Wednesday, March 9, 2011

സ്മാര്‍ട്ട് സിറ്റി

വംശനാശം സംഭവിച്ച ചാരയഷാപ്പിന്റെ സ്മൃതികള്‍ ഉണര്‍ത്തുന്ന സ്വദേശി ബാറിന്റെ ഇരുണ്ട കോണിലിരുന്ന് വിശ്വന്‍ ഹാഫ് ബോട്ടല്‍ ഓള്‍ഡ് മംഗുമായുള്ള മല്‍പിടുത്തം തുടങ്ങി. ആദ്യ പെഗ് കഴിയും മുന്‍പേ അയാളുടെ വിഷാദം ഇരട്ടിയായി മുഖത്ത് പ്രതിഫലിച്ചു. രണ്ടാം പെഗ് കഴിഞ്ഞപ്പോഴേക്കും അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. തനിക്കു ചുറ്റുമുള്ള ശബ്ദകോലാഹലങ്ങള്‍ അയാളെ ബാധിച്ചില്ല. ദു:ഖത്തെ കടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായി കണ്ണിലൂടെ ഒലിച്ചിറങ്ങി.

ആരോ തന്നെ വിളിക്കുന്ന പോലെ തോന്നിയപ്പോള്‍ വിശ്വന്‍ തുവാലയെടുത്ത് മുഖം തുടച്ചു. അപ്പോഴേക്കും ശബ്ദത്തിന്റെ ഉടമ തൊട്ടു മുന്നിലെത്തി ഒന്നു കൂടി അയാളുടെ പേര്‌ ചൊല്ലി വിളിച്ചു.

വിശ്വന്‍ തലയുയര്‍ത്തി നോക്കി. മാധവേട്ടനാ.

ന്താ വിശ്വാ വല്ലാണ്ടെ ഇരിക്കണെ?

എല്ലാം അറഞ്ഞില്ലേ.

ഉം

ഇനി രണ്ടാഴ്യച്ച കൂടിയൊള്ളു.

പട്ടയം ​കിട്ടിയോ?

കിട്ടി. പക്ഷെ ഇവര്‌ തരണ നഷ്ടപരിഹാരം കൊണ്ട് ഒരു വീടുണ്ടാക്കാന്‍ പറ്റുമോ ? പോരാത്തതിന്‌ അതൊരു കാട്ടുമുക്കും.

വികസനമല്ലെ വികസനം. താപവൈദ്യുതി നിലയം വന്നിട്ട് ഇവിടോള്ളോര്‍ക്ക് എന്താ ഗുണം. ഇവിടള്ളോര്‍ക്കിലെങ്കിലും മറ്റുള്ളോര്‍ക്കുണ്ടല്ലോ. നടന്നാമതി.

ന്നാലും ജനിച്ച നാട്ടീനു പോണ്ടെ.

വിധ്യാന്ന് കരുതി സമാധാനിക്ക് വിശ്വാ.

കാലം മാറി മാധവേട്ടനും

കാലമെല്ല വിശ്വാ നമ്മടെ നാട്ടാരാണ്‌ ഇന്നെ മാറ്റിയത്.

അവര്‍ രണ്ടു പേരും അതോടെ നിശ്ബദരായി. മാധവേട്ടന്‍ തലതാഴ്ത്തിയിരുന്നു.

പാവം മാധവേട്ടന്‍. എന്തൊരു ഉശിരായിരുന്നു ഈ മനുഷ്യന്‌. ജാതിയും മതും വലുപ്പചെറുപ്പും നോക്കാണ്ടെ നാട്ടുകാര്‍്‌ക്ക് വേണ്ടി ഓടി നടന്നപ്പോ ആദ്യം വീട്ടുകാര്‍ക്ക് വേണ്ടാതായി പിന്നെ പാര്‍ട്ടികാര്‍ക്കും. പിന്നെ കുറെക്കാലം ​പത്രത്തില്‍ ലേഖനമെഴുത്തിയിരുന്നു. ഇപ്പോ പത്രക്കാരും മാറിയില്ലേ. അതോണ്ട് ജീവിക്കാന്‍ വേണ്ടി കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്നു. ഇടക്കെ മാധവേട്ടന്‍ ബാറില്‍ കയറൂ. അന്ന് പലരും മാധവേട്ടനെ പഴയ ഓര്‍മ്മ വെച്ച് സല്‍ക്കരിക്കും.

