Friday, April 9, 2010

അഭയം - 2

രേ അച്ചില്‍ വാര്‍ത്ത ദിനങ്ങള്‍ ഒരുപിടി നിരാശകള്‍ വരിവരിയായി സമ്മാനിച്ചപ്പോള്‍ എന്റെ അകവും പുറവും ഒരു പോലെ വരണ്ടു. ആത്മമിത്രങ്ങളെല്ലാം അകലേയുമായപ്പോള്‍ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ഓഫീസിലും ഹോസ്റ്റലിലും ഞാന്‍ മൂടുപടമണിഞ് ഉള്‍വലിഞ്ഞു. ഇടവേളക്കളില്‍ ആത്മമിത്രങ്ങളുടെ കോളുകള്‍ ഒരു കുളിര്‍കാറ്റായി വന്ന് എനിക്ക് ആശ്വാസമേകി.

അങ്ങനെ ഒരു സന്ധ്യയില്‍ ഹോസ്റ്റലിന്റെ ടെറസ്സിലിരുന്ന് തെളിഞ്ഞ ആകാശത്തേ നോക്കിയിരിക്കുമ്പോള്‍ ഒരു വേനല്‍ മഴപോലെ വേലുവണ്ണന്റെ ഫോണ്‍ വന്നു. ഗാംഭീര്യ സ്വരത്തില്‍ പതിവിലധികം സന്തോഷമുണ്ടായിരുന്നു.

ചിറ്റൂര്‍ കോളേജില്‍ കെമിസ്‌ട്രി ഗസ്റ്റ് ലക്‌ചററായ അണ്ണന്റെ ഏകസന്താനം സുവര്‍ണ്ണക്ക് നല്ലൊരു ആലോച്ചന വന്നിട്ടുണ്ട്. ചെറുക്കന്‍ പാലക്കാട്ടു വിക്‌ടോറിയ കോളേജിലെ ഫിസിക്സ് ലക്‌ചററാണ്. വരുന്ന ഏപ്രില്‍ ഇരുപത്തിനാല്‌ വെള്ളിയാഴ്ച്ച കല്ല്യാണ തിയ്യതി ഉറപ്പിക്കാന്‍ ചെറുക്കന്റെ വീട്ടുകാര്‍ വരുന്നുണ്ട്. അണ്ണന്റെ നിര്‍ബന്ധത്തിനു വഴങ്ങി അന്ന് അവിടെ എത്താമെന്നു ഞാന്‍ വാക്കു നല്‍കി.

ഗരുവായൂരിലെ ഒരു ലോഡ്ജില്‍ അടുത്തടുത്ത മുറികളില്‍ താമസിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ പരിച്ചയമാണ്‌ ഇപ്പോള്‍ നാലം വര്‍ഷത്തില്‍ എത്തിയിരിക്കുന്നത്. അന്നു മുതല്‍ എപ്പോള്‍ എറണാകുളത്ത് എത്തുപ്പോഴും വേലുവണ്ണന്‍ എന്നെ കണ്ട് കുറച്ച് നേരമെങ്കിലും സംസാരിച്ചിട്ടെ പോവാറുള്ളു.

മൂളിപാട്ടു പാടി ഞാന്‍ റൂമിലേക്ക് നടക്കുമ്പോള്‍ മൊഫൈല്‍ വീണ്ടും ശബ്ദിച്ചു. അമ്പാട്ടുകരയിലേക്ക് ഇരുപത്തിനാലാം തിയ്യതി എത്താന്‍ മറ്റൊരു ക്ഷണം കൂടി, അയ്യപ്പണ്ണന്റെ വക. വേലുവണ്ണന്റെ നിര്‍ബന്ധപ്രകാരമായിരുന്നു വിളി.

രണ്ടാഴ്ച്ച കഴിഞ്ഞുള്ള യാത്ര എന്നില്‍ ഉന്‍മേഷത്തിന്റെ പുതുവിത്തുകള്‍ മുളപ്പിച്ചു.

