്റെ പ്രധാന കാരണം സുഹൃത്തുക്കളോടോപ്പം കടപ്പുറത്ത് ചെലവഴിച്ച ഇന്നലത്തെ സായാഹ്നമായിരുന്നു. സോജേയുടെ പേരു ചേര്‍ത്ത് അവരെല്ലാം അവനെ ആവുനത്ര കളിയാക്കിയെങ്കിലും അതെല്ലാം അവന്റെ മൌനമാക്കുന്ന പടച്ചട്ടയില്‍ തട്ടി നിന്നു. ആ സമയത്തെല്ലാം വിനുവിന്റെ മനസ്സില്‍ ഉയര്‍ന്നു വന്ന ചിന്ത ഇതായിരുന്നു അഞ്ചു വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന ഈ കലാലയ ജീവിതത്തില്‍ തന്റെ പേരു ചേര്‍ത്ത് കളിയാക്കുന്ന ഏഴാമത്തെ പെണ്ണാണ്‌ സോജ, ഇതും ഒരു സുഹൃത്ത് ബന്‌ധം മാത്രമാണ്‌ തീര്‍ച്ച. പക്ഷെ ഇവളുടെ ഈ നീക്കം അവന്‍മാരുടെ ആരോപണങ്ങളുടെ ശക്തി കൂട്ടും.

ഢീ ക്ലാസുതുടങ്ങാനായി, ഈയിത് എങ്ങോടാ ഇന്നെ പിഠിച്ചു വലിച്ചു കൊണ്ടോവണത്? അരനിമിഷത്തെ അമ്പരപ്പ് മാറിയ ഉടനെ അവന്‍ ചോദിച്ചു.

ഇയ് വാ വിമല ടീച്ചറു ലീവാ, ഉമ്മര്‍ സാറു അടുത്ത ഹവറെ വരൂ.

ഉം. ഇമ്മള്‌ എങ്ങോട്ടാ?

ഇമ്പക്ക് കാറ്റാടി മരത്തിന്റെ ചോട്ടീ പോയി ഇരിക്കാം.

ന്നിട്ട്?

ഇക്ക് കുറച്ച് കാര്യം ചോയിക്കാനുണ്ട്

ന്ത് കാര്യം?

അവിടെ എത്തട്ടെ

ഉം.

കാറ്റാടി മരങ്ങളുടെ തണലില്‍ എത്തിയതും അവന്‍ കയറു പൊട്ടിച്ചു.

ന്ത്യാ കാര്യം?

തെരക്കായോ?

ഇത്തിരി.

എന്നാ കേട്ടോ. ഇത് ഇത്തിരി ആലോച്ചിച്ച് പറയെണ്ട കാര്യാ. പഷെ കേള്‍ക്കുമ്പോ ഈസീയായിട്ടു തോന്നും.

ശരി സമ്മതിച്ചു. 1 2 3 തൊടങ്ങിക്കോ.....

ഇയ് സുന്ദരമായ ഒരു കാട്ടുപ്രദേശത്ത് കുറച്ചീസം താമസിക്കാന്‍ പോയി. മനോഹരമായ ഒരു പുഴെന്റെ അടുത്താണ്‌ അനക്ക് താമസ സൌകര്യം ഉള്ളത്. അവിടെ പുല്ലോണ്ടു മേഞ്ഞ ഒരു വീടുണ്ട്, എ.സീ റൂമുള്ള ഒരു വീടുണ്ട് പിന്നെ ഒരു ത്രീസ്റ്റാര്‍ ഹോട്ടലും ഉണ്ട്. എല്ലാത്തില്ലും താമസം ഫ്രീ. അയില്‌ ഇയ് ഏത് തിരഞ്ഞെടുക്കും?

ഞാന്‍ പുല്ലോണ്ടു മേഞ്ഞ വീട്.

എന്തോണ്ട്?

അവിടത്തെ കാലാവസ്ഥക്ക് അതാണ്‌ ചേരണത്.

ഓക്കെ. അടുത്ത ചോദ്യം.

അയാം റെഡി.

പുല്ലോണ്ടു മേഞ്ഞ വീട്ടിലെ കോലായില്‍ ഒരു ചെറിയ ടീപ്പോയുണ്ട്. അതില്‍ റോസാപൂവെക്കാനായിട്ട് മൂന്ന് തരം ഫ്‌ളവര്‍ വെയ്സില്‍ നിന്ന് ഒന്ന് അനക്ക് സലെക്‌ട് ചെയ്യാം. ഒന്നാമത്തെത് സിറാമിക്സിന്റെ, രണ്ടാമത്തെത് ചിരട്ടെന്റെ, മൂന്നാമത്തെത് ഗ്ലാസിന്റെ. ഏതാ അന്റെ ചോയ്സ്?

ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ വിനു ഉത്തരം പറഞു, ഗ്ലാസിന്റെ.

എന്തോണ്ട്?

റോഅസാപൂവിന്റെ സൌന്ദര്യം തുടങ്ങണത് അയിന്റെ മുള്ളീനാ. അപ്പോ ഗ്ലാസിന്റെ ഫ്‌ളവര്‍ വെയ്സാ നല്ലത്.


അടിപൊളി ആന്‍സര്‍.


ഇനിയും ഭ്രാന്തന്‍ ചോദ്യങ്ങള്‍ ബാക്കിയുണ്ടോ?

ഉണ്ട്. ഒന്നും കൂടെ.


ഇന്നാ ചോയിക്ക്.

ആ വീട്ടിലെ സ്വീകരണമുറിയില്‌ ഒരു സ്വര്‍ണപാത്രം നെറച്ചും പല തരത്തിലുള്ള രത്നങ്ങളുണ്ട്. അതിന്‌ ഇയ് ഏത് രത്നം എടുക്കും?

സോജ ആകാംഷയോടെ വിനുവിന്റെ മുഖത്തേക്ക് നോക്കി.

ഒരു മാത്ര പോലും ആലോച്ചിക്കാതെ അവന്‍ ഉത്തരം നല്‍കി. "ഞാന്‍ അതില്‍ നിന്നും നവരത്നങ്ങള്‍ എടുക്കും. എന്നിട്ട് ഒരു നവരത്ന മോതിരം ഉണ്ടാക്കും".

പെട്ടന്ന് അവളുടെ മുഖം വാടിയത് അവന്‍ ശ്രദ്ധിച്ചു.

ന്ത് പറ്റീഡീ? ന്തിനാ ഈ ചോദ്യോക്കെ?

മുഖം അല്‌പ്പം ചരിച്ച്, വിഷാദത്തെ ഉള്ളില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട് അവള്‍ പറഞു. എന്റെ മൂത്തമ്മേന്റെ മോള്‌ ജിഷിയേച്ചി സൈകാട്റിയില്‍ എം.ഡി ചെയ്യാ അവരാ എന്നോട്ട് ഈ ചോദ്യങ്ങള്‍ ചോയ്ക്കാന്‍ പറഞ്ഞത്.

ന്ത്?

അന്റെ സിമ്പിളിസിറ്റിനെ അളകാനായീന്നു ആദ്യത്തെ ചോദ്യം. രണ്ടാമ്മത്തെ ചോദ്യം ഇയ് നല്ല മനുഷ്യനാണോ എന്നറിയാന്‍. ആദ്യ രണ്ടിന്റെയും ഉത്തരം വളരെ ശരിയെന്നു. പഷെ അവസാനത്തേത്...........

അത്?

അത് ഇയ് പെണ്ണുങ്ങളുടെ പിന്നാലെ പോണോനാണോ എന്നറിയാനായിരുന്നു

വിളറി വെളുത്ത് വിനു സോജയെ നോക്കി. അവള്‍ അപ്പോഴും വിഷാദത്തെ ഉള്ളില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു...............................

Saturday, July 3, 2010

അന്ന - 4

1992 ഒക്ടോബര്‍ 1




അന്ന



ഇന്നു ചോകളേറ്റ് കഴിച്ചു വയറുനിറഞ്ഞു. മൂന്നാഴ്ച്ചത്തെ ഇടവേളക്ക് വിരാമമിട്ട്, രണ്ട് പെട്ടി ചോകളേറ്റുമായി അലക്സ് എന്നെ കാണാന്‍ വന്നു. കഴിഞ്ഞ രണ്ടരാഴ്‌ച്ചയായി അവന്‍ ഡാഡിയുടെ കൂടെ അപ്രതീഷിതമായി വന്നു പെട്ട ഒരു ബിസിനസ്സ് ടൂറിലായിരുന്നു. പറയാതെ പോയതിന്‌ മൂന്നുനാലു തവണ അവന്‍ ക്ഷമാപണം നടത്തി. ഞാനും ബെറ്റിയും ലൈബ്രറിയില്‍ നിന്നിറങ്ങി ഹോസ്റ്റലിലേക്ക് പോവുമ്പോഴായിരുന്നു അലക്‌സിന്റെ വരവ്. നേരം വൈകിയതിനാല്‍ അധികനേരം
സംസാരിക്കാന്‍ പറ്റിയില്ല. എങ്കിലും ഡല്‍ഹിയിലെയും ബോംബയിലെയും സൌകര്യങ്ങളെയും മനോഹരങ്ങളായ കാഴ്ച്ചകളെയും പറ്റി അവന്‍ വാചാലനായി. കോളേജിന്റെ കവാടത്തില്‍ നെല്‍വിന്‍ അലക്‌സിനെയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അവന്‍ എന്നെ നോക്കി ചിരിച്ചെങ്കിലും ഞാന്‍ അവനെ കാണാത്തപോലെ നടിച്ച് അലക്‌സിനോട് യാത്ര പറഞ്ഞ് ബെറ്റിയുടെ കൂടെ ഹോസ്റ്റ്‌ലിലേക്ക് നടന്നു. അവന്‍ പിന്നാലെ വരും എന്നു വിചാരിച്ചെങ്കിലും, വന്നില്ല.


അലക്സ്


രണ്ടരാഴ്ച്ചത്തെ ഉത്തരേന്ത്യന്‍ യാത്ര കഴിഞ്ഞ് ഞാന്‍ ഇന്നു രാവിലെ തിരിച്ചെത്തി. ഈ യാത്ര എന്നെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. അപ്പന്റെ കാശ് ഞാന്‍ ഒരുപാട് മുടുപ്പിച്ചുണ്ട്. അപ്പന്‍ എത്ര പ്രയാസപ്പെട്ടാണ്‌ കാശുണ്ടാക്കുന്നതെന്ന് ഇത്തിരി വൈകിയാണെങ്കിലും എനിക്ക് മനസ്സിലായി. ഇന്ന് അന്നയെയും നെല്‍വിനെയും കണ്ടു. യാത്രാക്ഷീണം കാരണം കോളേജില്‍ എത്താന്‍ വൈകിയതിനാല്‍ അന്നയോട് അധികം സംസാരിക്കാന്‍ പറ്റിയില്ല. നെല്‍വിന്‍ നല്ല വിഷമതിലാണ്. അന്നയെ അവന്‌ സ്വന്തമാക്കാന്‍ പറ്റുമോ?


നെല്‍വിന്‍


അലക്സ് തിരിച്ചെത്തി. പാതി ആശ്വാസമായി എന്റെ വിഷമം മനസ്സിലാക്കാന്‍ ഒരാളുണ്ടല്ലോ. കൂറെ നാളുകള്‍ക്ക് ശേഷം അന്നയും ഞാനും നേരില്‍ കണ്ടു. അവള്‍ കണ്ട ഭാവം പോലും കാണിച്ചില്ല. എന്റെ കാത്തിരിപ്പ് ഇനിയും നീളും................. പക്ഷെ മുന്നോട്ട് വച്ച കാല്‍ ഞാന്‍ പുറകോട്ട് എടുക്കില്ല.



