Monday, March 29, 2010

അഭയം 1

ആനമലയുടെ മടിത്തട്ടിലേക്കിറങ്ങി എന്നെന്നും ഓര്‍ക്കാന്‍ ഉതക്കുന്ന നൂറുകണക്കിനു ദ്യശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി താഴ്വാരങ്ങളും കാട്ടരുവികളും താണ്ടി ഞങ്ങള്‍
നാല്‍വര്‍ സംഘം ആധുനികലോകത്തിന്റെ പ്രാന്തപ്രദേശത്ത് തിരിച്ചെത്തി. ക്ഷീണമകറ്റാനായി ഒരു പടുകൂറ്റന്‍ അരയാലിന്റെ ചുവട്ടില്‍ ഇരുന്നതും മണിക്കുറുകള്‍ക്ക് ശേഷം എന്റെ സഹയാത്രികരുടെ മൊഫൈല്‍ ഫോണുകള്‍ ശബ്ദിച്ചു. സംസാരിച്ചുകൊണ്ട് മൂന്നുപേരും മൂന്ന് ദിശകളിലേക്ക് നടന്നു.

നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ അല്പം ദൂരെയുള്ള പേരറിയാത്ത മരങ്ങളുടെ തണലിലിരുന്ന് മധുരഭാക്ഷണം തുടര്‍ന്നു.

അവിചാരിതമായി ഉണ്ടായ ആ ഒറ്റപ്പെട്ടല്‍ എന്നെ വല്ലാതെ തളര്‍ത്തി. അതില്‍ നിന്ന് ഒളിച്ചോട്ടാന്‍ കഴിയാതെ ഞാന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ തെക്കുഭാഗത്തേക്ക് നോക്കി
അവശനായിരുന്നു. നോക്കുകുത്തിയെ പോലെയുള്ള ആ ഇരിപ്പ് കുറച്ച് നേരം തുടര്‍ന്നപ്പോള്‍ ഒരു തിരുമാനത്തിലെത്തി.

അരയാല്‍ മുത്തശ്ശിയുടെ അനാകൊണ്ടാ വേരുകള്ളില്‍ ബാഗ് ഒതുക്കിവെച്ച് അതില്‍ തലചായ്ച്ച് ചുരുണ്ടുകൂടി.

ബസ്സിന്റെ ഹോണും കൂട്ടുകാരുടെ ഉണര്‍ത്തു വിളിയും ഓരേ സമയം കാതിലലച്ചപ്പോള്‍ ഞാന്‍ ഉണര്‍ന്നു. അപ്പോഴേക്കും അരുണന്റെ പ്രതാപം അല്പം കുറഞ്ഞിരുന്നു.

എന്റെ മിത്രങ്ങള്‍ അവരുടെ ബാഗും തൂക്കി ബസ്സിനെ ലക്ഷ്യമാക്കി ഓടി. ഞൊടിയിടയില്‍ ആലസ്യം മറന്ന് ഞാനും ബാഗ് തോളിലിട്ട് അവരുടെ കൂടെ ഓടി. ആസകലം ചേറില്‍ കുളിച്ച് സ്വന്തം നിറം പോലും മറന്ന് അലറി വിളിച്ചു വരുന്ന ആ ജാംബവാന്‍ ബസ്സ് ഒരു അപൂര്‍വ്വകാഴ്ച്ചയായിരുന്നു.

ഡ്രൈവര്‍ ബസ്സ് തിരിച്ച് നിര്‍ത്തിയപ്പോള്‍ പഴഞ്ചന്‍ എന്‍ഞ്ചിന്‍ പല വിക്രത ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ശാന്തനായി നിലകൊണ്ടു. അപ്പോഴേക്കും ഒരു പൂരത്തിനുള്ള അത്ര ആളുകള്‍ ബസ്സിന്റെ ഇരുഡോറിനും ചുറ്റും നിന്ന് കയറി പറ്റാനായി തിക്കും തിരിക്കും കൂടാന്‍ തുടങ്ങിയിരുന്നു. ഞങ്ങളും ആ സാഹസത്തില്‍ പങ്കുചേര്‍ന്നു. നിമിഷങ്ങള്‍ക്കകം ആള്‍ക്കുട്ടം മുഴുവന്‍ ബസ്സിനകത്ത് തിരികി കയറി. സീറ്റിനായുള്ള എന്റെ പരിശ്രമം പരാജയപ്പെട്ടെങ്കിലും സാഹസികന്മാരായ എന്റെ ചങ്ങാതിമാര്‍ എങ്ങനെയോ ആ ഉദ്യമത്തില്‍ വിജയിച്ചിരുന്നു. മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന ഒരു സീറ്റില്‍ അവര്‍ ഒരുമിച്ചിരുന്നു. എന്റെ ബാഗ് അവരുടെ സീറ്റിനടിയില്‍ വെച്ച് തൊട്ടടുത്തുള്ള കമ്പിയില്‍ ഞാന്‍ ചാരി നിന്നു. സീറ്റു കിട്ടാത്ത ഹതഭാഗ്യര്‍ ഒരു സീറ്റിനായി ചുറ്റിലും പരതുനുണ്ടായിരുന്നു.

അധികം വൈകാതെ ബസ്സ് വികിടസ്വരങ്ങള്‍ പുറപ്പെട്ടുവിച്ച് ചലിക്കാന്‍ തുടങ്ങി. എന്റെ കൂട്ടുകാര്‍ ഉറങ്ങാനും.

ബസ്സിലെ കുലുങ്ങി കുലുങ്ങിയുള്ള യാത്ര അരമണിക്കുര്‍ കഴിയും മുന്‍പേ തിരക്കിനിടയിലുള്ള ആ നില്‍പ് എനിക്ക് അരോചകമായി തുടങ്ങി. എന്റെ കാല്‍മുട്ടുകളില്‍ വേദന ആരംഭിച്ചു. തിരിഞ്ഞും മറിഞ്ഞും മാറി മാറി നിന്ന് ഞാന്‍ വേദന കടിച്ചമര്‍ത്തി. രണ്ടുമണിക്കുര്‍ പെട്ടന്ന് കടന്നുപോയിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആശിച്ചുപോയി.

പലപ്പോഴും ഒളികണ്ണിട്ട് ഞാന്‍ എന്റെ മിത്രങ്ങളെ നോക്കി അവര്‍ ഗാഢനിദ്രയിലായിരുന്നു. അവര്‍ എന്റെ ആരോഗ്യസ്ഥിതി മറന്നത് എന്നെ വല്ലാതെ വിഷ്മിപ്പിച്ചു.

ആ തിരക്കിനിടയില്‍ ഒരു കൊറ്റിയെപോലെ നില്‍ക്കവേ രണ്ടു ദിവസത്തിനു ശേഷം എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.

കുഞ്ഞികണ്ണേട്ടനായിരുന്നു. അമ്മയുടെയും,അച്ഛ്ന്റെയും താത്പര്യ
പ്രകാരം കറുകറുത്തവനും വിക്കനും സന്ധിവേദനകാരനുമായ എനിക്ക്‌ വേണ്ടി ഒരു പെണ്ണിനെ തിരയുന്ന ഉല്‍സാഹിയായ കുടുംബ സുഹൃത്ത്‌. വിശേഷം പതിവ്‌ പോലെ തന്നെ കുറിപ്പും ജാതകവും പറ്റി, പക്ഷെ പെണ്ണിന്റെ വീട്ടുകാര്‍ക്ക്‌ എന്നെ ഇഷ്ടപ്പെട്ടില്ല. പാവം കുഞ്ഞികണ്ണേട്ടന്‍
ഇനിയും കുറെ നടക്കേണ്ടിവരും. എന്തായാലും രാഘവപണ്ണിക്കരുടെ നല്ലകാലം.

ജാംബവാന്‍ ബസ്സ്‌ കുണ്ടും കുഴിയും നിറഞ്ഞ റോഡിലുടെ പൊടിപറത്തി അലറി വിളിച്ചുകൊണ്ടുള്ള പ്രയാണം തുടരവേ എന്റെ അസ്വസ്ഥതകളും കൂടി കൂടി വന്നു. അപ്പോഴും എന്റെ സുഹൃത്തുകള്‍ ഗാഢനിദ്രയിലായിരുന്നു.

പലവട്ടം എനിക്ക്‌ തലകറങ്ങുനതായി തോന്നി. സഹന പരിശ്രമങ്ങള്‍ക്കിടയില്‍ പെട്ടന്ന്‌ പുറകില്‍ നിന്ന്‌ ആരോ എന്നെ തോണ്ടി.

ആകാംഷയോടെ ഞാന്‍ തിരിഞ്ഞു നോക്കി.

തൊട്ടു പുറകിലത്തെ സീറ്റിലിരിക്കുന്ന താടിവെച്ച ഒരു മദ്ധ്യവയസ്കന്‍ എന്നെ കാരുണ്യത്തോടെ നോക്കി ഇവിടെ ഇരിക്കാം എന്നു ആംഗ്യം കാട്ടി.

ദയലുവായ ആ മനുഷ്യനു ഒരായിരം നന്ദി മനസ്സില്‍ ഉരുവിട്ട്‌ ഞാന്‍ അയാളുടെ അരികിലേക്‌ നീങ്ങി. എന്റെ മുഖത്തെ ദയനീയത കണ്ടിട്ടാവണം അയാളുടെ അടുത്തിരുന്ന രണ്ട്‌ കൌമാരകാര്‍ അല്‍പം നീങ്ങിയിരുന്നു. നല്ലവരായ ആ അപരിചിതരോട് ഞാന്‍ എന്റെ അകമഴിഞ്ഞ നന്ദി അറിയിച്ചു. അങ്ങനെ മൂന്ന്പേര്‍ക്ക്‌ ഇരിക്കാവുന്ന ആ സീറ്റില്‍
അപരിചിതരായ ഞങ്ങള്‍ നാലുപേര്‍ ഇത്തിരി ഞരുങ്ങിയിരുന്നു.

പത്തുപതിനഞ്ചുനിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ അസ്വസ്ഥതക്കള്‍ മാറി. ഞാന്‍ താടികാരനുമായി കുശലമാരംഭിച്ചു.

സംഗീത ഉപകരണങ്ങളുണ്ടാകുന്ന പാലക്കാട്‌ ചിറ്റുരിനടുത്തുള്ള അമ്പാട്ടുകര സ്വദേശി അയ്യപ്പന്‍ അദ്ദേഹത്തെ ഒറ്റവക്കില്‍ അങ്ങനെ വിശേഷിപ്പിക്കാം. അമ്പാട്ടുകരയിലെ ഒരു പ്രമാണിയും കാലരസികനുമായ വേലുവണ്ണനുമായുള്ള എന്റെ സൌഹൃദം ഞങ്ങളെ വളരെ പെട്ടന്ന്‌ പരിച്ചയകാരാക്കി. ഓടക്കുഴലുണ്ടാക്കാന്‍ ആദിവസികളുടെ കൈയില്‍ നിന്ന്
ലക്ഷണമൊത്ത ഈറ്റ കഷ്ണങ്ങള്‍ വേടിക്കാന്‍ വന്നതായിരുന്നു അദ്ദേഹം. കോയമ്പത്തൂര്‍ എത്തുന്നതുവരെ ഉപകരണ സംഗീതത്തെ കുറിച്ച് ഞങ്ങള്‍ വാതോരതെ സംസാരിച്ചു. വിക്ക്‌ നിറഞ്ഞ എന്റെ സംഭാക്ഷണം അയ്യപ്പണ്ണനില്‍ ഒരു ഭാവഭേദവും വരുത്തിയില്ല.

ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഞാന്‍ എന്റെ സുഹൃത്തുകളെ വിളിച്ചുണര്‍ത്തി. ജാംബവാന്‍ ബസ്സിനോട് വിട പറഞ്ഞ് ഞങ്ങള്‍ പാലക്കാട്ടിലേക്കുള്ള ബസ്സില്‍ കയറി. ഞാന്‍ അയ്യപ്പണ്ണനെ എന്റെ ചങ്ങാതിമാര്‍ക്ക് പരിച്ചയപ്പെടുത്തി. അവര്‍ ഒരുമിച്ചിരുന്നപ്പോള്‍ ഞാന്‍ അയ്യപ്പണ്ണന്റെ കൂടെയിരുന്നു സരസഭാക്ഷണം തുടര്‍ന്നു.

സന്ധ്യക്ക് ഞങ്ങള്‍ പാലക്കാട് എത്തി. ഒരു ചായ കഴിച്ച ശേഷം വീണ്ടും കാണാമെന്നു ഉറപ്പു നല്‍കി ഞാന്‍ എന്റെ പുതിയ ആത്മമിത്രത്തോട് യാത്ര പറഞ്ഞു.

അധികം താമസിയാതെ ഞാനും എന്റെ സുഹൃത്തുകളും എറണാകുളത്തേക്കു യാത്ര തിരിച്ചു. ആ നാല്‍വര്‍സംഘത്തില്‍ ഒരു ഒറ്റയാനയായി ഞാന്‍ എന്റെ യാത്ര തുടര്‍ന്നു.

[തുടരും]

Wednesday, February 10, 2010

ശ്രീവിനായക സലൂണ്‍ - 3



രാ
ത്രി ഷിഫ്റ്റിലെ ജോലി ശ്രാവണന്‌ പുതിയൊരു അനുഭവമായിരുന്നു. വല്ലപ്പോഴും സപിന്നിംഗ്‌ മിഷെന്‍ കേടുവരുമ്പോള്‍ റിപ്പയര്‍മാരുടെ ഇരുന്നിട്ടുണ്ടെന്നെല്ലാതെ രാത്രിയില്‍ മുഴുവന്‍ സമയം ജോലിചെയ്യുന്നത്‌ ആദ്യമായിട്ടായിരുന്നു. ആദ്യത്തെ ദിവസങ്ങളില്‍ ശ്രാവണന്‍ തീര്‍ത്തും ക്ഷീണിതനായെങ്കിലും പതിയെ അത്‌ യാന്ത്രികമായ ഒരു ശീലമായി മാറി. പുതിയ വലിയ സാമ്രാജ്യം അവനെ കൂടുതല്‍ ആഹ്ളാദവാനാക്കി.

ദിനങ്ങള്‍ ഒരൊന്നായി പൊഴിഞ്ഞു വീണു. രണ്ടു മാസങ്ങള്‍ ശരവേഗത്തില്‍ കടന്നു പോയി. നെറ്റ്ഷിഫറ്റ്‌ ശ്രീവിനായകയിലെ ഒരു പതിവായി മാറി. ശ്രാവണ്‍ അതിന്റെ അമരക്കാരനായി സസന്തോഷം വാണു. പഴയ താവളങ്ങളായ ഡി വണ്‍ ബ്ലോക്കും , ഗസ്‌റ്റ്‌ഹൌസും ശ്രാവണന്‌ ഇപ്പൊള്‍ ഒരു ഒര്‍മ്മമാത്രമാണ്‌.

രണ്ട്‌ തവണ പി.ജെ വന്നിരുന്നെങ്കിലും അവന്‌ അദ്ദേഹത്തെ കാണാന്‍ പറ്റിയില്ല. അവനെക്കാള്‍ തിരിക്കിലായിരുന്നു പി.ജെ. വളരെ ദുര്‍ ലഭമായെ മുതലാളിയെയും , കന്തസ്വാമിയെയും അവനിപ്പോള്‍ കാണാന്‍ കിട്ടാറുള്ളു. എല്ലാവര്‍ക്കും തിരക്കോട്‌ തിരക്ക്‌ തന്നെ.