പിന്നെയുള്ള ഒഴിവുസമയങ്ങളില്‍ പ്രധാന ജോലി വിവിധ സംഗീതാല്‍ബങ്ങളുടെയും,ക്ലാസിക് സിനിമക്കളുടെയും ഡൌണ്‍ലോഡിങ്ങും, അവയെ ഡി.വി.ഡികളിലേക്ക്
മാറ്റലുമായിരുന്നു. ഡി.വി.ഡികളെല്ലാം വേലുവണ്ണനും,അയ്യപ്പണ്ണനുള്ള സമ്മാനങ്ങളായിരുന്നു.

വെള്ളിയാഴ്ച്ച അവധിയെടുത്ത് വ്യാഴാഴ്‌ച്ച വൈകുന്നേരം ഞാന്‍ അമ്പാട്ടുകരയിലേക്കുള്ള എന്റെ മൂന്നാമത്തെ യാത്ര തുടങ്ങി. ഡി.വി.ഡി സമ്മാനങ്ങളുടെ കൂടെ സുവര്‍ണ്ണക്കും ഒരു സമ്മാന പൊതി കരുത്തിയിരുന്നു. പുതിയ എംബ്രോയിഡറി ഡിസൈനുകള്‍. എംബ്രോയിഡറി ഡിസൈനിംഗില്‍ അവള്‍ ഒരു വിദഗ്ധയാണ്‌.

തൃശൂര്‍ പാലക്കാട് റൂട്ടില്‍ റോഡുപണി നടക്കൂന്നതിനാല്‍ വടക്കാഞ്ചേരി വരെ ബസ്സ് ഇഴഞ്ഞു നീങ്ങുകയായിരുന്നു. ആലത്തുര്‍ എത്തിയപ്പോഴേക്കും നേരം ഇരുണ്ടു. നേര്‍ത്ത ഇരുളില്‍ കരിമ്പനകള്‍ അതിരിടുന്ന കൊയ്യ്‌ത്തു കഴിഞ്ഞ ആലസ്യത്തില്‍ കിടക്കുന്ന പാടങ്ങക്കിടയിലൂടെയുള്ള യാത്രയില്‍ പലവട്ടം ഞാന്‍ എന്റെ ബാല്യത്തിലേക്ക് മടങ്ങി.

മങ്ങിയ വെളിച്ചത്തില്‍ നാണക്കുണുങ്ങി നില്ക്കുന്ന ഗ്രാമീണത നശിക്കാത്ത അങ്ങാടികളും വിശാലമായ പാടങ്ങളും എന്നില്‍ വിഷാദം കലര്‍ന്ന ഓര്‍മ്മക്കളുണര്‍ത്തി. വിഷാദഓര്‍മ്മക്കളത്രയും വികസനം നശിപ്പിച്ച എന്റെ ഗ്രാമത്തെ പറ്റിയായിരുന്നു.

പ്രതീഷിച്ചതിലും ഒരു മണിക്കുര്‍ വൈകി ഞാന്‍ അമ്പാട്ടുകരയില്‍ എത്തിച്ചേര്‍ന്നു. യു.പി.സ്കൂളിനു മുന്‍പിലുള്ള ബസ്സ്‌സ്റ്റോപ്പില്‍ അയ്യപ്പണ്ണന്‍ എന്നെയും കാത്ത് നില്ക്കുന്നുണ്ടായിരുന്നു.

നിലാവിന്റെ ശോഭയില്‍ തിളങ്ങുന്ന ചെമ്മണ്‍ പാതയിലൂടെ നാട്ടുവിശേഷങ്ങള്‍ പറഞ്ഞ് ഞങ്ങള്‍ വേലുവണ്ണന്റെ വീട്ടിലേക്ക് നടന്നു. വേലുവണ്ണന്റെ വീട്ടിലെത്താന്‍ ബസ്സ്‌സ്റ്റോപ്പില്‍ നിന്ന് പത്തുമിനിട്ടു
നടന്നാല്‍ മതി.