1992 ഒക്ടോബര്‍ 23



അന്ന

ഞങ്ങളുടെ നിര്‍ബന്‌ധത്തിനു വഴങ്ങി അലക്‌സ് ഇന്ന് ഒരു തിരുമാനത്തിലെത്തി. തോറ്റ പന്ത്രണ്ട് പേപ്പറുകള്‍ എഴുതി എടുക്കുമെന്നും, അപ്പന്റെ ബിസിനസ്സില്‍ ശ്രദ്ധിക്കുമെന്നും. അങ്ങനെ ഒരു നല്ല കാര്യം ചെയ്യാന്‍ പറ്റി. അലക്‌സ് മിക്ക ദിവസവും ഞങ്ങളെ കാണാന്‍ വരുന്നതുകൊണ്ട് അവനെ കൂട്ടി കൊണ്ടു പോവാന്‍ എന്ന പേരില്‍ നെല്‍വിന്‍ കോളേജിന്റെ മുന്നില്‍ വന്നു കാത്തുനില്‍ക്കും. പക്ഷെ ഞങ്ങളുടെ അടുത്തേക്ക് വരാതെ എന്നെ തന്നെ നോക്കി നില്‍ക്കും. കുറെ ദിവസമായി ഈ പുതിയ ശീലം തുടങ്ങിയിട്ട്.അവന്‌ അവന്‌ എന്നെ കാണാതിരിക്കാന്‍ പറ്റില്ല എന്നാണ്‌ അലക്‌സ് പറയുന്നത്. അവന്റെ സ്നേഹത്തെ കണ്ടില്ല എന്ന് നടിക്കുന്നത് വിഢിത്തരമാണ്‌ എന്നതാണ്‌ അലക്‌സിന്റെ അഭിപ്രായം.


ബെറ്റി


അന്നയെ സമ്മതിച്ചിരിക്കുന്നു. അലക്‌സിനെ എത്ര പെട്ടന്നാണ്‌ അവള്‍ മാറ്റിയെടുത്തത്. കുറെ മാസങ്ങളായി നെല്‍വിനെയും അലക്‌സിനെയും പറ്റി ആരും ഒരു കുറ്റവും പറയുന്നില്ല. ഒരു കാവല്‍ പട്ടിയെ പോലുള്ള നെല്‍വിന്റെ കാത്തു നില്‍പ്പ് കാണുമ്പോള്‍ ഉള്ളില്‍ ചിരിയും കുറച്ച് സഹതാപവും വരും. ഇവന്‌ ഇത്രയും ക്ഷമയോ എന്ന് പലപ്പോഴും തോന്നും.


അലക്‌സ്


ഞാന്‍ ഒരുപാട് മാറി എന്നാണ്‌ എല്ലാവരും പറയുന്നത്. അങ്ങനെ ഞാന്‍ മാറിയിട്ടുണ്ടെങ്കില്‍ അതിന്‌ കാരണം അന്നയാണ്‌. ഇന്ന് അവളും ബെറ്റിയും എന്നെകൊണ്ട് പ്രതിജ്ഞ എടുപ്പിച്ചു. തോറ്റ പന്ത്രണ്ട് പേപ്പറുകള്‍ എഴുതി എടുക്കുമെന്നും, അപ്പന്റെ ബിസിനസ്സില്‍ ശ്രദ്ധിക്കുമെന്നും. എനിക്കും ഉത്തരവാദിത്വങ്ങള്‍ എറ്റടുക്കണം. നെല്‍വിന്റെ കാര്യമാണ്‌ കഷ്ടം അന്നയെ കിട്ടിയില്ലെങ്കില്‍ അവന്‌ ഭ്രാന്തു പിടിക്കും. അവളാണെങ്കില്‍ ഒരു അടുപ്പത്തിന്റെ ലാഞ്ജനപോലും കാണിക്കുന്നില്ല.


നെല്‍വിന്‍


ഞാന്‍ അന്നയോട് അടുക്കം ​തോറും അവള്‍ എന്നില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്‌. എങ്ങനെ അവളെ പറഞ്ഞ് മനസ്സിലാക്കും ? ഒരു ഊഹവും കിട്ടുന്നില്ല. വല്ല്യമ്മച്ചി എന്നും കുറെ ആശ്വാസവാക്കുകള്‍ പറഞ്ഞ് എന്നെ സമാധാനിപ്പിക്കും.




1992 ഒക്ടോബര്‍ 25



അന്ന


ഇന്ന് പുലര്‍ച്ചക്ക് ഞാനൊരു സ്വപ്നം കണ്ടു വലിയൊരു ആട്ടുകട്ടിലില്‍ ചട്ടയും മുണ്ടും കവണിയും കാതില്‍ കുണുക്കും കഴുത്തില്‍ വലിയൊരു കുരിശുമാലയും ധരിച്ച് ഇരിക്കുന്ന കാണാന്‍ നല്ല ഐശ്വര്യവുമുള്ള ഒരു അമ്മച്ചിയുടെ മടിയില്‍ ഞാന്‍ കിടക്കുന്നു. വാത്സല്യപൂര്‍വ്വം അവര്‍ എന്നെ തലോടുന്നു. പക്ഷെ എത്ര ആലോചിച്ചിട്ടും ആ അമ്മച്ചിയെ എനിക്ക് ഓര്‍മ്മ വരുന്നില്ല. ആരായിരിക്കും അവര്‍?


അലക്‌സ്

വളരെ കാലത്തിനു ശേഷം കുര്‍ബാന കൂടി. എന്റെ പഴയകാല ചെയ്തിക്കളെല്ലാം അച്‌ഛനോട് എറ്റുപറഞ്ഞ് കുമ്പസരിച്ചു. എനിക്കിപ്പോള്‍ ഒരു ശാന്തത അനുഭവപ്പെടുന്നു. നാളെ മുതല്‍ അപ്പന്റെ ഓഫീസില്‍ പോയി തുടങ്ങണം. പിന്നെ എല്ലാ ദിവസവും ഉച്ചക്ക് ശേഷം ട്യൂഷനു പോവണം.




1992 ഒക്ടോബര്‍ 27





അന്ന



അലക്‌സിനോട് സംസാരിച്ച് ഹോസ്റ്റലിലേക്ക് നടക്കുമ്പോള്‍ കോളേജിന്റെ മുന്‍വാതിലില്‍ പതിവുപോലെ നെല്‍വിന്‍ ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും നെല്‍വിന്‍ കാറിന്റെ വാതില്‍ തുറന്നു. കാറില്‍ നിന്ന് ഇറങ്ങിയ ആളെ കണ്ട് ഞാന്‍ ഒന്നു അമ്പരന്നു പോയി. രണ്ടു ദിവസം മുന്‍പ് സ്വപ്നത്തില്‍ കണ്ട അതെ അമ്മച്ചി. അലക്‌സ് പറഞ്ഞു അത് നെല്‍വിന്റെ വല്ല്യമ്മച്ചിയാണെന്ന്. പുഞ്ചിരിച്ചു കൊണ്ട് അവര്‍ എന്റെ അടുത്തേക്ക് വന്നു. അലക്‌സ് ഞങ്ങളെ വല്യമ്മച്ചിക്ക് പരിച്ചയപ്പെടുത്തി.എന്റെ അമ്പരപ്പ് മാറാന്‍ കുറച്ച് സമയമെടുത്തു. എന്നാലും അവര്‍ വളരെക്കാലം പരിച്ചയമുള്ള ഒരാളെ പോലെ പെരുമാറി. പത്തുമിനിറ്റോള്ളം വല്ല്യമ്മച്ചി ഞങ്ങളോട് സംസാരിച്ചു. പോവുന്നതിന്‌ മുന്‍പ് ഒരു അഭ്യര്‍ത്ഥനയും നടത്തി, നെല്‍വിന്റെ സ്നേഹം മനസ്സിലാക്കണമെന്ന്. എന്റെ തിരുമാനം ​ഉടനെ എടുക്കേണ്ടി വരും.


ബെറ്റി



നെല്‍വിന്റെ വല്ല്യമ്മച്ചി അന്നയെ കാണാന്‍ വന്നിരുന്നു. രണ്ടു ദിവസം മുന്‍പ് അവള്‍ സ്വപ്നത്തില്‍ കണ്ട അമ്മച്ചിയുടെ അതെ ഛായാണത്രെ നെല്‍വിന്റെ വല്ല്യമ്മച്ചിക്ക്‌. അവരെ കണ്ടതിനുശേഷം അവളുടെ പ്രസന്നത മഴുവന്‍ ചോര്‍ന്ന് പോയിരിക്കുന്നു. പാവം രാത്രി ഏറെ കഴിഞ്ഞിട്ടും ആഴമേറിയ ആലോചനയിലാണ്‌.


നെല്‍വിന്‍


വല്ല്യമ്മച്ചി അന്നയെ കണ്ട് സംസാരിച്ചിരുന്നു. ഇനിയും അവള്‍ എന്നെ അവിശ്വസിക്കുമോ ?




1992 ഒക്ടോബര്‍ 28



ബെറ്റി

അന്ന ഇന്നലെ തീരെ ഉറങ്ങിയില്ല. ഇന്ന് കോളേജിലും പോയില്ല. നല്ല സുഖമില്ലെന്ന് പറഞ്ഞ് ലീവെടുത്തു. നെല്‍വിന്റെ വല്ല്യമ്മച്ചിയെ കണ്ടതു മുതല്‍ അവള്‍ ഏറെ കുറെ മൂകയാണ്. എനിക്ക് എന്തോ വല്ലായ്മ തോന്നുന്നു. നാളെ ഒരു തിരുമാനമെടുത്ത ശേഷം മദര്‍ സുപ്പീരിയറിന്‌ കത്ത് എഴുതാനാണ്‌ അന്നയുടെ തിരുമാനം. കര്‍ത്താവെ എന്റെ അന്നയെ ഇനിയും പരീക്ഷിക്കരുതെ..............................










[ തുടരും ]

Monday, June 7, 2010

അന്ന - 3



1992 സെത്റ്റംബര്‍ 19



അന്ന


ഇന്ന് തീര്‍ത്തും അപ്രതീഷിതമായി അനാഥാലയത്തിലെ മദര്‍ സുപ്പീരിയര്‍ എന്നെ കണാന്‍ വന്നു. ശനിയാഴ്‌ച്ചയായതുകൊണ്ട് ബെറ്റി വീട്ടില്‍ പോയ വിഷമത്തില്‍ റൂമില്‍ തനിച്ചിരിക്കുമ്പോഴായിരുന്നു മദറിന്റെ വരവ്. മദറിനെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു പോയി. പക്ഷെ മദറിനും പറയാനുള്ളത്‌ നെല്‍വിന്റെ കാര്യമായിരുന്നു. കഴിഞ്ഞ രണ്ടുമൂന്നാഴ്‌ച്ചയായി അവന്റെ ശല്യം ഇല്ലാതിരിക്കുകയായിരുന്നു. മടുത്ത് പോയതായിരിക്കും എന്ന് കരുതി ഞാനും ബെറ്റിയും ആശ്വസിച്ചിരിക്കുമ്പോഴാണ്‌ പുതിയ രൂപത്തിലുള്ള അവന്റെ പ്രത്യക്ഷപ്പെടല്‍. നെല്‍വിനും,നെല്‍വിന്റെ വല്ല്യമ്മച്ചിയും,അലക്‌സും മദറിനെ കാണാന്‍ രണ്ടു വട്ടം ചെന്നിരുന്നു. നെല്‍വിനുംഅലക്‌സും നടന്നതെല്ലാം മദറിനോട് തുറഞ്ഞു പറഞ്ഞു. മദറിന്റെ വളരെ അടുത്ത ബന്ധുവാണ്‌ നെല്‍വിന്റെ വല്ല്യമ്മച്ചി. അവര്‍ പണവും പ്രതാപവും സത്പേരുമുള്ള വലിയ തറവാട്ടുകാരാണ്‌. ആദ്യത്തെ തവണ വന്നപ്പോള്‍ ആലോചിച്ച് ഒരു തിരുമാനം പറയാം എന്നു പറഞ്ഞ് മദര്‍ അവരെ യാത്രയാക്കി. മദറിന്റെ പരിച്ചയത്തിലുള്ളവരോട് നെല്‍വിനെ കുറിച്ച് തിരക്കിയപ്പോള്‍ ഒരു പെണ്ണുപിടിയന്‍ എന്ന അഭിപ്രായം കിട്ടിയത്. അതുകൊണ്ട് ആ ആലോചനക്ക് താല്‍പര്യമില്ലെന്ന് മദര്‍ നെല്‍വിന്റെ വല്ല്യമ്മച്ചിയെ അറിയിച്ചു. പക്ഷെ മൂന്ന് ദിവസം കഴിഞ്ഞ് അവര്‍ വീണ്ടും മദറിനെ കാണാനെത്തി. നെല്‍വിന്‍ പറയുന്നത് എന്നെയല്ലാതെ വേറെ ഒരാളെയും കല്ല്യാണം കഴിക്കാന്‍ പറ്റില്ലായെന്നും, എനിക്ക് വേണ്ടി എത്ര കാലം വെണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്നുമാണ്‌. ഒരു അനുകൂല തിരുമാനമെടുക്കാനായി നെല്‍വിനും അലക്‌സും മദറിനോട് ഒരുപാട് കേണപേക്ഷിച്ചു. ഇനിയൊരിക്കലും നെല്‍വിന്‍ പഴയപോലെ ആവില്ലെന്ന് വല്ല്യമ്മച്ചി മദറിന്‌ വാക്കുകൊടുത്തു. മദറിനും തോന്നുന്നത് നെല്‍വിന്റെ സ്നേഹം സത്യമാണെനാണ്. എന്നോട് ആലോചിച്ച് ഒരു തിരുമാനമെടുക്കാന്‍ പറഞ്ഞ് വൈകുന്നേരത്തിന്‌ മുന്‍പേ മദര്‍ തിരിച്ച് പോയി. എനിക്ക് എന്തോ തലകറങ്ങുന്നതു പോലെ തോന്നുന്നു. ബെറ്റി തിങ്കളാഴ്ച്ച രാവിലയെ വരൂ. അവളൊന്നു വേഗം വന്നിരുന്നെങ്കില്‍.........