എങ്കിലും വീട്ടിലേക്കുള്ള വാരാന്ത്യ സന്ദര്‍ശനം അവന്‍ മുടക്കിയില്ല. ചെറിയൊരു മാറ്റത്തൊടെ അതു തുടര്‍ന്നു. ഞാറായഴ്ച്ച രാവിലെ വീട്ടിലെത്തി, തിങ്കാളാഴ്ച്ച വൈകീട്ട്‌ കമ്പനിയിലേക്ക്‌ തിരിക്കും .

ഒരു വ്യാഴാച്ച പുതിയ ശീലമായി തീര്‍ന്ന പകലുറക്കത്തിനിടയില്‍ ശ്രാവണനെ തേടി ഒരു ഫോണ്‍കൊള്‍ വന്നു. ഉറക്ക ചടവൊടെ അവന്‍ ഫോണെടുത്തു. അച്ഛനായിരുന്നു. ആ വ്യദ്ധന്‍ പറയാന്‍ ഒരു സന്തോഷ വാര്‍ത്തയുണ്ടായിരുന്നു. " അയാള്‍ മുത്തച്ഛനാവാന്‍ പോകുന്നു "

അവന്റെ ഉറക്കം ഉണര്‍വിന്‌ വഴിമാറി. ഒത്തിരി ആഗ്രഹങ്ങള്‍ ഒരേ സമയം ശ്രാവണന്റെ മനസ്സിലൂടെ പൊങ്ങി വന്നു.ഇന്നു ഞായറാഴ്ച്ചയായിരുന്നെങ്കിലെന്ന്‌ അവന്‍ വെറുതെ കൊതിച്ചു പൊയി. കമ്പനിയിലെല്ലാവര്‍ക്കും ലഡു വിതരണം ചെയ്ത്‌ ശ്രാവണ്‍ തന്റെ സന്തോഷം പങ്കു വെച്ചു.

വെള്ളിയും , ശനിയും അരണയെ പോലെ ഇഴഞ്ഞു നീങ്ങി.

ഞായറാഴ്ച്ച സൂര്യന്റെ കിരണങ്ങള്‍ ഭൂമിയില്‍ പതിഞ്ഞ ഉടനെ പരമാവധി വേഗത്തില്‍ ബൈക്കോടിച്ച്‌ ശ്രാവണ്‍ വീട്ടിലെത്തി. ആഹളാദത്തിന്റെ മാറ്റു കൂട്ടാനായി വാങ്ങിയ പലഹാര പൊതി അമ്മയെ എല്‍പ്പിച്ച്‌ അവന്‍ കര്‍പ്പകത്തിന്റെ അടുത്തെത്തി. ആരും വരുന്നില്ല എന്ന്‌ ഉറപ്പു വരുത്തിയ ശേഷം അവളെ തന്നിലേക്കൊതുക്കി ചുംബന വര്‍ഷം നടത്തി. അമ്മയുടെ കാലൊച്ച കേട്ടപ്പോള്‍ അവന്‍ അവളെ സ്വതന്ത്രയാക്കി. ആ വാരാന്ത്യം മുഴുവന്‍ അവന്‍ കര്‍പ്പകത്തിനായി മാറ്റി വച്ചു. വെള്ളിത്തിരയിലെ നായകന്‍മാരെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു അവന്റെ രണ്ടു ദിവസത്തെ ചേഷ്ടക്കളും , പ്രവര്‍ത്തികളും .

അവിസ്മരണീമായ രണ്ടു ദിവസങ്ങള്‍ ഓര്‍മ്മയെന്ന ഡയറികുറുപ്പില്‍ എഴുതി ചേര്‍ത്ത്‌ തിങ്കളാഴ്ച്ച വൈകുന്നേരം ശ്രാവണ്‍ കോവിപ്പെട്ടിയിലേക്ക്‌ തിരിച്ചു.

ശ്രീവിനായകയിലെ ഓരോ നിമിഷവും സ്പിന്നിംഗ്‌ മിഷന്റെ താളം ആസ്വദിച്ച്‌ സന്തോഷചിത്തനായി, പ്രസന്നവദനനായി അവന്‍ ചിലവഴിച്ചു.

..............................................................................................


പ്രതീഷിച്ചത്തിനെക്കാളും രണ്ടു ദിവസം മുന്‍പേ ആഗസ്റ്റ്‌ 27ന്‌ പി.ജയുടെ ഓഡറിന്റെ അവസാനത്തെ ലോഡും കയറ്റി അയച്ചു. അന്ന്‌ കമ്പനിയിലെ എല്ലാവര്‍ക്കും ഗംഭീരമായ ഭക്ഷണമൊരുക്കിയിരുന്നു. ശ്രാവണനും അവന്റെ കീഴിലുള്ളവരും പ്രത്യേക സമ്മാനര്‍ഹരായി. എല്ലാവരും അവനെ അഭിനന്ദിച്ചു. നമ്രശിരസ്കനായി അവന്‍ അനുമോദനങ്ങള്‍ എറ്റുവാങ്ങി. പി.ജെയുടെ അടുത്ത ഓര്‍ഡര്‍ വരുന്നതുവരെ ശ്രീവിനായകയിലെ നെറ്റ്ഷിഫ്റ്റിന്‌ താല്‍ ക്കാലിക വിരാമമായി.

രണ്ടു ദിവസത്തെ ലീവെടുത്ത്‌ അവന്‍ നാട്ടിലേക്ക്‌ തിരിച്ചു. രണ്ടു ദിവസം രണ്ടു മണിക്കുറുകള്‍ പോലെ കടന്നുപോയി. കര്‍പ്പകം അല്‍പം തടിച്ചിട്ടുണ്ട്‌, അവളുടെ വയര്‍ കുറച്ച്‌ വലുതായിട്ടുണ്ട്‌.

കമ്പനിയിലെത്തിയ ഉടനെ തന്റെ പുതിയ ഉത്തരവാദിതത്തെ പറ്റി അറിയാന്‍ ശ്രാവണ്‍ മുതലാളിയുടെ മുറിയിലേക്ക്‌ ചെന്നു. മേശയില്‍ തല താഴ്ത്തിയിരിക്കുന്ന മുതലാളിയെ അവന്‍ വിളിച്ചുണര്‍ത്തി. അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു.

" എന്താ സുഖമില്ലേ? "

" ഒരു തലവേദന. നീ പോയി കന്തസ്വാമിയെ കാണ്‌. "

വിനീതവിധേയനായി അവന്‍ കന്തസ്വാമിയുടെ അടുത്തെത്തി.

എന്തോ ഒരു വിഷമം ആ മുഖത്തും നിഴലിചിരുന്നു. അവനെ കണ്ടാല്‍ വാചലാനാകുന്ന കന്തസ്വാമിയും അധികം ഒന്നു സംസാരിച്ചില്ല. പി.ജെയുടെ അടുത്ത ഓര്‍ഡര്‍ വരുന്നതുവരെ ഗോഡൊണിന്റെയും , ഡി വണ്‍ ബ്ലോക്കിന്റെയും കാര്യങ്ങളില്‍ സഹായിക്കാന്‍ പറഞ്ഞു.

പി.ജെയുടെ ഓര്‍ഡറിന്റെ വരവിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ശ്രാവണ്‍ ഡി വണ്‍ ബ്ലോക്കിലേക്ക്‌ നടന്നു. വരാന്‍ പോകുന്ന തിരിച്ചടിക്കളറിയാതെ....

..............................................................................................


പി.ജെ വഴി അയച്ച ലോഡുകള്‍ ഓരൊന്നായി തിരിച്ചു വന്നു. പി.ജെയെയും , ശര്‍മ്മയെയും എവിടെയാണെന്ന്‌ ആര്‍ക്കും അറിയില്ല. രണ്ടു പേരും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്‌. ശ്രീവിനായകയും . കമ്പനിയുടെ ഓരോ കോണിലും ദു:ഖവും വിരസതയും തളം കെട്ടി നിന്നു.

വിരസത നിറഞ്ഞ പുതിയ ഉത്തരവാദിത്തം ശ്രാവണ്‍ ഒരു എതിരഭിപ്രായവും പറയാതെ പഴയപോലെ പ്രസന്നവദനായി നിര്‍വഹിച്ചു പോന്നു. അല്‍പം ആശ്വാസം ആഴ്ച്ചയില്‍ മുന്നോ നാലോ തവണ വീട്ടില്‍ പോവുന്നതാണ്‌.

കന്തസ്വാമിയും , മുതലാളിയും മിക്കപ്പോഴും ഗൌരവമേറിയ ചര്‍ ച്ചക്കളിലോ നിഗൂഢമായ മൌനത്തിലോ ആയിരിക്കും . രണ്ടുപേരുടെയും മുഖത്തെ പുഞ്ചിരി ഒരു ഓര്‍മ്മ മാത്രമായി. എല്ലാ തൊഴിലാളിക്കളും പി.ജെയുടെ മടങ്ങി വരവിനായി പ്രതീഷയോടെ കാത്തിരുന്നു. പ്രര്‍ത്ഥനകളും വഴിപാടുകളും ശ്രീവിനായകയില്‍ കുന്നുകൂടി.

അതിജീവനത്തിനുള്ള രണ്ടരമാസത്തെ ശ്രമത്തിനുശേഷം ശ്രീവിനായകിലെ സിപിന്നിംഗ്‌ മിഷന്റെ ചലനം നിലച്ചു. അന്ന്‌ എല്ലാ ജോലികാര്‍ക്കും ഔദ്യോഗികമായി അറിയിപ്പ്‌ കിട്ടി. " ഇനി ഒരു അറിയിപ്പ്‌ കിട്ടുന്നതുവരെ കമ്പനി പ്രവര്‍ത്തിക്കുന്നില്ല ".

ഒട്ടുമിക്ക തൊഴിലാളിക്കളും കണ്ണീരടക്കി വീട്ടിലേക്ക്‌ മടങ്ങി.

ശ്രാവണന്‌ പുറത്തേക്ക്‌ ഇറങ്ങാനെ തോന്നിയില്ല. ആരോ പുറകോട്ട്‌ പിടിച്ചു വലിക്കുന്നതു പോലെ തോന്നി അവന്‌. താളം നിലച്ച സ്പിന്നംഗ്‌ മില്ലിന്റെ അരുകില്‍ അവന്‍ തളര്‍ന്നിരുന്നു. കുറെ നേരത്തിന്‌ ശേഷം അവന്‍ കന്തസ്വമിയുടെ മുറിയിലേക്ക്‌ നടന്നു. പക്ഷെ അയാള്‍ അപ്പോഴേക്കും വീട്ടിലേക്ക്‌ പോയിരുന്നു. അല്പനേരത്തെ മൂകമായ ചിന്തക്കുശേഷം അവന്‍ മുതലാളിയുടെ വീട്ടിലെത്തി. അവിടെയും ആരുമില്ലായിരുന്നു.

സര്‍വവും തകര്‍ന്നവനെ പോലെ ശ്രാവണ്‍ വീട്ടിലേക്ക് തിരിച്ചു. വീടിന്റെ പടി കയറിയതൂം സങ്കടം സഹിക്കാനാവതെ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്‍ പൊട്ടി കരഞ്ഞു. അച്ഛനുമ്മയും , കര്‍പ്പകവും അവനെ ആശ്വസിപ്പിക്കാന്‍ പാടുപ്പെട്ടു.

വീട്ടിനു പുറത്തിറങ്ങാന്‍ അവന്‍ മടിച്ചു. മിക്കപ്പോഴും ശ്രാവണന്റെ സാന്നിധ്യം കിടപ്പുമുറിയുടെ നാലു ചുവരിനുള്ളില്‍ ഒതുങ്ങി. അപ്പോഴെല്ലാം കര്‍പ്പകം അവനരികിലെത്തി. ആ സാമീപ്യം ഒരു അനുഗ്രഹമായിരുന്നു. ഗര്‍ഭിണിയായ അവളെ സന്തോഷിപ്പിക്കാന്‍ അവന്‍ പരമാവധി ശ്രമിച്ചു. പലപ്പോഴും അത് യാന്ത്രികമായിരുന്നെങ്കിലും .മാസങ്ങള്‍ക്ക് മുന്‍പ് ക്വാര്‍ട്ടേസിലെ മുറിയില്‍ രാത്രി ഒറ്റക്ക് കിടക്കുമ്പോള്‍ അവന്‍ ആഗ്രഹിചിരുന്നത് ഈ സാമീപ്യമായിരുന്നു. പക്ഷെ അന്ന് നെയ്തു കൂട്ടിയ സ്വപ്നങ്ങളിലെ ഹീറോ ആവാന്‍ അവന്‌ പറ്റുന്നില്ല. നാലഞ്ച് മാസം കഴിഞ്ഞല്‍ താന്‍ അച്ഛനാവും അപ്പോള്‍ എങ്ങനെ കുടുംബം പുലര്‍ത്തുമെന്ന ചിന്ത അവനെ വല്ലാതെ അലോരസപ്പെടുത്തി.

മൂന്നു മാസം ഓരോ നിമിഷങ്ങളെണ്ണി അവന്‍ തള്ളി നീക്കി. ഇടക്ക് അവന്‍ കന്തസ്വാമിയെ വിളിക്കും ഒരു സമാധനത്തിനായി. അയാളും എകദേശം അവന്റെ അവസ്ഥയിലായിരുന്നു. സഹപ്രവര്‍ ത്തകരില്‍ പലരും പുതിയ ജോലി തേടിതുടങ്ങിയത്രെ . ഒടുവില്‍ അവന്‌ ഒരു തിരുമാനത്തിലെത്തി.

കമ്പനി തുറക്കും വരെ തന്റെ കുലതൊഴില്‍ ചെയ്യുക. അന്ന് രാത്രി അച്ഛനോട് അവന്‍ കാര്യം അവതരിപ്പിച്ചു. പക്ഷെ അയാള്‍ സമ്മതിച്ചില്ല. തത്കാലം ശ്രാവണ്‍ പിന്‍മാറിയെങ്കിലും അവന്റെ തിരുമാനം അതു തന്നെയായിരുന്നു.

പിറ്റേന്നാള്‍ കമ്പനിയില്‍ നിന്ന് ഒരു കത്തു കിട്ടി. " ശ്രീവിനായക സ്പിന്നിംഗ് മില്‍ പൂട്ടുന്നു. എല്ലാ ജോലികാരെയും പിരിച്ചുവിട്ടിരിക്കുന്നു. ഓരാഴ്ച്ച കഴിഞ്ഞ് ചെന്നാല്‍ ആനുകൂല്യം വേടിക്കാം ".

ഒരാഴ്ച്ച കഴിഞ്ഞ്‌ ആരവങ്ങളൊഴിഞ്ഞ ശ്രീവിനായകയില്‍ ശ്രാവണ്‍ അവസാനമായി കാലെടുത്തു വെച്ചു.

ആനുകൂല്യം വേടിച്ച് അവന്‍ കന്തസ്വാമിയുടെ അരികിലെത്തി. അടുത്താഴ്ച്ച മുതല്‍ അയാള്‍ തിരുപ്പുരിലെ ഒരു മില്ലില്‍ ഫിനാന്സ് മാനേജറണ്‌. ശ്രാവണനെ അയാള്‍ അവിടേക്ക് ക്ഷണിച്ചെങ്കിലും അവന്‍ ആ ക്ഷണം സ്നേഹപൂര്‍ വ്വം നിരസിച്ച് യാത്ര പറഞ്ഞിറങ്ങി.