നോക്കത്താ ദൂരം പരന്നു കിടക്കുന്ന വയലുകള്‍ക്കു നടുവില്‍ നാലടിയോളം ഉയരത്തിലുള്ള വിശാലവും ഫലഭൂവിഷ്ടവുമായ പറമ്പില്‍ തലയുര്‍ത്തിനില്‍ക്കുന്ന നൂറ്റാണ്ടു പിന്നിട്ട പഴയ മാളിക വീട്, വീടിനോട് ചേര്‍ന്ന് പത്തായപ്പുരയും ഗസ്റ്റ്‌ഹൌസും അതാണ്‌ മൂപ്പശ്ശേരി തറവാട്. വേലുവണ്ണന്റെ വാസസ്ഥലം.

മൂപ്പശ്ശേരി തറവാടിനും പറമ്പിനും ഒരു മാറ്റവുമില്ല. കല്യാണനിശ്ചയം പ്രമാണിച്ച് തറവാട് ഒന്നു വെള്ളപൂശിയിട്ടുണ്ട്.

വേലുവണ്ണന്റെയും കുടുംബത്തിന്റെയും ഹൃദ്യമായ സ്വീകരണം സ്വന്തം വീട്ടിലെത്തിയ പ്രതീതിയുണര്‍ത്തി. സമ്മാനങ്ങള്‍ അവകാശികള്‍ക്ക് കൈമാറിയ ശേഷം വേലുവണ്ണന്റെ സുഹൃത്തുകളോടും ആശ്രിതരോടും പരിച്ചയം പുതുക്കി കുറച്ച് നേരം കുശലം പറഞ്ഞു. പിന്നെ കുളിച്ച് വസ്ത്രം മാറാനായി ഗസ്റ്റ്‌ഹൌസിലേക്ക് നടന്നു.

ഞാന്‍ കുളി കഴിഞ്ഞ് വസ്ത്രം മാറി വന്നതും പത്തായപുരയില്‍ സഭ ആരംഭിച്ചു. ഒരു പറ്റം മദ്ധ്യവയസ്സ്കര്‍ക്കിടയില്‍ ഒരു കൊച്ചുകുട്ടിയെ പോലെ ഞാനിരുന്നു. ശോകനാശിനിയിലെ പാവം മീനുകള്‍ കറിരൂപത്തിലും വറുത്തരൂപത്തിലും പനങ്കളിനു മേമ്പൊടിയായി. നിശ്ചയം പ്രമണിച്ച് വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം സഭ വേഗം അവസാനിപ്പിച്ചു, നാളെ ശിവരത്രിയാക്കണമെന്ന തിരുമാനത്തോടെ. അപ്പോഴേക്കും എന്റെ വയര്‍ ഒരു കുടം പോലെയായി കഴിഞ്ഞിരുന്നു.

പതിയെ ഓരോരുത്തരായി പിരിഞ്ഞു, അയ്യപ്പണ്ണനും. മൂപ്പശ്ശേരി നിന്നും അരമണിക്കുര്‍ നടക്കണം അയ്യപ്പണ്ണന്റെ വീട്ടിലെത്താന്‍. വേലുവണ്ണനു ശുഭരാത്രി നേര്‍ന്ന് ഞാന്‍ ഗസ്റ്റ്‌ഹൌസിലേക്ക് നടന്നു.

ബസ്സിലിരുന്ന് കറച്ച് സമയം മയങ്ങിയതുകൊണ്ടാവണം എനിക്ക് ഉറക്കം വന്നില്ല. ഞാന്‍ ഗസ്റ്റ്‌ഹൌസ് പൂട്ടി പുറത്തിറങ്ങി. മൂപ്പശ്ശേരിയും വളപ്പും മുന്‍പിലെ വിശാലമായ വയലും വിജിനം. അപരിചിതമായ പാടവരമ്പിലൂടെ നാട്ടുവെളിച്ചത്തിന്റെ സഹായത്തോടെ ഒരു പരിചിതനെപൊലെ ഞാന്‍ നടന്നു.... ഓടി.....