1992 സെത്റ്റംബര്‍ 20



അന്ന


ഇന്നലെ ശരിക്കും ഉറങ്ങാനെ സാധിച്ചില്ല. ഇന്ന് കുര്‍ബാന കഴിഞ്ഞിട്ടും പള്ളിയില്‍ നിന്നിറങ്ങാതെ ക്രൂശിതരൂപത്തെ നോക്കി കൂറെ നേരമിരുന്നു. ഇതുവരെ അനുഭവിക്കാത്ത ഒരു വല്ലാത്ത മനപ്രയാസം. പേരും പെരുമയുള്ള വലിയ തറവാട്, സല്‍സ്വഭാവിക്കളായ കുടംബാംഗങ്ങള്‍, എല്ലാം കൊണ്ടും നല്ലൊരു ബന്ധം, എന്നെ പോലെ ഒരു അനാഥക്ക് ഒരിക്കലും ചിന്തിക്കാന്‍ പോലും പറ്റാത്ത ഒരു ബന്ധം. പക്ഷെ നെല്‍വിന്റെ ചീത്തശീലങ്ങള്‍ അത്രപെട്ടന്ന് മാറുമോ? എന്റെ പുറകെ നടക്കാന്‍ തുടങ്ങിയ ശേഷം അവന്‍ ഒരുപാട് മാറിയിട്ടുണ്ടെന്നാണ്‌ അലക്‌സ് പറയുന്നത്. എന്റെ ജീവിതത്തിലെ എറ്റവും നിര്‍ണായകമായ കാര്യമായതുകൊണ്ട് പെട്ടന്ന് ഒരു തിരുമാനമെടുക്കാന്‍ പറ്റില്ല. സത്യത്തില്‍ ചെകുത്താനും കടലിനും ഇടയില്‍ പെട്ടപോലുണ്ട്. എന്റെ കര്‍ത്താവെ നാളെ ബെറ്റി വരുന്നതുവരെ ഞാന്‍ എങ്ങനെ കഴിച്ചുകൂട്ടും ...........?




1992 സെത്റ്റംബര്‍ 21



അന്ന


എന്റെ പ്രയാസങ്ങള്‍ ബെറ്റിയുമായി പങ്കുവെച്ചപ്പോള്‍ മനസ്സ് എത്രയോ ശാന്തമായി. പക്ഷെ ഞങ്ങള്‍ ഒരുപാട് നേരം ചര്‍ച്ച ചെയ്തിട്ടും ഒരു അന്തിമതിരുമാനം എടുക്കാന്‍ പറ്റുന്നില്ല. എന്തോ പുറകോട്ട് പിടിച്ചുവലിക്കുന്നപോലെ. കര്‍ത്താവെ ഈ പരീക്ഷണം ഞാന്‍ എങ്ങനെ അതിജീവിക്കും ?


ബെറ്റി

പാവം എന്റെ അന്ന. അവളിപ്പോള്‍ കയ്പ്പുകൊണ്ട് ഇറക്കാനും മധുരം കൊണ്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ്. എല്ലാകൊണ്ടും നല്ലൊരു ആലോചനയാണ്, നെല്‍വിന്റെ പെണ്ണുപിടിയന്‍ സ്വഭാവം മാത്രമാണ്‌ ഒരു പ്രശ്നം. അവന്‍ തീര്‍ച്ചയായും മാറും എന്നാണ്‌ അലക്സ് പറയുന്നത്. നെല്‍വിന്റെ വല്ല്യമ്മച്ചി മദറിന്‌ നെല്‍വിന്‍ പഴയപോലെ ആവില്ലെന്ന് വാക്കും കൊടുത്തിട്ടുണ്ട്. പക്ഷെ നെല്‍വിന്റെ ഈ ഇഷ്ടം എത്ര കാലം ഉണ്ടാവും ? എന്റെ അന്നയെ ഒരിക്കലും ഒരു ആപത്തിലേക്ക് തള്ളിവിട്ടാന്‍ പറ്റില്ല.




1992 സെത്റ്റംബര്‍ 24


അന്ന

നാലഞ്ചുദിവസത്തെ ആലോചനക്ക് ശേഷം ഞങ്ങള്‍ ഒരു തിരുമാനത്തിലെത്തി. എനിക്ക് ആലോചിക്കാന്‍ കുറെ കൂട്ടി സമയം വേണമെന്ന് ഞാന്‍ മദറിന്‌ കത്തെഴുതി.
നെല്‍വിന് എന്നോടുള്ള ഇഷ്ടം എത്ര കാലം ഉണ്ടാവുമെന്ന് ആര്‍ക്കറിയാം ?




1992 സെത്റ്റംബര്‍ 28




അന്ന

ഇന്നു മദര്‍ വിളിച്ചിരുന്നു. കുറെ നേരം സംസാരിച്ചു. ആലോച്ചിക്കാന്‍ എത്ര സമയം വേണമെങ്കിലും എടുത്തോളാന്‍ മദര്‍ സമ്മതം തന്നു. ഇപ്പോള്‍ അല്പം സമാധാനം തോന്നുന്നു. രണ്ടാഴ്ച്ചയായി അലക്സ് എന്നെ കാണാന്‍ വന്നിട്ട്. എന്തു പറ്റി അവന്‌?

ബെറ്റി

അന്നയുടെ മാനസിക പരിമുറുക്കത്തിന്‌ അല്‍പം അയവുണ്ട്. ഇന്ന് അവളുടെ മദര്‍ വിളിച്ചിരുന്നു. നെല്‍വിന്റെ കാര്യത്തില്‍ തിരിക്കിട്ട് ഒരു തിരുമാനമെടുക്കണ്ടെന്ന് അവര്‍ അറിയിച്ചു. അതിന്റെ ആശ്വാസത്തിലാണ്‌ അന്ന. വിധി അവള്‍ക്കായി കരുതി വെച്ചിരിക്കുന്നത് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ? കര്‍ത്താവെ നീ എന്റെ അന്നയെ കാത്തോളണെ.....

നെല്‍വിന്‍

അന്നയുടെ മദര്‍സുപ്പീരിയര്‍ ഇന്ന് വല്ല്യമ്മച്ചിയെ വിളിച്ചിരുന്നു. അന്നക്ക് ആലോച്ചിക്കാന്‍ ഇനിയും കൂറെ കൂടി സമയം വേണമെന്നാണ്‌ പറയുന്നത്. എപ്പോ ആലോചിച്ച് തിരുമാനിക്കുമോ ആവോ ? അന്നയെ സ്വന്തമാക്കാനുള്ള അവസാന ശ്രമമാണിത്, ഇതില്‍ ഒരു തോല്‍വി ആലോച്ചിക്കാന്‍ വയ്യ. ഒരാഴ്ച്ച പുറകെ നടന്നിട്ടും അന്നയെ സ്വന്തമാക്കാനുള്ള എന്റെ ആഗ്രഹത്തിന്‌ വല്ല്യമ്മച്ചി സമ്മതിച്ചില്ല. സമ്മതിക്കാതിരിക്കാനുള്ള കാരണം അവളുടെ അനാഥ്വതമായിരുന്നില്ല എന്റെ സ്വഭാവമായിരുന്നു. അവസാനം ​പലവട്ടം ബൈബിള്‍ തൊട്ട് സത്യം ചെയ്തു. ഒരിക്കലും എന്റെ പഴയ സ്വഭാവത്തിലേക്ക് തിരിച്ചുപോവില്ലെന്ന്‌. അതോടെ വല്ല്യമ്മച്ചി എന്റെ ആഗ്രഹത്തിന്‌ സമ്മതിച്ചു.ഇപ്പോള്‍ വീട്ടിലാരോടും ഇതിനെ കുറിച്ച് പറയില്ലെന്നും വല്ല്യമ്മച്ചി ഉറപ്പു നല്‍കി. വല്ല്യമ്മച്ചിയെ കൂട്ടി അന്നയെ കാണാനായിരുന്നു എന്റെ തിരുമാനം. പക്ഷെ അലക്സിന്റെ അഭിപ്രായം അന്ന വളര്‍ന്ന അനാഥാലയത്തിലെ മദര്‍സുപ്പീരിയറെ കാണാനായിരുന്നു. അങ്ങനെ ഞങ്ങള്‍ മദറിനെ പോയികണ്ടു. അവര്‍ വല്ല്യമ്മച്ചിയുടെ അടുത്ത ബന്‌ധുവാണെന്നുള്ളത് എനിക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കി. ഞങ്ങള്‍ എല്ലാം അവരോട് തുറന്നു പറഞ്ഞു. ആലോചിക്കാമെന്ന് പറഞ്ഞ് മദര്‍ സന്തോഷത്തോടെ ഞങ്ങളെ യാത്രയാക്കി. പക്ഷെ എന്റെ സ്വഭാവം അവിടെയും വില്ലനായി. ആലോച്ചനക്ക് താത്പര്യമില്ലെന്നു അറയിച്ചിട്ടും ഞങ്ങള്‍ വീണ്ടും മദറിനെ കണ്ട് കേണപേക്ഷിച്ചു. അന്നയുമായി സംസാരിച്ച് ഒരു തിരുമാനം പറയാം എന്ന് പറഞ്ഞ് മദര്‍ ഞങ്ങളെ യാത്രയാക്കി. കൂടെ ഒരു ഉറപ്പും അവര്‍ മേടിച്ചു അന്നയുടെ പുറകെ നടന്ന് ശല്യപ്പെടുത്തില്ലെന്ന്. എത്രയോ പെണ്‍കുട്ടികളെ നിഷ്പ്രയാസം വീഴ്ത്തിയ ഞാന്‍ ഒരു പെണ്ണിന്റെ മുന്നില്‍ അലിഞ്ഞ് ഇല്ലാതായി ഭൂമിയോളം താണിരിക്കുന്നു. എന്നിട്ടും അവള്‍ എന്നില്‍ നിന്ന് എത്രയോ അകലെയാണ്‌. അന്നയോട് സംസാരിച്ചിട്ട് മൂന്നുനാലു‌ ആഴ്ച്ചയായി. പക്ഷെ അവളറിയാതെ ഞാന്‍ അവളെ കാണാറുണ്ട്. അലക്സാണെങ്കില്‍ ഒരാഴ്ച്ചയായി അവന്റെ ഡാഡിയുടെ കൂടെ ബിസിനസ്സ് ടൂറിലാണ്. എനിക്ക് വട്ടു പിടിക്കുന്നു......................