ശ്രീവിനായകയില്‍ ഒന്നു റോന്ത് ചുറ്റിയ ശേഷം യാത്ര പറയാനായി അവന്‍ മുതലാളിയുടെ അടുത്തെത്തി.

ഒരു വ്യാഴവട്ടത്തിന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന അവന്റെ മുതലാളിക്ക് പറയാന്‍ ഒരു ദു:ഖ വാര്‍ത്ത കൂടിയുണ്ടായിരുന്നു. " പി.ജെയും , ശര്‍മ്മയും ഇപ്പോള്‍ വഞ്ചനാ കുറ്റത്തിന്‌ ജയിലിലാണത്രെ "

നാട്ടിലേക്ക് കൂടെ വരട്ടെ എന്ന് ചോദിച്ച അവനെ അയാള്‍ സ്നേഹപൂര്‍വ്വം വിലക്കി. അയാളുടെ ഒരു സുഹ്യത്തിന്റെ മില്ലില്‍ ജോലി നോക്കാം എന്ന ക്ഷണവും ശ്രാവണ്‍ നിരസിച്ചു.

ശ്രീവിനായകയോടും , മുതലാളിയോടും വിടവാങ്ങി ശ്രാവണ്‍ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിമ്പോഴേക്കും അവന്‍ തളര്‍ന്നിരുന്നു.

അന്ന് രാത്രി ആ കൊച്ചു വീട്ടില്‍ ആദ്യമായി ഒരു വാക്കേറ്റം നടന്നു. വാക്കേറ്റത്തിനൊടുവില്‍ തന്റെ മകനെ ബാര്‍ബറായി കാണാന്‍ ഇഷ്ടപ്പെടാത്ത ആ വ്യദ്ധന്‌ മകന്റെ മുന്നില്‍ കീഴടങേണ്ടി വന്നു.

ദിവസങ്ങള്‍ക്ക് ശേഷം ധനുപുരത്തെ സ്വീറ്റ് സ്ട്രീറ്റില്‍ വലതു നിന്ന് ആറാമത്തെ കെട്ടിടത്തില്‍ ഒരു പുതിയ സലൂണ്‍ തുറന്നു " ശ്രീവിനായക സലൂണ്‍ "

Thursday, February 4, 2010

ശ്രീവിനായക സലൂണ്‍ - 2



പേ
രറിയാവുന്ന സകലദൈവങ്ങളെയും മനസ്സില്‍ സ്‌തുതിച്ച്‌ രാവിലെ എട്ടുമണിക്ക്‌ ശ്രാവണ്‍ ശ്രീവിനായക സ്പിന്നിംഗ്‌ മില്ലിലെ ഡി വണ്‍ ബ്ളോക്കിന്റെ സൂപ്പര്‍വൈസറായി ചാര്‍ജ്ജെടുത്ത്‌ തന്റെ കീഴിലുള്ള തൊഴിലാളികളില്‍ ഒരുവനായി നിന്ന്‌ ജോലി ആരംഭിച്ചു. വെറും പത്താം ക്ളാസുകാരനായ തന്റെ ഈ ഉയര്‍ച്ചക്ക്‌ കാരണം വിനയവും ലാളിത്യവും കഠിനാദ്ധ്വാനവുമാണെന്ന്‌ അവന്‌ നല്ല ബോദ്ധ്യമുണ്ട്‌.

കോവിപ്പെട്ടി എന്ന ഒരു ഓണം കേറാമൂലയില്‍ ഏക്കറുകളോള്ളം പരന്നു കിടക്കുന്ന ഊഷര ഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മൂന്ന്‌ നിലകളുള്ള നാല്‌ കെടിട്ടങ്ങളുടെ ഒരു സമുച്ചയം , ഇരുനൂറോളം ജോലിക്കാര്‍ ,പുത്തന്‍ മെഷിനറികള്‍ തരക്കേടില്ലാത്ത ബാചിലര്‍ കോര്‍ ട്ടേഴ്സും ഗസ്‌റ്റ്‌ഹൌസും പിന്നെ കോടികളുടെ വിറ്റുവരവും ഇത്രയുമായാല്‍ ശ്രീവിനായക സ്പിന്നിംഗ്‌ മില്ലായി.

ആദ്യത്തെ രണ്ട്‌ ദിവങ്ങള്‍ പ്രത്യേകിച്ച്‌ സവിശേഷതകള്‍ ഒന്നുമില്ലാതെ കടന്നു പോയി. മൂന്നാമത്തെ ദിവസം രാവിലെ തന്നെ മുതലാളി ശ്രാവണനെ വിളിപ്പിച്ചു.

ആകാംക്ഷയോടെ അവന്‍ മുതലാളിയുടെ മുറിയിലേക്ക്‌ കയറി. മുതലാളി നല്ല മൂഡിലാണ്‌. വെളുത്തു തുടുത്ത ആ മുഖം പതിവിലധികം പ്രസന്നമായിരിക്കുന്നു.

ഭവ്യതയോടെ നിന്ന അവനെ നോക്കി ചിരിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു "നാളെ പി.ജെ വരുന്നുണ്ട്‌ ഗസ്‌റ്റ്‌ഹൌസ്‌ വൃത്തിയാക്കണം . പി.ജെയുടെ കൂടെ ഒരു വലിയ ബിസിനസ്സുകാരനവുമുണ്ടാവും . അതുകൊണ്ട്‌ നീ നാളെ അവിടെ തന്നെയുണ്ടാവണം ."

തലകുലുക്കി അവന്‍ മുതലാളിയുടെ മുറിയില്‍ നിന്നിറങ്ങി നേരെ ചീഫ്‌ മാനേജര്‍ കന്തസ്വാമിയുടെ കാബിനിലേക്ക്‌ ചെന്നു. കണ്ടാല്‍ ഒരു അശുപോലിരിക്കുന്ന കന്തസ്വാമിയാണ്‌ ശ്രീവിനായകയുടെ നെടുന്തൂണ്‍ . മൂപ്പരുടെ കര്‍ണ്ണകടോരമായ ശബ്ദം ഏത്‌ കല്ലിനെയും പിളര്‍ക്കും .

കുറച്ച്‌ നേരം കന്തസ്വാമിയുമായി ലാത്തിയടിച്ച ശ്രാവണ്‍ മാരിയപ്പനെ വിളിക്കാന്‍ ഓര്‍ മ്മിപ്പിച്ച ശേഷം താക്കോലു വാങ്ങി ഗസ്‌റ്റ്‌ഹൌസിലേക്ക്‌ നടന്നു. കമ്പിനിയില്‍ നിന്ന്‌ കുറച്ച്‌ ദൂരെ താമസിക്കുന്ന മാരിയപ്പനും ഭാര്യയുമാണ്‌ ഗസ്‌റ്റ്‌ഹൌസ്‌ വൃത്തിയാക്കുന്നതും , അതിഥികള്‍ക്ക്‌ വേണ്ടി ഭക്ഷണം പാചകം ചെയുന്നതും .

കമ്പനി ആരം ഭിച്ച അന്നു മുതല്‍ ശ്രാവണനാണ്‌ ഗസ്‌റ്റ്‌ഹൌസിന്റെ ചുമതല. പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ പതിനഞ്ചു ജോലിക്കാരും ,സെക്കന്റ്‌ മെഷിനറികളുമായി തുടങ്ങിയ ശ്രീവിനായകയെ ഇന്നത്തെ ശ്രീവിനായകയായി മാറാനുള്ള പ്രധാന കാരണക്കാരന്‍ മുതലാളിയുടെ അടുത്ത കൂട്ടുകാരനും ,ബന്ധുവുമായ പി.ജെ.നായരാണ്‌. അദ്ദേഹത്തിന്റെ ഓരോ വരവും കമ്പനിക്ക്‌
സമ്മാനിച്ചത് പുതിയ പുതിയ ഒര്‍ഡറുകളാണ്‌. മാസത്തില്‍ ഇരുപത്തുഞ്ചുദിവസവും ബിസിനിസ്‌ ടൂറുമായി പല രാജ്യങ്ങളിലും കറങ്ങുന്ന പി.ജെ.യുടെ ശ്രീവിനായകയിലേക്കുള്ള ഓരോ വരവും
മുതലാളിക്കും ,ശ്രാവണനും ,കന്തസ്വാമിക്കും ,മാരിയപ്പന്‍ കുടുംബത്തിനും ഓരോ ആഘോഷങ്ങളായിരിക്കും .

ഉച്ചകഴിഞ്ഞപ്പോഴേക്കും ശ്രാവണ്‍ പി.ജെയെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി തന്റെ സാമ്രാജ്യമായ ഡി വണ്‍ ബ്ളോക്കില്‍ തിരിച്ചെത്തി.

പിറ്റേ ദിവസം അതിരാവിലെ തന്നെ പി.ജെ എത്തി. കൂടെ വെളുത്ത് തടിച്ച്‌ ആറടിയോളം പൊക്കമുള്ള ഒരു ഹിന്ദിക്കാരനും .

പി.ജെ തന്റെ സുഹ്യത്തിനെ എല്ലാവര്‍ക്കും പരിച്ചയപ്പെടുത്തി. ' കെ .ആര്‍ .ശര്‍മ്മ, ഡല്‍ഹിയിലെ ഒരു വലിയ എകസ്പോട്ടര്‍ '.

കാര്‍പോര്‍ച്ചിലെ തൂണിനടുത്ത് ഒതുങ്ങി നിന്നിരുന്ന ശ്രാവണെനെയും , മാരിയപ്പനെയും അടുത്തേക്ക് വിളിച്ച് പി.ജെ. സൌഖ്യമന്വേഷിച്ചു.

പ്രഭാത ഭക്ഷണം കഴിഞ്ഞതും മുതലാളിയും ,കന്തസ്വാമിയും ,പി.ജെയും ,സുഹ്യത്തും ചര്‍ച്ച തുടങ്ങി. അവരുടെ വിളിയും പ്രതീക്ഷിച്ച് ശ്രാവണ്‍ പൂമുഖത്തിരുന്നു. മൂന്ന് മണി വരെ അവര്‍ പുറത്തിറങിയില്ല. ഉച്ചയൂണിനു ശേഷം അവര്‍ വീണ്ടും ചര്‍ച്ചകള്‍ തുടങ്ങി.

നീണ്ട ചര്‍ച്ച പലതവണ ശ്രാവണന്റെയും മാരിയപ്പന്റെയും സംസാര വിഷയമായി.

അഞ്ചു മണിയോടെ ചര്‍ച്ച കഴിഞ്ഞ് നാലവര്‍ സംഘം പുറത്തിറങ്ങി. ചായ കഴിച്ച ഉടനെ പി.ജെയും , സുഹ്യത്തും തിരിച്ചുപോവാനിറങ്ങി.

ആദ്യമായിട്ടാണ്‌ പി.ജെ വന്ന അന്നു തന്നെ തിരിച്ച് പോവുന്നത്. അതും ആഘോഷങ്ങളില്ലാതെ, സായാഹ്നത്തിലെ നടത്തമില്ലാതെ , പുതിയ യാത്രനുഭവങ്ങള്‍ പങ്കു വെയ്ക്കാതെ.

എന്തോ പ്രശ്നമുണ്ടെന്നാണ്‌ ശ്രാവണനും , മാരിയപ്പനും ആദ്യം കരുതിയത്. പക്ഷെ പി.ജെയുടെ മുഖത്തെ ചിരിയും പതിവു സമ്മാനങളും ആ ആശങ്ക അകറ്റി.

എല്ലാം വ്യത്തിയാക്കി ഗസ്‌റ്റ്‌ഹൌസ് പൂട്ടി ഇറങ്ങുമ്പോള്‍ മുതലാളി കാര്‍പോര്‍ച്ചിലുണ്ടായിരുന്നു. ശ്രാവണനെ കണ്ടതും അയാള്‍ ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു " നമ്മള്‌ രക്ഷപ്പെട്ടടാ "

" പുതിയ ഓര്‍ ഡര്‍ വന്നോ? "

" വന്നു. നമ്മുടെ കമ്പനിയുടെ എറ്റവും വലിയ ബിസിനസ്സ് നടക്കാന്‍ പോവുന്നടാ. "

സന്തോഷം പങ്കുവെച്ചു കൊണ്ട് ആ മുതലാളിയും , തൊഴിലാളിയും കമ്പിനിയിലേക്ക് നടന്നു.

..............................................................


ലോകം കീഴടക്കിയ ഒരു ജേതാവിനെ പോലെ ശ്രാവണ്‍ കമ്പനി സമ്മാനിച്ച പുത്തന്‍ ബൈക്കില്‍ വീട്ടിലേക്ക് യാത്ര തിരിച്ചു. കമ്പനിയിലെ വിശിഷ്ട സേവനത്തിനുള്ള ഒരു അംഗീകാരം. ശ്രാവണനടക്കം പത്തുപേര്‍ സമ്മാനത്തിനര്‍ഹരായി. രാവിലെ നടന്ന ആഘോഷപൂര്‍ണമായ ചടങ്ങില്‍ സ്ഥലം എം.എല്‍ .എയായിരുന്നു സമ്മാനം വിതരണം ചെയ്തത്.

കിലോമീറ്ററുകള്‍ താണ്ടി തന്റെ ഗ്രാമവീഥിയിലേക്ക് പ്രവേശിച്ചപ്പോള്‍ ശ്രാവണ്‍ ഒന്നു കൂടി ഞളിഞിരുന്നു ബൈക്കോടിച്ചു. പക്ഷെ ഉച്ച സമയമായതു കൊണ്ടാവണം വീട്ടില്ലെത്തുന്നതുവരെ ഒരു പരിചയകാരനെയും കണ്ടില്ല. അത് അവനെ ഒന്നു നിരാശപ്പെടുത്തി.

വീടിന്റെ മുറ്റത്തേക്ക് കയറ്റിയ ഉടനെ ശ്രാവണ്‍ നിര്‍ ത്താതെ ഹോണടിച്ചു. അതുകേട്ട് അവന്റെ വീട്ടുകാരും ,അയല്ക്കാരും ഉച്ചമയക്കത്തില്‍ നിന്ന് ഉണര്‍ന്ന് പുറത്തേക്കിറങ്ങി. പുത്തന്‍ ബൈക്കില്‍ തലയുര്‍ത്തിയിരിക്കുന്ന ശ്രാവണനെ കണ്ട് അവരെല്ലാം ആശ്ചര്യപ്പെട്ടു. പിന്നെയുള്ള മണിക്കുറുകള്‍ അവര്‍ക്ക് ആഘോഷത്തിന്റെത്തായിരുന്നു. എല്ലാവരെയും ശ്രാവണ്‍ വേണ്ട വിധം സല്ക്കരിച്ചു.

ഞായറാഴ്ച്ചയുടെ മുക്കാല്‍ ഭാഗവും അവനും ,കര്‍പ്പകവും ബൈക്കില്‍ പാറി നടന്നു. എന്നെന്നും ഓര്‍ ക്കാന്‍ സുഖമുള്ള കൂറെ നിമിഷങ്ങള്‍ സ്യഷ്ടിച്ച് ശ്രാവണ്‍ തിങ്കാളാഴ്ച്ച രാവിലെ കമ്പനിയിലേക്ക് മടങ്ങി.