അപ്പോള്‍ മനസ്സില്‍ ഒരു ആശ കടന്നു വന്നു. മഴക്കാലമായിരുന്നെങ്കില്‍ മഴകൊള്ളാമായിരുന്നു, ചെളി വെള്ളം തെറുപ്പിച്ച് അടക്കാമായിരുന്നു പൊടി മീനിനെ പിടിക്കാമായിരുന്നു........

സഹ്യന്‍ തലോടി വിടുന്ന കുളിര്‍ കാറ്റേറ്റ് തളര്‍ച്ചയിലാതെ ഞാന്‍ പിന്നെയും മുന്‍പോട്ട് നടന്നു. അല്പദുരം നടന്നതും ഒരു ദൃശ്യം എന്നെ ആകര്‍ഷിച്ചു. വരി വരിയായി നട്ട കരിമ്പനകള്‍ അതിരെടുന്ന കുറച്ച് ഇടിഞ്ഞു പൊളിഞ്ഞ ആള്‍താമസം ഇല്ലെന്നു തോന്നിക്കുന്ന ഒരു കൊച്ചു വീട് അതിനു തൊട്ടു മുന്‍പിലായി ചിതറി കിടക്കുന്ന ചെറിയ കരിമ്പപാറകള്‍. ഉള്‍പ്രേരണയാല്‍ ഞാന്‍ കരിമ്പാറകളുടെ അടുത്തേക്ക് നടന്നു എന്നിട്ട് എറ്റവും വലിയ പാറയില്‍ കയറി ഇരുന്നു.

കുളിര്‍ കാറ്റിന്റെ സംഗീതം ആസ്വദിച്ച് മാനത്തെ നഷത്രങ്ങളെ നോക്കിയുള്ള ഇരുപ്പ് കുറേ നേരം കഴിഞ്ഞപ്പോള്‍ കിടപ്പായി മാറി. കരിമ്പനകള്‍ എനിക്ക് വെഞ്ചാമാരം വീശി. എന്റെ കണ്ണുകള്‍ പതിയെ അടഞ്ഞു.

പെട്ടന്ന് ഞാന്‍ ഞെട്ടിയെഴുന്നേറ്റു. ചുറ്റിലും നോക്കി, ആരുമില്ല. കരിമ്പനയോലകള്‍ അപ്പോഴും കാറ്റിലാടുന്നുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ കണ്ടത് സ്വപ്നമായിരുന്നോ? വിശ്വസിക്കാന്‍ അല്പം പ്രയാസം തോന്നി.

ഞാന്‍ മൊഫൈല്‍ എടുത്ത് സമയം നോക്കി. മൂന്നേ പത്ത്.

ധൈര്യം സംഭരിച്ച് ഞാന്‍ കരിമ്പനകൂട്ടത്തിനടുത്തേക്ക് ചെന്നു.

അവിടെ ആരുമില്ലായിരുന്നു. ചീവിടുകളുടെ രോദനം എനിക്ക് പൊളിഞ്ഞു തുടങ്ങിയ വീടിന്റെ തേങ്ങലായി തോന്നി.

പത്തു മിനിറ്റു മുന്‍പ് കണ്ട സ്വപ്നത്തെ ഓര്‍ത്തെടുത്തുകൊണ്ട് ഞാന്‍ വേലുവണ്ണന്റെ വീട്ടിലേക്ക് തിരിച്ചു നടന്നു.

പാറയില്‍ കിടന്നു ഉറങ്ങിപോയ എന്റെ തൊട്ടടുത്ത് ഒരു കല്ല്‌ വന്നു വീണു. ഞാന്‍ കണ്ണു തുറന്ന് എഴുന്നേറ്റിരുന്നു. വരി വരിയായി നില്‍ക്കുന്ന കരിമ്പനകള്‍ക്കിടയില്‍ ചുവന്ന മുണ്ടു
ധരിച്ച മുടി നീട്ടി വളര്‍ത്തിയ ഒരു കുറുകിയ മനുഷ്യന്‍. അയാളുടെ ഇരുഭാഗത്തുമായി രണ്ടു നായകളും. അവ എന്നെ നോക്കി മുരളുന്നുണ്ട്.

