Wednesday, January 5, 2011

കുറുക്കന്‍


ഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യു വാര്‍ഡില്‍ കിടന്ന് മരണവുമായി മല്ലിടുകയാണ്‌ പ്രശസ്ത ഭാഷാപണ്ഡിതനായ പ്രൊഫസര്‍.ഗോപകുമാര്‍. നാനാവിധ രോഗങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും എണ്‍പത്തിരണ്ടാം വയസ്സിലും ചുറുചുറുക്കോടെ ഓടി നടന്ന പ്രൊഫസറെ ഇന്നലെ വൈകീട്ടാണ്‌ കടുത്ത ഹൃദായാഘാതെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

വാര്‍ഡിനു പുറത്ത് പ്രൊഫസറിന്റെ ആയുസ്സിനായി മൌനപ്രാര്‍ത്ഥന നടത്തുകയാണ്‌ ബന്‌ധുക്കളും സന്തതസഹചാരിയായ രാജീവും.

ശോകമൂകമായ ആ അന്തരീക്ഷത്തിലേക്ക് അറമുഖന്റെ കടന്നു വരവ് ഏറെക്കുറെ അപ്രതീക്ഷിതമായിരുന്നു. പ്രൊഫസറിന്റെ ബന്‌ധുക്കളെ ആശ്വസിപ്പിച്ച ശേഷം അയാള്‍ രാജീവിന്റെ അടുത്ത് വന്നിരുന്നു.

ഈ ആശുപത്രിയിലെ ന്യൂറോ ഡോക്ടര്‍ സാമുവലാണത്രെ അയാളോട് വിവരം പറഞ്ഞത്. വിവരം അറിയിക്കാതത്തിന്‌ അറമുഖന്‍ പരിഭവം പറഞ്ഞു.

രാജീവന്‍ നേര്‍ത്ത സ്വരത്തില്‍ പറഞ്ഞു ആരെയും അറിയിച്ചിട്ടില്ല.

അന്തരീക്ഷം വീണ്ടും മൂകമായി.

പത്തു മിനുറ്റ് കഴിഞ്ഞപ്പോള്‍ ഒരു നഴ്സ് വന്നു സന്ദര്‍ശന സമയം ​കഴിഞ്ഞെന്നു അറിയച്ചപ്പോള്‍ രാജീവനും അറമുഖനും എഴുന്നേറ്റു. പ്രൊഫസറിന്റെ ബന്ധുക്കളെ ഒരിക്കല്‍ കൂടി ആശ്വസിപ്പിച്ച് അവര്‍ വാര്‍ഡിനു പുറത്തേക്ക് നടന്ന് രണ്ടു വഴിക്ക് പിരിഞ്ഞു.

........................................


വീട്ടിലേക്കുള്ള ബസ്സ് യാത്രക്കിടയില്‍ രാജീവന്റെ ആലോച്ചന മുഴുവന്‍ അറമുഖനും പ്രൊഫസറും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു.

എല്ലാവരോടും ശാന്തനായി സ്നേഹത്തോടെ പെരുമാറുന്ന പ്രൊഫസര്‍ എപ്പോഴും അറമുഖനോട് ഒരു അകലം പാലിച്ചിരുന്നു. പക്ഷെ എല്ലാവരെയും വാചകമടിച്ച് കൈയിലെടുക്കുന്ന അറമുഖന്‍ അത് കാര്യമാക്കാതെ പലഹാരപൊതിക്കളുമായി പ്രൊഫസറെ സ്ഥിരമായി സന്ദര്‍ശിക്കും. പ്രൊഫസര്‍ ഒഴിച്ച് ബാക്കി എല്ലാവര്‍ക്കും അറമുഖനെ പറ്റി നല്ല അഭിപ്രായവും അവനെ വലിയകാര്യവുമാണ്‌.

മൂന്നാലു തവണ ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ "അവനൊരു കുറുക്കനാണ്‌" എന്നായിരുന്നു പ്രൊഫസറിന്റെ മറുപടി.

അറമുഖനൊരു കൂര്‍മ്മബുദ്ധിശാലിയാണ്. അതിനാലാണല്ലോ സ്കൂളിന്റെ പടി പേരിനു കയറിയിട്ടുള്ള അവന്‍ കുപ്പിപാട്ട കചവടത്തില്‍ നിന്നും നഗരത്തിലെ പ്രധാന പുസ്തക വ്യാപാരിയായി മാറിയത്.

ആരെയും ദുഷിക്കാത്ത പ്രൊഫസര്‍ അത്രയും തന്നെ പറയുന്നതിനു പിന്നില്‍ എന്തോ കാരണമുണ്ടെന്ന് ഉറപ്പായിരുന്നെങ്കിലും പിന്നെ ഒരിക്കലും രാജീവന്‍ അതിനെ പറ്റി അന്വേഷിച്ചിട്ടില്ല.

........................................


പിറ്റേ ദിവസം സ്റ്റാഫ് റൂമില്‍ ഊണിനുശേഷം അടുത്ത ക്ലാസ് എടുക്കാനായി തയ്യാറെടുക്കുമ്പോള്‍ രാജീവന്റെ മൊബൈല്‍ ശബ്ദിച്ചു. പ്രൊഫസറുടെ മകന്‍ ശരണ്‍ ആയിരുന്നു അപുറത്ത്. അയാളുടെ ശബദം വിളറിയിരുന്നു.