[ തുടരും ]

Friday, May 21, 2010

അന്ന - 2

1992 മെയ് 24



നെല്‍വിന്‍

അലക്‌സ് പന്തയത്തിനു സമ്മതിച്ചു. പന്തയത്തെ പറ്റി മൂന്നാമതൊരാള്‍ അറിയാതെ,ആരുടെയും സഹായമില്ലാതെ രണ്ട് മാസത്തിനുള്ളില്‍ അന്നയെ പ്രണയിച്ച് സ്വന്തമാക്കിയാല്‍ പതിനായിരത്തിയൊന്ന് രൂപ അലക്‌സ് എനിക്ക് തരും. ഒരു രൂപ മുന്‍കൂറായി ഇന്നു തന്നെ തന്നു. തോറ്റാല്‍ ഞാന്‍ പതിനായിരത്തിരണ്ട് രൂപ അവന്‌ കൊടുക്കണം. കോളേജ് തുറക്കുന്ന ജുണ്‍ 15 മുതലാണ്‌ പന്തയം തുടങ്ങുന്നത്.



1992 ജുലൈ



അന്ന

ക്ലാസു തുടങ്ങി, മഴക്കാലവും. അവധിക്കാലം അല്‍പം വിരസമായിരുന്നു. ഒരു പക്ഷെ ബറ്റിയുടെ അഭാവമാവാം കാരണം. പ്രധാനപ്പെട്ട വിശേഷം അലക്‌സിന്റെ ഭാവമാറ്റമാണ്‌. അലക്‌സിപ്പോള്‍ ഒരു നല്ല സുഹൃത്തിനെപോലെയാണ്‌ പെരുമാറുന്നത്‌. കോഴ്സ് കഴിഞ്ഞെങ്കിലും മിക്കവാറും ദിവസം എന്നെ കാണാനായി വരും. ഇത് അവന്റെ പുതിയൊരു അടവായിരിക്കുമോ ? ഒരു ശല്യം ഒഴിഞ്ഞപ്പോള്‍ മറ്റൊരു ശല്യം പുറകെ കൂട്ടിയിട്ടുണ്ട്. നെല്‍വിന്‍ എന്ന ഒരു വലിയ പണക്കാരന്‍. അയാള്‍ അലക്‌സിന്റെ അടുത്ത കൂട്ടുകാരനാണ്‌. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട് എന്ന് പറഞ്ഞാണ്‌ പുറകെ നടപ്പ്. ഒഴുവാക്കാന്‍ പല തവണ ശ്രമിച്ചു. എന്നിട്ടും പുറകെ നടക്കുകയാണ്‌ ആ നാണമില്ലാതവന്‍. അലക്‌സിനോട് നെല്‍വിന്റെ കാര്യം ചോദിച്ചപ്പോള്‍ ഒട്ടും താത്പര്യമില്ലാതുപോലെ എന്റെ ഇഷ്ടപോലെ ഒരു തിരുമാനമെടുത്തോളാന്‍ പറഞ്ഞു.

ബെറ്റി

രസകരമായ അവധിക്കാലം പെട്ടന്ന് കഴിഞ്ഞു പോയി. അടുത്ത ഒഴിവുക്കാലത്ത് കാണാമെന്ന ഉറപ്പില്‍ കുടുംബക്കാരെല്ലാം പലവഴിക്കു പിരിഞ്ഞു. എങ്കിലും പലപ്പോഴും അന്നയുടെ അസാന്നിധ്യം എന്നെ അലോരസപ്പെടുത്തി. ഇപ്പോഴതെ പ്രധാന നേരമ്പോക്ക് അന്നയുമായി സംസാരിച്ചുകൊണ്ട് മഴ പെയ്യുന്നതും നോക്കി ജനലിരികില്‍ നില്‍ക്കാലാണ്. സമയം പോവുന്നത് അറിയുകയെയില്ല. ആ അലക്‌സ് കോഴ്സ് കഴിഞ്ഞിട്ടും മിക്കവാറും ദിവസം അന്നയെ കാണാന്‍ വരുന്നുണ്ട്. ഇപ്പോള്‍ ഞങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കാണ്‌ അവന്റെ ശ്രമം. എന്തിനാണാവോ, അവനെ എങ്ങനെ വിശ്വസിക്കും? അന്നയെ ശല്യം ചെയ്യാന്‍ ഇപ്പോള്‍ നെല്‍വിന്‍ എന്ന പുതിയൊരു മാരണം കൂടി വന്നിട്ടുണ്ട്. അവന്‍ അലക്‌സിന്റെ അടുത്ത ചങ്ങാതിയാണ്. കര്‍ത്താവിന്‌ മാത്രമറിയാം ഇവന്മാരുടെ ഉദ്ദേശ്യം. എന്റെ അന്നയെ സംരക്ഷിക്കാന്‍ ഞാന്‍ മാത്രമെ ഉള്ളു.

അലക്‌സ്

പാവം അന്ന ഞാന്‍ അവളെ വെറുതെ ശല്യപ്പെടുത്തി. അവളുടെ സാമീപ്യം എത്ര ആശ്വാസകരമാണ്‌. ഈയീടയായി മനസ്സുപറയുന്നത് അവളെ ഒരു സഹോദരിയായി കാണാനാണ്‌. നെല്‍വിനുമായി പന്തയം വെക്കണ്ടായിരുന്നു. എന്റെ സമാധനം നഷ്ട്പ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തിലെ അബദ്ധങ്ങളുടെ ഘോഷയാത്ര തുടരുകയാണോ ?

നെല്‍വിന്‍

ഇങ്ങനെ പോയാല്‍ മിക്കവാറും ഞാന്‍ പന്തയത്തില്‍ തോല്‍ക്കും. പഠിച്ച പണി പതിനെട്ടും നോക്കി എന്നിട്ടും എന്നോട് അടുക്കുന്ന ഒരു ലക്ഷണവും അവള്‍ കാണിക്കുന്നില്ല. ഇതൊരു പ്രത്യേക ഐറ്റം തന്നെ. എങ്കിലും അന്നയെ മറക്കാന്‍ എനിക്ക് പറ്റില്ല. എങ്ങനെയെങ്കിലും അവളെ സ്വന്തമാക്കിയെ പറ്റൂ.



1992 ആഗസ്‌റ്റ് 9


നെല്‍വിന്‍

ഞാന്‍ പന്തയത്തില്‍ നിന്നും പിന്‍മാറി. അലക്‌സ് എന്റെ തിരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. എന്നെ അത്‌ഭുതപ്പെടുത്തിയത് അലക്സിന്റെ മാറ്റമാണ്‌. എന്നെ അവന്‍
ഒന്നു കളിയാക്കുക പോലും ചെയ്തില്ല. ഞാന്‍ എത്ര നിര്‍ബന്‌ധിച്ചിട്ടും പന്തയ പണവും വാങ്ങിച്ചില്ല. പന്തയങ്ങളുടെ കാര്യത്തില്‍ എന്നും വാശി പിടിക്കുന്ന എന്റെ അലക്‌സിന്‌ എന്താണാവോ ഇങ്ങനെ ഒരു മാറ്റം ? ഞാന്‍ ഇതുവരെ കണ്ടതില്‍ വെച്ച് എറ്റവും നല്ല പെണ്‍കുട്ടിയാണ്‌ അന്ന. എത്രയെത്ര അടവുകള്‍ ഞാന്‍ പയറ്റി നോക്കി, നിന്നെ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്നു വരെ പറഞ്ഞു എന്നിട്ടും അവള്‍ക്ക് ഒരു ഭാവഭേദവും വന്നില്ല. പാറ പോലെ ഉറച്ച മനസ്സാണ്‌ അവളുടേത്. ഒരു പക്ഷെ അനാഥയായതുകൊണ്ടാണോ അന്ന ഇങ്ങനെ പെരുമാറുന്നത് ? ഈശോ എങ്ങനെ അവളെ സ്വന്തമാക്കും?


അലക്‌സ്

കര്‍ത്താവിനു സ്‌തുതി. നെല്‍വിന്‍ പന്തയത്തില്‍ നിന്നും പിന്‍മാറി. ആ പാവം രക്ഷപ്പെട്ടല്ലോ, സമാധാനമായി. നെല്‍വിന്‍ കുറെ നിര്‍ബന്‌ധിച്ചെങ്കിലും ഞാന്‍ പന്തയപണം വാങ്ങിയില്ല. എന്റെ അന്ന ഒരു പന്തയവസ്തുവല്ല.



1992 ആഗസ്‌റ്റ് 16


നെല്‍വിന്‍

അന്നയെ കല്ല്യാണം കഴിക്കാനുള്ള ആഗ്രഹം അലക്‌സിനോട് തുറന്നു പറഞ്ഞു. എന്നെ മറ്റാരെക്കാളും നന്നായി അറിയുന്നതുകൊണ്ട് അവന്‍ ഒരുപാട് എതിര്‍ത്തു. അലക്‌സിനെ പറഞ്ഞു സമ്മതിപ്പിക്കാന്‍ അല്‍പം ബുദ്ധിമുട്ടേണ്ടിവന്നു. ആരെതിര്‍ത്താലും അന്നയെ പൊന്നുപോലെ നോക്കും എന്ന് വാക്കുകൊടുത്തപ്പോള്‍ അവന്‍ സമ്മതിച്ചു. പക്ഷെ അന്നയെ എങ്ങനെ പറഞ്ഞു സമ്മതിപ്പിക്കും.അവളുടെ കണ്ണില്‍ ഞാന്‍ ഇപ്പോഴും ഒരു പെണ്ണുപിടിയന്‍ മാത്രമല്ലെ.

അലക്‌സ്

ഞാന്‍ ഒരുപാട് ആഗ്രഹിച്ച പെണ്ണാണ്‌ അന്ന. പക്ഷെ അവള്‍ എന്നെ ഒരു സുഹൃത്തായിട്ടോ സഹോദരനായിട്ടോ ആണ്‌ കാണുന്നത്. നെല്‍വിന്‌ അന്ന വിവാഹം കഴിക്കാന്‍ സമ്മതമാണ്. ആരെതിര്‍ത്താലും അവന്‌ ഒരു പ്രശ്നവുമില്ല എന്നാണ്‌ പറയുന്നത്. പക്ഷെ അന്ന അവനെ ഇഷ്ട്പ്പെട്ടാനുള്ള സാധ്യത വളരെ കുറവാണ്‌. അത്ര പ്രസിദ്ധമാണല്ലോ ഞങ്ങളുടെ
രണ്ടു പേരുടെയും സ്വഭാവം.പിന്നെ ആരെന്തു പറഞ്ഞാലും നെല്‍വിന്‍ ഒരു കാര്യം ഉറപ്പിച്ചാല്‍ അവന്‍ അത് നടത്തിയിരിക്കും. അന്നക്ക് കൂടി സമ്മതമാണെങ്കില്‍ ആ ബന്‌ധത്തിന്‌ എന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും.



1992 ആഗസ്‌റ്റ് 17


അന്ന

ഇന്ന് ആദ്യമായി എന്നെ കാണാന്‍ അലക്‌സും നെല്‍വിനും ഒരുമിച്ച് വന്നു. രണ്ടുപേരും സംസാരിച്ചതു മുഴുവന്‍ എന്നെ കല്ല്യാണം കഴിക്കാനുള്ള നെല്‍വിന്റെ ആഗ്രഹത്തെ കുറിച്ചായിരുന്നു. നെല്‍വിന്റെ ഈ ആഗ്രഹം ദുരാഗ്രഹമെല്ലന്ന് എന്നെയും,ബെറ്റിയെയും പറഞ്ഞു മനസ്സിലാക്കാന്‍ അവര്‍ ഒരുപാട് ശ്രമിച്ചു. പിന്നെ ഒരു കാര്യം കൂടെ അലക്‌സ് പറഞ്ഞു എന്നെ സ്വന്തമാക്കാന്‍ അവര്‍ തമ്മില്‍ പന്തയം വരെ വെച്ചിരുനെന്ന്. പക്ഷെ എന്ത് തന്നെ ആയാലും എനിക്ക് രണ്ടുപേരും പറയുന്നത് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ സാധിക്കില്ല. മാത്രമല്ല നെല്‍വിനെ പോല ഒരാളെ ഇഷ്ട്പ്പെടാന്‍ എനിക്കാവില്ല.

ബെറ്റി

നെല്‍വിനും അലക്‌സും ഇന്ന് ഞങ്ങളെ കാണാന്‍ വന്നിരുന്നു. അവര്‍ സംസാരിച്ചതു മുഴുവന്‍ അന്നയെ വിവാഹം കഴിക്കാനുള്ള നെല്‍വിന്റെ ആഗ്രഹത്തെ കുറിച്ചായിരുന്നു. നെല്‍വിനെ പറ്റി കേട്ടറിഞ്ഞതുവെച്ച് ഞങ്ങള്‍ ഈ ബന്ധം വേണ്ടാ എന്ന തിരുമാനത്തിലെത്തി.

