Tuesday, December 29, 2009

വെളിപാടുകള്‍ - 12009 ആഗസ്റ്റ്‌ 17 തിങ്കള്‍

രണ്ടു മാസത്തിനു ശേഷം നാട്ടില്‍ പോയി തിരിച്ചെത്തി. അച്ഛ് ന്റെയും ,അമ്മയുടെയും ,അനിയെന്റെയും കൂടെയുള്ള രണ്ട്‌ ദിവസം രണ്ടു മണിക്കുര്‍ പോലെ കഴിഞ്ഞു പോയി. വീട്ടിലെ കിണറ്റിലെ തണുത വെള്ളത്തില്‍ കുളിക്കാന്‍ ഇനി ഒരു മാസം കാത്തിരിക്കണം . ഈ ഒറ്റ മുറി ഫ്ളാറ്റിലെ ജീവിതം പലപ്പോഴും അരോചകമാവുന്നു.

ഇന്ന്‌ ഓഫിസില്‍ എല്ലാവര്‍ ക്കും ഹല്‍വയും ,കായവറുത്തും വിതരണം ചെയ്തു. അടുത്ത മാസത്തെക്കുള്ള ലിസ്റ്റ്‌ ഇപ്പൊഴെ തയ്യാറായിട്ടുണ്ട്.‌

അച്ഛന്‍ വിളിച്ചിരുന്നു. അമ്മയൊടും , അനിയനൊടും സംസാരിച്ചു. രാഗിയെ വിളിച്ച്‌ അരമണിക്കുറോളം സംസാരിച്ചു. ഷാഹുലിനെയും ,അജിയെയും ,രാഹുലിനെയും ,ജിനോയെയും വിളിച്ച്‌ കുറച്ച് നേരം ലാത്തിയടിച്ചു.

യാത്ര ക്ഷീണം വിട്ടുമാറാത്തുകൊണ്ട്‌ "The General in His Labyrinth" വായിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഉറക്കം വന്നു. എന്നാലും രവിശങ്കറിന്റെയും , ഹരി പ്രസാദ്‌ ചൌരസ്യയുടെയും ബസന്ത്ബാഹര്‍ രാഗവാദനം കേട്ടു.

ശുഭരാത്രി. :)


2009 ആഗസ്റ്റ്‌ 18 ചൊവ്വ

അപ്രതീഷിതമായി ഒരു സമ്മാനവുമായി ഹരി എന്നെ കാണാന്‍ വന്നു. ശിവകുമാര്‍ ശര്‍മ്മയുടെ നാല്‌ ആല്‍ബങ്ങള്‍ അടങ്ങിയ ഒരു ഡി.വി.ഡി. അവന്‌ ഒരു മാസത്തെ ലീവുണ്ട്‌.

ഹരിയുടെ കൂടെ ഒരു നഗര പ്രദിക്ഷണം നടത്താന്‍ ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങി. ഭൂമിക്ക്‌ താഴെയുള്ള പല കാര്യങ്ങളും ചര്‍ച്ച ചെയ്യ്ത്‌ സന്ധ്യക്ക്‌ അവന്‍ നാട്ടിലേക്ക്‌ തിരിച്ച്‌ പോയി.

അച്ഛന്‍ വിളിച്ചിരുന്നു. അമ്മയൊടും , അനിയനൊടും സംസാരിച്ചു. രാഗിയെ വിളിച്ച്‌ ഒരു മണിക്കുറോളം സംസാരിച്ചു. ഈ മാസം 28ന്‌ അവളെ കാണാന്‍ പോവണം .

ശിവകുമാര്‍ ശര്‍മ്മയുടെ "വര്‍ഷ" എന്ന ആല്‍ബം കേട്ട്‌ ആസ്വദിച്ചിരുന്നു. "The General in His Labyrinth" രണ്ട്‌ അദ്ധ്യായം വായിച്ചു. ഒരാള്‍ക്ക്‌ ഒന്നില്‍ കൂടുതല്‍ മാസ്റ്റര്‍പീസുണ്ടാവുമോ?

ശുഭരാത്രി. :)


