Friday, May 6, 2011

നുറുങ്ങുവെട്ടം

എന്റെ കേശൂ,

എന്താണ്‌ ശരശയ്യെന്ന് ഞാന്‍ അറിയുന്നു. എനിക്ക് ചുറ്റിലും പുഞ്ചിരിക്കുന്ന ശാന്ത മുഖങ്ങള്‍ മാത്രമെയുള്ളു. എങ്കിലും അവര്‍ അധികാരത്തിനും പണത്തിനും വേണ്ടി അധികം ആരുമറിയാതെ രൌദ്രവും ലാസ്യവും ഭീഭത്സവും എടുത്തണയുന്നു. ആ ചെയ്തികളൊന്നും എന്നെ നേരിട്ട് ബാധിക്കുന്നില്ല. എങ്കിലും അറപ്പുള്ളവാക്കുന്ന രഹസ്യനീക്കങ്ങള്‍ എന്നെ വല്ലാതെ മടിപ്പിക്കുന്നു.

ഈ അദൃശ്യപോരാളികള്‍ പലപ്പോഴും എന്റെ അടുത്ത് മനസ്സു തുറക്കാറുണ്ട്. അപ്പോഴും അവരുടെ മുഖത്ത് എനിക്ക് കാണാനാവുന്നത് യൂദാസിനെയാണ്. പൊയ്മുഖമണിഞ്ഞ ഈ മനുഷ്യന്മാരെ ഞാന്‍ വല്ലാതെ വെറുക്കുന്നു. കേശൂ ഇവര്‍ക്കിടയില്‍ ഞാന്‍ നില്‍ക്കുന്നത് ഗാലറിയില്‍ ഇരുന്ന് കളികാണുന്നപോലെയാണ്‌. എന്നിട്ടും എന്റെ മനസ്സ് പലപ്പോഴും വിങ്ങി പോവുന്നു. എന്നെ കാത്തിരിക്കുന്നത് എന്താണെന്ന് എനിക്കറിയില്ല. അറിഞ്ഞോ അറിയാതയോ ഞാനും ഈ വടം വലിയുടെ ഭാഗമായി പോവുന്നു. പലപ്പോഴും ഞാന്‍ നടത്തുന്ന ശാന്തിപരിശ്രമങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാകുന്നു. എങ്കിലും അവര്‍ എപ്പോഴും എന്നെ നോക്കി പുഞ്ചിരിക്കുന്നു അതാണെന്നെ വല്ലാതെ അലോസരപ്പെടുത്തുന്നത്. ഒഴുക്കിനെതിരെ നീന്താന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്, പക്ഷെ പലപ്പോഴും എന്റെ കൈകാലുകള്‍ തളര്‍ന്നു പോകുന്നു.

കേശൂ എകാന്തത എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു. വൃഥായുള്ള മനന്മാണ്‌ ഇപ്പോള്‍ എന്റെ എറ്റവും പ്രിയപ്പെട്ട നേരംമ്പോക്ക്. പലപ്പോഴും എങ്ങോട്ടെങ്കിലും ഓടിപോകാന്‍ തോന്നുന്നു. പക്ഷെ എങ്ങോട്ട് ? എന്ന ചോദ്യത്തിനു മുന്നില്‍ ഞാന്‍ പകച്ചു നിന്നു പോവുന്നു.

കേശൂ നിനക്കെ എന്നെ മനസ്സിലാക്കാന്‍ പറ്റൂ. നിന്റെ മറുപടിയും കാത്ത്


നിന്റെ സ്വന്തം

അച്ചു


-------------------------



പ്രിയപ്പെട്ട അച്ചു,


ചിന്തിച്ചിരുന്നാല്‍ ഒരു അന്തുവുമില്ല, ഇല്ലെങ്കില്‍ ഒരു കുന്തവുമില്ല എന്ന ചൊല്ല്‌ നീ കേട്ടിട്ടില്ലേ ?

നീ എങ്ങോട്ട് ഓടിപോയാലും സഹാചര്യങ്ങളും വ്യക്തികളെ മാറുന്നുള്ളൂ വ്യവസ്ഥിതി മാറുന്നില്ല. ഭൂമിയുടെ ഏത് കോണില്‍ പോയാലും വെല്ലുവിളികള്‍ എവിടെയും നിന്നെ കാത്ത് ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ട് ഒളിച്ചോട്ടം ഒന്നിനും ഒരു പരിഹാരമല്ല. കര്‍മ്മഫലം ഇച്ഛിക്കാതെ നിന്റെ കര്‍മ്മം തുടരുക. മാറ്റമില്ലാത്തത് മാറ്റത്തിനുമാത്രമാണ്. കോളേജില്‍ പഠിക്കുമ്പോള്‍ നമ്മള്‍ ആവേശത്തോടെ വായിച്ച മഹത്ചരിതങ്ങള്‍ നീ മറന്നുവോ ? നിന്റെ വിനയവും സത്യസന്ധതയും കൈവെടിയാതിരിക്കുക. സത്ശ്രമങ്ങള്‍ തുടരുക‌. നിനക്ക് എല്ലാവിധ നന്മങ്ങളും നേരുന്നു.



നിന്റെ സ്വന്തം

കേശൂ




-------------------------


അനുബന്ധം: തിയ്യതിയും സ്ഥവും മനപൂര്‍വ്വം ഉപേക്ഷിക്കുന്നു.

Wednesday, April 20, 2011

ദൃശ്യം 2011

കവലയുടെ മര്‍മ്മഭാഗത്തെ പൊളിഞ്ഞു തുടങ്ങിയ പുരാതന കെട്ടിടത്തിന്റെ വരാന്തയിലേക്ക് ഭാര്‍ഗവന്‍ വാശിയോടെ ഓടികയറി. അയാളുടെ കൈയില്‍ ഒരു ഇഞ്ചോളം വണ്ണമുള്ള പ്ലാസ്റ്റിക് കയറുമുണ്ടായിരുന്നു.

അയാള്‍ ആയാസപ്പെട്ട് കെട്ടിടത്തിന്റെ മുന്നില്‍ കിടന്ന നാലുവെട്ടുകല്ലുകള്‍ ഒന്നിനു മീതെ ഒന്നായി അഴുക്കുനിറഞ്ഞ വരാന്തയിലേക്ക് എടുത്തുവെച്ചു. പിന്നെ സാവധാനം പ്ലാസ്റ്റിക് കയര്‍ ഉത്തരത്തില്‍ കെട്ടി കുരുകിട്ടാന്‍ തുടങ്ങി. അതോടെ കവലയിലെ പുരുഷാരം ഉച്ചയൂണ്ണിന്റെ ആലസ്യമകന്ന് ആകാംഷയോടെ ഭാര്‍ഗവന്റെ ലീലാവിലാസങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

കുരുകിട്ട ഉടനെ ഭാര്‍ഗവന്‍ ആക്രോശിച്ചു. "പട്ടികളെ ഞാന്‍ ചാവാന്‍ പോവുകയാ "

കടകളുടെ വരാന്തയില്‍ നിന്ന് പലരും പിറു പിറുത്തു.

" ഇന്നു രാവിലെ അട്ടബിജു ഇടുത്തിട്ട് പൂശിയതിന്റെയാ. "

" ഇയാളുടെ ഗീര്‍വാണങ്ങള്‍ നമ്മളെത്ര കേട്ടിരിക്കുന്നു. "

അടുക്കിവെച്ച വെട്ടുകല്ലുകളില്‍ കയറി കുരുക്കിന്‍ തൊട്ടു താഴെ നിന്ന് ഭാര്‍ഗവന്‍ ഒരിക്കല്‍ കൂടി തന്റെ നാട്ടുകാരെ നോക്കി. ആരും അനങ്ങുനില്ല. എല്ലാവരും തന്നെ നോക്കിയിരിപ്പാണ്.