ജോലിയില്‍ മുഴുകിയിരിക്കുമ്പോള്‍ ശ്രാവണന്റെ അടുത്ത് പ്യൂണ്‍ വന്ന് പറഞ്ഞു " മുതലാളി കോണ്‍ ഫറണ്‍സ് റൂമിലേക്ക് വരാന്‍ പറഞ്ഞിട്ടുണ്ട് ".

അവന്‍ തിരക്കിട്ട് കോണ്‍ഫറണ്‍സ് റൂമിലേക്ക് നടന്നു. അവിടെ മുതലാളിയും , കന്തസ്വാമിയും , നാല്‌ മാനേജര്‍മാരും , ഒന്‍പത് സൂപ്പര്‍വൈസര്‍മാരും ശ്രാവണ്‍ വരാന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ശ്രാവണ്‍ വന്നപ്പോള്‍ കന്തസ്വാമി അവനോട് കയറി ഇരിക്കാന്‍ പറഞ്ഞു.

മുതലാളിയുടെയും , കന്തസ്വാമിയുടെയും ഒഴികെ ബാക്കി എല്ലാവരുടെയും മുഖത്ത് ആകാംക്ഷ നിറഞ്ഞ് നിന്നിരുന്നു. എല്ലാവരും പരസ്പരം നോക്കി. സാധാരണ ഇങ്ങനെ ഒരു കൂടിച്ചേരല്‍ വെള്ളിയാഴ്ചയാണ്‌ ഉണ്ടാവാറ്.

നിശബ്ദതയെ കീറിമുറിച്ച് കന്തസ്വാമി മീറ്റിംഗിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തി.

"പി.ജെയുടെ പുതിയ ഓര്‍ ഡര്‍ നാല്‍ പ്പതു കോടിയുടെതാണ്‌. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ അത് പൂര്‍ ത്തിയാക്കണം . അതിനായി കമ്പനി അന്‍ പത് കരാര്‍ തൊഴിലാളികളെ എടുക്കുന്നു. മൂന്ന് മാസത്തേക്ക് നെറ്റ്ഷിഫ്റ്റും ഉണ്ടാവും . ശ്രാവണനായിരിക്കും നെറ്റ്ഷിഫ്റ്റിന്റെ ചുമതല. ശ്രാവണനെ സഹയിക്കാന്‍ നാല്‌ സബ് സൂപ്പര്‍ വൈസര്‍ മാരെയും , ഡി വണ്‍ ബ്ലോക്കില്‍ ശ്രാവണന്‌ പകരം പുതിയ
സൂപ്പര്‍ വൈസറെയും പുതുതായി നിയമിക്കും ."

എല്ലാവരും മീറ്റിംഗിന്റെ അജണ്ട അംഗീകരിച്ചു.

പിന്നെയുള്ള ദിവസങ്ങള്‍ക്ക് വേഗത വളരെ കൂടുതലായിരുന്നു.

[ തുടരും ]

Monday, February 1, 2010

ശ്രീവിനായക സലൂണ്‍ - 1



പൊ
ടിക്കാറ്റ്‌ വീശുന്ന, ഇരുവശത്തും കരിമ്പനകളും കള്ളിമുള്‍ ചെടികളും നിറഞ്ഞ ഇടവഴിയിലൂടെ ശ്രാവണ്‍ ധ്രിതിയില്‍ വീട്ടിലേക്ക്‌ നടന്നു. അവന്റെ നടത്തത്തിനുസരിച്ച്‌ കൈയിലെ തുണി സഞ്ചിയും ആടി ഉലയുന്നുണ്ട്‌. അടുത്ത ആഴ്ച്ച മുതല്‍ താന്‍ ശ്രീവിനായകയിലെ ഒരു സുപ്പര്‍വൈസരാണല്ലോ എന്ന ചിന്ത ഓരോ നിമിഷവും ശ്രാവണനെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു. വഴിയില്‍ വെച്ചു കുശലം ചോദിച്ച പരിചയക്കാരോടല്ലാം പുതിയ സൌഭാഗ്യത്തെ പറ്റി അറിയിക്കാന്‍ അവന്‍ പ്രത്യേകം ഉത്സാഹിച്ചു.

തിരക്കിട്ട്‌ നടന്നതുകൊണ്ടാവണം വീടിനടുത്ത്‌ എത്തിയപ്പോഴേക്കും ശ്രാവണ്‍ വിയര്‍പ്പില്‍ മുങ്ങിയിരുന്നു. വീടിന്റെ മുറ്റത്തേക്ക്‌ കയറിയ ഉടനെ അവന്‍ ഉച്ചത്തില്‍ അമ്മയെ വിളിച്ചു. അമ്മയും ,ഭാര്യയും ടി.വി നിര്‍ത്തി കോലായിലേക്ക്‌ വന്നു. ആത്മനിര്‍വ്യതിയോടെ ശ്രാവണ്‍ ആ തുണി സഞ്ചി അമ്മക്ക്‌ നല്‍ക്കി.

ആകാംക്ഷയോടെ അമ്മ അതു വാങ്ങി. അമ്മയും ഭാര്യയും കൂടി അതിന്‌ അകത്തെ രണ്ട്‌ സാരിയും , ഒരു ഷര്‍ട്ട്‌ പീസും മുണ്ടും പുറത്തെടുത്തു. അവര്‍ ആശ്ചര്യത്തോടെ ശ്രാവണെ നോക്കി. ആഘോഷ വേളക്കളില്‍ മാത്രം ലഭിക്കാറുള്ള പുതുവസ്ത്രം പതിവ്‌ തെറ്റി കിട്ടിയതിലുള്ള സന്തോഷത്തിലായിരുന്നു ഇരുവരും .

സന്‌തോഷം അലയടിച്ച ആ അന്തരീക്ഷത്തില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി ' പുതുവസ്ത്രം ' വന്ന വഴി ശ്രാവണ്‍ വെളിപ്പെടുത്തി. സൌഭാഗ്യ വാര്‍ത്ത കേട്ട ഉടനെ അമ്മയും , ഭാര്യയും സകല ദൈവങ്ങളെയും വിളിച്ച്‌ നന്ദി പറയാന്‍ തുടങ്ങി. തന്റെ നലവനായ മുതലാളിക്ക്‌ സര്‍വ ഐശ്യര്യങ്ങളും ഉണ്ടാവാന്‍ പ്രര്‍ഥിക്കാന്‍ ശ്രാവണ്‍ അവരെ ഒര്‍മ്മപ്പെടുത്തി. അക്ഷമനായി അവന്‍ അച്ഛ്ന്റെ വരവിനായി കാത്തിരുന്നു.

ഗ്രഹനാഥനായ മുത്തു പതിഞ്ചുകിലോമീറ്ററോളം അകലെയുള്ള ധനുപുരം എന്ന ചെറുപട്ടണത്തിലെ ഒരു ബാര്‍ബര്‍ ഷോപ്പിലെ ബാര്‍ബറാണ്‌. ശ്രാവണനാണ്‌ ആദ്യമായി അവരുടെ കുലതൊഴില്‍ നിന്ന്‌ വിട്ടുപ്പോയ ഒരാള്‍ . അതുകൊണ്ട്‌ ഗ്രാമത്തിലെ പലര്‍ക്കും ഇപ്പോഴും അവനോട്‌ വെറുപ്പും അസൂയയും ബാക്കിയുണ്ട്‌. മുത്തുവിന്റെ പഴയൊരു പരിച്ചയകാരനിട്ട 'ശ്രാവണ്' എന്ന പേരും അതിനൊരു കാരണമാണ്‌.

ആ കാത്തിരുപ്പ്‌ ഒന്‍പതു മണി വരെ നീണ്ടു. ഇതിനിടെ ശ്രാവണ്‍ സംസാരിച്ചതു മഴുവന്‍ ദയാലുവായ തന്റെ മുതലാളിയെയും സഹപ്രവര്‍ത്തകരെ പറ്റിയായിരുന്നു. എപ്പോഴും അവരെ പറ്റി സംസാരിക്കുമ്പോള്‍ ആയിരം നാക്കാണ്‌ അവന്‌.

മുത്തുവിന്റെ വരവോടെ ആ കൊച്ചു വീട്ടിലേ പതിവു സന്തോഷം ഒന്നു കൂടി ഇരട്ടിച്ചു. മകന്റെ ജോലികയറ്റം അയാളെ അഭിമാനം കൊള്ളിച്ചു . ഒരാഴ്ചക്ക്‌ ശേഷം അവര്‍ ഒരുമ്മിച്ച്‌ അത്താഴം കഴിച്ചു.

അത്താഴം കഴിഞ്ഞതും ശ്രാവണ്‍ തന്റെ പഴഞ്ചന്‍ ടേപ്പ്‌ റിക്കാഡറില്‍ പ്രണയാതുരമായ തമിഴ്‌ തിരെഗാനങ്ങളും കേട്ട്‌ പ്രിയതമക്കായി കിടപ്പു മുറിയില്‍ കാത്തിരുന്നു. എതൊരു ശരാശരി തമിഴനെപ്പോലെ ശ്രാവണന്റെയും ജീവന്റെ താളമാണ്‌ സിനിമ. ഒരുദിവസമെങ്കിലും വെള്ളിത്തിരയിലെ നായകന്മാരെ പോലെ വര്‍ ണശബളമായി ജീവിക്കണമെന്നതാണ്‌ അവന്റെ എറ്റവും വലിയ ആഗ്രഹം .

പണികളെല്ലാം തീര്‍ത്ത്‌ കര്‍പ്പകം അവനരികത്തിയപ്പോള്‍ താന്‍ ഒരുപാട്‌ നേരം കാത്തിരുന്നതായി ശ്രാവണെന്നു തോന്നി. ആവേശത്തോടെ അവന്‍ അവളെ കിടക്കയിലേക്ക്‌ വലിച്ചിട്ടു. നൊടിയിടയില്‍ അവരൊന്നായി ഭൌതിക സ്വര്‍ഗത്തിലേക്കുള്ള പ്രയാണം തുടങ്ങി. പ്രണയലോലമായ ദിവ്യസമാഗമത്തിനുശേഷം അവന്‍ പതിവുപോലെ മോഹങ്ങള്‍ പറയാന്‍ തുടങ്ങി. അവള്‍ കാതരയായി അതിനു കാത്തോര്‍ത്തു. ദീര്‍ഘനേരത്തെ പ്രണയസല്ലാപങ്ങള്‍ക്കൊടുവില്‍ അര്‍ധരാത്രിയുടെ എതോ യാമത്തില്‍ അവര്‍ നിദ്രക്ക്‌ കീഴടങ്ങി.

രാവിലെ എഴുന്നേറ്റ്‌ വിസ്‌തരിച്ച്‌ ഒന്ന്‌ കുളിച്ച ശേഷം ശ്രാവണ്‍ കുടുംബസമേതം കുന്നിന്‍ മുകളിലെ കുമരന്‍ കോവിലേക്ക്‌ യാത്രയായി. ഇരുവശവും കാറ്റില്‍ ആടികൊണ്ട് നോക്കത്താദുരം പരന്നുകിടക്കുന്ന നെല്‍പാടങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര അവനെ കൂടുല്‍ ഉന്‍മേഷവാനാക്കി. വേല്‍ മുരകനോട്‌ മതിവരുവോളം നന്ദി പറഞ്ഞു തിരിച്ച്‌ വീട്ടിലെത്തുമ്പോഴേക്കും പല ചെവി മറിഞ് ആ ഗ്രാമത്തിലെ ഭൂരിഭാഗം പേരും അവന്റെ ജോലികയറ്റത്തേ പറ്റി അറിഞിരുന്നു.

കോഴികറി കൂട്ടിയുള്ള ഊണ്‍ സന്തോഷത്തിന്റെ മാറ്റുയര്‍ത്തി. വൈകുന്നേരം ശ്രാവണനെ കാണാനും ആഹ്ളാദം പങ്കിടാനും പല ബന്‌ധുക്കളും , സുഹ്രത്തുക്കളുമെത്തി. അവരെല്ലാം പരിയുമ്പോഴേക്കും നേരം രാത്രിയായി. അത്താഴത്തിനുശേഷം പ്രണയാതുരമായ ഒരു രാത്രി കൂടി പൊഴിഞ്ഞു വീണു.

പിറ്റേന്ന് അതിരാവിലെ തന്നെ വിരഹം ഉള്ളിലൊതുക്കി ശ്രാവണ്‍ നാല്പത്തിരണ്ട് കിലോമീറ്റര്‍ അകലെയുള്ള തന്റെ ജോലി സ്ഥലത്തേക്ക് പോയി.

തന്റെ വീട്ടുകാരെയും ബന്ധുകളെയും ഒരിക്കല്‍ കൂടി അതിശയിപ്പിക്കാനുള്ള ഒരു സന്തോഷവാര്‍ ത്ത ഉള്ളിലൊതുക്കി കൊണ്ടായിരുന്നു ശ്രാവണന്റെ മടക്കുയാത്ര.

[ തുടരും ]

Monday, January 18, 2010

വെളിപാടുകള്‍ - 2

2009 ആഗസ്റ്റ്‌ 21 വെള്ളി


നെല്ലിയാമ്പതി യാത്ര വേണ്ടാന്നു വെച്ചു. ഹുസൈനിക്കയെ വിളിച്ച്‌ വരുന്നില്ലെന്നു പറഞ്ഞു. കുറച്ച്‌ പരിഭവങ്ങള്‍ കേള്‍ ക്കേണ്ടി വന്നു. അടുത്ത മാസം തീര്‍ ച്ചയായും വരാമെന്ന്‌ പറഞ്ഞ്‌ സമാധാനിപ്പിച്ചു.

ഒഫീസിലേക്ക്‌ ലഗേജില്ലാതെ വന്ന എന്നെ കണ്ട്‌ എല്ലാവരും ഒന്നു ആശ്ചര്യപ്പെട്ടു. പല ചോദ്യങ്ങളും ഉയര്‍ ന്നെങ്കിലും ആര്‍ ക്കും പിടികൊടുത്തില്ല. ജോലിയില്‍ ശ്രദ്ധിക്കാനേ പറ്റിയില്ല. എങ്ങനയോ വൈകുന്നേരമാക്കി.

നാലഞ്ച്‌ വര്‍ ഷത്തിലധികമായി ഒരു വഴിപാടു പോലെ എല്ലാ മാസത്തിലെയും നാലാമത്തെ ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും കാടും മേടും അമ്പലങ്ങളും പള്ളികളും താണ്ടുവാനുള്ളത്തായിരുന്നു. ആ പതിവാണ്‌ ഇന്ന്‌ തെറ്റിച്ചത്‌.

ഉറക്കമില്ലാത നാല്‌ രാത്രികള്‍ എന്നെ തീര്‍ത്തും അപരിചിതമായ ഭീതിയുടെയും , ആലസ്യത്തിന്റെയും ലോകത്തേക്ക്‌ തള്ളിവിട്ടിരിക്കുന്നു. ഇന്നെലെയും ദു:സ്വപ്നം കണ്ട്‌ 2.15നു ഞെട്ടിയെഴുന്നെറ്റു.

" കരിക്കട്ടയുടെ നിറമുള്ള മൂന്ന്‌ ഭീമാകാരന്മാര്‍ കൈകള്‍ കൊണ്ട്‌ എനിക്ക്‌ ചുറ്റും ഒരു വലയം തീര്‍ ത്ത്‌ അട്ടസഹിച്ച്‌ ഉറഞ്ഞു തുള്ളുന്നു. ഇടക്കിടക്ക്‌ അവര്‍ എന്റെ നേരെ പല്ലിളിച്ചു കാട്ടുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന്‌ മയങ്ങി എങ്ങനെയൊ നേരം വെളുപ്പിച്ചു. അട്ടഹസിക്കുന്ന അവ്യക്ത രുപങ്ങള്‍ എന്നെ പലവട്ടം ഉണര്‍ ത്തി."