2009 ആഗസ്റ്റ്‌ 19 ബുധന്‍

"മനുഷ്യന്റെയും ,കന്നുകാലികളുടെയും അസ്ഥികൂടങ്ങള്‍ ചിതറികിടക്കുന്ന വിജനമായ മരുപ്രദേശത്തിലൂടെ വെയിലേറ്റ്‌ വാടി തളര്‍ന്ന്‌, അതിലേറെ ഭയന്ന്‌ ദിക്കറിയാതെ വലയുകയാണ്‌ ഞാന്‍ . ഒരുപാട്‌ ദൂരം നടന്നപ്പോള്‍ ഞാന്‍ ഒരു മരുപച്ചയിലെത്തി. നീരുറവയില്‍ നിന്ന്‌ വെള്ളം കോരി കുടിച്ച്‌ ദാഹമകറ്റിയമ്പോള്‍ എനിക്ക്‌ വല്ലാത്തൊരു ദുര്‍ഗന്ധം അനുഭവപ്പെട്ടു.
അല്‍പം മുന്നോട്ട്‌
നടന്നപ്പോള്‍ കണ്ടത്‌ ചീഞ്ഞളീഞ്ഞ്‌ പുഴുവരിച്ച്‌ തുടങ്ങിയ ശവശരീരങ്ങളെയും , ദേഹമാസകലം വ്രണമൊലിപ്പിച്ച്‌ പാതി മരിച്ച്‌ കാലനെയും കാത്തു കിടക്കുന്ന പേകോലങ്ങളെയായിരുന്നു. ആ ഭീകരമായ കാഴ്ച കണ്ട്‌ ഭയന്നോടിയ ഞാന്‍ ഏറെ നേരത്തെ പ്രയാണത്തിന്‌ ശേഷം ആളൊഴിഞ്ഞ ഒരു ചെറു നഗരത്തിലെത്തി. പല വീടുകളില്‍ കയറി ഇറങ്ങിയെങ്കിലും എനിക്ക്‌ ഒരു മനുഷ്യനെപോലും കാണാന്‍ കഴിഞ്ഞില്ല. അവസാനം ഞാന്‍ ഒരു കൊട്ടാരത്തിന്റെ മുന്നില്‍ ചെന്നത്തി. അവിടെയും
ഞാന്‍
കണ്ടത്‌ ചീഞ്ഞളിഞ്ഞ തുടങ്ങിയ മനുഷ്യരുടെയും , കുതിരകളുടെയും , ആനകളുടെയും ശവശരീരങ്ങളായിരുന്നു. "

"കടലിനും കായലിനുമിടയില്‍ ഒരു കൊചു ദ്വീപ്‌. ദ്വീപ്‌ നിറയെ ആണുങ്ങളുടെയും ,പെണ്ണുങ്ങളുടെയും ,കുട്ടികളുടെയും കബന്ധങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. കൈയും ,കാലും ,തലയും ,ഉടലും വേര്‍പ്പെട്ടവ. കബന്ധ കൂമ്പാരങ്ങളില്‍ ജീവന്‍ അവശേഷിച്ചവ പ്രാണനു വേണ്ടി പിടയുന്നു. കടല്‍തീരം നിറയെ എരിഞ്ഞു കഴിഞ്ഞതും , എരിഞ്ഞു കൊണ്ടിരിക്കുന്നതുമായ കബന്ധ കൂമ്പാരങ്ങള്‍ . "

ഇന്നലെ എന്റെ ഉറക്കം നഷ്ടപ്പെടുത്തിയ രണ്ടു സ്വപ്നങ്ങളായിരുന്നു ഇവ. പക്ഷെ ഞാന്‍ ശരിക്കും ഞെട്ടിപ്പോയത്‌ ഓഫിസില്‍ എത്തി എന്റെ സൈബര്‍ സുഹ്യത്തുക്കളായ ജാഫ്നക്കാരന്‍ ബാലുവിന്റെയും,അംഗോളക്കാരന്‍ ടുജി ഒക്കിരിയുടെയും ഇ-മെയിലുകള്‍ നോക്കിയപ്പോളായിരുന്നു. ഇന്നലത്തെ എന്റെ ആദ്യ സ്വപനത്തിലെ രംഗങ്ങളുമായി സാമ്യമുള്ള ഫോട്ടോകളായിരുന്നു ടുജിയുടെ മെയിലില്‍ . ബാലുവിന്റെ മെയിലിലെ ഫോട്ടോകള്‍ രണ്ടാമത്തെ സ്വപ്നവുമായി സാമ്യമുണ്ടായിരുന്നെങ്കിലും , സ്വപ്നത്തിലെ ദ്യശ്യങ്ങളെക്കാളും ഭീകരമായിരുന്നു.

ഓഫിസില്‍ എന്നത്തെയും പോലെ എല്ലാവരുമായി ഇടപഴകിയെങ്കിലും എന്റെ ഉള്ളു നിറയെ സ്വപ്നത്തിലെ ദ്യശ്യങ്ങളും , അവയിലെ യാഥര്‍ത്ഥങ്ങളുമായിരുന്നു. ഇപ്പോഴും ആ ദ്യശ്യങ്ങള്‍ എന്നെ വല്ലാതെ അലട്ടുന്നു. പാട്ടു കേള്‍കാനും , വായിക്കാനും കൂടി തോന്നുനില്ല.

പലവട്ടം സ്വപ്നങ്ങളെ പറ്റി ആരോടെങ്കിലുമൊന്ന്‌ സംസാരിക്കണം എന്ന്‌ തോന്നിയിരുന്നെങ്കിലും , "നിന്റെ പുതിയ വട്ട്‌" എന്നു പറഞ്ഞ്‌ കളിയാക്കുന്നതു കൊണ്ട്‌ വേണ്ടാന്നു വെച്ചു.

അച്ഛനുമ്മയും ,രാഗിയും വിളിച്ചിരുന്നെങ്കിലും അധികനേരം സംസാരിച്ചില്ല.

