Wednesday, April 20, 2011

ദൃശ്യം 2011

കവലയുടെ മര്‍മ്മഭാഗത്തെ പൊളിഞ്ഞു തുടങ്ങിയ പുരാതന കെട്ടിടത്തിന്റെ വരാന്തയിലേക്ക് ഭാര്‍ഗവന്‍ വാശിയോടെ ഓടികയറി. അയാളുടെ കൈയില്‍ ഒരു ഇഞ്ചോളം വണ്ണമുള്ള പ്ലാസ്റ്റിക് കയറുമുണ്ടായിരുന്നു.

അയാള്‍ ആയാസപ്പെട്ട് കെട്ടിടത്തിന്റെ മുന്നില്‍ കിടന്ന നാലുവെട്ടുകല്ലുകള്‍ ഒന്നിനു മീതെ ഒന്നായി അഴുക്കുനിറഞ്ഞ വരാന്തയിലേക്ക് എടുത്തുവെച്ചു. പിന്നെ സാവധാനം പ്ലാസ്റ്റിക് കയര്‍ ഉത്തരത്തില്‍ കെട്ടി കുരുകിട്ടാന്‍ തുടങ്ങി. അതോടെ കവലയിലെ പുരുഷാരം ഉച്ചയൂണ്ണിന്റെ ആലസ്യമകന്ന് ആകാംഷയോടെ ഭാര്‍ഗവന്റെ ലീലാവിലാസങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

കുരുകിട്ട ഉടനെ ഭാര്‍ഗവന്‍ ആക്രോശിച്ചു. "പട്ടികളെ ഞാന്‍ ചാവാന്‍ പോവുകയാ "

കടകളുടെ വരാന്തയില്‍ നിന്ന് പലരും പിറു പിറുത്തു.

" ഇന്നു രാവിലെ അട്ടബിജു ഇടുത്തിട്ട് പൂശിയതിന്റെയാ. "

" ഇയാളുടെ ഗീര്‍വാണങ്ങള്‍ നമ്മളെത്ര കേട്ടിരിക്കുന്നു. "

അടുക്കിവെച്ച വെട്ടുകല്ലുകളില്‍ കയറി കുരുക്കിന്‍ തൊട്ടു താഴെ നിന്ന് ഭാര്‍ഗവന്‍ ഒരിക്കല്‍ കൂടി തന്റെ നാട്ടുകാരെ നോക്കി. ആരും അനങ്ങുനില്ല. എല്ലാവരും തന്നെ നോക്കിയിരിപ്പാണ്.

നാലുപാടും ഒന്നു കൂടി വീക്ഷിച്ച ശേഷം അയാള്‍ കഴുത്തില്‍ കുരുകിട്ട് വെട്ടുകലിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി. കരിവീട്ടി പോലെ കറുത്ത ആ കഴുത്തില്‍ മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് കയര്‍ മുറുക്കി. ഭാര്‍ഗവന്‍ പ്രാണവേദനയെടുത്ത് പിടയാന്‍ തുടങ്ങി.

കവലയിലെ ആണുങ്ങള്‍ സ്തംഭിച്ചു നിന്നു.

കല്യാണ സീസണ്‍ അല്ലാതതുകൊണ്ട് പണിയില്ലാതിരുന്ന വീഡീയോഗ്രഫര്‍ ഒരു ഹോളിവുഡ് സ്റ്റണ്ട് ചിത്രീകരിക്കുന്ന ആവേശത്തോടെ ഭാര്‍ഗവന്‍ പ്രാണനുവേണ്ടി പിടയുന്ന രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി.

ഏതോ ഒരു സത്ബുദ്ധി വിളിച്ച് പറഞ്ഞ് പോലീസ് എത്തുമ്പോഴേക്കും ഭാര്‍ഗവന്റെ പിടച്ചില്‍ അവസാനിച്ചിരുന്നു. നാളെ താന്‍ പത്രങ്ങളിലെയും ചാനല്‍ ചര്‍ച്ചകളിലെയും യൂട്യൂബിലെയും താരമാവുമെന്ന് അറിയാതെ ഭാര്‍ഗവന്റെ ദേഹി ദേഹത്തെ വിട്ട് യാത്രയായി

18 comments:

Unknown said...

ഓഹോ ഒരു മരണം സംഭവിച്ചിരിക്കുന്നു .............കുറച്ചു കൂടി തീക്ഷണമായി എഴുതാമായിരുന്നു

khader patteppadam said...

വെല്‍ഡന്‍ വീഡിയോഗ്രാഫര്‍, അവസരം പാഴാക്കിയില്ലല്ലൊ....

പട്ടേപ്പാടം റാംജി said...