എന്നെ തുറിച്ച് നോക്കുന്ന അയാളെ ഭയത്തോടെ ഞാന്‍ നോക്കി.

ആരാ ? എന്താ ഇവിടെ? പരുക്കന്‍ ശബ്ദം എന്റെ നേരെ വന്നു.

ജന്‌മനാലുള്ള വിക്ക് അല്പം കൂടി. ഞാന്‍ ആരാണെന്നുള്ളത് ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.

ഭാവ വ്യത്യാസമില്ലാതെ അയാള്‍ വീണ്ടും ശബ്ദിച്ചു. ഭഗവതിയുടെ തിരി വെയ്ക്കണ സ്ഥലാ അവിടെ കള്ളുകുടിച്ച് ഇരിക്കാന്‍ പാടില്ല്യ. അതും ഈ അസമയത്ത്.

ഞാന്‍ അനുസരണയോടെ തലയാട്ടികൊണ്ട് എഴുന്നേറ്റു നിന്നു മാപ്പ് പറഞ്ഞു.

കുട്ടി വേഗം മടങ്ങിപൊയിക്കോള്ളു ഇഴജെന്തുകളുണ്ടാവും. അയാളുടെ പരുക്കന്‍ ശബ്ദ്ത്തിനു നേരിയ മയം വരുത്തി പറഞ്ഞുകൊണ്ട് അപ്രത്യക്ഷനായി കൂടെ ആ രണ്ടു നായകളും.

നാലുമണിക്ക് ഞാന്‍ വേലുവണ്ണന്റെ വീട്ടില്‍ തിരിച്ചെത്തി. എല്ലാവരും നല്ല ഉറക്കത്തിലാണ്. ഞാനും ഉറങ്ങാനായി കിടന്നു. നിദ്ര എന്നെ കീഴടക്കുന്നതുവരെ എന്റെയുള്ളിലെ വിശ്വാസിയും അവിശ്വാസിയും പരസ്പരം കലഹിച്ചു.

ഒന്‍പതു മണിക്ക് വേലുവണ്ണന്‍ വന്ന് വിളിച്ചപ്പോള്‍ ഞാനുണര്‍ന്നു.

ഉറക്കം ശരിയായില്ലേ എന്ന് അന്വേഷിച്ച അണ്ണനെ നോക്കി ഒന്നു ചിരിച്ച് തലയാട്ടുക മാത്രം ചെയ്തു.

വത്സല്യത്തോടെ വേഗം കുളിച്ച് വാടാ എന്നു പറഞ്ഞ് അണ്ണന്‍ നിശ്ചയത്തിന്റെ തിരക്കിലേക്ക് മടങ്ങി.

പറമ്പിനു പുറകിലുള്ള കുളത്തില്‍ പോയി മതി വരുവോളം മുങ്ങി കുളിച്ച് വസ്ത്രം മാറി ഞാനും നിശ്ചയത്തിന്റെ ഒരു കാര്യകാരനായി മാറി.

പതിനൊന്നായപ്പോഴേക്കും ചെറുക്കന്റെ വീട്ടുകാര്‍ വന്നു. ആഢ്യത്വത്തിന്റെയും ആഭിജ്യാത്യത്തിന്റെയും ഉത്തമ ഉദാഹരണങ്ങളായ കുറച്ച് കാരണവന്മാര്‍ പിന്നെ പേരിനു രണ്ടു മൂന്നു ചെറുപ്പക്കാരും അതായിരുന്നു ആ സംഘം.

കുറച്ച് നേരത്തെ കൂട്ടലും കിഴിക്കലിനും ശേഷം കല്ല്യാണ തിയ്യതി ഉറപ്പിച്ചു. ആഗസ്റ്റ് ഒന്‍പത് ഞായറാഴ്ച്ച പതിനൊന്നിനും പതിനൊന്നരക്കും ഇടക്ക് മുഹൂര്‍ത്തം. പെണ്ണിന്റെയും ചെറുക്കന്റെയും അമ്മാവന്‍മാര്‍ ജാതകം കൂട്ടികെട്ടി. വിഭവസമൃദ്ധമായ സദ്യക്കു ശേഷം ചെറുക്കന്റെ വീട്ടുകാര്‍ സംതൃപ്തിയോടെ മടങ്ങി.