നാലുപാടും ഒന്നു കൂടി വീക്ഷിച്ച ശേഷം അയാള്‍ കഴുത്തില്‍ കുരുകിട്ട് വെട്ടുകലിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി. കരിവീട്ടി പോലെ കറുത്ത ആ കഴുത്തില്‍ മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് കയര്‍ മുറുക്കി. ഭാര്‍ഗവന്‍ പ്രാണവേദനയെടുത്ത് പിടയാന്‍ തുടങ്ങി.

കവലയിലെ ആണുങ്ങള്‍ സ്തംഭിച്ചു നിന്നു.

കല്യാണ സീസണ്‍ അല്ലാതതുകൊണ്ട് പണിയില്ലാതിരുന്ന വീഡീയോഗ്രഫര്‍ ഒരു ഹോളിവുഡ് സ്റ്റണ്ട് ചിത്രീകരിക്കുന്ന ആവേശത്തോടെ ഭാര്‍ഗവന്‍ പ്രാണനുവേണ്ടി പിടയുന്ന രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി.

ഏതോ ഒരു സത്ബുദ്ധി വിളിച്ച് പറഞ്ഞ് പോലീസ് എത്തുമ്പോഴേക്കും ഭാര്‍ഗവന്റെ പിടച്ചില്‍ അവസാനിച്ചിരുന്നു. നാളെ താന്‍ പത്രങ്ങളിലെയും ചാനല്‍ ചര്‍ച്ചകളിലെയും യൂട്യൂബിലെയും താരമാവുമെന്ന് അറിയാതെ ഭാര്‍ഗവന്റെ ദേഹി ദേഹത്തെ വിട്ട് യാത്രയായി

Wednesday, March 9, 2011

സ്മാര്‍ട്ട് സിറ്റി

വംശനാശം സംഭവിച്ച ചാരയഷാപ്പിന്റെ സ്മൃതികള്‍ ഉണര്‍ത്തുന്ന സ്വദേശി ബാറിന്റെ ഇരുണ്ട കോണിലിരുന്ന് വിശ്വന്‍ ഹാഫ് ബോട്ടല്‍ ഓള്‍ഡ് മംഗുമായുള്ള മല്‍പിടുത്തം തുടങ്ങി. ആദ്യ പെഗ് കഴിയും മുന്‍പേ അയാളുടെ വിഷാദം ഇരട്ടിയായി മുഖത്ത് പ്രതിഫലിച്ചു. രണ്ടാം പെഗ് കഴിഞ്ഞപ്പോഴേക്കും അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. തനിക്കു ചുറ്റുമുള്ള ശബ്ദകോലാഹലങ്ങള്‍ അയാളെ ബാധിച്ചില്ല. ദു:ഖത്തെ കടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായി കണ്ണിലൂടെ ഒലിച്ചിറങ്ങി.

ആരോ തന്നെ വിളിക്കുന്ന പോലെ തോന്നിയപ്പോള്‍ വിശ്വന്‍ തുവാലയെടുത്ത് മുഖം തുടച്ചു. അപ്പോഴേക്കും ശബ്ദത്തിന്റെ ഉടമ തൊട്ടു മുന്നിലെത്തി ഒന്നു കൂടി അയാളുടെ പേര്‌ ചൊല്ലി വിളിച്ചു.

വിശ്വന്‍ തലയുയര്‍ത്തി നോക്കി. മാധവേട്ടനാ.

ന്താ വിശ്വാ വല്ലാണ്ടെ ഇരിക്കണെ?

എല്ലാം അറഞ്ഞില്ലേ.

ഉം

ഇനി രണ്ടാഴ്യച്ച കൂടിയൊള്ളു.

പട്ടയം ​കിട്ടിയോ?

കിട്ടി. പക്ഷെ ഇവര്‌ തരണ നഷ്ടപരിഹാരം കൊണ്ട് ഒരു വീടുണ്ടാക്കാന്‍ പറ്റുമോ ? പോരാത്തതിന്‌ അതൊരു കാട്ടുമുക്കും.

വികസനമല്ലെ വികസനം. താപവൈദ്യുതി നിലയം വന്നിട്ട് ഇവിടോള്ളോര്‍ക്ക് എന്താ ഗുണം. ഇവിടള്ളോര്‍ക്കിലെങ്കിലും മറ്റുള്ളോര്‍ക്കുണ്ടല്ലോ. നടന്നാമതി.

ന്നാലും ജനിച്ച നാട്ടീനു പോണ്ടെ.

വിധ്യാന്ന് കരുതി സമാധാനിക്ക് വിശ്വാ.

കാലം മാറി മാധവേട്ടനും

കാലമെല്ല വിശ്വാ നമ്മടെ നാട്ടാരാണ്‌ ഇന്നെ മാറ്റിയത്.

അവര്‍ രണ്ടു പേരും അതോടെ നിശ്ബദരായി. മാധവേട്ടന്‍ തലതാഴ്ത്തിയിരുന്നു.

പാവം മാധവേട്ടന്‍. എന്തൊരു ഉശിരായിരുന്നു ഈ മനുഷ്യന്‌. ജാതിയും മതും വലുപ്പചെറുപ്പും നോക്കാണ്ടെ നാട്ടുകാര്‍്‌ക്ക് വേണ്ടി ഓടി നടന്നപ്പോ ആദ്യം വീട്ടുകാര്‍ക്ക് വേണ്ടാതായി പിന്നെ പാര്‍ട്ടികാര്‍ക്കും. പിന്നെ കുറെക്കാലം ​പത്രത്തില്‍ ലേഖനമെഴുത്തിയിരുന്നു. ഇപ്പോ പത്രക്കാരും മാറിയില്ലേ. അതോണ്ട് ജീവിക്കാന്‍ വേണ്ടി കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്നു. ഇടക്കെ മാധവേട്ടന്‍ ബാറില്‍ കയറൂ. അന്ന് പലരും മാധവേട്ടനെ പഴയ ഓര്‍മ്മ വെച്ച് സല്‍ക്കരിക്കും.

മാധവേട്ടനെ കണ്ടതുകൊണ്ടാവാം ബയറര്‍ ഒരു ഗ്ലാസുകൂടെ കൊണ്ടു വന്നു.

മാധവേട്ടാ കഴിക്ക്. രണ്ടു ഗ്ലാസും നിറച്ച ശേഷം വിശ്വന്‍ ക്ഷണിച്ചു.

നിനക്കുണ്ടോ?

ണ്ട്. ഇങ്ങള്‌ കഴിക്ക്.

അവര്‍ ഗ്ലാസ് കാലിയാക്കുന്നതിനു മുന്‍പേ മുഷിഞ്ഞ വസ്‌ത്രമണിഞ്ഞ ഒരു ആജാനബാഹു അവരുടെ ഇടയിലേക്ക് വന്നു. ഭായി എന്ന് അയാള്‍ വിളിച്ച് മാധവേട്ടന്റെ തോളില്‍ കൈയിട്ടു.

അയാളെ കണ്ടതും വിശ്വന്റെ മുഖം ചുളിഞ്ഞു. വിശ്വന്‍ മനസ്സില്‍ പറഞ്ഞു "ഹൈവേന്റെ അരുകില്‌ കുടില്‍ കെട്ടി പാത്രം വിക്കുന്നവനല്ലേ ഇവന്‍. മാധവേട്ടന്‌ എന്തിനാ ഈയിറ്റിങ്ങളുമായി ചങ്ങാത്തം"

വിശ്വാ ഇവനെ അറിയോ അനക്ക്.