സ്വന്തം ജോലിയുടെ ഉയര്‍ച്ചക്ക് അന്യന്റെ മരണം ഒന്നുമാല്ലാതാകുന്നു.

comiccola / കോമിക്കോള said...

മരണം കണ്ടു ഭക്ഷണം കഴിക്കാന്‍വരെ നമ്മള്‍ ശീലിച്ചിരിക്കുന്നു..

ആശംസകള്‍....

ente lokam said...

ഒരു മിനി കഥാ രീതിയില്‍ ആശയം കൊള്ളാം ..പറഞ്ഞ രീതി
അത്ര ഗൌരവം ഉള്ളതായി തോന്നിയില്ല ..
നര്‍മവും അല്ല..വീണ്ടും എഴുതൂ ..
ആശംസകള്‍...മരണം നടക്കുന്നത് കണ്ടു വീഡിയോ എടുക്കുന്ന മനസാക്ഷി ഇന്നൊരു
സാധാരണ സംഭവം ആകുന്നു...

അനില്‍കുമാര്‍ . സി. പി. said...

മനുഷ്യത്വം നഷ്ടമായിക്കൊണ്ടിരിക്കുന്ന മലയാളി!

ശ്രീക്കുട്ടന്‍ said...

വിഡ്ഡികള്‍ സ്വയം നശിയ്ക്കുന്നു...ബുദ്ധിമാന്മാര്‍ വിജയം വരിയ്ക്കുന്നു

SHANAVAS said...

കഴുത്തില്‍ കുരുക്കിട്ട ഭാര്‍ഗവനെ രക്ഷിക്കാതെ പോലീസിനു ഫോണ്‍ ചെയ്തല്ലോ,അത് തന്നെ വലിയ കാര്യം.അല്ലെങ്കില്‍ ഭാര്‍ഗവന്‍ ചീഞ്ഞു നാറുന്നതും ചര്‍ച്ച ആയേനെ.

the man to walk with said...

kurachu kalam munpu oru kolapathakam tvyil kanichu kayyadi vangichirunnu oru channel..

Best Wishes

Umesh Pilicode said...

ഒന്നിനും പ്രതികരിക്കാതെ നില്‍ക്കുന്നത്
ഉളിയും കരിങ്കല്ലും തമ്മിലുള്ള അനശ്വര പ്രണയത്തിന്റെ
സന്തതികള്‍ മാത്രമല്ല;
പത്തു മാസം ചുമന്നു നൊന്തു പെറ്റവയും
പക്ഷികള്‍ ചെക്കേറാത്ത പ്രതിമകള്‍ ആകാറുണ്ട്, പല അവസരങ്ങളിലും..!!

usman said...

ഓഹോ...!

Muralee Mukundan , ബിലാത്തിപട്ടണം said...

മരണങ്ങൾ പോലും നമുക്കെല്ലാം സുന്ദരകാഴ്ച്ച വട്ടങ്ങളായി തീർന്നിരിക്കുകയാണല്ലൊ അല്ലേ

ജയരാജ്‌മുരുക്കുംപുഴ said...

valare sathyam...... aashamsakal.......

ജയിംസ് സണ്ണി പാറ്റൂർ said...

കൊലയുമൊരു കല പോലെ നോക്കി
രസിച്ചിടും ഹാ സ്വാര്‍ത്ഥ ലോകമേ
കുഞ്ഞിക്കഥ നന്നായിരിക്കുന്നു.

Echmukutty said...

ഇനിയും എഴുതുക, ആശംസകൾ

ബിഗു said...

പ്രിയപ്പെട്ട കൂട്ടുകാരെ,

കൂട്ട ആത്മഹത്യാ വാര്‍ത്തകള്‍ പോലും പുതമയല്ലാതായി കഴിഞ്ഞിട്ട് നാളുകള്‍ എറെയായി. പുതുമ നല്‍ക്കാനയി ലൈവ് ആത്മഹത്യകള്‍ ടെലികാസ്റ്റ് ചെയ്യാനും ചാനലുകള്‍ മടിക്കില്ല്ല. നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങള്‍ക്ക് നന്ദി.

സസ്നേഹം

നിങ്ങളുടെ സ്വന്തം

ബിഗു

ആസാദ്‌ said...

നമ്മള്‍ പലതിനും പഠിച്ചു കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ചും നിസംഗതയോടെ ഇരിക്കാന്‍

new said...

അന്നത്തെ വോട്ട് ആന്‍ഡ്‌ ടോക്കിലെക്കെ ഒരു പ്രമേയമായി ........ ഭാര്‍ഗവന്‍ തൂങ്ങിയത്‌ ശരിയോ തെറ്റോ ?