എല്ലാം പണികളും തീര്‍ത്ത് ഞങ്ങള്‍ വെടിവട്ടത്തിനിരുന്നു. സമകാലീന രാഷ്ട്രീയമായിരുന്നു വിഷയം. കലുങ്കുഷമായ ചര്‍ച്ചക്കളും വാഗ്‌വാദങ്ങളും വൈകുന്നേരം വരെ നീണ്ടു. വൈകുന്നേരത്തെ കാപ്പിക്കുശേഷം സഭ പരിഞ്ഞു സന്ധ്യയിലെ മാമങ്കത്തിനു മുന്‍പുള്ള ഒരു ഇടവേളക്കായി.

അയ്യപ്പണ്ണന്റെ ക്ഷണം സ്വീകരിച്ച് ഞാന്‍ അദ്ദേഹത്തിന്റെയൊപ്പം വീട്ടിലേക്ക് നടന്നു. മൂന്നുനാലു മിനിറ്റിന്റെ മൌനത്തിനു വിരാമമിട്ട് ഞാന്‍ ഇന്നലത്തെ നിശായാത്രയെയും,സ്വപ്നത്തെയും പറ്റി അദ്ദേഹത്തോട് പറഞ്ഞു.

അല്‍ഭുതത്തോടെ അയ്യപ്പണ്ണന്‍ എന്നെ നോക്കി. ഒന്ന് ഓര്‍ത്തെടുത്ത ശേഷം അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എന്നെ അത്യധികം ആശ്ചര്യപ്പെടുത്തി.

ഞാന്‍ കണ്ടത് പത്തുമുപ്പതു വര്‍ഷം മുന്‍പ് മരിച്ച, ഭഗവതി കാവിലെ കോമരമായിരുന്ന മാടന്റെ വീടായിരുന്നു. ശുദ്ധരില്‍ ശുദ്ധനായിരുന്ന കോമരത്തിന്റെ ശബ്ദം വളരെ പരുക്കനായിരുന്നു. ചുവന്ന മുണ്ടായിരുന്നു മുടി നീട്ടി വളര്‍ത്തിയിരുന്ന മാടന്‍ കോമരത്തിന്റെ സ്ഥിരം വേഷം. ഒരു അകമ്പടിയെന്ന പോലെ രണ്ടു നായകള്‍ എപ്പോഴും കൂടെയുണ്ടാവുമായിരുന്നു. മാടന്‍ കോമരം മരിച്ച് അധികം കഴിയും മുന്‍പേ അയാളുടെ ഭാര്യയും മരിച്ചു. ആ സ്ത്രീ മരിക്കുന്നതു വരെ കരിമ്പന കൂട്ടത്തിനു തൊട്ടടുത്തുള്ള പാറകൂടങ്ങളിലെ വലിയ പാറയില്‍ നിത്യവും തിരിവെക്കുമായിരുന്നു. അവര്‍ മരിച്ച് മാസങ്ങള്‍ കഴിയും മുന്‍പേ കോമരത്തിന്റെ മക്കള്‍ ആ വീടും പറമ്പും വേലുവണ്ണന്റെ ഒരു ബന്‌ധുവിന്‌ വിറ്റു. അന്നു മുതല്‍ ആ കൊച്ചു വീട്ടില്‍ ആള്‍ താമസമില്ല.

അധികം വൈകാതെ സംസാരം വീണ്ടും സംഗീതത്തെക്കുറിച്ചായി.