അലക്‌സ്

ഇന്ന് ഞാനും നെല്‍വിനും അന്നയെയും ബെറ്റിയെയും പറഞ്ഞു മനസ്സിലാക്കാന്‍ ഒരുപാട് ശ്രമിച്ച് പരാജയപ്പെട്ടു. അവര്‍ ഇപ്പോഴും ഞങ്ങളെ അവിശ്വസിക്കുന്നു. പഴയ സ്വഭാവങ്ങളൊന്നും വേണ്ടായിരുന്ന് ഇപ്പോള്‍ തോന്നുന്നു. നെല്‍വിന്‌ അന്നയെ സ്വന്തമാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

നെല്‍വിന്‍

അന്നയെയും,അവളുടെ കൂട്ടുകാരി ബെറ്റിയെയും പറഞ്ഞ് വിശ്വസിപ്പിക്കാന്‍ പറ്റില്ല. ആ ബെറ്റിക്കെങ്കിലും എന്നില്‍ വിശ്വാസം തോന്നിയിരുന്നെങ്കില്‍ ഒരു പ്രതീക്ഷക്കെങ്കിലും വകയുണ്ടായിരുന്നു. വീട്ടുകാരുമായി ചെന്ന് അവളെ കണ്ടാലോ ? പക്ഷെ ഡാഡിയും, മമ്മിയും, ഇളയപ്പനും എതിര്‍ക്കും അതുറപ്പാണ്‌. വല്ല്യമ്മച്ചിയാണ്‌ ഒരേയൊരു പ്രതീക്ഷ.
വല്ല്യമ്മച്ചി പറഞ്ഞാല്‍ അവരെല്ലാം അനുസരിക്കും.

[ തുടരും ]

Saturday, May 15, 2010

അന്ന - 1



1991 ആഗസ്റ്റ്



അന്ന

ഞാന്‍ അന്ന ഒരു പാവം അനാഥ. ഓര്‍മ്മവെച്ച നാള്‍ മുതല്‍ നഗരത്തില്‍ നിന്നും ഏറെ അകലെയുള്ള സെന്റ് ജോണ്‍ അനാഥാലയത്തിലെ അന്തേവാസിയായിരുന്നു. ഇപ്പോള്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബി.എസ്.സി.ഫിസിക്സ് വിദ്യാര്‍ത്ഥിനി. താമസം കോളേജിനടുത്തുള്ള സി.എസ്.ഐ ഹോസ്റ്റലില്‍. സ്‌കോളര്‍ഷിപ്പുകള്‍ ഉള്ളതുകൊണ്ട് പഠനം തുടരുന്നു. ആദ്യമായിട്ടാണ്‌ ഞാന്‍ എന്റെ വളര്‍ത്തമ്മമാരെയും കളികുട്ടുകാരെയും പരിഞ്ഞിരിക്കുന്നത്. ആ വേര്‍പാട് ആദ്യ ദിവസങ്ങളില്‍ അസഹീനയായിമായിരുന്നെങ്കിലും ഇപ്പോള്‍ അത് ശീലമായി. എല്ലാ ആഴ്ച്ചയും അവരുടെ കത്തുകള്‍ എന്നെ തേടി വരാറുണ്ട്. കര്‍ത്താവിന്റെ കൃപകൊണ്ട് എനിക്ക് ഇവിടെ നല്ലൊരു കൂട്ടുകാരിയുണ്ട്, എന്റെ റൂംമേറ്റും ക്ലാസ്സ്‌മേറ്റുമായ ബെറ്റി.

ബെറ്റി

എന്റെ പേര്‌ ബെറ്റി. പിലാച്ചോട്ടില്‍ പ്ലാന്റേഷന്‍ ഉടമ പി.കെ.ആന്റണിയുടെയും മറിയാആന്റണിയുടെയും രണ്ടു പെണ്‍മക്കളില്‍ മൂത്തയാള്‍. അനിയത്തി ജസ്‌ന ഒന്‍പതാം ക്ലസില്‍ പഠിക്കുന്നു. അന്നയാണ്‌ എന്റെ റൂംമേറ്റ്. ഞങ്ങള്‍ എപ്പോഴും ഒരുമ്മിച്ചാണ്.

അലക്സ്

വീട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു മുടിയാനായ പുത്രന്‍, രണ്ട് പെണ്‍മക്കള്‍ക്ക് ശേഷം ഉണ്ടായ ആണ്‍കുട്ടിയായതുകൊണ്ടും കൂട്ടത്തില്‍ ഇളയവനായതുകൊണ്ടും ലാളിച്ചു വഷളാക്കി. അപ്പന്‍ പ്രമുഖ വ്യവസായിയായ മാത്യൂസ് അമ്മ മേരി. ചേച്ചിമാര്‍ ഭര്‍ത്ത് വീടുകളില്‍ സുഖമായി കഴിയുന്നു. പഠനത്തില്‍ ഉഴപ്പനാണെങ്കിലും പാട്ട് എന്റെ ജീവനാണ്‌. പഞ്ചാര അടിച്ച് നടക്കലാണ്‌ പ്രധാന ഹോബി. ഈ കാര്യത്തില്‍ ഏത് പെണ്ണിനെയും പ്രേമിച്ച് വീഴ്ത്തും എന്ന ചങ്കുറ്റവുമാണ്‌ എന്റെ എറ്റവും വലിയ കൈമുതല്‍, പിന്നെ നെല്‍വിന്റെ പിന്തുണയും.

നെല്‍വിന്‍

ഞാന്‍ നെല്‍വിന്‍. അമേരിക്കന്‍ മലയാളികളായ ഫെര്‍ണ്ടാസിന്റെയും ക്ലാരയുടെയും രണ്ടാമത്തെ മകന്‍. ചേട്ടന്‍ എല്‍വിനും കുടുംബവും കാനഡയിലാണ്. പപ്പയുടെ അനിയന്‍ ജോസിളയപ്പന്റെയും,വല്ല്യമ്മച്ചിയുടെയും കൂടെയാണ്‌ താമസം. പിന്നെ പേരിന്ന് കുടുംബ ബിസനസ്സുകളില്‍ ഇളയപ്പനെ സഹായിക്കുന്നു. പ്രധാന ജോലി പ്രണയങ്ങളും ചുവന്ന വില്ലീസ് ജീപ്പില്‍ കറങ്ങി നടക്കലുമാണ്. ഒരു പ്രണയബന്‌ധവും മൂന്നുനാലു മാസത്തില്‍ കൂടുതല്‍ ഞാന്‍ നീട്ടാറില്ല.



1991 നവംബര്‍


അന്ന

ഞാനിപ്പോള്‍ സഹപാഠികളുടെയും അദ്ധ്യാപകരുടെയുടെയും കോളേജിലെ വായ്‌നോക്കികളുടെയും പ്രിയപ്പെട്ട വിദ്യര്‍ത്ഥിനിയാണ്. പ്രണയഭ്യര്‍ത്ഥനങ്ങളുടെ പ്രവാഹങ്ങളെ നിഷ്കരുണം അവഗണിച്ചു. വളര്‍ത്തമ്മമാരുടെയും കളികൂട്ടുകാരുടെയും കത്തുകള്‍ മുടുങ്ങാതെ വരാറുണ്ട്. എങ്കിലും ഉള്ളിന്റെ ഉള്ളില്‍ അനാഥയെന്ന ബോധം വേട്ടയാടുന്നു. ഇഷ്ടം പോലെ പണമുള്ളതിന്റെ ഒരു അഹങ്കാരവും ആര്‍ഭാടവുമില്ലാത ബെറ്റിയെ പോല ഒരു സ്‌നേഹിതയെ കിട്ടിയത് എന്റെ വലിയ ഭാഗ്യമാണ്‌. ചില വാരാന്ത്യങ്ങളില്‍ ബെറ്റിയുടെ വീട്ടില്‍ പോയി നില്‍ക്കാറുണ്ട്. നല്ല സ്നേഹമുള്ളവരാണ്‌ അവളുടെ വീട്ടുകാര്‍, പ്രത്യേകിച്ച് മമ്മിയും അനിയത്തിയും. എത്ര സുന്ദരമാണ്‌ ബെറ്റിയുടെ നാടും എസ്റ്റേറ്റും.

ബെറ്റി

ക്യാമ്പസ് ജീവിതം എത്ര മനോഹരമാണ്. അതിലുപരിയാണ്‌ അന്നയുടെ സ്നേഹം തുളുമ്പുന്ന സാമീപ്യം. ഇടക്കിടെ ഞാന്‍ സ്വയം പറയും ലോകത്തിലെ എറ്റവും വലിയ ഭാഗ്യവതികളില്‍ ഒരാളാണ്‌ ഞാനെന്ന്.

അലക്സ്

കോളേജില്‍ വരുന്നത് വല്ലപ്പോഴും ആയതുകൊണ്ട് അന്നയെ കാണാനും പരിച്ചയപ്പെടാന്നും വൈകി. ഒരു ആര്‍ഭാടവുമ്മില്ലാതെ തന്നെ എന്തു ഭംഗിയാണ്‌ അവളെ കാണാന്‍. പല വമ്പന്മാരും അവളെ വീഴ്ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടു എന്നു കേട്ടപ്പോള്‍ തന്നെ എന്റെ പുതിയ ഇരയെ ഞാന്‍ ഉറപ്പിച്ചു. ദിവസവും കോളേജില്‍ പോവാന്‍ ഒരു കാരണമായി. അന്നയെ സ്വന്തമാക്കാന്‍ പുതിയ പുതിയ പദ്ധതികള്‍ തന്നെ വേണ്ടി വരും. എന്തായാലും ഒരു നല്ല അവസരം ഒത്തുവരാതിരിക്കില്ല.

നെല്‍വിന്‍

വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ട് ഇപ്പോള്‍ ബിസിനസ്സില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാലും ദിവസവും അലക്‌സിനെ കാണും. മിക്കപ്പോഴും കള്ളു കുടിച്ച് പാട്ടു പാടി നേരം വെളുപ്പിക്കും. ഈയീടയായി അലക്‌സിന്റെ പ്രധാന സംസാരവിഷയം അന്നയാണ്‌.



1992 ജനുവരി



അന്ന

അഞ്ചുമാസത്തെ നീണ്ട ഇടവേളക്ക് ശേഷം ക്രിസ്തുമസ് ലീവിന്‌ ഞാന്‍ എന്റെ വീട്ടിലേക്ക് പോയി. അവിടെ എന്നെ വളര്‍ത്തമ്മമാരും കളികൂട്ടുകാരും കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ കൂടെ ക്രിസ്തുമസ് ആഘോഷിച്ചു. ഒരാഴ്ച്ച ബെറ്റിയെ പിരിഞ്ഞിരിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി. കോളേജിലെയും ഹോസ്റ്റലിലെയും പുതുവര്‍ഷാഘോഷം ​ഗംഭീരമായിരുന്നു. എന്റെ ആദ്യത്തെ പുതുവത്‌സരാഘോഷം. അലക്‌സ് എന്ന പുതിയൊരു ശല്യം പുറകെ കൂടിയിട്ടുണ്ട്.

ബെറ്റി

ജീവിതം സുഖകരമായി മുന്നോട്ട് പോകുന്നു. അന്നയുടെ പുറകെ നടക്കുന്ന പൂവാലന്മാരെ ഓടിക്കലാണ്‌ ഇപ്പോഴന്റെ പ്രധാന ജോലി.

അലക്സ്

അപ്പന്റെ ഒരുപാട് കാശ് പൊടിച്ച് തീര്‍ത്ത് ക്രിസ്തുമസും ന്യൂഇയറും കടന്നു പോയി. കൂറെ പുറകേ നടന്നെങ്കിലും അന്ന ഒരു ബാലികേറാമലയായി നില്‍ക്കുന്നു. ഇരുവരെ കണ്ട പെണ്ണുങ്ങളില്‍ നിന്ന് എത്രയോ വ്യത്യസ്‌തയാണവള്‍.