മാധവേട്ടനെ കണ്ടതുകൊണ്ടാവാം ബയറര്‍ ഒരു ഗ്ലാസുകൂടെ കൊണ്ടു വന്നു.

മാധവേട്ടാ കഴിക്ക്. രണ്ടു ഗ്ലാസും നിറച്ച ശേഷം വിശ്വന്‍ ക്ഷണിച്ചു.

നിനക്കുണ്ടോ?

ണ്ട്. ഇങ്ങള്‌ കഴിക്ക്.

അവര്‍ ഗ്ലാസ് കാലിയാക്കുന്നതിനു മുന്‍പേ മുഷിഞ്ഞ വസ്‌ത്രമണിഞ്ഞ ഒരു ആജാനബാഹു അവരുടെ ഇടയിലേക്ക് വന്നു. ഭായി എന്ന് അയാള്‍ വിളിച്ച് മാധവേട്ടന്റെ തോളില്‍ കൈയിട്ടു.

അയാളെ കണ്ടതും വിശ്വന്റെ മുഖം ചുളിഞ്ഞു. വിശ്വന്‍ മനസ്സില്‍ പറഞ്ഞു "ഹൈവേന്റെ അരുകില്‌ കുടില്‍ കെട്ടി പാത്രം വിക്കുന്നവനല്ലേ ഇവന്‍. മാധവേട്ടന്‌ എന്തിനാ ഈയിറ്റിങ്ങളുമായി ചങ്ങാത്തം"

വിശ്വാ ഇവനെ അറിയോ അനക്ക്.

അല്‍പം അനിഷ്ടത്തോടെ വിശ്വന്‍ ഇല്ലയെന്ന് തലയാട്ടി. പക്ഷെ അയാള്‍ മനസ്സില്‍ സത്യമോര്‍ത്തു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിരാവിലെ വിധിയെ പിഴിച്ച് തണുത്ത് വിറച്ച് സ്കൂടറോടിച്ച് പോകുമ്പോഴാണ്‌ ഇവരെ ആദ്യം കണ്ടത്. ഒരു രാത്രികൊണ്ട് മുളച്ചു പൊന്തിയ പത്തിരുപത് കുടിലുകളിലേക്ക് കൌതുകത്തോടെ സൂക്ഷിച്ചു നോക്കി. ഇരുട്ടായതുകൊണ്ട് ഒന്നും വ്യക്തമായി കണ്ടില്ല. വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോഴേക്കും ആ കുടിലുകള്‍ക്ക് മുന്‍പില്‍ പല വലുപ്പത്തിലുള്ള പ്ലാസ്റ്ററോപാരീസില്‍ തീര്‍ത്ത ദൈവരൂപങ്ങള്‍ നിരത്തി വെച്ചിരുന്നു. പിന്നെ അധികം താമസിയാതെ നാട്ടില്‍ അവരുടെ കൂടെയുള്ള രണ്ട് പെണ്ണുങ്ങളെ കുറിച്ച് പലരും വര്‍ണ്ണിച്ച് പറയാന്‍ തുടങ്ങി. ആകാംഷയോടെ പലവട്ടം താനും അത് കേട്ടിരുന്നു. പിന്നെ എല്ലാകൊല്ലവും മഴക്കാലം കഴിയുമ്പോള്‍ ഇവര്‍ വരും എന്നിട്ട് അടുത്ത മഴക്കാലത്തിന്‌ മുന്‍പേ തിരിച്ച് പോവും. വിലകുറഞ്ഞ ദൈവരൂപങ്ങള്‍ക്ക് ഇപ്പോ മാര്‍ക്കറ്റ് ഇല്ലാത്തോണ്ടാവും രണ്ടുമൂന്ന്‌ കൊല്ലമായി മണ്‍പാത്രമാണ്‌ ഇവര്‍ വില്‍ക്കുന്നത്.