അരുണന്റെ സായാഹ്നരശ്മികളേറ്റ് വിയര്‍ത്ത് ഞങ്ങള്‍ അയ്യപ്പണ്ണന്റെ വീട്ടിലെത്തി. മൃദംഗത്തിന്റെ നാദവീചികള്‍ ആ വീട്ടിലേക്ക് എന്നെ സ്വാഗതം ​ചെയ്തു. ആ പഴയ ഇരുനില വീട്ടിന്റെ ഉമ്മറത്ത് വെച്ച് ഞാന്‍ അയ്യപ്പണ്ണന്റെ വാക്കുകളിലൂടെ സുപരിചിതനായ ബാലുവിനെ പരിചയപ്പെട്ടു. ഞങ്ങള്‍ വരുമ്പോള്‍ വീടിന്റെ ഉമ്മറത്തിരുന്ന് മൃദംഗം വായിക്കുകയായിരുന്നു ബാലു. ഒറ്റയാനായ അണ്ണന്റെ മരുമകനും വിനീത ശിഷ്യനും അതിലേറെ ആത്മാര്‍ഥ മിത്രവുമാണു അവന്‍. ഒരു സംഗീത സ്‌കുളിന്റെ ഉപകരണങ്ങളുടെ മിനിക്കുപണികളുമായി കഴിഞ്ഞ ഒരാഴ്ച്ചയായി തൃശൂരിലായിരുന്നു ബാലു.

അയ്യപ്പണ്ണന്‍ മേലുകഴുകി വസ്ത്രം മാറി വരുന്നതു വരെ ഞാന്‍ വീടിന്റെ പൂമുഖത്തിരുന്നു ബാലുവിന്റെ മൃദംഗവായന ആസ്വദിച്ചുകൊണ്ടിരുന്നു. അണ്ണന്‍ തിരിച്ചു വന്നതും ബാലു വീടു പൂട്ടിയിറങ്ങി. മൃദംഗവും,ഓടകുഴലും അവന്‍ കൈയില്‍ കരുതിയിരുന്നു. സന്ധ്യയിലെ മാമാങ്കത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച് ഞങ്ങള്‍ വേലുവണ്ണന്റെ വീട്ടിലേക്ക് നടന്നു.

ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കും മൂപ്പശ്ശേരിയിലെ പത്തായപുരയെ ഒരു മിനികള്ളുഷാപ്പാക്കി മാറ്റാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. പത്തായപ്പുരയിലെ പഴയ ഊണുമേശ പല വിഭവങ്ങള്‍കൊണ്ട് നിറഞ്ഞു. മേശക്കടിയില്‍ രണ്ട് കനാസ് പനങ്കള്ള്‌ ഒളിച്ചിരുന്നു.

സ്ഥലത്തെ രണ്ട് ദിവ്യന്മാര്‍ കൂടിയെത്തിയത്തോടെ സഭ തുടങ്ങി. അയ്യപ്പണ്ണനും ബാലുവും പശ്ചാത്തല സംഗീതമൊരുക്കി. നാടന്‍ ഗായകന്മാര്‍ അതിനൊത്ത് പാടി.

ഗ്ലാസുകള്‍ മുറക്ക് നിറയുകയും ഒഴിയുകയും ചെയ്തപ്പോള്‍ പാട്ടിനു പുറകെ ആട്ടവും അരങ്ങേറി. ഞാനും വേലുവണ്ണുനം ​കാഴ്ച്ചക്കാരായി അടങ്ങിയിരുന്നു. താരങ്ങള്‍ അയ്യപ്പണ്ണനും ബാലുവുമായിരുന്നു. ഇരുവരും ഓടകുഴലിലും മൃദംഗത്തിലും മാറി മാറി നാദധാര പൊഴിച്ച് ഞങ്ങളെ ധന്യരാക്കി.

ആ മാമങ്കാം അര്‍ധരാത്രി വരെ നീണ്ടു. . പന്ത്രണ്ടു ഗ്ലാസ് പനങ്കള്ള്‌ അകത്താക്കിയ ദിവാകരേട്ടന്‍ വിജയിയായി സ്വയം പ്രഖ്യാപ്പിച്ചു. കനാസും വിഭവങ്ങള്‍ നിറച്ച പാത്രങ്ങളും കാലിയായപ്പോള്‍
അപ്രതീക്ഷിതമായി വേലുവണ്ണന്‍ ശോകനാശിനി തീരത്തേക്ക് പോവാം എന്ന നിര്‍ദ്ദേശം വെച്ചു. എല്ലാവരും അതിനെ പിന്‍താങ്ങിയപ്പോള്‍ രണ്ട് കാറില്‍ കയറി ഞങ്ങള്‍ ശോകനാശിനി തീരത്തെത്തി.