നെല്‍വിന്‍

ക്രിസ്തുമസും ന്യൂഇയറും കഴിഞ്ഞതോടെ ബിസിനസ്സിലെ തിരക്ക് കൂടി. ഒന്നിനും സമയമില്ലാതായിരിക്കുന്നു. ഈ മാസം അലക്‌സുമായി ഒന്നു ശരിക്കും കൂടാന്‍ പോലും പറ്റിയില്ല.



1992 മാര്‍ച്ച്


അന്ന

ആദ്യവര്‍ഷത്തെ ക്ലാസുകള്‍ കഴിഞ്ഞു. സ്റ്റഡി ലീവ് തുടങ്ങി. ബെറ്റിയെ പിരിയണ്ടതുകൊണ്ട് സ്റ്റഡി ലീവിന്‌ ഹോസ്റ്റലില്‍ തന്നെ നില്‍ക്കാന്‍ തിരുമാനിച്ചു. ആ അലക്‌സ് പുറകില്‍ നിന്നു മാറുന്നില്ല. എന്തൊരു തൊലികട്ടിയായ അവന്.


ബെറ്റി

ക്ലാസു കഴിഞ്ഞു. പഠിക്കാന്‍ തുടങ്ങണം. അന്നയുടെ സഹായമാണ്‌ എറ്റവും വലിയ പ്രതീഷ.

അലക്സ്

എന്റെ ക്യാമ്പസ് ജീവിതം അവസാനിക്കാറാവുന്നു. അതില്‍ ഒരു സങ്കടവും തോന്നുന്നില്ല. പക്ഷെ അന്ന ഒരു കുഴക്കുന്ന പ്രശ്നമായി നില്‍ക്കുന്നു. തോറ്റു പിന്മാറാന്‍ മനസ്സു സമ്മതിക്കുന്നില്ല. എങ്ങനെ അവളെ സ്വന്തമാക്കും?

നെല്‍വിന്‍

ജീവിതത്തിന്റെ രസചരട് പൊട്ടിയിരിക്കുന്നു. നശിച്ച ബിസിനസ്സ് യാത്രകള്‍. അലക്‌സെ നീ എത്ര ഭാഗ്യവാന്‍.



1992 മെയ്


അന്ന

പരീക്ഷ കഴിഞ്ഞു, നല്ല മാര്‍ക്ക് കിട്ടുമെന്ന് തോന്നുന്നു. ഇനി ഒന്നരമാസത്തെ അവധിക്കാലം. ഒഴിവുക്കാലം ​ചെലവഴിക്കാന്‍ ഞാന്‍ വീട്ടിലേക്ക് തിരിച്ചു. ബെറ്റി വീട്ടിലേക്ക് വരാന്‍ നിര്‍ബന്‌ധിചെങ്കിലും അനാഥാലയത്തിലെ നിയമം അനുവദിക്കാതുകൊണ്ട് പോയില്ല. ഒന്നര മാസം അലക്‌സിനെ കാണണ്ടതില്ല എന്നത് ഒരു ആശ്വാസമാണ്. പക്ഷെ ബെറ്റിയെ എങ്ങനെ പിരിഞ്ഞിരിക്കും?

ബെറ്റി

പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കിയില്ല. അന്ന ഒരുപാട് സഹായിച്ചു. കുടുംബത്തിലുള്ള എല്ലാവരും ഒത്തു കൂടുന്ന അവധിക്കാലം നല്ല രസമാണ്‌. പക്ഷെ അന്നയെ പിരിഞ്ഞിരിക്കുന്നത് വളരെ വിഷമമുണ്ടാക്കുന്നു.

അലക്സ്

എന്റെ ക്യാമ്പസ് ജീവിതം അവസാനിച്ചു. പരീക്ഷക്ക് എന്തൊക്കയോ എഴുതി വെച്ചു. ജയിക്കുന്ന കാര്യം സംശയമാണ്‌. അന്ന എന്നെ തോല്‍പ്പിച്ചു കളഞ്ഞു, എന്റെ ആദ്യ പരാജയം. ഒരു സുഹൃത്തായി മാത്രമെ കാണാന്‍ പറ്റുവെന്ന് അവള്‍ തീര്‍ത്ത് പറഞ്ഞു. നെല്‍വിന്‍ ഇതും പറഞ്ഞ് എന്നെ കാണുമ്പോഴെല്ലാം കളിയാക്കും. രണ്ടു മാസം കൊണ്ട് അന്നയെ പ്രണയിച്ച് വീഴ്ത്താം എന്നാണ്‌ അവന്റെ വെല്ലുവിളി. അതിനായി ഒരു പന്തയം വെയ്ക്കാനും അവന്‍ തയ്യാറാണ്‌.

നെല്‍വിന്‍

ബിസിനസ്സിലെ തിരക്ക് ഒരു ശീലമായി തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ഒഴിവുസമയം കണ്ടെത്താന്‍ പറ്റുന്നുണ്ട്. കോളേജടച്ച ദിവസം ഞാന്‍ അന്നയെ കണ്ടു. ആ നിഷ്‌കളങ്ക സൌന്ദര്യം എന്നെ കീഴ്‌പ്പെടുത്തികളഞ്ഞു. ഇതുവരെ ആരോടും തോന്നാതൊരു ആകര്‍ഷണം. ഈ കാര്യം അലക്‌സിനോട് തുറന്ന് പറയാന്‍ ഒരു മടി.

[ തുടരും ]

Friday, April 9, 2010

അഭയം - 2

രേ അച്ചില്‍ വാര്‍ത്ത ദിനങ്ങള്‍ ഒരുപിടി നിരാശകള്‍ വരിവരിയായി സമ്മാനിച്ചപ്പോള്‍ എന്റെ അകവും പുറവും ഒരു പോലെ വരണ്ടു. ആത്മമിത്രങ്ങളെല്ലാം അകലേയുമായപ്പോള്‍ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ഓഫീസിലും ഹോസ്റ്റലിലും ഞാന്‍ മൂടുപടമണിഞ് ഉള്‍വലിഞ്ഞു. ഇടവേളക്കളില്‍ ആത്മമിത്രങ്ങളുടെ കോളുകള്‍ ഒരു കുളിര്‍കാറ്റായി വന്ന് എനിക്ക് ആശ്വാസമേകി.

അങ്ങനെ ഒരു സന്ധ്യയില്‍ ഹോസ്റ്റലിന്റെ ടെറസ്സിലിരുന്ന് തെളിഞ്ഞ ആകാശത്തേ നോക്കിയിരിക്കുമ്പോള്‍ ഒരു വേനല്‍ മഴപോലെ വേലുവണ്ണന്റെ ഫോണ്‍ വന്നു. ഗാംഭീര്യ സ്വരത്തില്‍ പതിവിലധികം സന്തോഷമുണ്ടായിരുന്നു.

ചിറ്റൂര്‍ കോളേജില്‍ കെമിസ്‌ട്രി ഗസ്റ്റ് ലക്‌ചററായ അണ്ണന്റെ ഏകസന്താനം സുവര്‍ണ്ണക്ക് നല്ലൊരു ആലോച്ചന വന്നിട്ടുണ്ട്. ചെറുക്കന്‍ പാലക്കാട്ടു വിക്‌ടോറിയ കോളേജിലെ ഫിസിക്സ് ലക്‌ചററാണ്. വരുന്ന ഏപ്രില്‍ ഇരുപത്തിനാല്‌ വെള്ളിയാഴ്ച്ച കല്ല്യാണ തിയ്യതി ഉറപ്പിക്കാന്‍ ചെറുക്കന്റെ വീട്ടുകാര്‍ വരുന്നുണ്ട്. അണ്ണന്റെ നിര്‍ബന്ധത്തിനു വഴങ്ങി അന്ന് അവിടെ എത്താമെന്നു ഞാന്‍ വാക്കു നല്‍കി.

ഗരുവായൂരിലെ ഒരു ലോഡ്ജില്‍ അടുത്തടുത്ത മുറികളില്‍ താമസിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ പരിച്ചയമാണ്‌ ഇപ്പോള്‍ നാലം വര്‍ഷത്തില്‍ എത്തിയിരിക്കുന്നത്. അന്നു മുതല്‍ എപ്പോള്‍ എറണാകുളത്ത് എത്തുപ്പോഴും വേലുവണ്ണന്‍ എന്നെ കണ്ട് കുറച്ച് നേരമെങ്കിലും സംസാരിച്ചിട്ടെ പോവാറുള്ളു.

മൂളിപാട്ടു പാടി ഞാന്‍ റൂമിലേക്ക് നടക്കുമ്പോള്‍ മൊഫൈല്‍ വീണ്ടും ശബ്ദിച്ചു. അമ്പാട്ടുകരയിലേക്ക് ഇരുപത്തിനാലാം തിയ്യതി എത്താന്‍ മറ്റൊരു ക്ഷണം കൂടി, അയ്യപ്പണ്ണന്റെ വക. വേലുവണ്ണന്റെ നിര്‍ബന്ധപ്രകാരമായിരുന്നു വിളി.

രണ്ടാഴ്ച്ച കഴിഞ്ഞുള്ള യാത്ര എന്നില്‍ ഉന്‍മേഷത്തിന്റെ പുതുവിത്തുകള്‍ മുളപ്പിച്ചു.

പിന്നെയുള്ള ഒഴിവുസമയങ്ങളില്‍ പ്രധാന ജോലി വിവിധ സംഗീതാല്‍ബങ്ങളുടെയും,ക്ലാസിക് സിനിമക്കളുടെയും ഡൌണ്‍ലോഡിങ്ങും, അവയെ ഡി.വി.ഡികളിലേക്ക്
മാറ്റലുമായിരുന്നു. ഡി.വി.ഡികളെല്ലാം വേലുവണ്ണനും,അയ്യപ്പണ്ണനുള്ള സമ്മാനങ്ങളായിരുന്നു.

വെള്ളിയാഴ്ച്ച അവധിയെടുത്ത് വ്യാഴാഴ്‌ച്ച വൈകുന്നേരം ഞാന്‍ അമ്പാട്ടുകരയിലേക്കുള്ള എന്റെ മൂന്നാമത്തെ യാത്ര തുടങ്ങി. ഡി.വി.ഡി സമ്മാനങ്ങളുടെ കൂടെ സുവര്‍ണ്ണക്കും ഒരു സമ്മാന പൊതി കരുത്തിയിരുന്നു. പുതിയ എംബ്രോയിഡറി ഡിസൈനുകള്‍. എംബ്രോയിഡറി ഡിസൈനിംഗില്‍ അവള്‍ ഒരു വിദഗ്ധയാണ്‌.

തൃശൂര്‍ പാലക്കാട് റൂട്ടില്‍ റോഡുപണി നടക്കൂന്നതിനാല്‍ വടക്കാഞ്ചേരി വരെ ബസ്സ് ഇഴഞ്ഞു നീങ്ങുകയായിരുന്നു. ആലത്തുര്‍ എത്തിയപ്പോഴേക്കും നേരം ഇരുണ്ടു. നേര്‍ത്ത ഇരുളില്‍ കരിമ്പനകള്‍ അതിരിടുന്ന കൊയ്യ്‌ത്തു കഴിഞ്ഞ ആലസ്യത്തില്‍ കിടക്കുന്ന പാടങ്ങക്കിടയിലൂടെയുള്ള യാത്രയില്‍ പലവട്ടം ഞാന്‍ എന്റെ ബാല്യത്തിലേക്ക് മടങ്ങി.

മങ്ങിയ വെളിച്ചത്തില്‍ നാണക്കുണുങ്ങി നില്ക്കുന്ന ഗ്രാമീണത നശിക്കാത്ത അങ്ങാടികളും വിശാലമായ പാടങ്ങളും എന്നില്‍ വിഷാദം കലര്‍ന്ന ഓര്‍മ്മക്കളുണര്‍ത്തി. വിഷാദഓര്‍മ്മക്കളത്രയും വികസനം നശിപ്പിച്ച എന്റെ ഗ്രാമത്തെ പറ്റിയായിരുന്നു.

പ്രതീഷിച്ചതിലും ഒരു മണിക്കുര്‍ വൈകി ഞാന്‍ അമ്പാട്ടുകരയില്‍ എത്തിച്ചേര്‍ന്നു. യു.പി.സ്കൂളിനു മുന്‍പിലുള്ള ബസ്സ്‌സ്റ്റോപ്പില്‍ അയ്യപ്പണ്ണന്‍ എന്നെയും കാത്ത് നില്ക്കുന്നുണ്ടായിരുന്നു.