മാധവേട്ടന്‍ അവരെ പരസ്പരം പരിചയപ്പെടുത്തി.

ഇത് സുബറാം. ഹൈവേന്റെ അരുകിലാ താമസം. മണ്‍പാത്രം വില്‍ക്കല്ലാ പണി. സുബറാം ഇത് വിശ്വന്‍. ന്റെ പ്രിയപ്പെട്ട ഒരു ദോസ്ത്.

സുബറാം വിശ്വനെ നോക്കി ചിരിച്ചു. പല തവണ കണ്ട ആ നാടോടിയെ വിശ്വന്‍ അനിഷ്ടത്തോടെ നോക്കി.

മാധവേട്ടന്‍ തുടര്‍ന്നു. ഇവനും നിന്നെപോലാ.

വിശ്വന്‍ ആകാംഷയോടെ മാധവേട്ടനെ നോക്കി.

അതെ നിന്നെ പോലെ ജന്മനാട്ടിന്‌ വികസനത്തിന്റെ പേരും പറഞ്ഞ് ആടിയോടിക്കപ്പെട്ടവന്നാണ്‌ ഇവനും.

ഷരിയാ ഭായ്. ഡാമിന്റെ പേറും പറഞ് ഞങ്ങടെതെല്ലാം പിച്ചപൈസ തന്ന് അവരെടുത്ത്. യെന്റെ എല്ലാം പോയി. ഞാന്‍ തെണ്ടിയായി. എന്റെ കൂട്ടുകാര്‍ കള്ളന്‍മാരും പിമ്പുകളുമായി.

വിശ്വന്റെ മുഖത്തെ അനിഷ്ടം സഹതാപത്തിന്‌ വഴിമാറി.

മാധവേട്ടന്‍ തുടര്‍ന്നു. വിശ്വാ നീയ്വാ ഭാഗ്യവാന്‍. നിനക്ക് ഒരു കാട്ടുമുക്കിലെങ്കിലും കുറച്ച് സ്ഥലം കിട്ടി പിന്നെ കുറച്ച് നഷ്ടപരിഹാരും. ഇവന്‍ എക്കറു കണക്കിന്‌ ഭൂമിയും വീടും കൊടുത്തപ്പോ ആകെ കിട്ടിയത് പതിനായിരം രൂപയാ.

സുബറാം നിര്‍വികാരനായി ഇരുന്നു.

വിശ്വന്‍ കുറ്റബോധത്താല്‍ തല താഴ്ത്തി.

അല്‍പനേരത്തെ നിശബ്ദക്ക് ശേഷം വിശ്വന്‍ ഒരു ഗ്ലാസ് കൂടി വരുത്തി. വിട്ടുമാറാത്ത കുറ്റബോധത്തോടെ മദ്യം മൂന്ന് ഗ്ലാസിലേക്കും പകര്‍ന്നു.

അവര്‍ മൂന്ന് പേരും ഒന്നായി ദു:ഖം പങ്കിട്ട് മദ്യം നുകര്‍ന്നു. മാധവേട്ടന്‍ കമ്മനിട്ടയെ ഉച്ചത്തില്‍ ചൊല്ലി ആവേശം വിതറി. ആ സങ്കടത്തില്‍ ഒരു ഹാഫ് ബോട്ടല്‍ ഓള്‍ഡ് മംഗ് കൂടി ഉരുകി തീര്‍ന്നു.

സുബറാം ബില്‍ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും വിശ്വന്‍ തടഞ്ഞു.

മാധവേട്ടനെയും സുബറാമിനെയും സ്കൂട്ടറിന്റെ പുറകിലിരുത്തി സുബറാമിന്റെ കുടിലിലേക്ക് അത്താഴം കഴിക്കാനായി പോവുമ്പോള്‍ വിശ്വന്‍ മാധവേട്ടന്‍ പറഞ്ഞ ഒരു വാചകം മനസ്സില്‍ ഉരുവിടുകൊണ്ടിരുന്നു ഇരകള്‍ക്ക് വര്‍ണ്ണ വര്‍ഗ ഭേദമില്ല.


[2011 മാര്‍ച്ച് ലക്കം തര്‍ജ്ജനിയില്‍ വന്നത്‌ ]