അല്‍പം അനിഷ്ടത്തോടെ വിശ്വന്‍ ഇല്ലയെന്ന് തലയാട്ടി. പക്ഷെ അയാള്‍ മനസ്സില്‍ സത്യമോര്‍ത്തു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിരാവിലെ വിധിയെ പിഴിച്ച് തണുത്ത് വിറച്ച് സ്കൂടറോടിച്ച് പോകുമ്പോഴാണ്‌ ഇവരെ ആദ്യം കണ്ടത്. ഒരു രാത്രികൊണ്ട് മുളച്ചു പൊന്തിയ പത്തിരുപത് കുടിലുകളിലേക്ക് കൌതുകത്തോടെ സൂക്ഷിച്ചു നോക്കി. ഇരുട്ടായതുകൊണ്ട് ഒന്നും വ്യക്തമായി കണ്ടില്ല. വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോഴേക്കും ആ കുടിലുകള്‍ക്ക് മുന്‍പില്‍ പല വലുപ്പത്തിലുള്ള പ്ലാസ്റ്ററോപാരീസില്‍ തീര്‍ത്ത ദൈവരൂപങ്ങള്‍ നിരത്തി വെച്ചിരുന്നു. പിന്നെ അധികം താമസിയാതെ നാട്ടില്‍ അവരുടെ കൂടെയുള്ള രണ്ട് പെണ്ണുങ്ങളെ കുറിച്ച് പലരും വര്‍ണ്ണിച്ച് പറയാന്‍ തുടങ്ങി. ആകാംഷയോടെ പലവട്ടം താനും അത് കേട്ടിരുന്നു. പിന്നെ എല്ലാകൊല്ലവും മഴക്കാലം കഴിയുമ്പോള്‍ ഇവര്‍ വരും എന്നിട്ട് അടുത്ത മഴക്കാലത്തിന്‌ മുന്‍പേ തിരിച്ച് പോവും. വിലകുറഞ്ഞ ദൈവരൂപങ്ങള്‍ക്ക് ഇപ്പോ മാര്‍ക്കറ്റ് ഇല്ലാത്തോണ്ടാവും രണ്ടുമൂന്ന്‌ കൊല്ലമായി മണ്‍പാത്രമാണ്‌ ഇവര്‍ വില്‍ക്കുന്നത്.

മാധവേട്ടന്‍ അവരെ പരസ്പരം പരിചയപ്പെടുത്തി.

ഇത് സുബറാം. ഹൈവേന്റെ അരുകിലാ താമസം. മണ്‍പാത്രം വില്‍ക്കല്ലാ പണി. സുബറാം ഇത് വിശ്വന്‍. ന്റെ പ്രിയപ്പെട്ട ഒരു ദോസ്ത്.

സുബറാം വിശ്വനെ നോക്കി ചിരിച്ചു. പല തവണ കണ്ട ആ നാടോടിയെ വിശ്വന്‍ അനിഷ്ടത്തോടെ നോക്കി.

മാധവേട്ടന്‍ തുടര്‍ന്നു. ഇവനും നിന്നെപോലാ.

വിശ്വന്‍ ആകാംഷയോടെ മാധവേട്ടനെ നോക്കി.

അതെ നിന്നെ പോലെ ജന്മനാട്ടിന്‌ വികസനത്തിന്റെ പേരും പറഞ്ഞ് ആടിയോടിക്കപ്പെട്ടവന്നാണ്‌ ഇവനും.

ഷരിയാ ഭായ്. ഡാമിന്റെ പേറും പറഞ് ഞങ്ങടെതെല്ലാം പിച്ചപൈസ തന്ന് അവരെടുത്ത്. യെന്റെ എല്ലാം പോയി. ഞാന്‍ തെണ്ടിയായി. എന്റെ കൂട്ടുകാര്‍ കള്ളന്‍മാരും പിമ്പുകളുമായി.

വിശ്വന്റെ മുഖത്തെ അനിഷ്ടം സഹതാപത്തിന്‌ വഴിമാറി.

മാധവേട്ടന്‍ തുടര്‍ന്നു. വിശ്വാ നീയ്വാ ഭാഗ്യവാന്‍. നിനക്ക് ഒരു കാട്ടുമുക്കിലെങ്കിലും കുറച്ച് സ്ഥലം കിട്ടി പിന്നെ കുറച്ച് നഷ്ടപരിഹാരും. ഇവന്‍ എക്കറു കണക്കിന്‌ ഭൂമിയും വീടും കൊടുത്തപ്പോ ആകെ കിട്ടിയത് പതിനായിരം രൂപയാ.

സുബറാം നിര്‍വികാരനായി ഇരുന്നു.

വിശ്വന്‍ കുറ്റബോധത്താല്‍ തല താഴ്ത്തി.

അല്‍പനേരത്തെ നിശബ്ദക്ക് ശേഷം വിശ്വന്‍ ഒരു ഗ്ലാസ് കൂടി വരുത്തി. വിട്ടുമാറാത്ത കുറ്റബോധത്തോടെ മദ്യം മൂന്ന് ഗ്ലാസിലേക്കും പകര്‍ന്നു.

അവര്‍ മൂന്ന് പേരും ഒന്നായി ദു:ഖം പങ്കിട്ട് മദ്യം നുകര്‍ന്നു. മാധവേട്ടന്‍ കമ്മനിട്ടയെ ഉച്ചത്തില്‍ ചൊല്ലി ആവേശം വിതറി. ആ സങ്കടത്തില്‍ ഒരു ഹാഫ് ബോട്ടല്‍ ഓള്‍ഡ് മംഗ് കൂടി ഉരുകി തീര്‍ന്നു.

സുബറാം ബില്‍ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും വിശ്വന്‍ തടഞ്ഞു.

മാധവേട്ടനെയും സുബറാമിനെയും സ്കൂട്ടറിന്റെ പുറകിലിരുത്തി സുബറാമിന്റെ കുടിലിലേക്ക് അത്താഴം കഴിക്കാനായി പോവുമ്പോള്‍ വിശ്വന്‍ മാധവേട്ടന്‍ പറഞ്ഞ ഒരു വാചകം മനസ്സില്‍ ഉരുവിടുകൊണ്ടിരുന്നു ഇരകള്‍ക്ക് വര്‍ണ്ണ വര്‍ഗ ഭേദമില്ല.


[2011 മാര്‍ച്ച് ലക്കം തര്‍ജ്ജനിയില്‍ വന്നത്‌ ]

Friday, February 18, 2011

കുഞ്ഞു കഥകള്‍


ദുരാവസ്ഥ


തലമുറകളുടെ ഭാരം താങ്ങി മങ്ങിപ്പോയ കട്ടിലില്‍ വെട്ടിയിട്ട വാഴപ്പോലെ കിടക്കുന്ന കെ.കെയെ അവര്‍(പ്രസാധകനും വക്കീലും) സഹതാപത്തോടെ നോക്കി.

കണ്ടു പഴകിച്ച ആ രൂപങ്ങളെ നോക്കി ഒന്നു ചിരിക്കാന്‍ കെ.കെ ശ്രമിച്ചെങ്കിലും കോടിപ്പോയ ചുണ്ടുകളില്‍ തട്ടി അത് വിഫലമായി. അയാളുടെ മഞ്ഞ നിറമാര്‍ന്ന കണ്ണുകളിലെ പ്രതാപവും ആകര്‍ഷണതയും ദൈന്യത്തിനു വഴിമാറിയിരുന്നു.

കെ.കെയുടെ ഭാര്യ ചതുങ്ങിയ ഓട്ടു ഗ്ലാസില്‍ അവര്‍ക്ക് ചായ നല്‍കി.

ചായ കുടി എന്ന ഔപചാരികതക്ക് ശേഷം വക്കീല്‍ കൈ സഞ്ചിയില്‍ നിന്ന് മഷി പാഡും മുദ്ര കടലാസെടുത്തു.

പതിനായിരങ്ങളെ ചിന്തിക്കുകയും ചിരിപ്പിക്കുകയും ചെയ്ത രചനകള്‍ക്ക് ജന്‍മം നല്കിയ കെ.കെയുടെ തളര്‍ന്നുപോയ വലതു കൈ ഭാര്യ താങ്ങിയെടുത്ത്‌ മഷിയില്‍ മുക്കി മുദ്രകടലാസില്‍ പതിപ്പിച്ചു.

കെ.കെയുടെ ഭാര്യക്ക് പ്രസാധകന്‍ ചെക്ക് കൈമാറി.

ഒരിക്കല്‍ കൂടി സഹതാപം അറിയിച്ച ശേഷം അവര്‍ ദുരന്തലോകത്തില്‍ നിന്നും ധൃതിപ്പെട്ടിറങ്ങി.