ഇന്ന് ആരും എന്നെ വിളിച്ചില്ല. കുറെ നേരം പഴയ മലയാളം പാട്ടുകള്‍ കേട്ട്‌ ആനുകാലികങ്ങള്‍ വായിച്ചു. സമയം കൊല്ലിയായി എന്തെല്ലാം വിവാദങ്ങള്‍ .

ശുഭരാത്രി. :)




2009 ആഗസ്റ്റ്‌ 22 ശനി


ഇന്നലെയും ഒരു കാളരാത്രിയായിരുന്നു. മിനിഞ്ഞാനത്തെ സ്വപ്നം ഇന്നലെയും ആവര്‍ ത്തിച്ചു.

കിം കി ഡുക്കിന്റെ മൂന്ന്‌ സിനിമകള്‍ ഒടിച്ചിട്ടുകണ്ടും , ആനുകാലികങ്ങള്‍ വായിച്ചും , ഒരുപാട്‌ ആലോച്ചിച്ച്‌ തലപുണ്ണാക്കിയും ഫ്ളാറ്റില്‍ തന്നെ കഴിച്ചു കൂട്ടി. കുളിച്ചില്ല, പല്ലുതേച്ചില്ല, ഭക്ഷണം ആറു കട്ടങ്കാപ്പി.

അച്ഛനുമ്മയും , അനിയനും , ഹരിയുമ്, രാഗിയും വിളിച്ചിരുന്നു. പക്ഷെ ആരോടും അധികം സംസാരിച്ചില്ല. ചിലപ്പോ ഹരിയുടെ കല്ല്യാണം ഉടനെ ഉണ്ടാവും .

ഇന്നത്തെ സവിശേഷത വിചിത്രമായ പകല്‍ സ്വപ്നമായിരുന്നു. വായിച്ച്‌ ഉറങ്ങിപ്പോയ ഞാന്‍ അധികം വൈകാതെ സ്വപ്നം കണ്ടുണര്‍ ന്നു.

" പ്രാചീനവും വിജനവുമായ കെട്ടിട സമുച്ചയങ്ങള്‍ ക്കിടയിലൂടെ മൂന്ന്‌ അപരിചിതരായ മൂന്ന്‌ സന്യാസിമാര്‍ ക്കൊപ്പം ഞാന്‍ നടക്കുന്നു. കുറേ നേരത്തെ അലച്ചിലിന്‌ ശേഷം ഞങ്ങള്‍ ഒരു മീന്‍ ചന്തയിലെത്തി. അവിടത്തെ കച്ചവടക്കാരെല്ലാം ഒട്ടിയ മൂക്കുള്ള ആജാനബഹുക്കളായിരുന്നു. എന്റെ ശ്രദ്ധ അടുത്തുള്ള കടല്‍ തീരത്തേക്ക്‌ തിരിഞ്ഞപ്പോള്‍ ഞങ്ങള്‍ ആ തീരത്തേക്ക്‌ നടന്നു. തീരം നിറയെ ഗോത്രവേഷം ധരിച്ച കറുകറുത്ത എലുമ്പമാര്‍ കോരുവലകൊണ്ട്‌ മീന്‍ പിടിക്കുന്നുണ്ടായിരുന്നു. മുട്ടോളമെത്തുന്ന ചുകന്ന മുണ്ടും , വലിയ വെള്ള മൂക്കുത്തിയും , കക്കത്തോടും മുത്തും കോര്‍ ത്ത മാലകളുമാണ്‌ അവരുടെ വേഷം . അതില്‍ ചിലരുടെ ദേഹം നിറയെ ശല്‍ ക്കങ്ങള്‍ ഉണ്ടായിരുന്നു. കുറച്ച്‌ നേരം അവരുടെ പ്രവര്‍ത്തികള്‍ നിരീക്ഷിച്ച ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു.

അല്‍പദൂരം മുന്നോട്ട്‌ നടന്നപ്പോള്‍ തീരത്തിനടുത്തുള്ള ഒരു മൈതാനത്ത്‌ ആധുനിക വസ്ത്രം ധരിച്ച കുറെ യുവാക്കള്‍ മുദ്രാവാക്യം വിളിച്ച്‌ പൊലീസുമായി ഏറ്റുമുട്ടുന്നു. പെട്ടന്ന്‌ മൂന്ന്‌ ബസ്സ്‌ പൊലീസ്‌ കൂടി വന്ന്‌ അവരെ അടിച്ചോടിച്ചു. കുറച്ച്‌ നേരം ചിതറിയോടുന്ന അവരെ സഹതാപത്തോടെ നോക്കി നിന്ന ശേഷം ഞങ്ങള്‍ കടല്‍ തീരത്തിലൂടെയുള്ള പ്രയാണം തുടര്‍ ന്നു.

ആ പ്രയാണം കടല്‍ ത്തീരമവസാനിക്കുന്ന വലിയ പാറക്കെട്ടിനടുത്ത്‌ അവസാനിച്ചു. അവിടെ മുന്‍പേ കണ്ടതുപോലെ ദേഹം നിറയെ ശല്‍ക്കങ്ങുള്ള ചുകന്ന മുണ്ടും കക്കത്തോടും മുത്തും കോര്‍ത്ത മാലയും ധരിച്ച കറുത്ത്‌ എലുമ്പന്മാരായ പുരുഷന്മാരും , ചാരനിറമുള്ള മുഷിഞ്ഞ ചേല കൊണ്ട്‌ ശരീരം മറച്ച കറുത്ത്‌ തടിച്ച്‌ ഉയരം കുറഞ്ഞ സ്‌ത്രീക്കളും ആരയോ കാത്തിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളും അവരുടെ കൂടെ ചേര്ന്ന്‌ എന്തിനറിയാതെ ആര്‍ക്കോ വേണ്ടി കാത്തിരുന്നു.

ആ കാത്തിരിപ്പ്‌ പലവട്ടം എനിക്ക്‌ അസഹനീയമായി തോന്നി. അപ്പോഴെല്ലാം ഞാന്‍ വാച്ചില്‍ നോക്കി നെടുവീര്‍പ്പെട്ടു. ദീര്‍ഘനേരത്തെ കാത്തിരിപ്പിനു ശേഷം ഭീമാകാരനായ ഒരു സിംഹം മന്ദം മന്ദം നടന്ന്‌ ഞാനടങ്ങുന്ന ആള്‍ ക്കൂട്ടത്തിനു മുന്‍ പില്‍ വന്നിരുന്നു. ഞാന്‍ ഒന്നു ചുമച്ചപ്പോള്‍ സിം ഹം എന്നെ നോക്കി ഒന്നു മുരണ്ടു. പെട്ടന്ന്‌ ആള്‍ ക്കൂട്ടത്തിനടയില്‍ നിന്ന്‌ ആരവമുയര്‍ന്നപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ വെള്ള ചേല ധരിച്ച വ്യദ്ധക്കള്‍ പിഞ്ചു കുഞ്ഞുങ്ങളെയും എടുത്ത്‌ ഞങ്ങളുടെ നേരെ നടന്നു വരുന്നു. വാദ്യാഘോഷസംഘം സിംഹത്തിന്റെ അടുത്തെത്തിയപ്പോള്‍ എന്നെയും അപരിചിതരായ എന്റെ സഹയാത്രികരെയും അമ്പരിപ്പിച്ചുകൊണ്ട്‌ സിംഹം പത്മാസനത്തിലിരികുന്ന ചൈതന്യം സ്ഫുരിക്കുന്ന വ്യദ്ധ യോഗിയായി മാറി. ആള്‍ ക്കൂട്ടത്തെ നോക്കി പുഞ്ചിരിച്ച ശേഷം യോഗി എഴുന്നേറ്റു നിന്നു. അപ്പോള്‍ കുഞ്ഞുങ്ങളെ എടുത്ത വ്യദ്ധകള്‍ വരി വരിയായി നിന്നു. പിന്നെ ഒ@ആരോരുത്തരായി യോഗിയുടെ അടുത്തേക്ക്‌ നീങ്ങി. യോഗി അവരുടെ കൈകളില്‍ നിന്നും കുഞ്ഞുങ്ങളെ എടുത്ത്‌ മാറോടണച്ച്‌ നെറ്റിയില്‍ ചും ബിച്ച്‌ തിരിച്ച്‌ നല്‍കി.

വ്യദ്ധക്കളുടെ വരി അവസാനിച്ചപ്പോള്‍ വദ്ധ്യാഘോഷങ്ങളും നിലച്ചു. യോഗി എല്ലാവരെയും നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം പത്മാസനത്തിലിരുന്നു. അപ്പോള്‍ മുണ്ടും ഷര്‍ട്ടും ധരിച്ച കുറച്ച്‌ ആജാനബാഹുകള്‍ യോഗിയുടെ ഇടതു വശത്തായി നിലയുറപ്പിച്ചു. അതില്‍ നേതാവെന്ന്‌ തോന്നിക്കുന്നവന്റെ കൈയില്‍ ഒരു വലിയ മരക്കഷ്ണമുണ്ടായിരുന്നു. അവരെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം അദ്ദേഹം ധ്യനനിരതനായി. എകദേശം ഒരു മിനുറ്റിന്‌ ശേഷം ഇടതു വശത്തുനിന്ന നേതാവെന്ന്‌ തോന്നിക്കുന്നവന്‍ യോഗിയുടെ അടുത്തേക്ക്‌ നീങ്ങി മരക്കഷ്ണം യോഗിക്ക്‌ നേരെ വലിചെറിഞ്ഞു. യോഗി പുറകിലേക്ക്‌ മറഞ്ഞു വീണു. ഉടന്‍ തന്നെ ഒരുഭ്യാസിയെ പോലെ അദ്ദേഹം ചാടിയെഴുന്നേറ്റു. ചൈതന്യം സ്ഫുരിക്കുന്ന ആ മുഖം കോപത്താല്‍ വിറച്ചു. അദ്ദേഹം വലതു കൈ മുന്‍പോട്ട്‌ നീട്ടി. എല്ലാവരെയും ഒരിക്കല്‍ കൂടി ഒന്ന്‌ വിസ്മയിപ്പിച്ച്‌ കൊണ്ട്‌ യോഗിയുടെ കൈയില്‍ ഒരു മൂര്‍ ഖന്‍ പാമ്പ്‌ പ്രത്യഷപ്പെട്ടു. അതു കണ്ട്‌ നേതാവ്‌ ഭയന്ന്‌ ഒ@ആടി. അദ്ദേഹം ആ പാമ്പിനെ അയാള്‍ ക്ക്‌ നേരെ എറിഞ്ഞു. തല്‍ ഷണം അയാള്‍ പാമ്പിന്റെ കടിയേറ്റ്‌ മരിച്ചൂ.

പെട്ടന്നു തന്നെ യോഗി ക്രോധഭാവം ഭാവം വെടിഞ്ഞു. ആശ്ചര്യവും ഭയവും കൂടി കലര്‍ ന്ന മുഖങ്ങളോടെയിരിക്കുന്ന ഞങ്ങളെ നോക്കി ദീര്‍ ഘമായി ഒന്നു പുഞ്ചിരിച്ച ശേഷം കൈകളുയര്‍ ത്തി അനുഗ്രഹിച്ച്‌ അപ്രത്യഷ്യനായി."

പിന്നെ മണിക്കുറുക്കളോള്ളം , വീട്ടില്‍ നിന്ന്‌ ഫോണ്‍ വരുന്നതു വരെ എന്റെ ചിന്തകള്‍ ഈ സ്വപ്നത്തെ പറ്റിയായിരുന്നു. ഇപ്പോഴും എനിക്ക്‌ ഒരു പിടിയും കിട്ടുന്നില്ല.

ഇന്ന്‌ രാത്രി ഞാന്‍ എന്ത്‌ തരത്തിലുള്ള സ്വപ്നമാണാവോ കാണാന്‍ പോവുന്നത്‌ .......?

ശുഭരാത്രി. :)



2009 ആഗസ്റ്റ്‌ 23 ഞയര്‍


ഉറക്കമില്ലായ്മയുടെ ആലസ്യത്തില്‍ വിരസമായ ഒരു ദിവസം കൂടി. ദു:സ്വപ്നങ്ങള്‍ എന്റെ സന്തതസഹചാരികളാവുകയാണോ ? ഇന്നലെയും അര്‍ധരാത്രി സ്വപ്നം കണ്ട്‌ ഞെട്ടിഴുന്നേറ്റു.

"രാത്രി തീരെ തിരക്ക്‌ കുറഞ്ഞ്‌ ഇരുട്ട്‌ മൂടിയ ഒരു ഹൈവേയുടെ അരികിലൂടെ പാട്ടും മൂള്ളി കൊണ്ട്‌ ഞാന്‍ നടക്കുന്നു. ഇടക്കിടക്ക്‌ വാഹനങ്ങള്‍ ചീറിപാഞ്ഞ്‌ പോവുന്നുണ്ട്‌. കുറേ ദൂരം നടന്ന്‌ ഞാന്‍ ഒരു ജം ങ്ക്ഷനിലെത്തിയപ്പോള്‍ റോഡ്‌ മുറിച്ച കടക്കാന്‍ തുടങ്ങി. റോഡിന്റെ മറുവശത്ത്‌ ചെള്ളിപുരണ്ട വസ്ത്രങ്ങള്‍ ധരിച്ച നീണ്ട താടിയുള്ള ഒരു വ്രദ്ധന്‍ എന്നെ തുറിച്ച്‌ നോക്കുന്നുണ്ട്‌. റോഡിന്റെ പകുതിയെത്തിയതും എന്റെ കൈകാലുകള്‍ മരവിച്ചതു പോലെ തോന്നി. എനിക്ക്‌ ഒന്ന്‌ അനങ്ങാന്‍ പോലും പറ്റുന്നില്ല. ഞാന്‍ ആ വ്രദ്ധനെ ഭയത്തോടെ നോക്കി. അയാള്‍ അപ്പോഴും വളരെ ഗൌരവത്തില്‍ എന്നെ തുറിച്ച്‌ നോക്കുന്നു. ഒരു വാഹനത്തിന്റെ ഇരമ്പല്‍ ഞാന്‍ കേട്ടു. അയാളെ ഞാന്‍ ദയനീയമായി ഒന്നു നോക്കി. പെട്ടന്ന്‌ ഒരു ലോറി എന്നെ ഇടിച്ച്‌ തെറുപ്പിച്ചു."

വിശന്നിട്ടും ഒന്നര വരെ കഴിഞ്ഞ ദിവസങ്ങളിലെ സ്വപ്നങ്ങളെ പറ്റി ആലോചിച്ച്‌ കിടക്കയില്‍ ചുരുണ്ടു കൂടി കിടന്നു. ഒന്നരക്ക്‌ ജോസ്മാഷിന്റെ ഫോണ്‍ വന്നപ്പോള്‍ കിടക്കയില്‍ നിന്ന്‌ എഴുന്നേറ്റു.