നിലാവിന്റെ ശോഭയില്‍ തിളങ്ങുന്ന ചെമ്മണ്‍ പാതയിലൂടെ നാട്ടുവിശേഷങ്ങള്‍ പറഞ്ഞ് ഞങ്ങള്‍ വേലുവണ്ണന്റെ വീട്ടിലേക്ക് നടന്നു. വേലുവണ്ണന്റെ വീട്ടിലെത്താന്‍ ബസ്സ്‌സ്റ്റോപ്പില്‍ നിന്ന് പത്തുമിനിട്ടു
നടന്നാല്‍ മതി.

നോക്കത്താ ദൂരം പരന്നു കിടക്കുന്ന വയലുകള്‍ക്കു നടുവില്‍ നാലടിയോളം ഉയരത്തിലുള്ള വിശാലവും ഫലഭൂവിഷ്ടവുമായ പറമ്പില്‍ തലയുര്‍ത്തിനില്‍ക്കുന്ന നൂറ്റാണ്ടു പിന്നിട്ട പഴയ മാളിക വീട്, വീടിനോട് ചേര്‍ന്ന് പത്തായപ്പുരയും ഗസ്റ്റ്‌ഹൌസും അതാണ്‌ മൂപ്പശ്ശേരി തറവാട്. വേലുവണ്ണന്റെ വാസസ്ഥലം.

മൂപ്പശ്ശേരി തറവാടിനും പറമ്പിനും ഒരു മാറ്റവുമില്ല. കല്യാണനിശ്ചയം പ്രമാണിച്ച് തറവാട് ഒന്നു വെള്ളപൂശിയിട്ടുണ്ട്.

വേലുവണ്ണന്റെയും കുടുംബത്തിന്റെയും ഹൃദ്യമായ സ്വീകരണം സ്വന്തം വീട്ടിലെത്തിയ പ്രതീതിയുണര്‍ത്തി. സമ്മാനങ്ങള്‍ അവകാശികള്‍ക്ക് കൈമാറിയ ശേഷം വേലുവണ്ണന്റെ സുഹൃത്തുകളോടും ആശ്രിതരോടും പരിച്ചയം പുതുക്കി കുറച്ച് നേരം കുശലം പറഞ്ഞു. പിന്നെ കുളിച്ച് വസ്ത്രം മാറാനായി ഗസ്റ്റ്‌ഹൌസിലേക്ക് നടന്നു.

ഞാന്‍ കുളി കഴിഞ്ഞ് വസ്ത്രം മാറി വന്നതും പത്തായപുരയില്‍ സഭ ആരംഭിച്ചു. ഒരു പറ്റം മദ്ധ്യവയസ്സ്കര്‍ക്കിടയില്‍ ഒരു കൊച്ചുകുട്ടിയെ പോലെ ഞാനിരുന്നു. ശോകനാശിനിയിലെ പാവം മീനുകള്‍ കറിരൂപത്തിലും വറുത്തരൂപത്തിലും പനങ്കളിനു മേമ്പൊടിയായി. നിശ്ചയം പ്രമണിച്ച് വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം സഭ വേഗം അവസാനിപ്പിച്ചു, നാളെ ശിവരത്രിയാക്കണമെന്ന തിരുമാനത്തോടെ. അപ്പോഴേക്കും എന്റെ വയര്‍ ഒരു കുടം പോലെയായി കഴിഞ്ഞിരുന്നു.

പതിയെ ഓരോരുത്തരായി പിരിഞ്ഞു, അയ്യപ്പണ്ണനും. മൂപ്പശ്ശേരി നിന്നും അരമണിക്കുര്‍ നടക്കണം അയ്യപ്പണ്ണന്റെ വീട്ടിലെത്താന്‍. വേലുവണ്ണനു ശുഭരാത്രി നേര്‍ന്ന് ഞാന്‍ ഗസ്റ്റ്‌ഹൌസിലേക്ക് നടന്നു.

ബസ്സിലിരുന്ന് കറച്ച് സമയം മയങ്ങിയതുകൊണ്ടാവണം എനിക്ക് ഉറക്കം വന്നില്ല. ഞാന്‍ ഗസ്റ്റ്‌ഹൌസ് പൂട്ടി പുറത്തിറങ്ങി. മൂപ്പശ്ശേരിയും വളപ്പും മുന്‍പിലെ വിശാലമായ വയലും വിജിനം. അപരിചിതമായ പാടവരമ്പിലൂടെ നാട്ടുവെളിച്ചത്തിന്റെ സഹായത്തോടെ ഒരു പരിചിതനെപൊലെ ഞാന്‍ നടന്നു.... ഓടി.....

അപ്പോള്‍ മനസ്സില്‍ ഒരു ആശ കടന്നു വന്നു. മഴക്കാലമായിരുന്നെങ്കില്‍ മഴകൊള്ളാമായിരുന്നു, ചെളി വെള്ളം തെറുപ്പിച്ച് അടക്കാമായിരുന്നു പൊടി മീനിനെ പിടിക്കാമായിരുന്നു........

സഹ്യന്‍ തലോടി വിടുന്ന കുളിര്‍ കാറ്റേറ്റ് തളര്‍ച്ചയിലാതെ ഞാന്‍ പിന്നെയും മുന്‍പോട്ട് നടന്നു. അല്പദുരം നടന്നതും ഒരു ദൃശ്യം എന്നെ ആകര്‍ഷിച്ചു. വരി വരിയായി നട്ട കരിമ്പനകള്‍ അതിരെടുന്ന കുറച്ച് ഇടിഞ്ഞു പൊളിഞ്ഞ ആള്‍താമസം ഇല്ലെന്നു തോന്നിക്കുന്ന ഒരു കൊച്ചു വീട് അതിനു തൊട്ടു മുന്‍പിലായി ചിതറി കിടക്കുന്ന ചെറിയ കരിമ്പപാറകള്‍. ഉള്‍പ്രേരണയാല്‍ ഞാന്‍ കരിമ്പാറകളുടെ അടുത്തേക്ക് നടന്നു എന്നിട്ട് എറ്റവും വലിയ പാറയില്‍ കയറി ഇരുന്നു.

കുളിര്‍ കാറ്റിന്റെ സംഗീതം ആസ്വദിച്ച് മാനത്തെ നഷത്രങ്ങളെ നോക്കിയുള്ള ഇരുപ്പ് കുറേ നേരം കഴിഞ്ഞപ്പോള്‍ കിടപ്പായി മാറി. കരിമ്പനകള്‍ എനിക്ക് വെഞ്ചാമാരം വീശി. എന്റെ കണ്ണുകള്‍ പതിയെ അടഞ്ഞു.

പെട്ടന്ന് ഞാന്‍ ഞെട്ടിയെഴുന്നേറ്റു. ചുറ്റിലും നോക്കി, ആരുമില്ല. കരിമ്പനയോലകള്‍ അപ്പോഴും കാറ്റിലാടുന്നുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ കണ്ടത് സ്വപ്നമായിരുന്നോ? വിശ്വസിക്കാന്‍ അല്പം പ്രയാസം തോന്നി.

ഞാന്‍ മൊഫൈല്‍ എടുത്ത് സമയം നോക്കി. മൂന്നേ പത്ത്.

ധൈര്യം സംഭരിച്ച് ഞാന്‍ കരിമ്പനകൂട്ടത്തിനടുത്തേക്ക് ചെന്നു.

അവിടെ ആരുമില്ലായിരുന്നു. ചീവിടുകളുടെ രോദനം എനിക്ക് പൊളിഞ്ഞു തുടങ്ങിയ വീടിന്റെ തേങ്ങലായി തോന്നി.

പത്തു മിനിറ്റു മുന്‍പ് കണ്ട സ്വപ്നത്തെ ഓര്‍ത്തെടുത്തുകൊണ്ട് ഞാന്‍ വേലുവണ്ണന്റെ വീട്ടിലേക്ക് തിരിച്ചു നടന്നു.

പാറയില്‍ കിടന്നു ഉറങ്ങിപോയ എന്റെ തൊട്ടടുത്ത് ഒരു കല്ല്‌ വന്നു വീണു. ഞാന്‍ കണ്ണു തുറന്ന് എഴുന്നേറ്റിരുന്നു. വരി വരിയായി നില്‍ക്കുന്ന കരിമ്പനകള്‍ക്കിടയില്‍ ചുവന്ന മുണ്ടു
ധരിച്ച മുടി നീട്ടി വളര്‍ത്തിയ ഒരു കുറുകിയ മനുഷ്യന്‍. അയാളുടെ ഇരുഭാഗത്തുമായി രണ്ടു നായകളും. അവ എന്നെ നോക്കി മുരളുന്നുണ്ട്.

എന്നെ തുറിച്ച് നോക്കുന്ന അയാളെ ഭയത്തോടെ ഞാന്‍ നോക്കി.

ആരാ ? എന്താ ഇവിടെ? പരുക്കന്‍ ശബ്ദം എന്റെ നേരെ വന്നു.

ജന്‌മനാലുള്ള വിക്ക് അല്പം കൂടി. ഞാന്‍ ആരാണെന്നുള്ളത് ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.

ഭാവ വ്യത്യാസമില്ലാതെ അയാള്‍ വീണ്ടും ശബ്ദിച്ചു. ഭഗവതിയുടെ തിരി വെയ്ക്കണ സ്ഥലാ അവിടെ കള്ളുകുടിച്ച് ഇരിക്കാന്‍ പാടില്ല്യ. അതും ഈ അസമയത്ത്.

ഞാന്‍ അനുസരണയോടെ തലയാട്ടികൊണ്ട് എഴുന്നേറ്റു നിന്നു മാപ്പ് പറഞ്ഞു.

കുട്ടി വേഗം മടങ്ങിപൊയിക്കോള്ളു ഇഴജെന്തുകളുണ്ടാവും. അയാളുടെ പരുക്കന്‍ ശബ്ദ്ത്തിനു നേരിയ മയം വരുത്തി പറഞ്ഞുകൊണ്ട് അപ്രത്യക്ഷനായി കൂടെ ആ രണ്ടു നായകളും.

നാലുമണിക്ക് ഞാന്‍ വേലുവണ്ണന്റെ വീട്ടില്‍ തിരിച്ചെത്തി. എല്ലാവരും നല്ല ഉറക്കത്തിലാണ്. ഞാനും ഉറങ്ങാനായി കിടന്നു. നിദ്ര എന്നെ കീഴടക്കുന്നതുവരെ എന്റെയുള്ളിലെ വിശ്വാസിയും അവിശ്വാസിയും പരസ്പരം കലഹിച്ചു.

ഒന്‍പതു മണിക്ക് വേലുവണ്ണന്‍ വന്ന് വിളിച്ചപ്പോള്‍ ഞാനുണര്‍ന്നു.

ഉറക്കം ശരിയായില്ലേ എന്ന് അന്വേഷിച്ച അണ്ണനെ നോക്കി ഒന്നു ചിരിച്ച് തലയാട്ടുക മാത്രം ചെയ്തു.

വത്സല്യത്തോടെ വേഗം കുളിച്ച് വാടാ എന്നു പറഞ്ഞ് അണ്ണന്‍ നിശ്ചയത്തിന്റെ തിരക്കിലേക്ക് മടങ്ങി.

പറമ്പിനു പുറകിലുള്ള കുളത്തില്‍ പോയി മതി വരുവോളം മുങ്ങി കുളിച്ച് വസ്ത്രം മാറി ഞാനും നിശ്ചയത്തിന്റെ ഒരു കാര്യകാരനായി മാറി.

പതിനൊന്നായപ്പോഴേക്കും ചെറുക്കന്റെ വീട്ടുകാര്‍ വന്നു. ആഢ്യത്വത്തിന്റെയും ആഭിജ്യാത്യത്തിന്റെയും ഉത്തമ ഉദാഹരണങ്ങളായ കുറച്ച് കാരണവന്മാര്‍ പിന്നെ പേരിനു രണ്ടു മൂന്നു ചെറുപ്പക്കാരും അതായിരുന്നു ആ സംഘം.