തന്റെ പ്രാണന്റെ പ്രാണനായ രചനകളെ അഞ്ചുലക്ഷത്തിനു വില്‍ക്കേണ്ടി വന്ന ഗതികേടിനെ മനസ്സില്‍ പ്രാകികൊണ്ട് കെ.കെ കണ്ണുകളെ മുറുക്കി അടച്ചു. മദ്യത്തില്‍ ആറാടിയ എണ്ണിയാലൊടുങ്ങാത ദിനരാത്രങ്ങള്‍ ഒരു തീവണ്ടി പോലെ അയാളുടെ മനസ്സിലേക്ക് ഇരച്ചു വന്നു.

----------------------------------------


സന്ദേശം


സ്വന്തം കാതുകളെ വിശ്വസിക്കാനാവാതെ ടോമി തളര്‍ന്നിരുന്നു. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പലാവര്‍ത്തി സ്വയം ശപിച്ചിട്ടും അവന്റെ ഉള്ള്‌ കിടന്ന് പിടച്ചുകൊണ്ടിരുന്നു.

തന്റെ പ്രിയപ്പെട്ട ബാല്യകാലസഖി ഷെറിനെ മുംബൈയിലെ നാലഞ്ച് നരാധമന്മാര്‍ കടിച്ച് കീറികൊന്നിരിക്കുന്നു എന്ന ദു:ഖം സത്യം ഒരു തീമഴയായി അവനില്‍ പെയ്തിറങ്ങി.

മണിക്കുറുകളോളം മെഴുകുതിരിപോലെ ഉരുകിയ ശേഷം വിറക്കുന്ന കൈകളോടെ അവന്റെ മൊബൈല്‍ എടുത്തു.

സ്വന്തം നിസംഗതയെ വീണ്ടും ശപിച്ചുകൊണ്ട് നാലു ദിവസം മുന്‍പ് വിനു അയച്ച എസ്.എം.എസ് പല തവണ വായിച്ചു.

Plz read this message carefully. This message is for every girl who go to college or office alone - if you find any child crying on road showing his/her address and ask you to take him/her to that address, take the child to police station and plz don't take it to that address. It is a new way to a gang to steal, rape and kidnap girls. Plz forward it to all girls and also boys who are having sisters and friends. Plz don't be shy to forward this message. Our one message may save a girl. Plz circulate

പിന്നെ പശ്ചാത്താപവിവശനായി തന്റെ മൊബൈലില്‍ സൂക്ഷിച്ച് വെച്ച എല്ലാം നമ്പറിലേക്കും ആ സന്ദേശം അയച്ചു. അതില്‍ ഒരു ദിവസം മുന്‍പ് പരലോകം പൂകിയ ഷെറിന്റെ നമ്പറും ഉണ്ടായിരുന്നു.

----------------------------------------



Wednesday, February 9, 2011

കാലം തെറ്റി വന്ന ദേശാടനകിളി - 2

രംഗം 14

സമയം 2010 മാര്‍ച്ച് 12 രാവിലെ പത്തുമണി

പ്രോജക്റ്റിന്റെ സോഴ്സ് കോഡ് ഡൌണ്‍ലോഡ് ചെയ്ത് വിനു കോഡിംഗ് ആരംഭിച്ചു.

രംഗം 15

സമയം 2010 മാര്‍ച്ച് 12 രാവിലെ പതിനൊന്നേകാല്‍

എം.ഡിയും ബിസിനസ്സ് ഹെഡും പ്രോജക്റ്റ് മാനേജറും വിനുവിന്റെ അടുത്ത് വന്നു ആശംസകള്‍ നേര്‍ന്നു.

മുന്ന് മണിക്ക് ഒരു മീറ്റിംഗ് വെയ്ക്കാം എന്ന നിര്‍ദ്ദേശം വെച്ച ശേഷം അവര്‍ നടന്നകന്നു.

രംഗം 16

സമയം 2010 മാര്‍ച്ച് 12 ഉച്ച രണ്ടേ ഇരുപത്തിയൊന്ന്

പ്രോജക്റ്റിന്റെ പരിതാപകരമായ അവസ്ഥ കണ്ട് തകര്‍ന്നിരിക്കുന്ന വിനുവിനെ ജോണ്‍സണ്‍ ആശ്വസിപ്പിക്കുന്നു. വിനു നിരാശയോടെ മോണിറ്ററിലേക്ക് നോക്കി ജോലി തുടരുന്നു.

രംഗം 17

സമയം 2010 മാര്‍ച്ച് 12 ഉച്ച മൂന്നേ ഒന്‍പത്


കോണ്‍ഫറണ്‍സ് റൂമിലെ കംപ്യൂട്ടര്‍ മോണിറ്ററില്‍ ചൂണ്ടികാണിച്ച് പ്രോജക്റ്റിന്റെ പരിതാപകരമായ അവസ്ഥ വിവരിക്കുകയാണ്‌ വിനു.

എം.ഡിയും ബിസിനസ്സ് ഹെഡും പ്രോജക്റ്റ് മാനേജറും ഗൌരവത്തോടെ അവന്റെ വിവരണം ശ്രദ്ധിക്കുന്നുണ്ട്.

കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും ഇല്ലാതെ പ്രോജക്റ്റ് തീര്‍ക്കാന്‍ പറ്റില്ലെന്ന് അടിവരയിട്ടുകൊണ്ട് വിനു വിവരണം നിര്‍ത്തി.

അല്പനേരത്തെ ആലോച്ചനക്ക് ശേഷം എം.ഡി പറഞ്ഞു നമുക്ക് ഇത് എങ്ങനെയെങ്കിലും പറഞ്ഞ സമയത്തിനു തീര്‍ക്കണം. ജെഫ്രി
നമുക്ക് ഒരു ടേണിംഗ് പോയന്റാണ്‌.

ബിസിനസ്സ് ഹെഡും പ്രോജക്റ്റ് മാനേജറും ആ നിര്‍ദ്ദേശം തലകുലുക്കി അംഗീകരിച്ചു.

സാര്‍, പ്ലീസ് ഇത് രണ്ടാഴ്ച്ചയില്ലാതെ നടക്കില്ല, ചിലപ്പോ പിന്നെയും നീണ്ടേക്കാം അത്രയും മോശമാണ്‌ കോഡിംഗ്. അവന്‍ ഒരിക്കല്‍ കൂടി
അപേക്ഷിച്ചു.

ഒന്നു കൂടി ആലോച്ചിച്ച ശേഷം എം.ഡി പറഞ്ഞു. വിനു നാളെയും മറ്റന്നാളും വര്‍ക്ക് ചെയ്യൂ. എന്നിട്ട് ആ ലീവ് വെറെയെന്നെങ്കിലും
ഏടുക്കു. ജെഫ്രിയെ ഞാന്‍ എങ്ങിനെയെങ്കിലും പറഞ്ഞു നിര്‍ത്താം നോക്കാം.

നിരാശ ഉള്ളില്‍ ഒതുക്കി വിനു ആ തിരുമാനം അംഗീകരിച്ചു.

രംഗം 18

സമയം 2010 മാര്‍ച്ച് 12 രാത്രി എട്ടേമുപ്പത്തിയഞ്ച്

തനിച്ചിരുന്ന് വിനു കോഡിംഗ് ചെയ്യുന്നു. ക്ഷീണം അകറ്റാന്‍ അവന്‍ ഇടക്കിടെ തുവാലകൊണ്ട് മുഖം തുടക്കുന്നുണ്ട്.

രംഗം 19

സമയം 2010 മാര്‍ച്ച് 12 രാത്രി പന്ത്രണ്ടേമുക്കാല്‍

ബെഡ്‌ലാംപിന്റെ വെളിച്ചത്തില്‍ കിടക്കയില്‍ അവശതയോടെ വിനു കിടക്കുന്നു. അവന്‍ മൊഫൈല്‍ കൈയിലെടുത്തു, രാഗിയുടെ നാല്‌ മിസ്ഡ് കോള്‍ മൊഫൈല്‍ സ്ക്രീനില്‍ തെളിഞ്ഞു. അവന്‍ അവള്‍ക്ക് എസ്.എം.സ് അയച്ചു 'Sweet heart i miss u. I am in a tight schedule. Sorry da i catch u later. Umma on cheeks and lips'.