ഇന്നലെ പതിവു പോലെ വായിച്ച്‌ പാട്ടു കേട്ട്‌ കിടന്ന ഞാന്‍ എന്തുകൊണ്ട്‌ ഭീകരമായ സ്വപ്നങ്ങള്‍ കണ്ടു എന്നത്‌ അര്‍ധരാത്രിയിലും ഒരു ചോദ്യമായി അവശേഷിക്കുന്നു...

ശുഭരാത്രി. :)


2009 ആഗസ്റ്റ്‌ 20 വ്യാഴം ​

വിചിത്രമായ ഒരു സ്വപ്നം കണ്ട്‌ ഞാന്‍ 3.15 ഉണര്‍ന്നു.

"ഇരുവശത്തും മുക്കാല്‍ ആള്‍ പൊക്കമുള്ള മുള്ളുവേലികെട്ടിയ ഒരു റോഡിലൂടെ കുറെ അപരിചിതരുടെ കൂടെ ഞാന്‍ നടക്കുന്നു. റോഡിന്റെ അങ്ങെ അറ്റത്ത്‌ എനിക്ക്‌ പോവാനുള്ള ബസ്സു വന്നു. ബസ്സില്‍ കയറാനായി തിരക്കിട്ട്‌ നടന്നപ്പോള്‍ ഒരു മുള്ളുവള്ളി എന്റെ പാന്റ്സില്‍ കുരുക്കി. കുരുക്ക്‌ അഴിച്ച്‌ മുന്‍പോട്ട്‌ നീങ്ങിയപ്പോള്‍ ആ വള്ളി വീണ്ടും എന്റെ കാലില്‍ കുരുങ്ങി. അപ്പോഴെക്കും എന്റെ ബസ്സ്‌ പോയി. മുള്ളുവള്ളി എടുത്തുമാറ്റാന്‍ തുടങ്ങിയപ്പോള്‍ എനിക്ക്‌ ചുറ്റുമുള്ളവര്‍ കുരുക്കഴിക്കാനുള്ള ഉപദേശങ്ങള്‍ നല്‍കി തുടങ്ങി. കുരുക്കഴിച്ച്‌ ഒരടി നടന്നപ്പോഴേക്കും മൂന്നാമതും മുള്ളുവള്ളിയെന്റെ കാലില്‍ കുരുങ്ങി. ഈതവണത്തെ കുരുക്ക്‌ കൂടുതല്‍ ദ്യഢമായിരുന്നു. ചുറ്റുമുള്ളവരുടെ ഉപദേശങ്ങള്‍ കേട്ടും , അല്പം ചിന്തിച്ചും ഞാന്‍ ആ കുരുക്കഴിച്ച്‌ വള്ളിയെ ദൂരേക്ക്‌ പറിച്ച്‌ എറിഞ്ഞു. അപ്പോള്‍ അപരിചിതരില്‍ ഒരാള്‍ എന്നെ പരിഹസിക്കാന്‍ തുടങ്ങി. ഉടനെ ഞങ്ങള്‍
തമ്മില്‍വാക്കേറ്റമായി,
കൈയാങ്കളിയായി. കുറച്ച്‌ നേരത്തെ ഉന്തും ,തള്ളിന്‌ ശേഷം അയാള്‍ അടങ്ങി, പിന്നെ എന്നെ ഒന്ന്‌ തുറിച്ച്‌ നോക്കിയ ശേഷം നടന്നകന്നു. ഞാന്‍ കുറച്ച്‌ ദുരം കൂടി മുന്‍പോട്ട്‌ നടന്ന്‌ മുള്ളുവേലിക്ക്‌ അപ്പുറം കടന്ന്‌ ബസ്സ്റ്റോപ്പിലെത്തി. "

മുറിയിലെ ഉഷ്ണം അസഹനീയമായി തോന്നിയപ്പോള്‍ ഒരു നീണ്ട "ഷവര്‍ ബാത്ത്‌" നടത്തി വന്ന്‌ കിടന്നെങ്കിലും പിന്നെ എനിക്ക്‌ ഉറങ്ങാന്‍ പറ്റിയില്ല.

ഓഫീസില്‍ ചര്‍ച്ചക്കളിലും , കളിതമാശക്കളിലും പങ്കെടുത്തെങ്കിലും എന്തോ ഒരു ഒറ്റപ്പെട്ടല്‍ അനുഭവപ്പെട്ടു.

അച്ഛനുമ്മയും,രാഗിയും,ഷാഹുലും,അജിയും,രാഹുലും,ജിനോയും വിളിച്ചിരുന്നെങ്കിലും അധികനേരം സംസാരിച്ചില്ല. ആരോടും സ്വപ്നങ്ങളെ പറ്റിയും പറഞ്ഞില്ല.

ഇന്നും ഞാന്‍ ഒരു വരിപോലും വായിച്ചില്ല, ഒരു പാട്ടു പോലും കേട്ടില്ല.

എന്റെ ഉല്‍സാഹമൊക്കെ എങ്ങോ പോയി മറഞിരിക്കുന്നു. നാളത്തെ യാത്ര വേണ്ടെന്ന് വെയ്ക്കണോ?

ശുഭരാത്രി. :)

[ തുടരും ]