ഇരുട്ടിന്റെ പുതപ്പണിഞ്ഞ പുഴയോരം കള കളം ​പാടി ഞങ്ങളെ വരവേറ്റു. പഴക്കരയിലിരുന്ന് ഞങ്ങള്‍ പാട്ടും ആട്ടവും തുടരവേ പെട്ടന്ന് എന്റെ മനസ്സില്‍ ഒരാഗ്രഹം ഉടലെടുത്തു. എന്റെ മനസ്സ് ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി. അവരില്‍ ഒരാളായിരുന്ന് എന്നില്‍ അപ്രതീക്ഷിതമായി എന്നില്‍ ഉറഞ്ഞു കൂടിയ ആ ആഗ്രഹത്തെ ഞാന്‍ ഒരു തിരുമാനമാക്കി മാറ്റി.

നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ മനസ്സ് ബഹളങ്ങളിലേക്ക് തിരികെ വന്നു. ബ്രഹ്മമുഹൂര്‍ത്തം വരെ ഞങ്ങള്‍ ശോകനാശിനി കരയിലിരുന്ന് ആനന്ദത്തിലാറടി നേരം പുലരും മുന്‍പേ കൂടണഞ്ഞു.

പതിനൊന്നുമണിക്ക് സുവര്‍ണ്ണ ഞങ്ങളെ വിളിച്ചുണര്‍ത്തി. പല്ലു തേച്ച് കാപ്പി കുടിച്ച ശേഷം ബാലുവും,വേലുവണ്ണനും,അയ്യപ്പണ്ണനും ഞാനും കുളത്തില്‍ മുതലകളെപോലെ നീന്തി തുടിച്ചു.

ഉച്ചയൂണിനു ശേഷം നിമിഷങ്ങള്‍ക്ക് വേഗത കൂടി. മൂപ്പശ്ശേരി പൂമുഖത്തെ പഴഞ്ചന്‍ ക്ലോക്ക് മൂന്നടിച്ചപ്പോള്‍ ഞാന്‍ തിരിച്ച് പോക്കിനൊരുങ്ങാന്‍ തുടങ്ങി. അപ്പോഴേക്കും സുവര്‍ണ്ണ ഞങ്ങള്‍ക്ക് കാപ്പിയുമായി വന്നു.

കാപ്പി ഊതി ഊതി കുടിക്കവെ ഞാന്‍ വന്ന രാത്രിയിലെ കറക്കവും,സ്വപ്നവും പിന്നെ മാടന്‍ കോമരത്തിന്റെ വീടും പറമ്പും സ്വന്തമാക്കാനുള്ള എന്റെ പുതിയ മോഹവും പരസ്യമാക്കി .

തെല്ല്‌ ആശ്ചര്യത്തോടെ എല്ലാവരും എന്നെ നോക്കി.

ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ വീണ്ടും ഞാന്‍ മോഹം ഞാന്‍ ആവര്‍ത്തിച്ചു.

എന്നെ അമ്പരപ്പിച്ച് ആ നല്ല സുഹൃത്തുകളെല്ലാം എനിക്ക് പിന്‍തുണ വാഗ്ദനം ചെയ്തു.

എല്ലാവരോടും താത്കാലികമായി യാത്ര പറഞ്ഞ് ബാലുവിന്റെ ബൈക്കിന്റെ പുറകില്‍ കയറി ഞാന്‍ ചിറ്റൂര്‍ ബസ്സ്റ്റാന്‍ഡിലേക്ക് പുറപ്പെട്ടു. ഈ ഭൂമിയില്‍ ആദ്യമായി അല്പം മണ്ണ്‌ സ്വന്തമാക്കാന്‍ പോകുന്ന ആഹ്ളാദത്തോടെ, അഭയസ്ഥാനം കണ്ടെത്തിയ നിര്‍വൃതിയോടെ..........