അതൊരു മാരത്തോണ്‍ കോളായിരുന്നു. ചര്‍ച്ച മുഴുവന്‍ മാഷെഴുതാന്‍ തുടങ്ങുന്ന പുതിയ ലേഖനപരമ്പരയെ പറ്റിയായിരുന്നു. വിഷയത്തിനും പുതുമയില്ല. സമകാലീന ദുരന്തങ്ങളും , ദുരന്താവലോകനങ്ങളും , നിവാരണ പദ്ധതികളും അവയുടെ നടത്തിപ്പിലെ പോരായ്മയും . പക്ഷെ മാഷായതുകൊണ്ട്‌ പല പുതുമകളും പ്രതീഷിക്കാം . മാഷ്‌ ഇന്നു പറഞ്ഞ ചില വാചകങ്ങള്‍ മനസ്സില്‍ നിന്ന്‌ പോവുന്നില്ല.

"അനിവാര്യമെന്ന് തോന്നിക്കും വിധം നമുക്ക് ചുറ്റും പല രൂപത്തിലും പല ഭാവത്തിലും ദുരന്തങ്ങളരങ്ങേറുന്നു. ഇറ്റിറ്റുവീഴുന്ന ചോരതുള്ളികളെയും പ്രാണനുവേണ്ടി കേഴുന്ന ജീവിയെയും
വാണിജ്യവല്കരിച്ച് ഉല്‍പന്നമാക്കി മാറ്റുന്ന നവീനലോകം ദുരന്തങ്ങളെയും ആഘോഷങ്ങളാക്കി മാറ്റുന്നു. ദുരന്തം സ്യഷ്ടിച്ച മുറിവുകള്‍ ഉണക്കാനായി ഒരുപാടു വാഗ്ദാനങ്ങള്‍ , വാര്‍ ത്താഫീച്ചറുകള്‍ ,
പഠനകമ്മീഷനുകള്‍ പിന്നെ സഹതപിക്കാന്‍ ഒരായിരം നയനങ്ങള്‍ . ദിവസങ്ങള്‍ക്കോ
മാസങ്ങള്‍ക്കോ ശേഷം വാര്‍ ഷികമോ ഒരു ഇലക്ഷനോ വരുന്നതുവരെ എല്ലാം ദുരന്തങ്ങളും വെറും സ്വകാര്യ ദു:ഖങ്ങള്‍ മാത്രം . അല്ലെങ്കിലും നമ്മേ ബാധിക്കാത്ത ദുരന്തങ്ങളെല്ലം വാര്‍ ത്തകള്‍ മാത്രമാണല്ലോ "

മാഷിന്റെ ഫോണിനു ശേഷം ഒരു നീണ്ട കുളി നടത്തി, കഞ്ഞിയുണ്ടാക്കി കഴിച്ചു. പിന്നെ രാത്രി വരെ ടി.വി കണ്ടിരുന്നു. ഉച്ചക്കു മാറ്റിവെച്ച കഞ്ഞി കഴിച്ച ശേഷം അച്ഛനുമ്മയെയും അനിയനെയും , രാഗിയെയും , ഹരിയെയും വിളിച്ച കൂറെ നേരം സംസാരിച്ചു.

ഒരു മനുഷ്യനെ നേരില്‍ കണ്ടിട്ട്‌ രണ്ടു ദിവസമായിരിക്കുന്നു.

ശുഭരാത്രി. :)



2009 ആഗസ്റ്റ്‌ 24 തിങ്കള്‍


ഇന്നത്തെ ഡയറിയെഴുത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌ ആദ്യമായിട്ടാണ്‌ ഞാന്‍ രാവിലെ ഡയറി എഴുതുന്നത്‌. സമയം എട്ടാവുന്നതെയൊള്ളു. ഞാന്‍ കുളിച്ച്‌ റെഡിയായി കഴിഞ്ഞു. എട്ടരക്ക്‌ ഓഅഫിസിലേക്ക്‌ പോവണം .

അഞ്ച്‌ ദിവസത്തെ പതിവ്‌ തെറ്റിച്ച്‌ ഇന്നലെ ഞാന്‍ സുഖമായി ഉറങ്ങി. എഴുമണിക്ക്‌ ഷാഹുലിന്റെ കോളാണ്‌ എന്നെ ഉണര്‍ത്തിയത്‌. എങ്കിലും പുലര്‍ കാലത്തെപ്പോഴോ ഞാന്‍ ഒരു സ്വപ്നം കണ്ടിരുന്നു.

"മനോഹരങ്ങളായ രണ്ടൂ പര്‍വ്വതങ്ങക്കിടയില്‍ കെട്ടിയുര്‍ ത്തിയിരിക്കുന്ന പടുകൂറ്റന്‍ ഡാം . ഡാമില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നു. ഡാമിനു ചുറ്റുമുള്ള നിലങ്ങളെല്ലാം തരിശായി കിടക്കുന്നു. തരിശുനിലങ്ങള്ക്ക്‌ അപ്പുറമുള്ള നീരുറവയില്‍ നിന്നും വെള്ളമെടുക്കാനായി മെല്ലിഞ്ഞുങ്ങിയ ഗ്രാമീണ വനിതകളും കുട്ടികളും കാതങ്ങള്‍ താണ്ടി വിയര്‍പ്പില്‍ കുളിച്ച്‌ കുടങ്ങളുമേന്തി വരുന്നു."

ഷാഹുലും ,അജിയും വൈകുന്നേരമാവുമ്പോള്‍ ഹൈവേക്ക്‌ അടുത്തുള്ള ന്യൂ ഭാരത്‌ മോട്ടലില്‍ എത്തും . നാളെ മുതല്‍ അവര്‍ ക്ക്‌ അവിടെ ഒരാഴ്ച നീള്ളുന്ന കമ്പനി വക സെമിനാറുണ്ട്‌. എനിക്ക്‌ ചില സമ്മാനങ്ങളുമായാണ്‌ അവരുടെ വരവ്‌. ശാസ്ത്രീയസംഗീതത്തെ പറ്റിയുള്ള രണ്ടു പുസ്തകങ്ങളും , കിം കി ഡുകിന്റെ എല്ലാ സിനിമകളുടെ ഡി.വി.ഡികളും . ഓഅഫീസില്‍ നിന്നും നേരെ രണ്ടിന്റെയും അടുത്തേക്ക്‌ പോവണം . എന്തായാലും സഭ പിരിച്ച്‌ വിട്ടുമ്പോള്‍ പാതിരാകോഴി കൂവും .

ഇന്നു മുതല്‍ ഞാന്‍ പഴയ വിനുവാകുമെന്ന്‌ തോന്നുന്നു....... :)


Tuesday, December 29, 2009

വെളിപാടുകള്‍ - 1



2009 ആഗസ്റ്റ്‌ 17 തിങ്കള്‍

രണ്ടു മാസത്തിനു ശേഷം നാട്ടില്‍ പോയി തിരിച്ചെത്തി. അച്ഛ് ന്റെയും ,അമ്മയുടെയും ,അനിയെന്റെയും കൂടെയുള്ള രണ്ട്‌ ദിവസം രണ്ടു മണിക്കുര്‍ പോലെ കഴിഞ്ഞു പോയി. വീട്ടിലെ കിണറ്റിലെ തണുത വെള്ളത്തില്‍ കുളിക്കാന്‍ ഇനി ഒരു മാസം കാത്തിരിക്കണം . ഈ ഒറ്റ മുറി ഫ്ളാറ്റിലെ ജീവിതം പലപ്പോഴും അരോചകമാവുന്നു.

ഇന്ന്‌ ഓഫിസില്‍ എല്ലാവര്‍ ക്കും ഹല്‍വയും ,കായവറുത്തും വിതരണം ചെയ്തു. അടുത്ത മാസത്തെക്കുള്ള ലിസ്റ്റ്‌ ഇപ്പൊഴെ തയ്യാറായിട്ടുണ്ട്.‌

അച്ഛന്‍ വിളിച്ചിരുന്നു. അമ്മയൊടും , അനിയനൊടും സംസാരിച്ചു. രാഗിയെ വിളിച്ച്‌ അരമണിക്കുറോളം സംസാരിച്ചു. ഷാഹുലിനെയും ,അജിയെയും ,രാഹുലിനെയും ,ജിനോയെയും വിളിച്ച്‌ കുറച്ച് നേരം ലാത്തിയടിച്ചു.

യാത്ര ക്ഷീണം വിട്ടുമാറാത്തുകൊണ്ട്‌ "The General in His Labyrinth" വായിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഉറക്കം വന്നു. എന്നാലും രവിശങ്കറിന്റെയും , ഹരി പ്രസാദ്‌ ചൌരസ്യയുടെയും ബസന്ത്ബാഹര്‍ രാഗവാദനം കേട്ടു.

ശുഭരാത്രി. :)


2009 ആഗസ്റ്റ്‌ 18 ചൊവ്വ

അപ്രതീഷിതമായി ഒരു സമ്മാനവുമായി ഹരി എന്നെ കാണാന്‍ വന്നു. ശിവകുമാര്‍ ശര്‍മ്മയുടെ നാല്‌ ആല്‍ബങ്ങള്‍ അടങ്ങിയ ഒരു ഡി.വി.ഡി. അവന്‌ ഒരു മാസത്തെ ലീവുണ്ട്‌.

ഹരിയുടെ കൂടെ ഒരു നഗര പ്രദിക്ഷണം നടത്താന്‍ ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങി. ഭൂമിക്ക്‌ താഴെയുള്ള പല കാര്യങ്ങളും ചര്‍ച്ച ചെയ്യ്ത്‌ സന്ധ്യക്ക്‌ അവന്‍ നാട്ടിലേക്ക്‌ തിരിച്ച്‌ പോയി.

അച്ഛന്‍ വിളിച്ചിരുന്നു. അമ്മയൊടും , അനിയനൊടും സംസാരിച്ചു. രാഗിയെ വിളിച്ച്‌ ഒരു മണിക്കുറോളം സംസാരിച്ചു. ഈ മാസം 28ന്‌ അവളെ കാണാന്‍ പോവണം .

ശിവകുമാര്‍ ശര്‍മ്മയുടെ "വര്‍ഷ" എന്ന ആല്‍ബം കേട്ട്‌ ആസ്വദിച്ചിരുന്നു. "The General in His Labyrinth" രണ്ട്‌ അദ്ധ്യായം വായിച്ചു. ഒരാള്‍ക്ക്‌ ഒന്നില്‍ കൂടുതല്‍ മാസ്റ്റര്‍പീസുണ്ടാവുമോ?

ശുഭരാത്രി. :)


2009 ആഗസ്റ്റ്‌ 19 ബുധന്‍

"മനുഷ്യന്റെയും ,കന്നുകാലികളുടെയും അസ്ഥികൂടങ്ങള്‍ ചിതറികിടക്കുന്ന വിജനമായ മരുപ്രദേശത്തിലൂടെ വെയിലേറ്റ്‌ വാടി തളര്‍ന്ന്‌, അതിലേറെ ഭയന്ന്‌ ദിക്കറിയാതെ വലയുകയാണ്‌ ഞാന്‍ . ഒരുപാട്‌ ദൂരം നടന്നപ്പോള്‍ ഞാന്‍ ഒരു മരുപച്ചയിലെത്തി. നീരുറവയില്‍ നിന്ന്‌ വെള്ളം കോരി കുടിച്ച്‌ ദാഹമകറ്റിയമ്പോള്‍ എനിക്ക്‌ വല്ലാത്തൊരു ദുര്‍ഗന്ധം അനുഭവപ്പെട്ടു.
അല്‍പം മുന്നോട്ട്‌
നടന്നപ്പോള്‍ കണ്ടത്‌ ചീഞ്ഞളീഞ്ഞ്‌ പുഴുവരിച്ച്‌ തുടങ്ങിയ ശവശരീരങ്ങളെയും , ദേഹമാസകലം വ്രണമൊലിപ്പിച്ച്‌ പാതി മരിച്ച്‌ കാലനെയും കാത്തു കിടക്കുന്ന പേകോലങ്ങളെയായിരുന്നു. ആ ഭീകരമായ കാഴ്ച കണ്ട്‌ ഭയന്നോടിയ ഞാന്‍ ഏറെ നേരത്തെ പ്രയാണത്തിന്‌ ശേഷം ആളൊഴിഞ്ഞ ഒരു ചെറു നഗരത്തിലെത്തി. പല വീടുകളില്‍ കയറി ഇറങ്ങിയെങ്കിലും എനിക്ക്‌ ഒരു മനുഷ്യനെപോലും കാണാന്‍ കഴിഞ്ഞില്ല. അവസാനം ഞാന്‍ ഒരു കൊട്ടാരത്തിന്റെ മുന്നില്‍ ചെന്നത്തി. അവിടെയും
ഞാന്‍
കണ്ടത്‌ ചീഞ്ഞളിഞ്ഞ തുടങ്ങിയ മനുഷ്യരുടെയും , കുതിരകളുടെയും , ആനകളുടെയും ശവശരീരങ്ങളായിരുന്നു. "

"കടലിനും കായലിനുമിടയില്‍ ഒരു കൊചു ദ്വീപ്‌. ദ്വീപ്‌ നിറയെ ആണുങ്ങളുടെയും ,പെണ്ണുങ്ങളുടെയും ,കുട്ടികളുടെയും കബന്ധങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. കൈയും ,കാലും ,തലയും ,ഉടലും വേര്‍പ്പെട്ടവ. കബന്ധ കൂമ്പാരങ്ങളില്‍ ജീവന്‍ അവശേഷിച്ചവ പ്രാണനു വേണ്ടി പിടയുന്നു. കടല്‍തീരം നിറയെ എരിഞ്ഞു കഴിഞ്ഞതും , എരിഞ്ഞു കൊണ്ടിരിക്കുന്നതുമായ കബന്ധ കൂമ്പാരങ്ങള്‍ . "

ഇന്നലെ എന്റെ ഉറക്കം നഷ്ടപ്പെടുത്തിയ രണ്ടു സ്വപ്നങ്ങളായിരുന്നു ഇവ. പക്ഷെ ഞാന്‍ ശരിക്കും ഞെട്ടിപ്പോയത്‌ ഓഫിസില്‍ എത്തി എന്റെ സൈബര്‍ സുഹ്യത്തുക്കളായ ജാഫ്നക്കാരന്‍ ബാലുവിന്റെയും,അംഗോളക്കാരന്‍ ടുജി ഒക്കിരിയുടെയും ഇ-മെയിലുകള്‍ നോക്കിയപ്പോളായിരുന്നു. ഇന്നലത്തെ എന്റെ ആദ്യ സ്വപനത്തിലെ രംഗങ്ങളുമായി സാമ്യമുള്ള ഫോട്ടോകളായിരുന്നു ടുജിയുടെ മെയിലില്‍ . ബാലുവിന്റെ മെയിലിലെ ഫോട്ടോകള്‍ രണ്ടാമത്തെ സ്വപ്നവുമായി സാമ്യമുണ്ടായിരുന്നെങ്കിലും , സ്വപ്നത്തിലെ ദ്യശ്യങ്ങളെക്കാളും ഭീകരമായിരുന്നു.

ഓഫിസില്‍ എന്നത്തെയും പോലെ എല്ലാവരുമായി ഇടപഴകിയെങ്കിലും എന്റെ ഉള്ളു നിറയെ സ്വപ്നത്തിലെ ദ്യശ്യങ്ങളും , അവയിലെ യാഥര്‍ത്ഥങ്ങളുമായിരുന്നു. ഇപ്പോഴും ആ ദ്യശ്യങ്ങള്‍ എന്നെ വല്ലാതെ അലട്ടുന്നു. പാട്ടു കേള്‍കാനും , വായിക്കാനും കൂടി തോന്നുനില്ല.