രംഗം 20

സമയം 2010 മാര്‍ച്ച് 13 രാവിലെ പത്തുമണി


അവധിയുടെ ആലസ്യത്തെ പറിച്ചെറിഞ്ഞ് വിനു ഓഫീസിലെത്തി. സെക്യൂരിറ്റി അവനെ സഹതാപത്തോടെ നോക്കി.

വിനു ആളൊഴിഞ്ഞ ഓഫീസിനകത്തു കയറി കോഡിംഗ് തുടങ്ങി.


രംഗം 21


സമയം 2010 മാര്‍ച്ച് 19 പുലര്‍ച്ചെ മൂന്നേ പതിനാല്‌


ഓട്ടോയില്‍ വിനു വീട്ടിലേക്ക് പോവുന്നു.

മുഖത്ത് വളര്‍ന്നിരിക്കുന്ന കുറ്റി രോമങ്ങളെ അലസമായി തഴുകി അവന്‍ ഓര്‍ത്തു.

അച്ഛ്നോടും അമ്മയോടും രാഗിയോടും മനസു തുറന്ന് സംസാരിച്ചിട്ട് ഒരാഴ്ച്ച കഴിഞ്ഞിരിക്കുന്നു. ഈ ശനിയും ഞായറും ഓഫീസില്‍ ബലി കഴിക്കണ്ടിവരും. ഈ വൃത്തികെട്ട പ്രോജക്റ്റ് വന്നിരുന്നിലെങ്കില്‍ ഈ ആഴ്ച്ച അവളെ കാണാന്‍ കൊല്ലത്തു പോവാമായിരുന്നു. ഇതിനകം ഒരു അന്‍പതു തവണയെങ്കിലും അവള്‍ വിളിച്ചു കാണും. ഈ പ്രോജക്റ്റ് തുടങ്ങിയ ശേഷം ആകെ അവളോട് സംസാരിച്ചത് അരമണിക്കുര്‍ ആയിരിക്കും. അവള്‍ എന്ത് കരുതുമോ ആവോ?

ഈ പ്രോജക്റ്റ് ഇനിയും നീളുമെന്നാ തോന്നുന്നത്. ഒരേയൊരു ആശ്വാസം ആദ്യം ഇത്തിരി ഈര്‍ഷ കാണിച്ചെങ്കിലും ഇപ്പോള്‍ എം.ഡിയും ജെഫ്രിയും സംതൃപ്തരാണെന്നുള്ളതാണ്‌.

രംഗം 22

സമയം 2010 മാര്‍ച്ച് 23 പുലര്‍ച്ചെ നാലെ നാല്പത്ത്


നിശബ്ദത തളം കെട്ടിയ ഓഫിസില്‍ വിനുവിന്റെ അട്ടഹാസം മുഴങ്ങി. അവന്‍ സന്തോഷം കൊണ്ട് ആര്‍ത്തു വിളിച്ചു. ഒടുവില്‍ ആ എവറസ്റ്റ് താന്‍ കീഴടക്കിയിരിക്കുന്നു.

പ്രോജക്റ്റ് ടെസ്റ്റിംഗിനു സബ്മിറ്റു ചെയ്തശേഷം അവന്‍ ഓഫിസില്‍ നിന്നിറങ്ങി.

സെക്യൂരിറ്റിക്ക് ഒരു സ്പെഷല്‍ സലാം കൊടുക്കാനും വിനു മറന്നില്ല.

അവന്റെ ചുണ്ടില്‍ റാഫിയും കിഷോര്‍ കുമാറും മാറി മാറി തത്തികളിച്ചു.


രംഗം 23


സമയം 2010 മാര്‍ച്ച് 23 ഉച്ച ഒന്നര


വിനു ഓഫീസിലെത്തി. അവന്‍ നേരെ ടെസ്റ്റിംഗ് ഹെഡിന്റെ അടുത്തു ചെന്നു. ഇതു വരെ ഡിസൈന്‍ ബഗ് അല്ലാതെ ഫംഗ്ഷണല്‍ ബഗ് ഒന്നു കിട്ടിയില്ലെന്ന് അയാള്‍ അറിയിച്ചു.

ചെയറില്‍ എത്തും മുന്‍പേ പ്രോജക്റ്റ് മാനേജര്‍ അവനെ ഓടിയെത്തി അഭിനന്ദിച്ചു.

രംഗം 24

സമയം 2010 മാര്‍ച്ച് 23 വൈകുന്നേരം ആറര

വിനു രാഗിയെ വിളിച്ചു. അവളുടെ നംബര്‍ അപ്പോഴും ബിസ്സിയായിരുന്നു. ഇത് അവന്റെ ഏഴാമത്തെ കോള്‍ ആയിരുന്നു. വിനുവിന്‌ ഹൃദയത്തില്‍ ഒരു മുറിവേറ്റ പോലെ തോന്നി

രംഗം 25

സമയം 2010 മാര്‍ച്ച് 23 രാത്രി ഒന്‍പതര


ദിവസങ്ങള്‍ക്കുശേഷം അവന്‍ കുടുംബസമേതം അത്താഴം കഴിച്ചു.

ഉറക്കറയിലെത്തിയ ഉടനെ വിനു രാഗിയെ വീണ്ടും വിളിച്ചു. അവളുടെ നംബര്‍ അപ്പോഴും ബിസ്സിയായിരുന്നു.

രാഗിയുടെ അവഗണന അവനെ വല്ലാതെ അലട്ടി.

രംഗം 26

സമയം 2010 മാര്‍ച്ച് 23 രാത്രി പത്തേ ഇരുപത്ത്

വിനു രാഗിയെ വീണ്ടും വിളിച്ചു. അവളുടെ നംബര്‍ അപ്പോഴും ബിസ്സിയായിരുന്നു.

ഫോണ്‍ കിടക്കയുടെ മൂലയിലേക്കെറിഞ്ഞ് അവന്‍ ഉറങ്ങാന്‍ കിടന്നു.

രംഗം 27

സമയം 2010 മാര്‍ച്ച് 24 രാവിലെ എട്ടു മണി

വിനു രാഗിയെ വീണ്ടും വിളിച്ചു. അവളുടെ ഫോണ്‍ ഓഫ് ആയിരുന്നു.

രംഗം 28

സമയം 2010 മാര്‍ച്ച് 24 രാവിലെ പതിനൊന്നു മണി

വിനു രാഗിയെ വീണ്ടും വിളിച്ചു. അവന്റെ ഇന്നത്തെ പതിനൊനാമത്തെ ശ്രമമായിരുന്നു അത്. അവളുടെ ഫോണ്‍ അപ്പോഴും ഓഫ് ആയിരുന്നു.


രംഗം 29


സമയം 2010 മാര്‍ച്ച് 24 വൈകുന്നേരം നാലു മണി


ഓഫീസിലെ മീറ്റിംഗ് ഹാളില്‍ എല്ലാവരും ഒത്തു കൂടിയിരിക്കുന്നു. എം.ഡിയും പ്രോജക്റ്റ് മാനേജറും വിനു വാനോളം പുകഴ്ത്തി.

എം.ഡി അവനു ഒരു സ്വര്‍ണനാണയവും ഒരു കുപ്പി ഷാംപെയ്നും സമ്മാനിച്ചു. കൂടെ ഒരു ഓര്‍മ്മപെടുത്തലും നാളെ ഷേവ് ചെയ്ത് മിടുക്കനായി വരണം.

സഹപ്രവര്‍ത്തകര്‍ അവനെ തേനിച്ചക്കളെ പോലെ പൊതിഞ്ഞു.

രംഗം 30

സമയം 2010 മാര്‍ച്ച് 24 വൈകുന്നേരം എഴു മണി

വിനു ആഘോഷങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തി.

അവന്‍ രാഗിയെ വീണ്ടും വിളിച്ചു. അവളുടെ നംബര്‍ അപ്പോള്‍ ബിസ്സിയായിരുന്നു.