എച്.ഒ.ഡിയോട് കാര്യം പറഞ്ഞ് രാജീവന്‍ നേരെ ആശുപത്രിയിലേക്ക് ഓടി.

പക്ഷെ രാജീവന്‍ ആശുപത്രിയില്‍ എത്തും മുന്‍പേ പ്രൊഫസര്‍ യാത്രയായി കഴിഞ്ഞിരുന്നു. നിറഞ്ഞ മിഴികളോടെ അവന്‍ ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കു കൊണ്ടു.

അവരുടെ നാലു പാടും നിന്ന് തുരുതുരാ ഫോണ്‍ വിളികള്‍ മഴുങ്ങി. അരമണിക്കുര്‍ കൊണ്ട് ആശുപത്രി പരിസരം പ്രമുഖരെ കൊണ്ട് നിറഞ്ഞു. ചാനലുകളില്‍ ന്യൂസ് ഫ്ളാഷ് വന്നു. ശിഷ്യസാഗരങ്ങള്‍ അലകടലായി പ്രൊഫസറുടെ വീട്ടിലേക്ക് ഒഴുകി. ന്യൂസ് അവറുകളും പിറ്റേദിവസത്തെ പത്രങ്ങളും പ്രൊഫസറുടെ ചരമം കൊണ്ടാടി.

ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ പ്രൊഫസറുടെ ബന്ധുക്കളും രാജീവനും അദ്ദേഹത്തിന്റെ വേര്‍പാടുമായി പൊരുത്തപ്പെട്ടു.

........................................


പ്രൊഫസറുടെ പതിനാറാം ചരമദിന ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങുപ്പോള്‍ രാജീവനെയും അറമുഖനെയും ശരണ്‍ സ്നേഹപൂര്‍വ്വം തടഞ്ഞു ഒപ്പം ഒരു അപേക്ഷയും.

" അച്ഛ്ന്റെ വില്‍പത്രം വായിക്കാന്‍ വക്കീല്‍ ഇപ്പോ വരും. നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു."

അവര്‍ രണ്ടു പേരും സമ്മതിച്ചു.

അരമണിക്കുര്‍ കഴിഞ്ഞപ്പോള്‍ വക്കീല്‍ എത്തി. ദു:ഖം രേഖപ്പെടുത്തിയ ശേഷം അയാള്‍ വില്‍പത്രം ഉറക്കെ വായിക്കാന്‍ തുടങ്ങി.

"സ്വത്തായ പുഴക്കരയിലെ വീടും, ബാങ്കിലുള്ള ഡിപ്പോസിറ്റും ഭാര്യയുടെ കാലശേഷം മക്കളായ ശരണിനും, ദേവികക്കും തുല്യമായി ഭാഗിചെടുക്കാം

വായന നിര്‍ത്തി വക്കീല്‍ വെള്ളം കുടിക്കാന്‍ തുടങ്ങി.

"അപ്പോ പുസ്തകങ്ങളോ?" ചോദ്യം അറമുഖന്റെതായിരുന്നു.

"അതാണ്‌ ഇനി വായിക്കാന്‍ ഉള്ളത് ". വെള്ളം കുടിച്ച് കഴിഞ്ഞ വക്കീല്‍ ഉത്തരം നല്‍കി വായന തുടര്‍ന്നു.

" എന്റെ ഏറ്റവും വലിയ സമ്പാദ്യം പുസ്തകങ്ങളാണ്‌. അത് ഭാവി തലമുറക്ക് ഉപകാരപെടണം. എന്റെ പല സുഹൃത്തുകള്‍ക്കുടെയും പുസ്തകങ്ങള്‍ അവരുടെ കാലശേഷം അറമുഖന്റെ കൈയില്‍ എത്തിയപ്പോലെ എന്റെ പുസ്തകങ്ങള്‍ അറമുഖന്റെ കൈയില്‍ എത്തരുത്.
അറമുഖന്‌ പുസ്തകങ്ങള്‍ ലാഭമുണ്ടാക്കാനുള്ള വസ്തുകള്‍ മാത്രമാണ്. നമ്മളോട് അവന്‍ കാണിക്കുന്ന സ്നേഹം എന്റെ കാലശേഷം പുസ്തകങ്ങള്‍ ചുളുവില്‍ തട്ടിയെടുക്കാന്‍ വേണ്ടി മാത്രമാണ്‌. എന്റെ പുസ്തകങ്ങള്‍ യൂണിവേഴ്സിറ്റി ലൈബ്രറിക്ക് വിട്ടുകൊടുക്കണം. അതിനുള്ള ഏര്‍പാട് രാജീവന്‍ ചെയ്യണം. "

വക്കീല്‍ വായന നിര്‍ത്തി.

അറമുഖന്‍ കുനിഞ്ഞ ശിരസ്സുമായി യാത്ര പറയാതെ ധൃതിയില്‍ പുറത്തേക്ക് നടന്നു.

രാത്രി അറമുഖന്‍ രാജീവനെ വിളിച്ചു സങ്കടം പറഞ്ഞു. ആ സ്വരത്തില്‍ ലക്ഷങ്ങളുടെ നഷ്ടം അലിഞ്ഞു ചേര്‍ന്നിരുന്നു.