പലവട്ടം സ്വപ്നങ്ങളെ പറ്റി ആരോടെങ്കിലുമൊന്ന്‌ സംസാരിക്കണം എന്ന്‌ തോന്നിയിരുന്നെങ്കിലും , "നിന്റെ പുതിയ വട്ട്‌" എന്നു പറഞ്ഞ്‌ കളിയാക്കുന്നതു കൊണ്ട്‌ വേണ്ടാന്നു വെച്ചു.

അച്ഛനുമ്മയും ,രാഗിയും വിളിച്ചിരുന്നെങ്കിലും അധികനേരം സംസാരിച്ചില്ല.

ഇന്നലെ പതിവു പോലെ വായിച്ച്‌ പാട്ടു കേട്ട്‌ കിടന്ന ഞാന്‍ എന്തുകൊണ്ട്‌ ഭീകരമായ സ്വപ്നങ്ങള്‍ കണ്ടു എന്നത്‌ അര്‍ധരാത്രിയിലും ഒരു ചോദ്യമായി അവശേഷിക്കുന്നു...

ശുഭരാത്രി. :)


2009 ആഗസ്റ്റ്‌ 20 വ്യാഴം ​

വിചിത്രമായ ഒരു സ്വപ്നം കണ്ട്‌ ഞാന്‍ 3.15 ഉണര്‍ന്നു.

"ഇരുവശത്തും മുക്കാല്‍ ആള്‍ പൊക്കമുള്ള മുള്ളുവേലികെട്ടിയ ഒരു റോഡിലൂടെ കുറെ അപരിചിതരുടെ കൂടെ ഞാന്‍ നടക്കുന്നു. റോഡിന്റെ അങ്ങെ അറ്റത്ത്‌ എനിക്ക്‌ പോവാനുള്ള ബസ്സു വന്നു. ബസ്സില്‍ കയറാനായി തിരക്കിട്ട്‌ നടന്നപ്പോള്‍ ഒരു മുള്ളുവള്ളി എന്റെ പാന്റ്സില്‍ കുരുക്കി. കുരുക്ക്‌ അഴിച്ച്‌ മുന്‍പോട്ട്‌ നീങ്ങിയപ്പോള്‍ ആ വള്ളി വീണ്ടും എന്റെ കാലില്‍ കുരുങ്ങി. അപ്പോഴെക്കും എന്റെ ബസ്സ്‌ പോയി. മുള്ളുവള്ളി എടുത്തുമാറ്റാന്‍ തുടങ്ങിയപ്പോള്‍ എനിക്ക്‌ ചുറ്റുമുള്ളവര്‍ കുരുക്കഴിക്കാനുള്ള ഉപദേശങ്ങള്‍ നല്‍കി തുടങ്ങി. കുരുക്കഴിച്ച്‌ ഒരടി നടന്നപ്പോഴേക്കും മൂന്നാമതും മുള്ളുവള്ളിയെന്റെ കാലില്‍ കുരുങ്ങി. ഈതവണത്തെ കുരുക്ക്‌ കൂടുതല്‍ ദ്യഢമായിരുന്നു. ചുറ്റുമുള്ളവരുടെ ഉപദേശങ്ങള്‍ കേട്ടും , അല്പം ചിന്തിച്ചും ഞാന്‍ ആ കുരുക്കഴിച്ച്‌ വള്ളിയെ ദൂരേക്ക്‌ പറിച്ച്‌ എറിഞ്ഞു. അപ്പോള്‍ അപരിചിതരില്‍ ഒരാള്‍ എന്നെ പരിഹസിക്കാന്‍ തുടങ്ങി. ഉടനെ ഞങ്ങള്‍
തമ്മില്‍വാക്കേറ്റമായി,
കൈയാങ്കളിയായി. കുറച്ച്‌ നേരത്തെ ഉന്തും ,തള്ളിന്‌ ശേഷം അയാള്‍ അടങ്ങി, പിന്നെ എന്നെ ഒന്ന്‌ തുറിച്ച്‌ നോക്കിയ ശേഷം നടന്നകന്നു. ഞാന്‍ കുറച്ച്‌ ദുരം കൂടി മുന്‍പോട്ട്‌ നടന്ന്‌ മുള്ളുവേലിക്ക്‌ അപ്പുറം കടന്ന്‌ ബസ്സ്റ്റോപ്പിലെത്തി. "

മുറിയിലെ ഉഷ്ണം അസഹനീയമായി തോന്നിയപ്പോള്‍ ഒരു നീണ്ട "ഷവര്‍ ബാത്ത്‌" നടത്തി വന്ന്‌ കിടന്നെങ്കിലും പിന്നെ എനിക്ക്‌ ഉറങ്ങാന്‍ പറ്റിയില്ല.

ഓഫീസില്‍ ചര്‍ച്ചക്കളിലും , കളിതമാശക്കളിലും പങ്കെടുത്തെങ്കിലും എന്തോ ഒരു ഒറ്റപ്പെട്ടല്‍ അനുഭവപ്പെട്ടു.

അച്ഛനുമ്മയും,രാഗിയും,ഷാഹുലും,അജിയും,രാഹുലും,ജിനോയും വിളിച്ചിരുന്നെങ്കിലും അധികനേരം സംസാരിച്ചില്ല. ആരോടും സ്വപ്നങ്ങളെ പറ്റിയും പറഞ്ഞില്ല.

ഇന്നും ഞാന്‍ ഒരു വരിപോലും വായിച്ചില്ല, ഒരു പാട്ടു പോലും കേട്ടില്ല.

എന്റെ ഉല്‍സാഹമൊക്കെ എങ്ങോ പോയി മറഞിരിക്കുന്നു. നാളത്തെ യാത്ര വേണ്ടെന്ന് വെയ്ക്കണോ?

ശുഭരാത്രി. :)

[ തുടരും ]

Sunday, November 1, 2009

ഒരു യാത്രയുടെ ഓര്‍മ്മക്കായി

പ്രണയാതുരമായ ഹ്രസ്വസംഭാഷണം അവസാനിച്ചു. അപ്രതീക്ഷിത്മായി അവളുടെ അടുത്ത കോള്‍ വരുന്നതുവരെ ഇനി വിരഹത്തിന്റെ മണിക്കുറുകളോ, ചിലപ്പോ ദിവസങ്ങളോ ആണ്‌.

എനിക്ക്‌ ഇപ്പോഴും ഉത്തരം കിട്ടാത്ത സമസ്യയാണ്‌ അവളുമായുള്ള ബന്ധം . അങ്ങ്‌ അകലെ ദല്‍ഹിയിലെ യമുനാതീരത്തിരുന്ന്‌ എന്നെ പ്രണയിക്കുന്ന, പക്ഷെ എനിക്കായി കാത്തിരിക്കാത്ത എന്‍റെ രാധ.

പലപ്പോഴും കളിയായും കാര്യമായും അവള്‍ പറയാറുണ്ട്‌ "പണ്ട്‌ ദ്വാപരയുഗത്തില്‍ യമുനാതീരത്ത്‌ രാധ കൃഷ്ണനു വേണ്ടി കാത്തിരുന്നു. കലിയുഗത്തിലും യമുനാതീരത്ത്‌ രാധയുണ്ട്‌. പക്ഷെ അവള്‍ ആര്‍ക്കും വേണ്ടി കാത്തിരിക്കുന്നില്ല. പക്ഷെ അവള്‍ വരില്ല എന്നറിഞ്ഞിട്ടും ഞാന്‍ അവള്‍ക്കായി കാത്തിരിക്കുന്നു. എന്റെ അടുക്കലേക്ക്‌ വരാനായി വീണ്ടും വീണ്ടും വൃഥാ പ്രേരിപ്പിക്കുന്നു."


രാധയുടെ ഓരോ തവണത്തെ വിളിക്ക്‌ ശേഷവുമുള്ള കുറെ മണിക്കുറുകള്‍ അവളെക്കുറിച്ചുള്ള ഒര്‍മ്മകള്‍ നവീകരികാന്‍ വേണ്ടിയുള്ളതാണ്‌.

അന്നൊരു ബുധനാഴ്ചയായിരുന്നു. 2004 സെപ്തംബര്‍ 15. എന്റെ ആദ്യത്തെ ദല്‍ഹി യാത്ര. ഒരുപാട്‌ നാളത്തെ ആഗ്രഹമായിരുന്നു ഒരാഴച്ച നീളുന്ന ദല്‍ഹി യാത്ര. യാത്ര സാധ്യമായത്തിന്റെ ആവേശത്തിലായിരുന്നു. ഒരു നഴ്സറി ക്ളാസുകാരന്റെ ആവേശത്തോടെ എറണാകുളത്തുനിന്നും ഞാന്‍ ട്രെയിന്‍ കയറി. ഫസ്റ്റ് ക്ളാസ്‌ .സി.കോച്ചിലെ കാലിയായിരുന്ന എന്റെ കാബിനിലിരുന്നു. സഹയാത്രികരെ കാണത്തിരുന്നത്‌ എന്നെ നിരാശപ്പെടുത്തി. ഞാന്‍ പുറത്തേക്ക്‌ നോക്കിയിരിക്കാന്‍ തുടങ്ങി.

തൃശൂര്‍ എത്തിയപ്പോള്‍ എന്റെ കാബിനിലേക്ക്‌ രണ്ട്‌ മദ്ധ്യവയസ്കര്‍ കയറി ബര്‍ത്തില്‍ ബാഗുകള്‍ വെച്ചു. ഞാന്‍ അവരെ നോക്കി ചിരിച്ചു. അവര്‍ തിരിച്ച്‌ ചിരിച്‌ പുറത്തേക്ക്‌ ഇറങ്ങിയതും കാബിനിലേക്ക്‌ സുന്ദരിക്കളായ രണ്ട്‌ കൊച്ചുപെണ്‍കുട്ടികള്‍ കയറി, കൂടെ സുന്ദരിയായ അവരുടെ അമ്മയും .

അവരെ കണ്ടതും ഞാനൊന്നു അമ്പരുന്നു പോയി. മുഖത്തു നിന്നും എനിക്ക്‌ കണ്ണെടുക്കാന്‍ പറ്റിയില്ല. ട്രെയിന്‍ ചലിച്ച്‌ തുടങ്ങിയപ്പോള്‍ അവരും ,കുട്ടികളും യാത്രയാക്കാന്‍ വന്നവര്‍ക്ക്‌ നേരെ കൈ വീശി കാണിച്ചു. അപ്പോഴും എന്റെ കണ്ണുകള്‍ അവരുടെ മുഖത്തു തന്നെയായിരുന്നു.

അവര്‍ എന്നെ ഒന്നു സുക്ഷിച്ച്‌ നോക്കിയപ്പോള്‍ ഞാന്‍ എന്റെ കണ്ണുക്കളെ പുറകോട്ട്‌ വലിച്ച് വീണ്ടും പുറത്തേക്ക്‌ നോക്കിയിരിക്കാന്‍ തുടങ്ങി. പക്ഷെ എന്റെ മനസ്സ്‌ നിറയെ അവളായിരുന്നു. ഒരു പക്ഷെ ആരും വിശ്വസിക്കില്ല, ഒരു സ്വപ്നജീവി ആയതുകൊണ്ടായിരിക്കാം കൌമാരത്തിന്റെ ആദ്യനാളുകള്‍ മുതല്‍ ഞാന്‍ പതിവായി ഒരു സ്വപ്നം കാണാറുണ്ടായിരുന്നു. വെളുത്ത്‌ സുന്ദരമായ മുഖമുള്ള, ചുകന്ന ചെറിയ പൊട്ടു തൊട്ട്‌, കറുപ്പ് ചുരിദാറും , വെള്ള മുത്തുമാലയും നാനാവര്‍ണ്ണങ്ങളില്ലുള്ള കുപ്പി വളകളും ധരിച്ച പെണ്‍കുട്ടി എന്റെ അരികില്‍ വരുന്നത്‌. സ്വപ്നം പലകുറി ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ അവള്‍ ക്ക്‌ ഒരു പേരിട്ടു 'രാധ്‌'. എന്നെങ്കിലും ഒരിക്കല്‍ അവളെ കണ്ടെത്തും എന്ന്‌ എനിക്ക്‌ ഉറപ്പുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ അവള്‍ക്കായി കാത്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരുപ്പ്‌ പൂര്‍ത്തിയായിരിക്കുന്നു. അവരുടെ വേഷവും എന്റെ സ്വപ്നത്തിലേത്‌ പോലെയായിരുന്നു. വെള്ളമുത്ത്‌ മാലയുടെ കൂടെ ഒരു താലി മാലയും , കുപ്പി വളക്കളുടെ കൂടെ സ്വര്‍ണ്ണവളക്കളും , പിന്നെ നെറ്റിയിലെ സിന്ദൂരവും ഒഴിച്ച്‌. ഇനി പേരു കൂടെ അറിയണം . ഒരു അവസരത്തിനായി ഞാന്‍ കാത്തിരുന്നു.

അതിനിടയില്‍ ഞാന്‍ എപ്പഴോ ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോഴേക്കും പുറത്ത്‌ ഇരുട്ട്‌ പടര്‍ന്നിരുന്നു. രണ്ടു സുന്ദരി കുട്ടികളും അമ്മയുടെ മടിയില്‍ പൂച്ചകുട്ടിക്കളെ പോലെ പറ്റി പിടിച്‌ കിട്ടന്നുറങ്ങുന്നു. അവരും പാതി മയക്കത്തിലാണ്‌ എന്നു തോന്നുന്നു. ഞാന്‍ അവരെ നോക്കിയിരുപ്പായി. തിരുപ്പുര്‍ എത്തിയപ്പോള്‍ അവരുണര്‍ന്നു. എന്നെ ഒന്നു തുറിച്ച്‌ നോക്കി.

അല്പം ഭയത്തോടെ ഞാന്‍ ചോദിച്ചു പേരന്താ?

രാധ.

ഞാന്‍ ഒരിക്കല്‍ കൂടി ഞെട്ടി.

എന്റെ മുഖഭാവം കണ്ടിട്ടാവണം അവര്‍ ആശ്ചര്യത്തോടെ തിരക്കി എന്തേ?

ഒന്നുമില്ല എന്ന ഭാവത്തില്‍ ഞാന്‍ തലയാട്ടി.

രാധ എന്നെ നോക്കി ചിരിച്ചു.

ഞങ്ങള്‍ പരിചയപ്പെട്ടു. അവരും ദല്‍ഹിയിലേക്കാണ്‌. ഭര്‍ത്താവ്‌ ഗാര്‍മന്റ്‌ എക്സ്പോര്‍ട്ടറാണ്‌. ഈറോഡ്‌ എത്തുന്നതുവരെ ഞങ്ങള്‍ നാട്ടുകാര്യങ്ങള്‍ സംസാരിചിരുന്നു. ഈറോഡ്‌ എത്തിയപ്പോള്‍ കുട്ടിക്കളെ ഉണര്‍ത്തി അവര്‍ ഭക്ഷ്ണം കഴിക്കാന്‍ ഇരുന്നപ്പോള്‍ എന്നെയും ക്ഷണിച്ചു. ഞാന്‍ എന്റെ പാര്‍സലും തുറന്നു. ഞങ്ങള്‍ കറികള്‍ പങ്കുവെച്ചു. ഭക്ഷണം കഴിഞ്ഞു കുറച്ച്‌ നേരത്തെ സംസാരത്തിന്‌ ശേഷം മാളുവും , ഇന്ദുവും അപ്പര്‍ ബര്‍ത്തില്‍ കയറി വീണ്ടും ഉറങ്ങാന്‍ തുടങ്ങി.