അവള്‍ ഫോണ്‍ എടുക്കാത്ത വിഷമം മറച്ചു പിടിച്ച് അവന്‍ ദിവസങ്ങള്‍ക്കുശേഷം അച്ഛന്റെയും അമ്മയുടെയും കൂടെയിരുന്നു ടി.വി. കണ്ടു. പക്ഷെ എല്ലാ പരിപാടികളും അവന്‌ അരോചകമായി തോന്നി.

രംഗം 31


സമയം 2010 മാര്‍ച്ച് 24 രാത്രി പത്തര


അവന്‍ രാഗിയെ പത്തൊന്‍പതാം തവണയും വിളിച്ചു. അവളുടെ നംബര്‍ അപ്പോഴും ബിസ്സിയായിരുന്നു........

Tuesday, February 8, 2011

കാലം തെറ്റി വന്ന ദേശാടനകിളി - 1

രംഗം 1

2010 മാര്‍ച്ച് 10 സമയം രാത്രി പത്തു മണി.

ലാപ്പ്ടോപ്പ് ഓഫ് ചെയ്ത് വിനു മൊഫൈല്‍ കൈയിലെടുത്തു.

ഇതുവരെ കാണാത്ത രാഗിയുമായി കുറച്ച് ദിവസം കൊണ്ട് ഇത്ര മാത്രം അടുത്ത് ഒരു സൈബര്‍ കടങ്കകഥയായി അവനു തോന്നി.

അവന്‍ രാഗിയെ വിളിച്ചു. അവള്‍ അവന്റെ കോളിനായി കാത്തിരിക്കുകയായിരുന്നു. ആദ്യ റിംഗ് കഴിയും മുന്‍പേ രാഗി ഫോണെടുത്തു.

വിനു കസേരയില്‍ നിന്നു എഴുന്നേറ്റ് കിടക്കയിലേക്ക് ചാഞ്ഞ് മധുരഭാക്ഷണം തുടങ്ങി.

രംഗം 2

2010 മാര്‍ച്ച് 10 സമയം രാത്രി പന്ത്രണ്ടു മണി.

ബെഡ്‌ലാമ്പിന്റെ വെളിച്ചത്തില്‍ തലയണയെ കെട്ടിപ്പിടിച്ച് കിടന്നുകൊണ്ട് ഉറക്കചടവോടെ വിനു സംസാരം ​തുടരുന്നു.

രംഗം 3

2010 മാര്‍ച്ച് 11 സമയം പുലര്‍ച്ച രണ്ടു മണി.

ബെഡ്‌ലാമ്പിന്റെ വെളിച്ചത്തില്‍ തലയണയെ ഒരു പ്രിയതമയെന്ന പോലെ കെട്ടിപ്പിടിച്ച് കിടന്നുകൊണ്ട് വിനു ശാന്തനായി ഉറങ്ങുന്നു.

രംഗം 4

2010 മാര്‍ച്ച് 11 സമയം രാവിലെ ഒന്‍പതര മണി.


ഒറ്റ നോട്ടത്തില്‍ മനോഹരമെന്ന് പറയാവുന്ന ശീതീകരിച്ച ഓഫീസില്‍ വിനു പ്രവേശിച്ചു. സഹപ്രവര്‍ത്തകരോട് സുപ്രഭാതം ​പറഞ്ഞ് തന്റെ ചെയറില്‍ ഇരുന്നു വിനു കംപൂട്ടര്‍ ഓണ്‍ചെയ്തു.

അടുത്തിരിക്കുന്ന ജോണ്‍സന്‍ ഒരു നീണ്ട മൂളലിന്റെ അകമ്പടിയോടെ ഉറക്കക്ഷീണം ബാധിച്ച അവന്റെ കണ്ണുകളെ നോക്കി അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിച്ചു.

അല്പം നാണത്തോടെ ആ പുഞ്ചിരി എറ്റുവാങ്ങി. അവന്‍ ജോലിയില്‍ മുഴുകി.

രംഗം 5

2010 മാര്‍ച്ച് 11 സമയം രാവിലെ പതിനൊന്നേകാല്‍


ജാവ പ്രോഗ്രാമിംഗ് കുറിച്ചുള്ള ഒരു ഇ-പുസ്തകം ശ്രദ്ധയോടെ വായിക്കുന്ന വിനു.

നിനച്ചിരിക്കാതെ നെറ്റ്വര്‍ക്ക് മെസഞ്ചറില്‍ അവന് എം.ഡിയുടെ ഒരു സന്ദേശം വന്നു. "Pls come 2 conference room"

ആകാംഷയോടെ വിനു കോണ്‍ഫറസ് റുമിലേക്ക് നടന്നു.

രംഗം 6

എം.ഡിയും ബിസിനസ്സ് ഹെഡും പ്രോജകറ്റ് മാനേജരും കോണ്‍ഫറന്‍സ് റൂമില്‍ വിനുവിനെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ഭവ്യതയോടെ വിനു കോണ്‍ഫറന്‍സ് റൂമിലേക്ക് കയറി.

തന്റെ പേരിനെ അനര്‍ത്ഥമാക്കും വിധം അവന്‍ ഇരുന്നു. അപ്പോഴും വിനുവിന്റെ മുഖത്ത് ആകാംഷാഭാവം കത്തിനില്‍ക്കുന്നുണ്ടായിരുന്നു.

ഒന്ന് മുരടനക്കിയ ശേഷം പാതി ഇംഗ്ലീഷിലും പാതി മലയാളത്തിലുമായി എം.ഡി കാര്യം വിവരിച്ചു.

ജെഫ്രി എന്നു പേരുള്ള ഒരു അലാസ്കകാരന്‍ പുതിയ പ്രോജക്റ്റ് ഓഫര്‍ തന്നിരിക്കുന്നു. അഹമ്മാദാബാദിലെ ഒരു കമ്പനി പരമാവധി കുളമാക്കിയതാണ്‌ ആ പ്രോജക്റ്റ്. അതുകൊണ്ട് എല്ലാ പ്രശ്‌നങ്ങളും ഒരാഴ്ച്ചകൊണ്ട് തീര്‍ത്ത് ആ പ്രോജക്റ്റ് നമുക്ക് ഡെലിവര്‍ ചെയ്യണം. വിനു ഈ ടാസ്ക് ഒരു ചലഞ്ചായി എറ്റെടുക്കണം.

ബിസിനസ്സ് ഹെഡും പ്രോജെക്റ്റ് മാനേജരും തലകുലുക്കി എം.ഡിയുടെ അഭിപ്രായം ശരിവെച്ചു.

അവന്റെ മുഖത്തെ ആകാംഷഭാവം പരിഭ്രമത്തിലേക്ക് വഴിമാറി.

എം.ഡി.സംസാരം ​തുടര്‍ന്നു.

ജെഫ്രി പ്രൊജക്റ്റ് ഡോക്യൂമെന്റ്സ് അയച്ചിട്ടുണ്ട് ഞാന്‍ അത് വിനുവിന്‌ ഇപ്പോള്‍ തന്നെ അയച്ചുതരാം. വിനു ഇന്നു അത് വായിക്കണം. ഇന്നു രാത്രി ജെഫ്രി നമുക്ക് സോഴ്സ് കോഡ് അയച്ചു തരും. എന്താ റെഡിയല്ലേ?

അവന്‍ സമ്മതമെന്ന് തലയാട്ടി.

ഓര്‍മ്മിപ്പിക്കാന്‍ എന്നവണ്ണം അയാള്‍ പറഞ്ഞു ഈ പ്രോജക്റ്റ് നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്‌. ഇതു നമ്മള്‍ നീറ്റായി റ്റെമിനു ഡെലിവര്‍ ചെയ്താല്‍ നമുക്ക് ലഭിക്കാന്‍ പോവുന്നത് കോടികളുടെ പ്രോജക്റ്റ്സാണ്‌.

മൂന്ന് തലകളും അവനു ഭാവുകങ്ങള്‍ നേര്‍ന്നു.