കുറച്ച് നേരത്തെ കൂട്ടലും കിഴിക്കലിനും ശേഷം കല്ല്യാണ തിയ്യതി ഉറപ്പിച്ചു. ആഗസ്റ്റ് ഒന്‍പത് ഞായറാഴ്ച്ച പതിനൊന്നിനും പതിനൊന്നരക്കും ഇടക്ക് മുഹൂര്‍ത്തം. പെണ്ണിന്റെയും ചെറുക്കന്റെയും അമ്മാവന്‍മാര്‍ ജാതകം കൂട്ടികെട്ടി. വിഭവസമൃദ്ധമായ സദ്യക്കു ശേഷം ചെറുക്കന്റെ വീട്ടുകാര്‍ സംതൃപ്തിയോടെ മടങ്ങി.

എല്ലാം പണികളും തീര്‍ത്ത് ഞങ്ങള്‍ വെടിവട്ടത്തിനിരുന്നു. സമകാലീന രാഷ്ട്രീയമായിരുന്നു വിഷയം. കലുങ്കുഷമായ ചര്‍ച്ചക്കളും വാഗ്‌വാദങ്ങളും വൈകുന്നേരം വരെ നീണ്ടു. വൈകുന്നേരത്തെ കാപ്പിക്കുശേഷം സഭ പരിഞ്ഞു സന്ധ്യയിലെ മാമങ്കത്തിനു മുന്‍പുള്ള ഒരു ഇടവേളക്കായി.

അയ്യപ്പണ്ണന്റെ ക്ഷണം സ്വീകരിച്ച് ഞാന്‍ അദ്ദേഹത്തിന്റെയൊപ്പം വീട്ടിലേക്ക് നടന്നു. മൂന്നുനാലു മിനിറ്റിന്റെ മൌനത്തിനു വിരാമമിട്ട് ഞാന്‍ ഇന്നലത്തെ നിശായാത്രയെയും,സ്വപ്നത്തെയും പറ്റി അദ്ദേഹത്തോട് പറഞ്ഞു.

അല്‍ഭുതത്തോടെ അയ്യപ്പണ്ണന്‍ എന്നെ നോക്കി. ഒന്ന് ഓര്‍ത്തെടുത്ത ശേഷം അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എന്നെ അത്യധികം ആശ്ചര്യപ്പെടുത്തി.

ഞാന്‍ കണ്ടത് പത്തുമുപ്പതു വര്‍ഷം മുന്‍പ് മരിച്ച, ഭഗവതി കാവിലെ കോമരമായിരുന്ന മാടന്റെ വീടായിരുന്നു. ശുദ്ധരില്‍ ശുദ്ധനായിരുന്ന കോമരത്തിന്റെ ശബ്ദം വളരെ പരുക്കനായിരുന്നു. ചുവന്ന മുണ്ടായിരുന്നു മുടി നീട്ടി വളര്‍ത്തിയിരുന്ന മാടന്‍ കോമരത്തിന്റെ സ്ഥിരം വേഷം. ഒരു അകമ്പടിയെന്ന പോലെ രണ്ടു നായകള്‍ എപ്പോഴും കൂടെയുണ്ടാവുമായിരുന്നു. മാടന്‍ കോമരം മരിച്ച് അധികം കഴിയും മുന്‍പേ അയാളുടെ ഭാര്യയും മരിച്ചു. ആ സ്ത്രീ മരിക്കുന്നതു വരെ കരിമ്പന കൂട്ടത്തിനു തൊട്ടടുത്തുള്ള പാറകൂടങ്ങളിലെ വലിയ പാറയില്‍ നിത്യവും തിരിവെക്കുമായിരുന്നു. അവര്‍ മരിച്ച് മാസങ്ങള്‍ കഴിയും മുന്‍പേ കോമരത്തിന്റെ മക്കള്‍ ആ വീടും പറമ്പും വേലുവണ്ണന്റെ ഒരു ബന്‌ധുവിന്‌ വിറ്റു. അന്നു മുതല്‍ ആ കൊച്ചു വീട്ടില്‍ ആള്‍ താമസമില്ല.

അധികം വൈകാതെ സംസാരം വീണ്ടും സംഗീതത്തെക്കുറിച്ചായി.

അരുണന്റെ സായാഹ്നരശ്മികളേറ്റ് വിയര്‍ത്ത് ഞങ്ങള്‍ അയ്യപ്പണ്ണന്റെ വീട്ടിലെത്തി. മൃദംഗത്തിന്റെ നാദവീചികള്‍ ആ വീട്ടിലേക്ക് എന്നെ സ്വാഗതം ​ചെയ്തു. ആ പഴയ ഇരുനില വീട്ടിന്റെ ഉമ്മറത്ത് വെച്ച് ഞാന്‍ അയ്യപ്പണ്ണന്റെ വാക്കുകളിലൂടെ സുപരിചിതനായ ബാലുവിനെ പരിചയപ്പെട്ടു. ഞങ്ങള്‍ വരുമ്പോള്‍ വീടിന്റെ ഉമ്മറത്തിരുന്ന് മൃദംഗം വായിക്കുകയായിരുന്നു ബാലു. ഒറ്റയാനായ അണ്ണന്റെ മരുമകനും വിനീത ശിഷ്യനും അതിലേറെ ആത്മാര്‍ഥ മിത്രവുമാണു അവന്‍. ഒരു സംഗീത സ്‌കുളിന്റെ ഉപകരണങ്ങളുടെ മിനിക്കുപണികളുമായി കഴിഞ്ഞ ഒരാഴ്ച്ചയായി തൃശൂരിലായിരുന്നു ബാലു.

അയ്യപ്പണ്ണന്‍ മേലുകഴുകി വസ്ത്രം മാറി വരുന്നതു വരെ ഞാന്‍ വീടിന്റെ പൂമുഖത്തിരുന്നു ബാലുവിന്റെ മൃദംഗവായന ആസ്വദിച്ചുകൊണ്ടിരുന്നു. അണ്ണന്‍ തിരിച്ചു വന്നതും ബാലു വീടു പൂട്ടിയിറങ്ങി. മൃദംഗവും,ഓടകുഴലും അവന്‍ കൈയില്‍ കരുതിയിരുന്നു. സന്ധ്യയിലെ മാമാങ്കത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച് ഞങ്ങള്‍ വേലുവണ്ണന്റെ വീട്ടിലേക്ക് നടന്നു.

ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കും മൂപ്പശ്ശേരിയിലെ പത്തായപുരയെ ഒരു മിനികള്ളുഷാപ്പാക്കി മാറ്റാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. പത്തായപ്പുരയിലെ പഴയ ഊണുമേശ പല വിഭവങ്ങള്‍കൊണ്ട് നിറഞ്ഞു. മേശക്കടിയില്‍ രണ്ട് കനാസ് പനങ്കള്ള്‌ ഒളിച്ചിരുന്നു.

സ്ഥലത്തെ രണ്ട് ദിവ്യന്മാര്‍ കൂടിയെത്തിയത്തോടെ സഭ തുടങ്ങി. അയ്യപ്പണ്ണനും ബാലുവും പശ്ചാത്തല സംഗീതമൊരുക്കി. നാടന്‍ ഗായകന്മാര്‍ അതിനൊത്ത് പാടി.

ഗ്ലാസുകള്‍ മുറക്ക് നിറയുകയും ഒഴിയുകയും ചെയ്തപ്പോള്‍ പാട്ടിനു പുറകെ ആട്ടവും അരങ്ങേറി. ഞാനും വേലുവണ്ണുനം ​കാഴ്ച്ചക്കാരായി അടങ്ങിയിരുന്നു. താരങ്ങള്‍ അയ്യപ്പണ്ണനും ബാലുവുമായിരുന്നു. ഇരുവരും ഓടകുഴലിലും മൃദംഗത്തിലും മാറി മാറി നാദധാര പൊഴിച്ച് ഞങ്ങളെ ധന്യരാക്കി.

ആ മാമങ്കാം അര്‍ധരാത്രി വരെ നീണ്ടു. . പന്ത്രണ്ടു ഗ്ലാസ് പനങ്കള്ള്‌ അകത്താക്കിയ ദിവാകരേട്ടന്‍ വിജയിയായി സ്വയം പ്രഖ്യാപ്പിച്ചു. കനാസും വിഭവങ്ങള്‍ നിറച്ച പാത്രങ്ങളും കാലിയായപ്പോള്‍
അപ്രതീക്ഷിതമായി വേലുവണ്ണന്‍ ശോകനാശിനി തീരത്തേക്ക് പോവാം എന്ന നിര്‍ദ്ദേശം വെച്ചു. എല്ലാവരും അതിനെ പിന്‍താങ്ങിയപ്പോള്‍ രണ്ട് കാറില്‍ കയറി ഞങ്ങള്‍ ശോകനാശിനി തീരത്തെത്തി.

ഇരുട്ടിന്റെ പുതപ്പണിഞ്ഞ പുഴയോരം കള കളം ​പാടി ഞങ്ങളെ വരവേറ്റു. പഴക്കരയിലിരുന്ന് ഞങ്ങള്‍ പാട്ടും ആട്ടവും തുടരവേ പെട്ടന്ന് എന്റെ മനസ്സില്‍ ഒരാഗ്രഹം ഉടലെടുത്തു. എന്റെ മനസ്സ് ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി. അവരില്‍ ഒരാളായിരുന്ന് എന്നില്‍ അപ്രതീക്ഷിതമായി എന്നില്‍ ഉറഞ്ഞു കൂടിയ ആ ആഗ്രഹത്തെ ഞാന്‍ ഒരു തിരുമാനമാക്കി മാറ്റി.

നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ മനസ്സ് ബഹളങ്ങളിലേക്ക് തിരികെ വന്നു. ബ്രഹ്മമുഹൂര്‍ത്തം വരെ ഞങ്ങള്‍ ശോകനാശിനി കരയിലിരുന്ന് ആനന്ദത്തിലാറടി നേരം പുലരും മുന്‍പേ കൂടണഞ്ഞു.

പതിനൊന്നുമണിക്ക് സുവര്‍ണ്ണ ഞങ്ങളെ വിളിച്ചുണര്‍ത്തി. പല്ലു തേച്ച് കാപ്പി കുടിച്ച ശേഷം ബാലുവും,വേലുവണ്ണനും,അയ്യപ്പണ്ണനും ഞാനും കുളത്തില്‍ മുതലകളെപോലെ നീന്തി തുടിച്ചു.

ഉച്ചയൂണിനു ശേഷം നിമിഷങ്ങള്‍ക്ക് വേഗത കൂടി. മൂപ്പശ്ശേരി പൂമുഖത്തെ പഴഞ്ചന്‍ ക്ലോക്ക് മൂന്നടിച്ചപ്പോള്‍ ഞാന്‍ തിരിച്ച് പോക്കിനൊരുങ്ങാന്‍ തുടങ്ങി. അപ്പോഴേക്കും സുവര്‍ണ്ണ ഞങ്ങള്‍ക്ക് കാപ്പിയുമായി വന്നു.

കാപ്പി ഊതി ഊതി കുടിക്കവെ ഞാന്‍ വന്ന രാത്രിയിലെ കറക്കവും,സ്വപ്നവും പിന്നെ മാടന്‍ കോമരത്തിന്റെ വീടും പറമ്പും സ്വന്തമാക്കാനുള്ള എന്റെ പുതിയ മോഹവും പരസ്യമാക്കി .

തെല്ല്‌ ആശ്ചര്യത്തോടെ എല്ലാവരും എന്നെ നോക്കി.

ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ വീണ്ടും ഞാന്‍ മോഹം ഞാന്‍ ആവര്‍ത്തിച്ചു.

എന്നെ അമ്പരപ്പിച്ച് ആ നല്ല സുഹൃത്തുകളെല്ലാം എനിക്ക് പിന്‍തുണ വാഗ്ദനം ചെയ്തു.

എല്ലാവരോടും താത്കാലികമായി യാത്ര പറഞ്ഞ് ബാലുവിന്റെ ബൈക്കിന്റെ പുറകില്‍ കയറി ഞാന്‍ ചിറ്റൂര്‍ ബസ്സ്റ്റാന്‍ഡിലേക്ക് പുറപ്പെട്ടു. ഈ ഭൂമിയില്‍ ആദ്യമായി അല്പം മണ്ണ്‌ സ്വന്തമാക്കാന്‍ പോകുന്ന ആഹ്ളാദത്തോടെ, അഭയസ്ഥാനം കണ്ടെത്തിയ നിര്‍വൃതിയോടെ..........