രാധയും എന്നെപോലെ വൈകി ഉറങ്ങുന്ന ശീലകാരിയാണ്‌. അതുകൊണ്ട്‌ ഞങ്ങളുടെ സംസാരം വീണ്ടും നീണ്ടു. ട്രെയിന്‍ മുന്നോട്ട്‌ നീങ്ങുന്നതിനൊപ്പം ഞങ്ങളുടെ ബന്ധവും മുന്നോട്ട്‌ നീങ്ങുന്നതായി എനിക്ക്‌ തോന്നി. ഞങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതായി തോന്നിയ ഒരു സന്ദര്‍ഭത്തില്‍ തെറ്റുധരിക്കരുതെന്ന മുഖവുരയോടെ മടിച്ച്‌ മടിച്ച്‌ ഞാന്‍ രഹസ്യം വെള്ളിപ്പെടുത്തി. വര്‍ഷങ്ങളായി പലരാത്രികളിലും അവളെ ദിവസത്തെ അതെ വേഷത്തില്‍ സ്വപ്നം കണ്ടിരുന്നതും, അവളുടെ പേരും പോലും എനിക്ക്‌ അറിയാമായിരുന്നതും.

ഒരു നിമിഷം അവള്‍ എന്നെ സംശയത്തോടെ നോക്കി. പിന്നെ ഒന്നും ഉരിയാടാതെ പുറത്തേക്ക്‌ നോക്കിയിരുന്നു. അപ്പോഴേക്കും ട്രെയിന്‍ ജൊളാര്‍പെട്ടയ്യ് സ്റ്റേഷനിലെത്തി.

രാധയുടെ മറുപടിക്ക്‌ വേണ്ടി ഞാന്‍ കുറച്ച്‌ നിമിഷങ്ങള്‍ കാത്തിരുന്നു. എന്റെ വെളിപ്പെടുത്തല്‍ രാധ അവിശ്വസിച്ചെന്നു തോന്നു. അവള്‍ അപ്പോഴും പുറത്തേക്ക്‌ നോക്കിയിരുപ്പാണ്‌.

പിന്നെയൊന്നും സംസാരിക്കന്‍ തോന്നാതുകൊണ്ട്‌ ഞാന്‍ അവള്‍ക്ക്‌ ശുഭരാത്രി നേര്ന്ന്‌ കൊണ്ട്‌ ഉറങ്ങാന്‍ കിട്ടുന്നു. എങ്കിലും എന്റെ ശ്രദ്ധ മുഴുവന്‍ അവളിലായിരുന്നു. ട്രെയിന്‍ കുറച്ച്‌ ദൂരം കൂടി മുന്‍പോട്ട്‌ നീങ്ങിയപ്പോള്‍ രാധയും ഉറങ്ങാന്‍ കിടന്നു. പലവട്ടം ഞങ്ങളുടെ കണ്ണുകള്‍ കൂട്ടിമുട്ടി നിദ്രക്ക്‌ വഴിമാറി. എപ്പോഴോ ഉറക്കത്തിന്‌ എഴുന്നേറ്റപ്പോള്‍ പുറത്തേക്ക്‌ നോക്കി കണ്ണീര്‍ തൂവുന്ന രാധയെയാണ്‌ ഞാന്‍ കണ്ടത്‌.

എന്റെ ഉള്ളില്‍ കുറ്റബോധം ഉടലെടുത്തു.

ഞാന്‍ എഴുന്നേല്‍ക്കുന്നത്‌ കണ്ടയുടനെ അവള്‍ കണ്ണീര്‍ തുടച്ച്‌ എന്നെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. അപ്പോഴും കണ്ണുകള്‍ നിറഞ്ഞു തന്നെ ഇരുന്നിരുന്നു.

എന്തു പറ്റി എന്ന്‌ ഞാന്‍ നാലഞ്ചാവര്‍ത്തി ചോദിച്ചു.

ഉത്തരം മൌനമായിരുന്നു.

ഞാന്‍ എഴുന്നേറ്റ്‌ അവളുടെ അരുകിലിരുന്നു. അവളുടെ വലതു കൈ എന്റെ കൈക്കുള്ളിലാക്കി. അവള്‍ മ്രുദുവായി കൈ വലിക്കാന്‍ നോക്കിയെങ്കിലും ഞാന്‍ വിട്ടില്ല. ഞാന്‍ കൈ താലോലിച്ചു കൊണ്ടിരുന്നു.

നീണ്ട നേരത്തെ മൌനം ഭഞ്ജിച്ച്‌ കൊണ്ട്‌ ഞാന്‍ മെല്ലെ ചോദിച്ചു.

എന്തു പറ്റി. എന്നോട്‌ പറയില്ലേ?

ഒരു കണ്ണിര്‍ പുഴപോലെ അവളുടെ ദു:ഖങ്ങള്‍ എന്നിലേക്ക്‌ ഒഴുകിവന്നു. സാഹിത്യം പഠിക്കാന്‍ ആഗ്രഹിച്ച പ്രീഡിഗ്രികാരിയായ പെണ്‍കുട്ടി അച്ഛന്റെ ബിസിനസ്സ്‌ തകര്‍ച്ചയോടെ എല്ലാം നഷ്ട്പ്പെട്ടപ്പോള്‍ ഇരട്ടിപ്രായമുള്ള തന്റെ മുറചെറുക്കനെ കല്യാണം കഴിച്ചതും . പണം ഇരട്ടിക്കാന്‍ മാത്രം വ്യഗ്രത കാണിക്കുന്ന തൊട്ടതിനും , പിടിച്ചതിന്നും കുറ്റം മാത്രം കണ്ടെത്തുന്ന ഭാര്യയെയും , മക്കളെയും ഒരു കാഴ്ച വസ്തുവായി മാത്രം കാണുന്ന സംശയ രോഗിയായ ഭര്‍ത്താവും . അങ്ങനെ ഓരോന്നോരോന്നായി രാധയുടെ ദു:ഖങ്ങളെല്ലാം ഞാന്‍ അറിഞ്ഞു. അവ ഞങ്ങളുടെ ദു:ഖങ്ങളായി മാറി.


വീണ്ടും വാക്കുകള്‍ മുറിഞ്ഞു. ഞങ്ങള്‍ പരസ്പരം നോക്കിയിരുന്നു. അപ്പോഴും അവളുടെ വലതു കൈ എന്റെ കരങ്ങള്‍ ക്കുള്ളിലായിരുന്നു. കൈ സ്വത്രന്ത്രമാക്കി ഞാന്‍ അവളെ തലോടിയപ്പോള്‍ അവള്‍ എന്റെ ചുമലിലേക്കു ചാഞ്ഞിരുന്നു.

നീണ്ട നേരത്തെ മൌനത്തിനു അവള്‍ പറഞ്ഞു 'നിന്നെ പോലൊരാളെയായിരുന്നു ഞാന്‍ ആഗ്രഹിച്ചത്‌'.

പിന്നെയുള്ള ഞങ്ങളുടെ സംസാരം മുഴുവന്‍ ഒരിക്കലും നടക്കാതിരുന്ന കൌമാര സ്വപ്നങ്ങളെ കുറിച്ചായിരുന്നു. പരസ്പരം മൂളികേട്ടും തര്‍ക്കിച്ചും കളിയാക്കിയും ഞങ്ങള്‍ നേരം വെളുപ്പിച്ചു.

പ്രഭാതം വിടര്‍ന്നപ്പോള്‍ ഞങ്ങള്‍ അകന്നിരുന്നു. അപ്പോഴേക്കും ട്രെയിന്‍ ആന്ധ്രയിലൂടെയുള്ള പ്രയാണം തുടങ്ങിയിരുന്നു.

കുട്ടികള്‍ ഉണര്‍ന്നപ്പോള്‍ ഞങ്ങള്‍ പല്ലുതേച്ച്‌ ബ്രഡും ,ബിസ്ക്കറ്റും ,പാക്കറ്റ്‌ ജൂസും കഴിച്ചു. കുറച്ച്‌ നേരം കുട്ടികളുടെ കൂടെ കളിച്ച ശേക്ഷം ഞാന്‍ കമ്പാര്‍ട്ട്മെന്റിന്റെ വാതിലിനരുകില്‍ നിന്ന്‌ മാഞ്ഞുപോകുന്ന കാഴ്ച്ചകള്‍ നോക്കി നിന്നു.

പെട്ടന്ന്‌ എന്നെ പുറകില്‍ നിന്ന്‌ ചെറുതായി ഒന്നു തള്ളി പേടിപ്പിച്ചുകൊണ്ട്‌ രാധ എന്റെ അടുത്ത്‌ വന്നു നിന്നു. ഞാന്‍ അവളോട്‌ കൂടുതല്‍ അടുത്തു നിന്നു. ഞങ്ങള്‍ ഒന്നായി നിന്ന്‌ പുറം കാഴ്ചക്കളില്‍ മുഴുകി. നില്പ്‌ വെയിലിനു ശക്തി കൂടുന്നതുവരെ നീണ്ടു.

കാബിനില്‍ മടങ്ങിയത്തിയ ഞങ്ങള്‍ മാളുവിന്റെയും ,ഇന്ദുവിന്റെയും കൂടെ കഥകളും , കടങ്കഥക്കളും പറഞ്ഞും , പാട്ടു പാടിയും , ഭക്ഷണം കഴിച്ചും ഒരു പാട്‌ രസിച്ചു. അതിനിടെ പലവട്ടം രാധയുടെ കണ്ണുനിറയുന്നതു ഞാന്‍ കണ്ടു. കാലം തെറ്റി വന്ന നല്ല ദിവസത്തിന്‌ വേഗം വളരെ കൂടുതലായിരുന്നു. നേരം ഇരുട്ടിയതോടെ എന്റെ മനസ്സിലെ ആധി കൂടി വന്നു. നാളെ ഉച്ചക്ക്‌ രാധ നഷ്ടപ്പെട്ടുമെന്നുള്ള ആധി. ഞങ്ങളുടെ കളിച്ചിരികള്‍ രാത്രി വരെ നിണ്ടു.

കുട്ടികള്‍ ഉറങ്ങിയപ്പോള്‍ ഞാന്‍ അവളുടെ അരികില്‍ ചെന്നിരുന്ന്‌ തലോടി കൊണ്ട്‌ വിളിച്ചു.
രാധേ....
ഉം .അവള്‍ വിളികേട്ടു.
നീ എന്റെ കൂടെ വരുമോ?
ഇല്ല.
നിനക്ക്‌ എന്നെ ഇഷ്ട്മല്ലേ?
ഉം
പിന്നെയെന്താ?
എനിക്ക്‌ മക്കളുണ്ട്‌. പിന്നെ പേരിന്‌ ഒരു ഭര്‍ത്താവും .
സരമില്ല ഞാന്‍ നിന്നെയും നിന്റെ മക്കളെയും നല്ലപോലെ നോക്കാം .
കണ്ണാ നീ വേറെയെന്തെങ്കിലും പറ.
അപ്പോ നീ എന്നെ മറക്കുമോ?
ഇല്ല.
ഇന്നി നമ്മള്‍ കാണുമോ?
ഇല്ല.
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ?
ഇല്ല.
വല്ലപ്പോഴും ?
ഇല്ല.
നീ എനിക്ക്‌ കത്തെഴുത്തുമോ?
ചിലപ്പോ
എന്നെ വിളിക്കുമോ?
ചിലപ്പോ
എല്ലാ കാലവും വിളിക്കുമോ?
ഇല്ല.
പിന്നെ?
നിന്റെ കല്യാണം കഴിയുന്നതുവരെ.

ഒരു നിരാശകാമുകന്റെ ഭാവത്തോടെ ഞാന്‍ രാധയെ മാറോട്‌ ചേര്‍ത്തു. പക്ഷെ അവള്‍ അകന്നു മാറി നിര്‍വികാരതയോടെ എന്നെ നോക്കി. ഞാന്‍ കൂടുതല്‍ ബലത്തോടെ അവളേ എന്നോട്‌ അണച്ചു. ഞങ്ങള്‍ ഇണകുരുവികളായി സംസ്ഥാനങ്ങള്‍ താണ്ടി.

ഒരിക്കലും വരരുതെന്ന്‌ ഒരുപാട്‌ ആഗ്രഹിച്ചെങ്കിലും വിധിഹിതമനുസരിച്ച്‌ വന്ന പ്രഭാതം ഞങ്ങളെ വീണ്ടും അകറ്റി.

കുട്ടികളുണര്‍ന്നത്തോടെ ഞങ്ങള്‍ വീണ്ടും കഥകളിലേക്കും പാട്ടുകളിലേക്കും മടങ്ങിപ്പോയി. ട്രെയിന്‍ ആഗ്രയിലും ,മഥുരയിലും എത്തിയപ്പോള്‍ ഞനും,രാധയും കാതരമായ നോട്ടങ്ങള്‍ കൈമാറി. നിസാമുദീന്‍ എത്തുന്നതുവരെ ഞങ്ങളുടെ കളിചിരികള്‍ നിണ്ടു. പിരിയാനുള്ള സമയമായപ്പോള്‍ ഞങ്ങള്‍ നാലുപേരും ഒരു പോലെ വിഷമിച്ചു. കുട്ടികളുടെ ശ്രദ്ധയകന്ന ഒരു നിമിഷത്തില്‍ ഒരിക്കില്‍ കൂടി ഞാന്‍ അവളെ എന്നോട്‌ ചേര്‍ത്തു. ഞങ്ങള്‍ അന്ത്യ ചുംബനം കൈമാറി.

മിനിറ്റുകള്‍ ക്കുള്ളില്‍ ട്രെയിന്‍ ന്യൂദല്‍ഹി സ്റ്റേഷനിലെത്തി. മരവിച്ച മനസ്സോടെ ഞാന്‍ രാധയോടും , കുടുംബത്തോടും യാത്ര പറഞ്ഞ്‌ ആള്‍ കുട്ടത്തില്‍ ലയിച്ചു.

അതിനുശേഷം എത്രയോ തവണ ഞാന്‍ ദല്‍ഹിയില്‍ വന്നു പോയി. പക്ഷെ ഒരിക്കല്‍ പോലും അവളെ കണ്ടില്ല. ദല്‍ഹിയില്‍ വന്നാല്‍ ഞാന്‍ താമസ്സിക്കാറുള്ള റാഫിമാര്‍ഗിലെ എന്റെ സുഹൃത്തിന്റെ ഫ്ളാറ്റില്‍ നിന്നും മയൂര്‍വിഹാറിലേക്ക്‌ കഷ്ടി ഒരു മണിക്കുര്‍ യാത്ര മതി. എന്നിട്ടും ഞാന്‍ എന്റെ രാധയെ അന്വേഷിച്ച് പോയില്ല. പലവട്ടം അങ്ങനെ വിചാരിച്ചെങ്കിലും .

എന്നാലും ചിലപ്പോ ദീര്‍ ഘവും , ചിലപ്പോള്‍ ഹ്രസ്വവുമായ ഇടവേളക്കളില്‍ രാധ എന്നെ വിളിക്കും . മനോഹര യാത്രയുടെ ഓര്‍മ്മ പുതുക്കാനായി. മറ്റൊരു രാധയെ ഞാന്‍ സ്വന്തമക്കുന്നതു വരെ വിളി എനിക്ക് പ്രതീക്ഷിക്കാം...................