ഒരു ദീര്‍ഘ നിശ്വാസത്തിനുശേഷം അവന്‍ തന്റെ ചെയറിലേക്ക് നടന്നു.

രംഗം 7

2010 മാര്‍ച്ച് 11 സമയം ഉച്ച പന്ത്രണ്ടുമണി

ഭായശങ്കയോടെ ചെയറില്‍ വന്നിരുന്ന വിനുവിനോട് പുച്ഛത്തോടെ ജോണ്‍സണ്‍ ചോദിച്ചു പണികിട്ടിയല്ലെ?

ഉം. വിനു മറുപടി ഒരു മൂളലില്‍ ഒതുക്കി.

അപ്പോഴേക്കും അവന്റെ മെയിലില്‍ പ്രോജക്റ്റിന്റെ ഡോക്യൂമെന്റ്‌സ് വന്നിരുന്നു. മൌനപ്രാര്‍ത്ഥനയോടെ അവന്‍ ഡോക്യൂമെന്റ്‌സ് ഡൌണ്‍ലോഡ് ചെയ്യാനിട്ടു. ആ പ്രാര്‍ത്ഥന ഡൌണ്‍ലോഡിംഗ് കഴിയും വരെ തുടര്‍ന്നു. ഡൌണ്‍ലോഡിംഗ് കഴിഞ്ഞ ഉടനെ അവന്‍ ഡോക്യൂമെന്റ്‌സ് വായിക്കാന്‍ തുടങ്ങി.

രംഗം 8

2010 മാര്‍ച്ച് 11 സമയം ഉച്ച മൂന്നേകാല്‍

ഡോക്യൂമെന്റ്‌സ് വായനയില്‍ മുഴുകിയിരുന്ന അവനെ പ്രോജക്റ്റ് മാനേജര്‍ വന്ന് തട്ടിയുണര്‍ത്തി. പിന്നെ പുഞ്ചിരിച്ചുകൊണ്ട് ബുദ്ധിമുട്ടില്ലല്ലോ എന്ന് തിരിക്കി.

ഒരു വിളറിയ ചിരിയായിരുന്ന അവന്റെ മറുപടി.

ഒന്നുകൂടി അവന്റെ തോളത്ത് തട്ടി ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് അയാള്‍ നടന്നകന്നു.

രംഗം 9

2010 മാര്‍ച്ച് 11 സമയം വൈകുന്നേരം ആറര

ടാഗ് അഴിച്ചുവെച്ച് അവന്റെ സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി പുറത്തേക്ക് നടന്നു. വിനു അപ്പോഴും ഡോക്യൂമെന്റ്സ് വായിക്കുന്നു.

രംഗം 10

2010 മാര്‍ച്ച് 11 സമയം രാത്രി എട്ടേകാല്‍

വിനു അമ്മയെ വിളിച്ചു വരാന്‍ വൈകുമെന്നു അറിയിച്ച് വായന തുടരുന്നു.


രംഗം 11


2010 മാര്‍ച്ച് 11 സമയം രാത്രി പത്തെപതിനൊന്ന്


കംപൂട്ടര്‍ ഓഫ് ചെയ്ത് വിനു കസേരയില്‍ നിന്ന് എഴുന്നേറ്റു. അവന്‍ വളരെ ക്ഷീണിതനായിരുന്നു. ലെറ്റ് ഓഫ് ചെയ്ത് അവന്‍ ഓഫീസിന്റെ വെളിയിലേക്ക് നടന്നു. അവന്‍ പുറത്ത് കടന്നതും സെക്യൂരിറ്റി ഓഫീസിന്റെ ഷട്ടര്‍ താഴ്ത്തി.

രംഗം 12

2010 മാര്‍ച്ച് 11 സമയം രാത്രി പത്തേമുക്കാല്‍

ക്ഷീണിതനായി ഭക്ഷണം കഴിക്കുന്ന വിനു. കറിക്കളുടെ മുന്‍പിലിരുന്ന് വാത്സല്യത്തോടെ അവനെ നോക്കിയിരിക്കുന്ന അമ്മ. അച്ഛന്‍ തൊട്ടടുത്ത മുറിയിലിരുന്ന് വാര്‍ത്ത കാണുന്നു.

അവന്‍ അമ്മയോട് മീന്‍ കറിയും തോരനും വിളമ്പി തരാന്‍ പറഞ്ഞു.

അല്‍പം ​കൂടി ചോറ്‌ കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചെങ്കിലും അവനത് സ്നേഹപൂര്‍വ്വം 'വേണ്ടമ്മേ' എന്നു പറഞ്ഞ് നിരസിച്ചു.

രംഗം 13

2010 മാര്‍ച്ച് 11 സമയം രാത്രി പതിനൊന്നെ അഞ്ച്


ബെഡ്‌ലാംപിന്റെ വെളിച്ചത്തില്‍ കിടക്കയില്‍ ക്ഷീണിതനായി കിടക്കുന്ന വിനു. അവശതയോടെ അവന്‍ മൊഫൈല്‍ കൈയിലെടുത്തു, രാഗിയുടെ ആറ്‌ മിസ്ഡ് കോള്‍ മൊഫൈല്‍ സ്ക്രീനില്‍ തെളിഞ്ഞു. അവന്‍ അവളെ വിളിച്ചു. അവളുടെ സ്വരത്തില്‍ ഗൌരവം കലര്‍ന്നിരുന്നു. പുതിയ പ്രോജക്റ്റിനെ പറ്റി പറഞ്ഞ് അവന്‍ ഫോണ്‍ വെച്ച് നിദ്രയെ പുല്‍കി.

[ തുടരും ]

Wednesday, January 5, 2011

കുറുക്കന്‍


ഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യു വാര്‍ഡില്‍ കിടന്ന് മരണവുമായി മല്ലിടുകയാണ്‌ പ്രശസ്ത ഭാഷാപണ്ഡിതനായ പ്രൊഫസര്‍.ഗോപകുമാര്‍. നാനാവിധ രോഗങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും എണ്‍പത്തിരണ്ടാം വയസ്സിലും ചുറുചുറുക്കോടെ ഓടി നടന്ന പ്രൊഫസറെ ഇന്നലെ വൈകീട്ടാണ്‌ കടുത്ത ഹൃദായാഘാതെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

വാര്‍ഡിനു പുറത്ത് പ്രൊഫസറിന്റെ ആയുസ്സിനായി മൌനപ്രാര്‍ത്ഥന നടത്തുകയാണ്‌ ബന്‌ധുക്കളും സന്തതസഹചാരിയായ രാജീവും.

ശോകമൂകമായ ആ അന്തരീക്ഷത്തിലേക്ക് അറമുഖന്റെ കടന്നു വരവ് ഏറെക്കുറെ അപ്രതീക്ഷിതമായിരുന്നു. പ്രൊഫസറിന്റെ ബന്‌ധുക്കളെ ആശ്വസിപ്പിച്ച ശേഷം അയാള്‍ രാജീവിന്റെ അടുത്ത് വന്നിരുന്നു.

ഈ ആശുപത്രിയിലെ ന്യൂറോ ഡോക്ടര്‍ സാമുവലാണത്രെ അയാളോട് വിവരം പറഞ്ഞത്. വിവരം അറിയിക്കാതത്തിന്‌ അറമുഖന്‍ പരിഭവം പറഞ്ഞു.

രാജീവന്‍ നേര്‍ത്ത സ്വരത്തില്‍ പറഞ്ഞു ആരെയും അറിയിച്ചിട്ടില്ല.

അന്തരീക്ഷം വീണ്ടും മൂകമായി.

പത്തു മിനുറ്റ് കഴിഞ്ഞപ്പോള്‍ ഒരു നഴ്സ് വന്നു സന്ദര്‍ശന സമയം ​കഴിഞ്ഞെന്നു അറിയച്ചപ്പോള്‍ രാജീവനും അറമുഖനും എഴുന്നേറ്റു. പ്രൊഫസറിന്റെ ബന്ധുക്കളെ ഒരിക്കല്‍ കൂടി ആശ്വസിപ്പിച്ച് അവര്‍ വാര്‍ഡിനു പുറത്തേക്ക് നടന്ന് രണ്ടു വഴിക്ക് പിരിഞ്ഞു.

........................................


വീട്ടിലേക്കുള്ള ബസ്സ് യാത്രക്കിടയില്‍ രാജീവന്റെ ആലോച്ചന മുഴുവന്‍ അറമുഖനും പ്രൊഫസറും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു.

എല്ലാവരോടും ശാന്തനായി സ്നേഹത്തോടെ പെരുമാറുന്ന പ്രൊഫസര്‍ എപ്പോഴും അറമുഖനോട് ഒരു അകലം പാലിച്ചിരുന്നു. പക്ഷെ എല്ലാവരെയും വാചകമടിച്ച് കൈയിലെടുക്കുന്ന അറമുഖന്‍ അത് കാര്യമാക്കാതെ പലഹാരപൊതിക്കളുമായി പ്രൊഫസറെ സ്ഥിരമായി സന്ദര്‍ശിക്കും. പ്രൊഫസര്‍ ഒഴിച്ച് ബാക്കി എല്ലാവര്‍ക്കും അറമുഖനെ പറ്റി നല്ല അഭിപ്രായവും അവനെ വലിയകാര്യവുമാണ്‌.

മൂന്നാലു തവണ ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ "അവനൊരു കുറുക്കനാണ്‌" എന്നായിരുന്നു പ്രൊഫസറിന്റെ മറുപടി.

അറമുഖനൊരു കൂര്‍മ്മബുദ്ധിശാലിയാണ്. അതിനാലാണല്ലോ സ്കൂളിന്റെ പടി പേരിനു കയറിയിട്ടുള്ള അവന്‍ കുപ്പിപാട്ട കചവടത്തില്‍ നിന്നും നഗരത്തിലെ പ്രധാന പുസ്തക വ്യാപാരിയായി മാറിയത്.

ആരെയും ദുഷിക്കാത്ത പ്രൊഫസര്‍ അത്രയും തന്നെ പറയുന്നതിനു പിന്നില്‍ എന്തോ കാരണമുണ്ടെന്ന് ഉറപ്പായിരുന്നെങ്കിലും പിന്നെ ഒരിക്കലും രാജീവന്‍ അതിനെ പറ്റി അന്വേഷിച്ചിട്ടില്ല.

........................................


പിറ്റേ ദിവസം സ്റ്റാഫ് റൂമില്‍ ഊണിനുശേഷം അടുത്ത ക്ലാസ് എടുക്കാനായി തയ്യാറെടുക്കുമ്പോള്‍ രാജീവന്റെ മൊബൈല്‍ ശബ്ദിച്ചു. പ്രൊഫസറുടെ മകന്‍ ശരണ്‍ ആയിരുന്നു അപുറത്ത്. അയാളുടെ ശബദം വിളറിയിരുന്നു.

എച്.ഒ.ഡിയോട് കാര്യം പറഞ്ഞ് രാജീവന്‍ നേരെ ആശുപത്രിയിലേക്ക് ഓടി.

പക്ഷെ രാജീവന്‍ ആശുപത്രിയില്‍ എത്തും മുന്‍പേ പ്രൊഫസര്‍ യാത്രയായി കഴിഞ്ഞിരുന്നു. നിറഞ്ഞ മിഴികളോടെ അവന്‍ ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കു കൊണ്ടു.

അവരുടെ നാലു പാടും നിന്ന് തുരുതുരാ ഫോണ്‍ വിളികള്‍ മഴുങ്ങി. അരമണിക്കുര്‍ കൊണ്ട് ആശുപത്രി പരിസരം പ്രമുഖരെ കൊണ്ട് നിറഞ്ഞു. ചാനലുകളില്‍ ന്യൂസ് ഫ്ളാഷ് വന്നു. ശിഷ്യസാഗരങ്ങള്‍ അലകടലായി പ്രൊഫസറുടെ വീട്ടിലേക്ക് ഒഴുകി. ന്യൂസ് അവറുകളും പിറ്റേദിവസത്തെ പത്രങ്ങളും പ്രൊഫസറുടെ ചരമം കൊണ്ടാടി.

ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ പ്രൊഫസറുടെ ബന്ധുക്കളും രാജീവനും അദ്ദേഹത്തിന്റെ വേര്‍പാടുമായി പൊരുത്തപ്പെട്ടു.

........................................


പ്രൊഫസറുടെ പതിനാറാം ചരമദിന ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങുപ്പോള്‍ രാജീവനെയും അറമുഖനെയും ശരണ്‍ സ്നേഹപൂര്‍വ്വം തടഞ്ഞു ഒപ്പം ഒരു അപേക്ഷയും.

" അച്ഛ്ന്റെ വില്‍പത്രം വായിക്കാന്‍ വക്കീല്‍ ഇപ്പോ വരും. നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു."

അവര്‍ രണ്ടു പേരും സമ്മതിച്ചു.

അരമണിക്കുര്‍ കഴിഞ്ഞപ്പോള്‍ വക്കീല്‍ എത്തി. ദു:ഖം രേഖപ്പെടുത്തിയ ശേഷം അയാള്‍ വില്‍പത്രം ഉറക്കെ വായിക്കാന്‍ തുടങ്ങി.

"സ്വത്തായ പുഴക്കരയിലെ വീടും, ബാങ്കിലുള്ള ഡിപ്പോസിറ്റും ഭാര്യയുടെ കാലശേഷം മക്കളായ ശരണിനും, ദേവികക്കും തുല്യമായി ഭാഗിചെടുക്കാം

വായന നിര്‍ത്തി വക്കീല്‍ വെള്ളം കുടിക്കാന്‍ തുടങ്ങി.

"അപ്പോ പുസ്തകങ്ങളോ?" ചോദ്യം അറമുഖന്റെതായിരുന്നു.

"അതാണ്‌ ഇനി വായിക്കാന്‍ ഉള്ളത് ". വെള്ളം കുടിച്ച് കഴിഞ്ഞ വക്കീല്‍ ഉത്തരം നല്‍കി വായന തുടര്‍ന്നു.

" എന്റെ ഏറ്റവും വലിയ സമ്പാദ്യം പുസ്തകങ്ങളാണ്‌. അത് ഭാവി തലമുറക്ക് ഉപകാരപെടണം. എന്റെ പല സുഹൃത്തുകള്‍ക്കുടെയും പുസ്തകങ്ങള്‍ അവരുടെ കാലശേഷം അറമുഖന്റെ കൈയില്‍ എത്തിയപ്പോലെ എന്റെ പുസ്തകങ്ങള്‍ അറമുഖന്റെ കൈയില്‍ എത്തരുത്.
അറമുഖന്‌ പുസ്തകങ്ങള്‍ ലാഭമുണ്ടാക്കാനുള്ള വസ്തുകള്‍ മാത്രമാണ്. നമ്മളോട് അവന്‍ കാണിക്കുന്ന സ്നേഹം എന്റെ കാലശേഷം പുസ്തകങ്ങള്‍ ചുളുവില്‍ തട്ടിയെടുക്കാന്‍ വേണ്ടി മാത്രമാണ്‌. എന്റെ പുസ്തകങ്ങള്‍ യൂണിവേഴ്സിറ്റി ലൈബ്രറിക്ക് വിട്ടുകൊടുക്കണം. അതിനുള്ള ഏര്‍പാട് രാജീവന്‍ ചെയ്യണം. "

വക്കീല്‍ വായന നിര്‍ത്തി.

അറമുഖന്‍ കുനിഞ്ഞ ശിരസ്സുമായി യാത്ര പറയാതെ ധൃതിയില്‍ പുറത്തേക്ക് നടന്നു.

രാത്രി അറമുഖന്‍ രാജീവനെ വിളിച്ചു സങ്കടം പറഞ്ഞു. ആ സ്വരത്തില്‍ ലക്ഷങ്ങളുടെ നഷ്ടം അലിഞ്ഞു ചേര്‍ന്നിരുന്നു.